- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസ്റ്റർ ആൽബർട്ടോ ഹെറോയിൻ ഒളിപ്പിച്ചിരുന്നത് ഉടുത്തിരുന്ന ഡ്രോയറിന്റെ ഇലാസ്റ്റിക് ബാൻഡിൽ; പിന്നാലെ കുട്ടികൾക്ക് പോലും ഇടാനാകാത്ത കടുംനീല അണ്ടർവെയർ ഉയർത്തി അഭിഭാഷകൻ; ചമ്മി നാറുന്ന ശ്രീനിവാസനും! ആനവാൽ മോതിരത്തിൽ ടി ദാമോദരൻ എഴുതിയത് ആന്റണി രാജുവിന്റെ തൊണ്ടിമുതൽ മാറ്റലോ? സിനിമാ കാഴ്ചകൾ രാഷ്ട്രീയമാകുമ്പോൾ
കൊച്ചി: ആവനാഴിയും അടിവേരുകളും അങ്ങാടിയും ഇൻസ്‌പെക്ടർ ബലറാമും അടക്കം ഹിറ്റ് സിനിമകൾ. പൊലീസ് കഥകൾ സ്വാഭാവികതയിൽ അവതരിപ്പിക്കുന്ന തിരക്കഥകൾ. ടി ദാമോദരൻ എന്ന ദാമോദരൻ മാഷ് മലയാള സിനിമയെ മുമ്പോട്ട് കൊണ്ടു പോയത് നാടകീയ സീനുകളിലൂടെയാണ്. കോടതികളിലും പൊലീസ് സ്‌റ്റേഷനുകളിലും സംഭവിച്ച പലതും മാഷ് തിരക്കഥയ്ക്കുള്ളിൽ ഒളിപ്പിച്ച് പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. 1991ൽ ഇറങ്ങിയ ആനാവാൽ മോതിരം 2022ൽ ചർച്ചയാകുന്നത് കോടതി മുറിയിലെ രംഗത്തോടെയാണ്. അന്റണി രാജുവെന്ന മന്ത്രി അണ്ടർവെയർ കേസിൽ വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ സോഷ്യൽ മീഡിയയിൽ ആഘോഷമാകുകയാണ് ജി എസ് വിജയൻ സംവിധാനം ചെയ്ത ശ്രീനിവാസൻ ചിത്രം.
ജനാധിപത്യ കേരള കോൺഗ്രസ് നേതാവും സംസ്ഥാന മന്ത്രിസഭയിൽ അംഗവുമായ ആന്റണി രാജു പ്രതിയായ ഗുരുതരസ്വഭാവമുള്ള ക്രിമിനൽ കേസ് അട്ടിമറിക്കാൻ ആസൂത്രിതനീക്കമെന്ന് റിപ്പോർട്ട്. ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയതിന് 1994ൽ എടുത്ത കേസിൽ, ഇതുവരെ കോടതിയിൽ ഹാജരാകാൻ ആന്റണി രാജു തയ്യാറായിട്ടില്ല. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാൻ പോലുമാകാത്ത പ്രതിസന്ധിയിലാണെന്നതാണ് വസ്തുത. മാധ്യമ പ്രവർത്തകനായ അനിൽ ഇമാനുവലാണ് ഫെയ്സ് ബുക്കിലൂടെ ഈ കേസ് വീണ്ടും ചർച്ചയാക്കുന്നത്. ഇതിന് പിന്നാലെയാണ് ആനവാൽ മോതിരത്തിലെ രംഗവും ചർച്ചകളിലേക്ക് എത്തുന്നത്.
സിനിമയിൽ ശ്രീനിവാസൻ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറാണ്. ജെയിംസ് പള്ളിത്തറയിൽ എന്നാണ് സിഐ കഥാപാത്രത്തിന്റെ പേര്. സുരേഷ് ഗോപി എസ് ഐയും. ഇവർ ഒരു വിദേശിയെ പിടിക്കുന്നു. ഹെറോയിൻ കടത്താണ്. പ്രതിയുടെ ജട്ടിയിൽ നിന്നാണ് ഹെറോയിൻ കിട്ടുന്നത്. എന്നാൽ കോടതിയിൽ വക്കീൽ എല്ലാം പൊളിച്ചു. മിസ്റ്റർ ആൽബർട്ടോയിൽ നിന്നും നിങ്ങൾ പിടിച്ചെടുത്തതായി പറയുന്ന ഹെറോയിൻ... അത് നിങ്ങൾ എവിടെ നിന്നാണ് പിടിച്ചെടുത്തത്? എന്നാണ് കോടതിയിൽ സിനിമയിലെ നായകനോട് അഭിഭാഷകന്റെ ചോദ്യം. അതിന് വ്യക്തമായ മറുപടിയുണ്ട് പൊലീസ് ഉദ്യോഗസ്ഥന്. അതു മനസ്സിലാക്കിയുള്ള തന്ത്രം വക്കീൽ ഒരുക്കുന്നു. ആ രംഗം മലയാളികളിൽ ചിരി നിറച്ചതാണ്.
