- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിക്കടത്തുകേസ് പ്രതിയെ രക്ഷിക്കാൻ ആന്റണി രാജു തൊണ്ടി മുതൽ വെട്ടിത്തയ്ച്ചു ചെറുതാക്കിയെന്ന് സ്ഥിരീകരിച്ചത് അടിവസ്ത്രത്തിന്റെ ഫൊറൻസിക് പരിശോധനയിൽ; കേസ് ഫയലുകൾ നെടുമങ്ങാട് കോടതിയിൽ നിന്ന് വിളിപ്പിച്ച് ജില്ലാ കോടതി; വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടെന്ന് സൂചന; രണ്ടാം പിണറായി സർക്കാരിലെ സെക്കന്റ് വിക്കറ്റും വീഴുമോ?
തിരുവനന്തപുരം: ലഹരിക്കടത്തുകേസ് പ്രതിയെ രക്ഷിക്കാൻ ആന്റണി രാജു തൊണ്ടി മുതൽ വെട്ടിത്തയ്ച്ചു ചെറുതാക്കിയെന്ന് സ്ഥിരീകരിച്ചത് അടിവസ്ത്രത്തിന്റെ ഫൊറൻസിക് പരിശോധനയിൽ. തുന്നലിന്റെ സ്വഭാവം മുതൽ നൂലിന്റെ പഴക്കം വരെ സൂക്ഷമമായി പരിശോധിച്ച് ഫൊറൻസിക് വിദഗ്ധൻ പി.വിഷ്ണു പോറ്റി തയ്യാറാക്കിയ റിപ്പോർട്ട് കേസിലെ ആന്റണി രാജുവിന്റെ പങ്ക് അടിവരയിട്ടുറപ്പിക്കുന്നതാണ്. ജുഡീഷ്യറിയുടെ ഭാഗമായൊരു അഭിഭാഷകൻ കോടതിയോട് ചെയ്ത് ചതി എന്നതിനൊപ്പം കൗതുകവും ഉണർത്തുന്ന ആ റിപ്പോർട്ടാണ് ഇന്ന് മാധ്യമ പ്രവർത്തകൻ അനിൽ ഇമാനുവൽ പുറത്തു വിടുന്നത്.
അതിനിടെ മയക്കുമരുന്ന് കേസ് പ്രതിയെ രക്ഷിക്കാൻ മന്ത്രി ആന്റണി രാജു തൊണ്ടി മുതൽ നശിപ്പിച്ച കേസിന്റെ ഫയലുകൾ സിജെഎം കോടതി വിളിപ്പിച്ചു. 16 വർഷമായിട്ടും വിചാരണ നടപടികൾ ആരംഭിച്ചില്ലെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നെടുമങ്ങാട് കോടതിയിൽ നിന്നും ഫയലുകൾ വിളിപ്പിച്ചത്. അതേസമയം സെഷൻസ് കോടതിയിൽ വിചാരണ നടക്കുമ്പോഴെ മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ ഗൂഢാലോചന നടന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വരുമ്പോഴാണ് ഇത്.
2006 ൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഇതേവരെ വിചാരണ തുടങ്ങിയിട്ടില്ലെന്ന കാര്യവും ശ്രദ്ധേയമാണ്. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസ് 22 പ്രാവശ്യം പരിഗണിച്ചിരുന്നവെങ്കിലും വിചാരണയിലേക്ക് കടന്നില്ല. ഇതേ തുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് പ്രത്യേക ദൂതൻ മുഖേന ഫയലുകൾ സിജെഎം വിളിപ്പിച്ചത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം റിപ്പോർട്ട് നൽകാനാണ് സിജെഎം നടപടിയെന്നാണ് സൂചന. ഹൈക്കോടതി അതിവേഗ വിചാരണയിലേക്ക് നീങ്ങിയാൽ കാര്യങ്ങൾ ആന്റണി രാജുവിന്റെ മന്ത്രിപദ രാജിക്ക് പോലും കാരണമായേക്കാം.
കുറച്ചു ദിവസം മുമ്പാണ് ഭരണഘടനാ അവഹേളന വിവാദത്തിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്. അതുകൊണ്ട് തന്നെ ഈ കേസ് ചർച്ചയാകുന്നത് ഇടതു മുന്നണിക്കും ഏറെ നിർണ്ണായകമാകും. ജട്ടിക്കേസിൽ ഞെട്ടിപ്പിക്കുന്ന അട്ടിമറിയാണ് പുറത്തു വന്നിട്ടുള്ളത്. കടുംനീല ബനിയൻ തുണിയിൽ തുന്നിയ മുഷിഞ്ഞ ജട്ടി എന്നാണ് മെറ്റിരീയൽ ഒബ്ജക്ട്, അഥവാ എംഒ 2 എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തുവിനെ കേസിലുടനീളം പരാമർശിക്കുന്നത്. 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച നിലയിൽ ധരിച്ച് കാണപ്പെട്ട ഇത് അറസ്റ്റിന്റെ സമയത്ത് തന്നെ പ്രതിയിൽ നിന്നൂരി വാങ്ങി സീൽചെയ്ത് പരിശോധനക്ക് അയച്ചതാണ്. സാധാരണ നിലക്ക് ആരും തുന്നി പരുവപ്പെടുത്താൻ ഇടയില്ലാത്ത അടിവസ്ത്രത്തിലെ പ്രകടമായ വ്യത്യാസം ഫൊറൻസിക് വിദഗ്ധൻ ചൂണ്ടിക്കാട്ടുന്നത് പ്രധാനമായും തുന്നലിന്റെ കാര്യത്തിലാണ്.
