കൊച്ചി: മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ എത്തിക്കാനുള്ള ചർച്ചകളിൽ നിറയുന്നതും പ്രതിസന്ധി. 90 കോടിക്ക് മുകളിൽ ചെലവിട്ട് നിർമ്മിച്ച ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് നിർമ്മാതാവിന് 35 കോടിയുടെ മിനിമ ഗാരന്റി വേണമെന്നാണ് ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. എന്നാൽ അഞ്ചു കോടിക്ക് അപ്പുറം ഗാരന്റി നൽകാൻ കഴിയില്ലെന്നാണ് തിയേറ്ററുകാരുടെ നിലപാട്. 35 കോടി കേരളത്തിലെ തിയേറ്ററിൽ നിന്ന് കിട്ടിയാൽ സാറ്റലൈറ്റ് റൈറ്റിലൂടേയും മറ്റും മുടക്കുമുതൽ പരമാവധി തിരിച്ചു പിടിക്കാം എന്നാണ് ആന്റണിയുടെ നിലപാട്. നിർമ്മാതാവും മോഹൻലാലിന്റെ സുഹൃത്തുമായ സുരേഷ് കുമാറുമായുള്ള ചർച്ചകളിലും ആശിർവാദ് സിനിമാസ് ഈ നിലപാടാണ് സ്വീകരിക്കുന്നത്.

ഈ സാഹചര്യത്തിൽ മരയ്ക്കാർ തിയേറ്ററിൽ എത്താനുള്ള സാധ്യത തീരേ കുറവാണെന്ന് സിനിമാക്കാർ കരുതുന്നു. എങ്കിലും ചർച്ചകൾ തീരും വരെ പ്രതീക്ഷയോടെ ഇരിക്കാനാണ് തിയേറ്റർ ഉടമകളുടെ തീരുമാനം. ക്രിസ്മസിനെ കാണികളെ തിയേറ്ററിൽ എത്തിക്കാൻ വമ്പൻ ചിത്രം അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് എങ്ങനേയും മരയ്ക്കാറെ തിയേറ്ററിൽ എത്തിക്കാനുള്ള നീക്കീം. സിനിമാ തിയേറ്ററുകളുടെ സംഘടനാ നേതാവ് കൂടിയാണ് ആന്റണി പെരുമ്പാവൂർ. ഇതെല്ലാം പരമാവധി അനുകൂലമാക്കിയാണ് ചർച്ച. അടുത്ത ദിവസം ഫിയോക്കും യോഗം ചേരും.

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് സിനിമയെ തിയേറ്ററിൽ എത്തിക്കാനുള്ള അനുനയത്തിന് സുരേഷ് കുമാർ സജീവമാണ്. മോഹൻലാലിന്റെ കളിക്കൂട്ടുകാരനായ സുരേഷ് കുമാറിലൂടെ മരയ്ക്കാറെ തിയേറ്ററിൽ എത്തിക്കാനാണ് നീക്കം. തിയേറ്റർ തുറന്നു കഴിഞ്ഞാൽ മരയ്ക്കാർ; അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ പ്രദർശിപ്പിക്കാൻ തയ്യാറാണെന്നും എന്നാൽ 200 തിയേറ്ററിൽ മൂന്ന് ആഴ്ചയെങ്കിലും പ്രദർശിപ്പിക്കാൻ അനുവദിക്കണമെന്നുമായിരുന്നു ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 86 തിയേറ്ററുകൾ മാത്രമാണ് അതിനെ അനുകൂലിച്ചത്. ഇതോടെയാണ് മരയ്ക്കാറിനെ ഒടിടിയിലേക്ക് കൊണ്ടു പോകാൻ ശ്രമം നടത്തിയത്. 35 കോടിയെന്ന മിനിമം ഗാരന്റിയിലേക്ക് ചർച്ച എത്തുമ്പോൾ. ആദ്യ ദിവസങ്ങളിൽ കിട്ടുന്നതെല്ലാം തിയേറ്ററുകാർ നിർമ്മാതാവിന് കൊടുക്കേണ്ടി വരും.