ഡ്രോയറിന്റെ ഇലാസ്റ്റിക് ബാൻഡിൽ എന്ന് മറുപടി നൽകുന്ന സർക്കിൾ ഇൻസ്‌പെക്ടർ. അത് ഉടുത്തിരുന്നോ എന്ന് അഭിഭാഷകന്റെ ചോദ്യം? ധരിച്ചിരുന്നുവെന്ന് സിഐയുടെ മറുപടി. പിന്നാലെ നാടകീയമായി ആ അണ്ടർവെയർ വക്കീൽ ഉയർത്തിക്കാട്ടുന്നു. കടും നീല നിറത്തിലെ അണ്ടർവെയർ. അതും രണ്ടു വയസ്സുകാരന് ചേരുന്നത്. അങ്ങനെ ആ കേസ് തീർപ്പായി. പ്രതി പുറത്തിറങ്ങി. കള്ളം കള്ളമെന്ന് സിഐ വിളിക്കുന്നുണ്ട്. എന്നാൽ കോടതി ആ തെളിവിനെ വിശ്വാസത്തിൽ എടുത്തു. 1991ൽ ഇറങ്ങിയ ആനവാൽ മോതിരത്തിലെ ഈ രംഗത്തിന് സമാനമാണ് ആന്റണി രാജുവിനെതിരെ ഉയരുന്ന ആക്ഷേപവും.
ആനവാൽ മോതിരമെന്ന സിനിമയിൽ അഭിഭാഷൻ ഉയർത്തിക്കാട്ടുന്നതും നീല നിറത്തിലുള്ള ജട്ടിയാണ്. ഇവിടെ ആന്റണി രാജുവിനെതിരെ ഉയരുന്ന പരാതിയിൽ പറയുന്നതും കടും നീല നിറത്തിലെ അണ്ടർ വെയർ. ഈ കേസും സിനിമ പുറത്തിറങ്ങിയ കാലവും പരിശോധിച്ചാൽ ഈ സംഭവത്തിലെ പ്രേരണയാണോ ടി ദാമോദരനെ തിരക്കഥ എഴുത്തിന് പ്രേരിപ്പിച്ചതെന്ന സംശയം ശക്തമാകും. ഇന്ന് പുറത്തു വന്ന രേഖകളിൽ 1990 എട്ടാം മാസമാണ് ഇന്ന് മന്ത്രി കൂടിയായ ആന്റണി രാജു തൊണ്ടു മുതലായ ജട്ടി വാങ്ങുന്നത്. നാലു മാസം കഴിഞ്ഞ ഡിസംബറിൽ തിരിച്ചേൽപ്പിച്ചു. ഈ സമയത്ത് ഏപ്പോഴാ ആയിരിക്കണം ഈ കേസിലെ ഹൈക്കോടതി വിധി ഉണ്ടായിരിക്കേണ്ടത്. അത് തന്നെയാകണം ടി ദാമോദരനും ആനവാൽ മോതിരത്തിൽ സീനാക്കി മാറ്റിയതെന്ന് വേണം വിലയിരുത്താൻ.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് എകെജി സെന്റർ ആക്രമണ കേസ് ചർച്ചയാപ്പോൾ ഇരുപതാം നൂറ്റാണ്ട് സിനിമയിലെ സാഗർ ഏലിയാസ് ജാക്കിയുടെ തന്ത്രം ചർച്ചയായിരുന്നു. അവിടെ ജാക്കിയുടെ തന്ത്രം രാഷ്ട്രീയക്കാർ ഏറ്റെടുത്തോ എന്നതായിരുന്നു ഉയർന്ന സംശയം. എന്നാൽ ആനവാൽ മോതിരത്തിൽ ചർച്ച മറിച്ചാണ്. ആന്റണി രാജുവിന്റെ ജട്ടി മാറ്റൽ കേസ് എങ്ങനെ ദാമോദരൻ മാഷ് അറിഞ്ഞുവെന്നതാണ് ഉയരുന്ന ചോദ്യം. ഇതിനൊപ്പം പിസി ജോർജിന്റെ ഭാര്യയുടെ കൊന്ത രണ്ടാം വിക്കറ്റ് തെറിപ്പിക്കുമോ എന്നചർച്ചയും സജീവമാണ്. ഈ കൊന്തയ്ക്ക് ശക്തിയുണ്ടെങ്കിൽ അനുഭവിക്കുമെന്ന് പിസി ജോർജിന്റെ ഭാര്യ പറഞ്ഞ ശേഷമാണ് സജി ചെറിയാൻ ഭരണ ഘടനാ വിവാദത്തിൽ കുടുങ്ങുന്നതും മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതും.
