- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റുവിവരം അറിഞ്ഞ് സർവലിയുടെ ബന്ധുക്കൾ ഇന്ത്യയിലേക്ക് തിരിക്കുന്നു; കൈക്കൂലി നൽകി കോടതി ജീവനക്കാരനെ വശത്താക്കുന്നു; അണ്ടർവെയർ മാറ്റി മറ്റൊരെണ്ണം ആ സ്ഥാനത്ത് വയ്ക്കുന്നു; ഒരുകൊല്ലം കൊണ്ട് കേസ് തീർത്ത് ഓസ്ട്രേലിയയിൽ എത്തിയ സാർവലി വീണ്ടും കൊലക്കേസിൽ അകത്തായി; മന്ത്രി ആന്റണി രാജുവിന് വിനയായ ഇന്റർപോൾ കത്തിന്റെ കഥ
കൊച്ചി: തൊണ്ടി മുതലായ അടിവസ്ത്രം മാറ്റിസ്ഥാപിച്ച് ആന്റണി രാജു ലഹരിക്കടത്ത് പ്രതിയെ രക്ഷപെടുത്തിയ കേസിൽ നിർണായകമായത് ഇന്റർപോളിന്റെ കത്ത്. രക്ഷപെട്ട പ്രതി ഓസ്‌ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സാർവലി അവിടെയെത്തി മറ്റൊരു കൊലക്കേസിൽ പെട്ടതോടെയാണ് ഇവിടെ നടത്തിയ തട്ടിപ്പിന്റെ കഥ പുറത്തായത്. ഓസ്‌ട്രേലിയൻ പൊലീസ് ഇന്റർപോൾ മുഖേന അയച്ച കത്ത് 1996 ജനുവരിയിലാണ് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടുന്നത്. കേസിലെ സുപ്രധാന തെളിവായ ഈ രേഖ പുറത്തു വിടുന്നത് മാധ്യമ പ്രവർത്തകനായ അനിൽ ഇമാനുവലാണ്.
26 വർഷത്തിനിടെ ഇതാദ്യമായാണ് കോടതിക്ക് പുറത്തേക്ക് കിട്ടുന്നത്. അഡ്വക്കറ്റ് ആന്റണി രാജുവിന്റെ കാര്യക്ഷമത കൊണ്ട് കേസിൽ നിന്നൂരിയ ആൻഡ്രൂ തൊട്ടടുത്തു തന്നെ നാടുവിട്ടു. അതായത് ലഹരിയുമായി പിടിയിലായി ഒറ്റ വർഷത്തിനുള്ളിൽ വിചാരണയും അപ്പീൽ വാദവും പൂർത്തിയാക്കി 91 മാർച്ച് ആദ്യം ഓസ്‌ട്രേലിയയിലെത്തി. 95 അവസാനം അവിടെയൊരു കൊലക്കേസിൽ അറസ്റ്റിലാകുന്നു. തുടർന്ന് മെൽബൺ റിമാൻഡ് സെന്ററിൽ ആൻഡ്രൂവിന്റെ കൂട്ടുപ്രതിയായിരുന്ന വെസ്ലി ജോൺ പോൾ ആണ് നിർണായകമായ ആ വെളിപ്പെടുത്തൽ നടത്തുന്നത്.
''അറസ്റ്റുവിവരം അറിഞ്ഞ് സർവലിയുടെ ബന്ധുക്കൾ ഇന്ത്യയിലേക്ക് തിരിക്കുന്നു. കൈക്കൂലി നൽകി കോടതി ജീവനക്കാരനെ വശത്താക്കുന്നു.... പ്രതി ഉപയോഗിച്ച വാക്ക്, ക്ലാർക്ക് ഓഫ് കോർട്‌സ്, എന്നാണെന്ന് കത്തിൽ എടുത്ത് പറയുന്നു. തുടർന്ന് ഈ ജീവനക്കാരനെ ഉപയോഗിച്ച്, സർവലിയുടേതായി കോടതിയിലിരുന്ന അണ്ടർവെയർ മാറ്റി മറ്റൊരെണ്ണം ആ സ്ഥാനത്ത് വയ്ക്കുന്നു. പിന്നീട് നടന്ന കോടതി വാദത്തിനിടെ (ഹൈക്കോടതിയിലെ അപ്പീൽ വാദം) തൊണ്ടി അടിവസ്ത്രം പ്രതിക്ക് ധരിക്കാൻ പാകത്തിലുള്ളതല്ല എന്ന വാദം ഉയർത്തുന്നു. ഇത് കോടതി പരിശോധിക്കുന്നു, സർവലി കുറ്റവിമുക്തനാകുന്നു.''