1. രണ്ടുവശങ്ങളിലെയും അടിഭാഗത്തെയും തുന്നലുകളും, വസ്ത്രത്തിന്റെ മറ്റു ഭാഗത്തെ തുന്നലുകളും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. അതായത് കാലുകൾ കയറേണ്ട രണ്ടുവശത്തുമാണ് 'പരിഷ്‌കാരം' നടത്തി ചെറുതാക്കിയിട്ടുളത്
2. അടിഭാഗത്തെ തുന്നൽ, സാധാരണ പുറത്തേക്ക് കാണാവുന്ന തരത്തിലാകില്ല എന്നിരിക്കെ, ഇവിടെ അത് നൂലുകൾ പുറത്തേക്ക് വരുന്ന വിധത്തിലാണ്.
3. ചെറുതാക്കാനായി വെട്ടിക്കളഞ്ഞ ഭാഗത്ത് ഉണ്ടായിരുന്ന സൈസും കാര്യങ്ങളും എഴുതിയ ഒരു ലേബൽ, മറ്റൊരു ഭാഗത്ത് തുന്നി കൂട്ടിച്ചേർത്തതായും കണ്ടെത്തി.
4. നൂലിന്റെ നിറങ്ങളുടെ കാര്യത്തിൽ കണ്ട വ്യത്യാസം പുതിയതും പഴയതുമായ തുന്നലുകളെ സൂചിപ്പിക്കുന്നു
മാത്രവുമല്ല അസ്വാഭികമെന്ന് കണ്ട തുന്നലുകളെല്ലാം പുതിയവ ആണെന്നും ഫൊറൻസിക് റിപ്പോർട്ട് പറയുന്നു
ഇത്രയും കാര്യങ്ങൾ ഫൊറൻസിക് പരിശോധനയിൽ വ്യക്തമാകുന്ന സാഹചര്യത്തിൽ, ഈ തൊണ്ടിവസ്തു ആരൊക്കെ കൈകാര്യം ചെയ്തിരുന്നു എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. കോടതിയാണ് കസ്റ്റോഡിയൻ. ഇവിടെ നിന്ന് അന്യായമായി കൈക്കലാക്കി നാലുമാസത്തോളം കൈവശംവച്ചത് പ്രതിഭാഗം അഭിഭാഷകൻ ആന്റണി രാജുവാണ്. കോടതിയിലെ തൊണ്ടി രജിസ്റ്റർ ഇതിന് തെളിവായുണ്ട്. ഇവിടെയാണ് രാജുവിന്റെ കുരുക്ക് മുറുകുന്നത്.
തിരുവനന്തപുരം ഫൊറൻസിക് ലാബ് 1996ൽ നൽകിയ ഈ റിപ്പോർട്ടും കയ്യിൽവച്ചാണ് 2002ൽ ഒരു തെളിവുമില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാൻ പൊലീസ് ശ്രമിച്ചത് എന്നതാണ് വിചിത്രം. ആന്റണി രാജു എംഎൽഎ ആയിരുന്ന 1996 മുതൽ 2001 വരെ ഉദ്യോഗസ്ഥർക്ക് മേൽ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായിരുന്നു ആ നടപടിയെന്ന് ന്യായമായും അനുമാനിക്കാമെന്നും റിപ്പോർട്ട് പറയുന്നു.
പൂന്തുറ സിഐയായിരുന്ന ജയമോഹനാണ് മയക്കുമരുന്ന് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 1990ൽ സെഷൻസ് കോടതിയിൽ വിചാരണ നടക്കവേ വിദേശിക്ക് വേണ്ടി ഹാജരായത് ഹൈക്കോടതിലെ മുതിർന്ന അഭിഭാഷകനായ കുഞ്ഞിരാമമേനോനാണ്. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് ചേരുമോയെന്ന് അഭിഭാഷകൻ വിചാരണ വേളയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ജയമോഹനോട് ചോദിച്ചു. കോടതിയിൽ ഇത് പരിശോധിക്കാമെന്ന് ജയമോഹൻ പറഞ്ഞ് സെഷൻസ് കോടതി രേഖപ്പെടുത്തി.
പക്ഷെ തൊണ്ടിമുതൽ സെഷൻസ് കോടതിയിൽ പരിശോധിക്കണമെന്ന് പ്രതിഭാഗം അന്ന് ആവശ്യപ്പെട്ടില്ല. ശിക്ഷപ്പെടുകയാണെങ്കിൽ അപ്പീൽ പോകാനുള്ള പഴുതിന് വേണ്ടിയായിരുന്നു നീക്കം. 10 വർഷം ആൻഡ്രിവിനെ സെഷൻസ് കോടതി ശിക്ഷിച്ചപ്പോൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതിയിൽ തൊണ്ടിമുതൽ വ്യാജമെന്ന ആക്ഷേപം പ്രതിഭാഗം ഉന്നയിച്ചു. സർക്കാർ അഭിഭാഷകനെ ഇതിനെ ശക്തമായ ചോദ്യം ചെയ്തുമില്ല. അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണവും തേടിയില്ല. അങ്ങനെ രാജ്യാന്തര കുറ്റവാളിയായ ഓസ്‌ട്രേലിയൻ പൗരൻ കേസിൽ നിന്നും രക്ഷപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