ആന്റണി രാജുവിനെതിരായ കേസ് ഈ വരുന്ന മാസം, ഓഗസ്റ്റ് നാലിന് ഇരുപത്തിമൂന്നാം തവണ േപരിഗണിക്കും. അന്നെങ്കിലും മന്ത്രി ഹാജരാകുമോ? അല്ലെങ്കിൽ പറഞ്ഞുവിടാൻ മുഖ്യമന്ത്രി തയ്യാറാകുമോ; അതാണിനി അറിയാനുള്ളത്. ഈ വസ്തുതയൊന്നും അദ്ദേഹത്തിന് അറിയാത്തതല്ലല്ലോ.... 28 വർഷമായിട്ടും വിചാരണ തുടങ്ങാനാകാത്ത കേസ് ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥക്കും അപമാനമാണ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം രജിസ്റ്റർ ചെയ്ത കേസിനാണ് ഈ ഗതിയെന്ന് അനിൽ ഇമാനുവൽ വിശദീകരിക്കുന്നു. കടും നീല നിറത്തിൽ ഉള്ളതും ബനിയൻ തുണിയിൽ തുന്നയതുമായുള്ള മുഷിഞ്ഞ ജട്ടിയാണ് കേസിന് ആധാരമായ തൊണ്ടി മുതൽ.
രജിസ്റ്റർ ചെയ്തിട്ട് 28 വർഷം, കുറ്റപത്രം സമർപ്പിച്ചിട്ട് 16 വർഷം, വിചാരണക്കായി കോടതി സമൻസ് അയച്ച് പ്രതികളെ വിളിക്കാൻ തുടങ്ങിയിട്ട് 8 വർഷം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസ്, നിലവിൽ നെടുമങ്ങാട് കോടതിയാണ് പരിഗണിക്കുന്നത്. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുമ്പോൾ ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്നു. തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് ആൻഡ്രൂവിന്റെ വക്കാലത്തെടുത്ത് രാജു നടത്തിയ കേസ് പക്ഷെ തോറ്റുപോയി. 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ ഉത്തരവായി.
എന്നാൽ തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്ത് പ്രഗൽഭനായിരുന്ന കുഞ്ഞിരാമ മേനോൻ വക്കീലിനെ ഇറക്കി. അത് ഫലംകണ്ടു. പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി വിധിയായി. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു. കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ് ഹൈക്കോടതി അംഗീകരിച്ചത്. മെറ്റിരീയൽ ഒബ്ജക്ട്, അഥവാ MO 2 ജട്ടി എന്ന് രേഖപ്പെടുത്തിയ തൊണ്ടിവസ്തു പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. ഇത് തന്നെയാണ് സിനിമയിലുമുള്ളത്.
സിനിമയിൽ ഈ കേസിന്റെ കഥ അവിടെ തീർന്നു. പിന്നീട് നായകൻ തന്നെ വില്ലനെ പിടിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. എന്നാൽ യഥാർത്ഥ കേസിൽ കൃത്രിമം നടന്നുവെന്ന പരാതിയുമായി അന്വേഷണ ഉദ്യോസ്ഥൻ സിഐ കെകെ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് മുന്നിലെത്തുന്നു. മൂന്നുവർഷത്തെ പരിശോധനക്ക് ഒടുവിൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുന്നു..... 1994ൽ ഇങ്ങനെ തുടങ്ങിയ കേസ് 2002ൽ എത്തിയപ്പോൾ തെളിവില്ലെന്ന് കോടതിക്ക് റിപ്പോർട്ട് നൽകി അവസാനിപ്പിക്കാൻ പൊലീസ് തന്നെ ശ്രമം നടത്തി. 1996ൽ ആദ്യവട്ടം എംഎൽഎ ആയ ആന്റണി രാജു അഞ്ചു വർഷം തികച്ചതിന് പിന്നാലെയായിരുന്നു ഈ നീക്കം.