ഓസ്‌ട്രേലിയൻ പൊലീസ് ഹോമിസൈഡ് സ്‌ക്വാഡിലെ ഡിറ്റക്ടീവ് സീനിയർ കോൺസ്റ്റബിൾമാരായ ഗ്രീൻ, വൂൾഫ് എന്നിവർ 1996 ജനുവരി 25നാണ് ഈ മൊഴി രേഖപ്പെടുത്തിയതെന്നും ഇന്റർപോൾ കത്തിൽ വിശദീകരിക്കുന്നുണ്ട്. ഇന്റർപോൾ ക്യാൻബെറ ഓഫീസിൽ നിന്ന് ഡൽഹി വഴിയാണ് കത്ത് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ആന്റണി രാജുവിന്റെ പേര് കത്തിൽ പറയുന്നില്ല. എന്നാൽ ക്ലർക്കിനെ സംബന്ധിച്ച പരാമർശവും, തൊണ്ടി രജിസ്റ്ററിലെ ആന്റണി രാജുവിന്റെ ഒപ്പും ചേർത്തുവച്ചപ്പോൾ രാജുവിനെയും ക്ലാർക്ക് ജോസിനെയും പ്രതിചേർക്കാൻ 2006ൽ അസി. കമ്മിഷണർ വക്കം പ്രഭയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൂടുതൽ പാടുപെടേണ്ടി വന്നില്ലെന്നാണ് പുറത്തു വരുന്ന സൂചന.
അതേസമയം 1996 ജനുവരിയിൽ ഇത്ര വ്യക്തതയോടെ ഈ കത്ത് കിട്ടിയിട്ടും കണ്ണുകെട്ടിയ മട്ടിലായിരുന്നു അന്നത്തെ പൊലീസ് അന്വേഷണം. പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ലെന്നും കാലമേറെ ചെന്നതിനാൽ കൂടുതൽ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പരിദേവനം പറഞ്ഞാണ് 2002ൽ എം.എം. തമ്പി എന്നൊരു ഉദ്യോഗസ്ഥൻ കോടതിക്ക് റിപ്പോർട്ട് കൊടുത്ത് കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചത്. 1996ൽ ആദ്യവട്ടം എംഎൽഎയായ ആന്റണി രാജുവിന്റെ ടേം അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ ശ്രമം. ലഹരിക്കേസ് പിടിക്കുന്നത് മുതൽ അന്വേഷണവും തെളിവെടുപ്പുമെല്ലാം നടക്കുന്നത് രാജുവിന്റെ സ്വന്തം തട്ടകമായ അന്നത്തെ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിന്റെ പരിധിയിലായിരുന്നു എന്നതുകൂടി പറയുമ്പോൾ കാര്യങ്ങൾ വ്യക്തമാകും.
ആന്റണി രാജുവിനെതിരായ കേസ് ഈ വരുന്ന മാസം, ഓഗസ്റ്റ് നാലിന് ഇരുപത്തിമൂന്നാം തവണ േപരിഗണിക്കും. അന്നെങ്കിലും മന്ത്രി ഹാജരാകുമോ? അല്ലെങ്കിൽ പറഞ്ഞുവിടാൻ മുഖ്യമന്ത്രി തയ്യാറാകുമോ; അതാണിനി അറിയാനുള്ളത്. ഈ വസ്തുതയൊന്നും അദ്ദേഹത്തിന് അറിയാത്തതല്ലല്ലോ.... 28 വർഷമായിട്ടും വിചാരണ തുടങ്ങാനാകാത്ത കേസ് ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥക്കും അപമാനമാണ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം രജിസ്റ്റർ ചെയ്ത കേസിനാണ് ഈ ഗതിയെന്ന് അനിൽ ഇമാനുവൽ വിശദീകരിക്കുന്നു. കടും നീല നിറത്തിൽ ഉള്ളതും ബനിയൻ തുണിയിൽ തുന്നയതുമായുള്ള മുഷിഞ്ഞ ജട്ടിയാണ് കേസിന് ആധാരമായ തൊണ്ടി മുതൽ.
രജിസ്റ്റർ ചെയ്തിട്ട് 28 വർഷം, കുറ്റപത്രം സമർപ്പിച്ചിട്ട് 16 വർഷം, വിചാരണക്കായി കോടതി സമൻസ് അയച്ച് പ്രതികളെ വിളിക്കാൻ തുടങ്ങിയിട്ട് 8 വർഷം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസ്, നിലവിൽ നെടുമങ്ങാട് കോടതിയാണ് പരിഗണിക്കുന്നത്. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുമ്പോൾ ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്നു. തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് ആൻഡ്രൂവിന്റെ വക്കാലത്തെടുത്ത് രാജു നടത്തിയ കേസ് പക്ഷെ തോറ്റുപോയി. 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ ഉത്തരവായി.