മോഹൻലാലിന്റെ ബ്രോ ഡാഡിയും ട്വൽത്ത് മാനും എലോണും ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ചെറിയ ബജറ്റിൽ എടുത്ത ചിത്രങ്ങളാണ് ഇതെല്ലാം. ഇതിനെ ഫിലിം ചേമ്പർ എതിർക്കില്ല. എന്നാൽ തിയേറ്റർ റിലീസിന് വേണ്ടിയൊരുക്കിയ മരയ്ക്കാർ തിയേറ്ററിൽ തന്നെ കാണിക്കണമെന്നാണ് ആവശ്യം. ഇത് അംഗീകരിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ആന്റണി പെരുമ്പാവൂരും അറിയിച്ചിട്ടുണ്ട്. അമ്പത് ശതമാനം പേരെ മാത്രം തിയേറ്ററിൽ കയറ്റുമ്പോൾ മരയ്ക്കാറിന് നേട്ടമുണ്ടാക്കാനാകില്ലെന്നത് വസ്തുതയാണ്. ഇത് ഫിലിം ചേമ്പറും സമ്മതിക്കുന്നു. അതുകൊണ്ടു തന്നെ ഏറ്റുമുട്ടലിന്റെ പാതിയിലേക്ക് കാര്യങ്ങൾ കൈവിടാതെ ചേമ്പർ പ്രത്യേകം ശ്രദ്ധിക്കും.

മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ ചേമ്പറിനെ ഞെട്ടിച്ചിരുന്നു റിലീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈമുമായി അണിയറ പ്രവർത്തകർ ചർച്ചനടത്തുകയും അന്തിമ ധാരണയിൽ എത്തുകയും ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിട്ടില്ല. ഈ സാഹചര്യത്തിലാണ് മരയ്ക്കാറെ തിരികെ പിടിക്കാനുള്ള നീക്കം. ക്രിസ്മസിന് മുമ്പ് തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ആളുകളെ കയറ്റാനാകുമെന്ന നിലപാടിലാണ് ചേമ്പർ. ഇതിന് സർക്കാർ അനുമതി നേടിയെടുക്കാൻ ശ്രമിക്കും. ക്രിസ്മസിനാണ് മരയ്ക്കാർ റിലീസ് ആമസോണിലും ആന്റണി പെരുമ്പാവൂർ പ്ലാൻ ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം ചേമ്പർ നടത്തുന്നത്.

അതിനിടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അത് തിയേറ്ററിൽ റിലീസ് ചെയ്യാനെ തയ്യാറാകൂ എന്നും അതിനായി താൻ ആന്റണിയെ വിളിക്കേണ്ട സാഹചര്യം ഇല്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മെഗാ സ്റ്റാർ ചിത്രമായാലും തിയേറ്ററിൽ ആദ്യം റിലീസ് ചെയ്യണമെന്നാണ് സർക്കാർ നിലപാട്. മെഗാ സ്റ്റാർ ചിത്രമായാലും, അല്ലാത്തവരുടെ ചിത്രമായാലും തിയേറ്ററിൽ റിലീസ് ചെയ്യണം. കോവിഡിനെ തുടർന്ന് തിയേറ്ററുകൾ അടഞ്ഞ് കിടക്കുന്ന സാഹചര്യമായതിനാലാണ് നേരത്തെ ഒടിടി പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചത്. വിനോദമാർഗ്ഗം എന്ന നിലയിൽ സർക്കാരും ഒ.ടി.ടി. പ്രോത്സാഹിപ്പിച്ചുവെന്നും സജി ചെറിയാൻ പറയുന്നു.