എ.കെ. ആന്റണി സർക്കാർ അധികാരം ഏറ്റയുടൻ. കേസുണ്ടായതും അന്വേഷണം നടന്നതുമെല്ലാം ആന്റണി രാജുവിന്റെ സ്വന്തം തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിന്റെ പരിധിയിലായിരുന്നു എന്നതുകൂടി ഇവിടെ ചേർത്തു പറയണം. എന്നാൽ 2005 ഒടുവിലായപ്പോൾ കാര്യങ്ങൾ വീണ്ടും കീഴ്മേൽ മറിഞ്ഞു. കേസ് പുനരന്വേഷിക്കാൻ ഉത്തരമേഖലാ ഐ.ജി. ടി.പി. സെൻകുമാർ നൽകിയ ഉത്തരവ് പ്രകാരം അസിസ്റ്റന്റ് കമ്മിഷണർ വക്കം പ്രഭ നടപടി തുടങ്ങി. (പകർപ്പ് ഒപ്പം ചേർക്കുന്നു) ഇതോടെയാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവർ ആദ്യമായി ചിത്രത്തിലേക്ക് വരുന്നത്. ഇവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി 2006 ഫെബ്രുവരി13ന് കോടതിക്ക് റിപ്പോർട്ട് നൽകി. (പകർപ്പ് ചുവടെ) കുറ്റങ്ങൾ, കോടതിയെ ചതിച്ചു, ഗൂഢാലോചന നടത്തി എന്നതടക്കം അതീവ ഗുരുതരമായ ആറെണ്ണം.
തുടർന്ന് അക്കൊല്ലം തന്നെ മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നു. എട്ടുവർഷം അവിടെ അനക്കമില്ലാതിരുന്ന കേസ് 2014ൽ പ്രത്യേക ഉത്തരവിറക്കി നെടുമങ്ങാട് കോടതിയിലേക്ക് മാറ്റുന്നു. അവിടം മുതലിങ്ങോട്ട് 22 തവണയാണ് നെടുമങ്ങാട് ജെഎഫ്എംസി 1ൽ കേസ് വിളിച്ചത്. ഒറ്റത്തവണ പോലും ആന്റണി രാജുവോ കൂട്ടുപ്രതിയോ ഹാജരായിട്ടില്ല. അതുകൊണ്ട് തന്നെ വിചാരണയില്ലാതെ അനന്തമായി നീളുകയാണ്.
ആന്റണി രാജുവിനെതിരെയുള്ളത് അതിശക്തമായ തെളിവ്
തൊണ്ടിവസ്തുവായ അടിവസ്ത്രം കൈക്കലാക്കാൻ സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട രേഖയാണ് കേസിൽ ആന്റണി രാജുവിനെതിരായ പ്രധാന തെളിവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ ചതിച്ചുവെന്ന ഗുരുതര വകുപ്പ് പൊലീസ് ചുമത്തിയിരിക്കുന്നത്. 28 വർഷത്തിനിടെ വെളിച്ചം കണ്ടിട്ടില്ലാത്ത ആ നിർണായക രേഖയും പുറത്തു വന്നു. കോടതിയിലെത്തുന്ന കേസുകളിൽ തെളിവാകേണ്ട തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന രേഖയാണ് തൊണ്ടി രജിസ്റ്റർ. ഇതിൽ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷൻ സ്റ്റോറിലേക്ക് മാറ്റുന്നു. പിന്നെ കോടതിയുടെ അനുമതിയില്ലാതെ ഈ വസ്തുക്കളൊന്നും പുറത്തേക്ക് എടുക്കാൻ കഴിയില്ല. ഈ കർശന വ്യവസ്ഥയെല്ലാം അട്ടിമറിച്ചാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസിന്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയത്.