എന്നാൽ തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്ത് പ്രഗൽഭനായിരുന്ന കുഞ്ഞിരാമ മേനോൻ വക്കീലിനെ ഇറക്കി. അത് ഫലംകണ്ടു. പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി വിധിയായി. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു. കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. മെറ്റിരീയൽ ഒബ്ജക്ട്, അഥവാ MO 2 ജട്ടി എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തു പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. ഇത് തന്നെയാണ് സിനിമയിലുമുള്ളത്.
സിനിമയിൽ ഈ കേസിന്റെ കഥ അവിടെ തീർന്നു. പിന്നീട് നായകൻ തന്നെ വില്ലനെ പിടിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. എന്നാൽ യഥാർത്ഥ കേസിൽ കൃത്രിമം നടന്നുവെന്ന പരാതിയുമായി അന്വേഷണ ഉദ്യോസ്ഥൻ സിഐ കെകെ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് മുന്നിലെത്തുന്നു. മൂന്നുവർഷത്തെ പരിശോധനക്ക് ഒടുവിൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുന്നു..... 1994ൽ ഇങ്ങനെ തുടങ്ങിയ കേസ് 2002ൽ എത്തിയപ്പോൾ തെളിവില്ലെന്ന് കോടതിക്ക് റിപ്പോർട്ട് നൽകി അവസാനിപ്പിക്കാൻ പൊലീസ് തന്നെ ശ്രമം നടത്തി. 1996ൽ ആദ്യവട്ടം എംഎൽഎ ആയ ആന്റണി രാജു അഞ്ചു വർഷം തികച്ചതിന് പിന്നാലെയായിരുന്നു ഈ നീക്കം.
എ.കെ. ആന്റണി സർക്കാർ അധികാരം ഏറ്റയുടൻ. കേസുണ്ടായതും അന്വേഷണം നടന്നതുമെല്ലാം ആന്റണി രാജുവിന്റെ സ്വന്തം തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിന്റെ പരിധിയിലായിരുന്നു എന്നതുകൂടി ഇവിടെ ചേർത്തു പറയണം. എന്നാൽ 2005 ഒടുവിലായപ്പോൾ കാര്യങ്ങൾ വീണ്ടും കീഴ്‌മേൽ മറിഞ്ഞു. കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐ.ജി. ടി.പി. സെൻകുമാർ നൽകിയ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് കമ്മിഷണർ വക്കം പ്രഭ നടപടി തുടങ്ങി. (പകർപ്പ് ഒപ്പം ചേർക്കുന്നു) ഇതോടെയാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവർ ആദ്യമായി ചിത്രത്തിലേക്ക് വരുന്നത്. ഇവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി 2006 ഫെബ്രുവരി13ന് കോടതിക്ക് റിപ്പോർട്ട് നൽകി. (പകർപ്പ് ചുവടെ) കുറ്റങ്ങൾ, കോടതിയെ ചതിച്ചു, ഗൂഢാലോചന നടത്തി എന്നതടക്കം അതീവ ഗുരുതരമായ ആറെണ്ണം.
തുടർന്ന് അക്കൊല്ലം തന്നെ മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നു. എട്ടുവർഷം അവിടെ അനക്കമില്ലാതിരുന്ന കേസ് 2014ൽ പ്രത്യേക ഉത്തരവിറക്കി നെടുമങ്ങാട് കോടതിയിലേക്ക് മാറ്റുന്നു. അവിടം മുതലിങ്ങോട്ട് 22 തവണയാണ് നെടുമങ്ങാട് ജെഎഫ്എംസി 1ൽ കേസ് വിളിച്ചത്. ഒറ്റത്തവണ പോലും ആന്റണി രാജുവോ കൂട്ടുപ്രതിയോ ഹാജരായിട്ടില്ല. അതുകൊണ്ട് തന്നെ വിചാരണയില്ലാതെ അനന്തമായി നീളുകയാണ്.
ആന്റണി രാജുവിനെതിരെയുള്ളത് അതിശക്തമായ തെളിവ്
തൊണ്ടിവസ്തുവായ അടിവസ്ത്രം കൈക്കലാക്കാൻ സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട രേഖയാണ് കേസിൽ ആന്റണി രാജുവിനെതിരായ പ്രധാന തെളിവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ ചതിച്ചുവെന്ന ഗുരുതര വകുപ്പ് പൊലീസ് ചുമത്തിയിരിക്കുന്നത്. 28 വർഷത്തിനിടെ വെളിച്ചം കണ്ടിട്ടില്ലാത്ത ആ നിർണായക രേഖയും പുറത്തു വന്നു. കോടതിയിലെത്തുന്ന കേസുകളിൽ തെളിവാകേണ്ട തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന രേഖയാണ് തൊണ്ടി രജിസ്റ്റർ. ഇതിൽ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷൻ സ്റ്റോറിലേക്ക് മാറ്റുന്നു. പിന്നെ കോടതിയുടെ അനുമതിയില്ലാതെ ഈ വസ്തുക്കളൊന്നും പുറത്തേക്ക് എടുക്കാൻ കഴിയില്ല. ഈ കർശന വ്യവസ്ഥയെല്ലാം അട്ടിമറിച്ചാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസിന്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയത്.