സർക്കാരും ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങാൻ നടപടി എടുത്തു. എന്നാൽ സാഹചര്യം മാറി. റിലീസുകൾ ഇനിയും ഒടിടിയിൽ ആക്കിയാൽ സിനിമാ വ്യവസായം തകരും. നൂറ് കോടി മുടക്കി സിനിമ എടുത്ത ആളാണെങ്കിലും താൽക്കാലിക ലാഭത്തിനായി ഒടിടി റിലീസിലേയ്ക്ക് പോകരുത്. അവർക്ക് ഇനിയും സിനിമകൾ എടുക്കാനുള്ളതാണല്ലോ. ഈ സിനിമയോട് കൂടി നിർമ്മാണം അവസാനിപ്പിക്കില്ലല്ലോ എന്നും സജി ചെറിയാൻ ചോദിച്ചു. സിനിമാ വ്യവസായത്തെ തകർക്കുന്ന നിലപാട് നിർമ്മാതാക്കൾ സ്വീകരിക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

സർക്കാർ ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങും. ഇതിൽ നിന്ന് പിന്നോട്ട് പോകില്ല. പക്ഷേ ഇത് എല്ലാ മേഖലകളിലെയും കലാകാരെ പ്രോത്സാഹിപ്പിക്കാനാണ്. താരങ്ങൾ ഇല്ലാത്ത സിനിമ പലപ്പോഴും തിയേറ്ററുകളിൽ ഓടില്ല. നല്ല സിനിമയാണെങ്കിൽ പോലും തിയേറ്റർ കിട്ടിയേക്കില്ല. അത്തരം സിനിമകൾക്ക് വേണ്ടിയാണ് സർക്കാർ ഒടിടി പ്ലാറ്റ്‌ഫോം. മൂന്ന് മാസത്തിൽ സർക്കാർ ഒടിടി പ്ലാറ്റ്‌ഫോം വരുമെന്നും, ടെൻഡർ ക്ഷണിച്ചു കഴിഞ്ഞെന്നും സാംസ്‌കാരിക മന്ത്രി പറഞ്ഞു. സിനിമാ സംഘടനകളുടെ ആവശ്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. തദ്ദേശം, ധന, വൈദ്യുതി, ആരോഗ്യ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉണ്ട്. സാംസ്‌കാരിക വകുപ്പിന് ഒറ്റയ്ക്ക് തീരുമാനം എടുക്കാനാകില്ല. അടുത്ത മാസം 2ന് വിവിധ വകുപ്പ് മന്ത്രികളുമായി മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.

വൈദ്യുതി ചാർജ്, നികുതി തുടങ്ങിയ കാര്യങ്ങളിൽ അടക്കം ഇളവ് ചോദിച്ചിട്ടുണ്ട്. മന്ത്രിസഭാ യോഗം ചേർന്നാലേ തീരുമാനം ഉണ്ടാകൂ എങ്കിൽ മന്ത്രിസഭാ യോഗത്തിലും വിഷയം വരും. സിനിമാ വ്യവസായത്തെ തകർക്കുന്ന നിലപാടുകൾ സർക്കാർ സ്വീകരിക്കില്ല. എസി തിയേറ്ററുകൾ ആയതിനാലാണ് എല്ലാ സീറ്റിലും കാഴ്ചക്കാരെ അനുവദിക്കാത്തത്. കെഎസ്ആർടിസി ബസിൽ ആളെ കയറ്റുന്നതുമായി തിയേറ്ററിൽ ആളുകൾ കയറുന്നത് താരതമ്യപ്പെടുത്താനാകില്ല. എ.സി. മുറികളിൽ കോവിഡ് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. രണ്ട് വാക്‌സിൻ എടുത്തവർക്കാണ് തിയേറ്ററിൽ ഇപ്പോൾ പ്രവേശനാനുമതി. ഇത് ഒരു വാക്‌സിനെങ്കിലും എടുത്തവർ എന്നാക്കി കുറയ്ക്കാൻ തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം 2ന് ചേരുന്ന യോഗം പരിഗണിക്കുമെന്നും സജി ചെറിയാൻ അറിയിച്ചു.