കൊച്ചി: മലയാള സിനിമയെ ഒരു കാലത്ത് നിയന്ത്രിച്ചിരുന്നത് തിയേറ്ററുകളാണ്. ആരുടെ പടം എവിടെ എങ്ങനെ എപ്പോൾ ഇറക്കണമെന്ന് അവർ തീരുമാനിച്ച കാലം. ലിബർട്ടി ബഷീറിന്റെ കൈയിലായിരുന്നു നിയന്ത്രണം. ഇതിനെ അതിസമർത്ഥമായി പൊളിച്ചത് നടൻ ദിലീപും നിർമ്മതാവ് ആന്റണി പെരുമ്പാവൂരും ചേർന്നാണ്. തിയേറ്ററുകൾ സ്വന്തമാക്കി ദിലീപും ആന്റണിയും ബദൽ സംഘടനയുണ്ടാക്കി. ലിബർട്ടിയെ പൊളിച്ചു. ഇപ്പോൾ തിയേറ്ററുകാരേയും പ്രതിസന്ധിയിലാക്കുകയാണ് ആന്റണി പെരുമ്പാവൂർ. തിയേറ്ററുകളോട് വിലപേശുന്ന മലയാളത്തിലെ ആദ്യ നിർമ്മാതാവായി മാറുകയാണ് ആന്റണി. 35 കോടിയുടെ ഗാരന്റി ഉറപ്പു നൽകിയാൽ മാത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തെ തിയേറ്ററിന് നൽകൂവെന്നാണ് ആന്റണിയുടെ വെല്ലുവളി.

ബദൽ റിലീസ് മാർഗ്ഗമില്ലാത്തതായിരുന്നു സിനിമയിലെ തിയേറ്റര് ഉടമകളുടെ അധിപത്യത്തിന് കാരണം. കോവിഡ് പ്രതിസന്ധിയിൽ ഒടിടികളെത്തി. നിർമ്മാതാവിന് ഈ മാതൃകയിൽ ലാഭം ഉറപ്പ്. കൂടുതൽ പേരിലേക്കും സിനിമയെത്തും. അതുകൊണ്ട് തന്നെ വ്യവസായത്തെ തകർക്കാത്ത ഒടിടിയെന്ന മാർഗ്ഗത്തെ സ്വീകരിക്കുകയാണ് മലയാള സിനിമയും. ഇതാണ് ആന്റണി പെരുമ്പാവൂരിനും കരുത്താകുന്നത്. തിയേറ്റർ സംഘടനയുടെ പ്രധാനിയായ ആന്റണി തന്നെ ആ വ്യവസായത്തിന് നേരെ തിരിയുകയാണ് ഇപ്പോൾ. തിയേറ്റർ ഉടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ പിളർത്തി ദിലീപിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തിരഞ്ഞെടുത്തത് 2017ലാണ്.

മരയ്ക്കാർ എന്ന വൻ ബജറ്റ് സിനിമ ഒടിടിയിൽ ലാഭകരമായാൽ കൂടുതൽ ബിഗ് സിനിമകൾ ആ മാതൃകയിൽ ഒടിടിയിൽ എത്തും. നിലവിൽ നൂറ് കോടി കളക്ഷൻ നേടുന്ന സിനിമയ്ക്ക് അമ്പത് കോടിയിൽ താഴെ മാത്രമേ നിർമ്മാതാവിന് കിട്ടു. അതുകൊണ്ട് തന്നെ 40 കോടിയിൽ അധികം മുതൽ മടുക്കുള്ള ചിത്രങ്ങൾ പോലും തിയേറ്റർ റിലീസിൽ വലിയ ലാഭമുണ്ടാക്കാറില്ല. ഒടിടി പ്ലാറ്റ് ഫോമിൽ ഈ അവസ്ഥ മാറുന്നു. സിനിമയിൽ നിർമ്മാതാവിന് ലാഭം ഉറപ്പാക്കുന്നു. അതുകൊണ്ട് തന്നെ തിയേറ്ററിന് ബദലായി ഒടിടി എന്ന ചിന്ത സിനിമാക്കാരിലും സജീവമാകുകയാണ്. ഇതോടെ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ പ്രസക്തിയും തീരും.

ഇത് മനസ്സിലാക്കിയാണ് ആന്റണി പെരുമ്പാവൂർ തന്നെ ഒടിടി ചർച്ചകൾ സജീവമാക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിലായ ദിലീപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്നാണ് ആശിർവാദ് സിനിമാസിന്റെ ഉടമയായ ആന്റണി പെരുമ്പാവൂർ ചുമതലയേറ്റത്. അതുവരെ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു ആന്റണി. 2017 ജനുവരിയിലാണ് ലിബർട്ടി ബഷീർ നേതൃത്വം കൊടുക്കുന്ന സിനി എക്സിബിറ്റേഴ്സ് ഫെഡറേഷൻ എന്ന സംഘടന പിളർത്തി ദിലീപിന്റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിച്ചത്. ക്രിസ്മസ് റിലീസുകൾ മുടക്കി ഒരു മാസമായി നടന്ന തിയേറ്റർ സമരത്തെ തുടർന്നായിരുന്നു പുതിയ സംഘടന.