അതിങ്ങനെയാണ്; അടിവസ്ത്രത്തിൽ ഒളിപ്പിച്ച ഹാഷിഷുമായി ആൻഡ്രൂ സാൽവദോർ തിരുവനന്തപുരത്ത് പിടിയിലായി നാലുമാസത്തിന് ശേഷം പ്രതിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് പോൾ എന്നൊരാൾ എത്തുന്നു. പ്രതിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തതും എന്നാൽ കേസുമായി ബന്ധമില്ലാത്തതുമായ എല്ലാ വസ്തുക്കളും വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷിക്കുന്നു. അനുകൂല ഉത്തരവ് നേടിയ ബന്ധുവിനെ കൂട്ടി ആന്റണി രാജു തൊണ്ടി സെക്ഷനിലെത്തുന്നു. അവിടെ നിന്ന് പ്രതിയുടെ പേഴ്സണൽ ബിലോങിങ്സ്; തൊണ്ടി രജിസ്റ്ററിൽ എഴുതിയിട്ടുള്ള സോപ്പ്, ചീപ്പ്, കണ്ണാടി, കാസറ്റ്, ടേപ്പ്റിക്കോർഡർ എല്ലാം എടുക്കുന്നു. ഇതുവരെ എല്ലാം ഓകെയാണ്.... -അനിൽ ഇമാനുവൽ പറയുന്നു.
എന്നാൽ ഇതിനുപിന്നാലെ, കോടതി ചെസ്റ്റിൽ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള തൊണ്ടിവസ്തുക്കൾ, ലഹരിമരുന്നും അടിവസ്ത്രവും; അതിൽ അടിവസ്ത്രം ആൻണി രാജു പുറത്തെടുക്കുന്നു. അവിടെ നിന്നങ്ങോട്ട് നാലുമാസത്തോളം അത് ഇവരുടെ കൈവശം തന്നെയിരുന്നു. പന്ത്രണ്ടാം മാസം വിചാരണ തുടങ്ങുന്നതിന് തൊട്ടുമുൻപ് മാത്രമാണ് തിരികെ ഏൽപിക്കുന്നത്. ഈ കാലയളവിലാണ് ഇത് വെട്ടിത്തയ്ച്ച് കൊച്ചുകുട്ടികളുടേത് പോലെയാക്കി പ്രതിക്ക് ഇടാൻ കഴിയാത്ത പരുവത്തിലാക്കിയത് എന്ന് കുറ്റപത്രത്തിൽ പറയുന്നു. അങ്ങനെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്.
ഏറ്റുവാങ്ങി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും, Received എന്നും Returned എന്നും ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട ഈ രേഖയാണ് കേസിലെ ഏറ്റവും പ്രധാന തെളിവ്. (പകർപ്പ് ഒപ്പം ചേർക്കുന്നു) . വിചാരണ നടന്നാൽ പ്രതികൾ രണ്ടുപേരും അഴിയെണ്ണുമെന്ന് ഏറെക്കുറെ ഉറപ്പിക്കാവുന്ന തെളിവാണീ രേഖ. അതുകൊണ്ട് തന്നെയാണ് കേസ് ഇങ്ങനെ അനന്തമായി നീട്ടി നശിപ്പിക്കാനുള്ള നീക്കം. ആദ്യകേസിൽ കോടതി ജീവനക്കാരന്റെ സഹായം കിട്ടിയെങ്കിൽ ഈ രണ്ടാം കേസിൽ അതിലും വലുത് സംശിക്കേണ്ടി വരും. പെറ്റിക്ക്സേസിൽ പോലും കോടതിയിൽ ഹാജരാകാത്ത പ്രതിക്ക് ജാമ്യമില്ലാത്ത വാറന്റ് അയക്കുന്നതാണ് കീഴ് വഴക്കവും ചട്ടവുമെന്നിരിക്കെ ഈ കേസിൽ കോടതി കാട്ടുന്ന സൗമനസ്യം അസാധാരണം തന്നെയാണ്. 22 തവണ മാറ്റിവയ്ക്കേണ്ടി വന്നിട്ടും സമൻസ് അല്ലാതെ ഒറ്റത്തവണയും ഒരു വാറന്റ് പോയിട്ടില്ല എന്നാണ് E courts പറയുന്നതെന്നും അനിൽ ഇമാനുവൽ ഫെയ്സ് ബുക്കിൽ കുറിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