അതിങ്ങനെയാണ്; അടിവസ്ത്രത്തിൽ ഒളിപ്പിച്ച ഹാഷിഷുമായി ആൻഡ്രൂ സാൽവദോർ തിരുവനന്തപുരത്ത് പിടിയിലായി നാലുമാസത്തിന് ശേഷം പ്രതിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് പോൾ എന്നൊരാൾ എത്തുന്നു. പ്രതിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തതും എന്നാൽ കേസുമായി ബന്ധമില്ലാത്തതുമായ എല്ലാ വസ്തുക്കളും വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷിക്കുന്നു. അനുകൂല ഉത്തരവ് നേടിയ ബന്ധുവിനെ കൂട്ടി ആന്റണി രാജു തൊണ്ടി സെക്ഷനിലെത്തുന്നു. അവിടെ നിന്ന് പ്രതിയുടെ പേഴ്‌സണൽ ബിലോങിങ്‌സ്; തൊണ്ടി രജിസ്റ്ററിൽ എഴുതിയിട്ടുള്ള സോപ്പ്, ചീപ്പ്, കണ്ണാടി, കാസറ്റ്, ടേപ്പ്‌റിക്കോർഡർ എല്ലാം എടുക്കുന്നു. ഇതുവരെ എല്ലാം ഓകെയാണ്.... -അനിൽ ഇമാനുവൽ പറയുന്നു.
എന്നാൽ ഇതിനുപിന്നാലെ, കോടതി ചെസ്റ്റിൽ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള തൊണ്ടിവസ്തുക്കൾ, ലഹരിമരുന്നും അടിവസ്ത്രവും; അതിൽ അടിവസ്ത്രം ആൻണി രാജു പുറത്തെടുക്കുന്നു. അവിടെ നിന്നങ്ങോട്ട് നാലുമാസത്തോളം അത് ഇവരുടെ കൈവശം തന്നെയിരുന്നു. പന്ത്രണ്ടാം മാസം വിചാരണ തുടങ്ങുന്നതിന് തൊട്ടുമുൻപ് മാത്രമാണ് തിരികെ ഏൽപിക്കുന്നത്. ഈ കാലയളവിലാണ് ഇത് വെട്ടിത്തയ്ച്ച് കൊച്ചുകുട്ടികളുടേത് പോലെയാക്കി പ്രതിക്ക് ഇടാൻ കഴിയാത്ത പരുവത്തിലാക്കിയത് എന്ന് കുറ്റപത്രത്തിൽ പറയുന്നു. അങ്ങനെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്.
ഏറ്റുവാങ്ങി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും, Received എന്നും Returned എന്നും ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട ഈ രേഖയാണ് കേസിലെ ഏറ്റവും പ്രധാന തെളിവ്. (പകർപ്പ് ഒപ്പം ചേർക്കുന്നു) . വിചാരണ നടന്നാൽ പ്രതികൾ രണ്ടുപേരും അഴിയെണ്ണുമെന്ന് ഏറെക്കുറെ ഉറപ്പിക്കാവുന്ന തെളിവാണീ രേഖ. അതുകൊണ്ട് തന്നെയാണ് കേസ് ഇങ്ങനെ അനന്തമായി നീട്ടി നശിപ്പിക്കാനുള്ള നീക്കം. ആദ്യകേസിൽ കോടതി ജീവനക്കാരന്റെ സഹായം കിട്ടിയെങ്കിൽ ഈ രണ്ടാം കേസിൽ അതിലും വലുത് സംശിക്കേണ്ടി വരും. പെറ്റിക്ക്‌സേസിൽ പോലും കോടതിയിൽ ഹാജരാകാത്ത പ്രതിക്ക് ജാമ്യമില്ലാത്ത വാറന്റ് അയക്കുന്നതാണ് കീഴ് വഴക്കവും ചട്ടവുമെന്നിരിക്കെ ഈ കേസിൽ കോടതി കാട്ടുന്ന സൗമനസ്യം അസാധാരണം തന്നെയാണ്. 22 തവണ മാറ്റിവയ്‌ക്കേണ്ടി വന്നിട്ടും സമൻസ് അല്ലാതെ ഒറ്റത്തവണയും ഒരു വാറന്റ് പോയിട്ടില്ല എന്നാണ് E courts പറയുന്നതെന്നും അനിൽ ഇമാനുവൽ ഫെയ്‌സ് ബുക്കിൽ കുറിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