തിയറ്ററുകൾക്കായി പുതിയ സംഘടന പ്രഖ്യാപിക്കാൻ 2017ൽ ചേർന്ന യോഗത്തിൽ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറിനെതിരെ ഉയർന്നതു രൂക്ഷ വിമർശനമായിരുന്നു. ഭസ്മാസുരനു വരം കൊടുത്ത കഥ പോലെ സ്വന്തം സംഘടനയെത്തന്നെ അദ്ദേഹം നശിപ്പിച്ചുവെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന ജി. സുരേഷ് കുമാറിന്റെ കുറ്റപ്പെടുത്തിയത്. പുതിയ സംഘടന വന്നതോടെ എവിടെ സിനിമ റിലീസ് ചെയ്യണമെന്നു നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിക്കുന്ന അവസ്ഥയും എത്തി. ഫെഡറേഷന്റെ വിരട്ടൽ ഇനി നടക്കില്ല. ഇനി സമരം ഉണ്ടാകരുത്. അതിനാണു പുതിയ സംഘടന എന്നും പ്രഖ്യാപിച്ചു. തിയറ്റർ വരുമാന വിഹിതത്തിന്റെ 50 ശതമാനം തന്നില്ലെങ്കിൽ സിനിമകൾ പ്രദർശിപ്പിക്കില്ലെന്നു കാട്ടിയാണ് നിർമ്മാതാക്കൾക്കെതിരെ അന്ന് ലിബർട്ടി ബഷീർ സമരം പ്രഖ്യാപിച്ചത്.

ആരാണു 'പൂച്ച'യ്ക്കു മണി കെട്ടുകയെന്നു കുറെക്കാലമായി ആലോചിക്കുകയായിരുന്നുവെന്നു പുതിയ സംഘടനയുമായി ബന്ധപ്പെട്ട ചർച്ചയിൽ സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. മുപ്പതു വർഷമായി സിനിമയിലുള്ള താൻ ആദ്യമായി നിർമ്മിച്ച സിനിമ ഒരു മാസമായി പെട്ടിയിലിരിക്കുന്ന സ്ഥിതി ദുഃഖകരമാണെന്നു സംവിധായകൻ സിദ്ദിഖും അന്ന് പറഞ്ഞിരുന്നു. കളക്ഷനിൽ നിന്നുള്ള വിഹിതം കൂട്ടണം എന്ന പേരിൽ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ നടത്തി വന്ന സമരമാണ് ലിബർട്ടി ബഷീറിന്റെ കരുത്ത് ചോർത്തിയത്.

അതിനു അമരക്കാരൻ ആയത് നടൻ ദിലീപും . ദിലീപ് നയിക്കുന്ന ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയിൽ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും പങ്കാളിത്തവും ഉണ്ട്. ഇനി ഒരിക്കലും കേരളത്തിൽ തിയറ്ററുകൾ അടഞ്ഞുകിടക്കില്ല എന്ന വാക്ക് നൽകിയാണ് പുതിയ സംഘടന നിലവിൽ വന്നത്. ബഷീറിന്റെ സംഘടനയിൽ നിന്നും അംഗങ്ങൾ കൊഴിഞ്ഞുപോയി കൊണ്ടിരിക്കുകയാണ്. സിനിമാ സമരത്തിന് പിന്നാലെ വിളിച്ചുചേർന്ന ജനറൽ ബോഡി യോഗത്തിൽ 102 തിയറ്ററുടമകളാണ് പങ്കെടുത്തതെങ്കിൽ പിന്നീട് നടത്തിയ ലിബർട്ടി ബഷീറിന്റെ യോഗത്തിനെത്തിയത് 50ൽ താഴെ പേർ മാത്രം.

ദിലീപ് നയിക്കുന്ന സംഘടനയുടെ ഭാഗമായാൽ മാത്രമേ പ്രധാന റിലീസുകൾ ലഭിക്കൂ എന്നതും, സർക്കാർ തലത്തിലുള്ള ചർച്ചകളിൽ ഉൾപ്പെടെ തിയറ്റർ മേഖലയിലെ പ്രബല സംഘടനയായി എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ പരിഗണിക്കപ്പെടും എന്നതും കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കിന് അന്ന് കാരണമായി. 2017ൽ ക്രിസ്മസ് റിലീസ് വൈകിപ്പിച്ചതിലും, ന്യായമല്ലാത്ത ആവശ്യം ഉന്നയിച്ച് ചലച്ചിത്ര വ്യവസായത്തിന് കനത്ത നഷ്ടമുണ്ടാക്കിയതിനാലും ലിബർട്ടി ബഷീർ ഉൾപ്പെടെ ഏഴ് ഫെഡറേഷൻ ഭാരവാഹികളുടെ 25 തിയറ്ററുകൾക്ക് സിനിമ നൽകേണ്ടെന്ന് നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചിരുന്നു. പിന്നീട് ഇത് പിൻവലിക്കുകയും ചെയ്തു.