- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിഎഎ വിരുദ്ധ പ്രക്ഷോഭകാരിയുടെ ചിത്രം വരച്ചവർ അസമിൽ അറസ്റ്റിൽ; നാലു മണിക്കൂറിനു ശേഷം വിട്ടയച്ചെങ്കിലും പൊലീസ് ഇവരെക്കൊണ്ട് ചിത്രം മായ്പിച്ചതായി പരാതി
ഗുവാഹട്ടി: സി.എ.എ. വിരുദ്ധ പ്രക്ഷോഭത്തിന് ജയിലിലടയ്ക്കപ്പെട്ട വിദ്യാർത്ഥി നേതാവിന്റെ ചിത്രം പൊതുസ്ഥലത്ത് വരച്ചതിന് നാല് ചിത്രകാരന്മാരെയും ഒരു വിദ്യാർത്ഥി നേതാവിനെയും പൊലീസ് അറസ്റ്റു ചെയ്തു. അസമിലാമ് സംഭവം. നാലു മണിക്കൂറിനു ശേഷം ഇവരെ വിട്ടയച്ചെങ്കിലും പൊലീസ് ഇവരെക്കൊണ്ട് ചിത്രം മായ്പിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
അസമിൽ സി.എ.എ. വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ അഖിൽ ഗൊഗൊയ് എന്ന വിദ്യാർത്ഥി നേതാവിന്റെ ചിത്രമാണ് അംഗ ആർട്ട് കളക്റ്റിവ് എന്ന ചിത്രകാരന്മാരുടെ കൂട്ടായ്മ ഗുവാഹട്ടിയിലെ ദേശീയ പാത 37-ലുള്ള സുരക്ഷാ മതിലിന്മേൽ വരച്ചത്. അനീതിക്കെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ പ്രതീകം എന്ന നിലയ്ക്കാണ് അഖിലിന്റെ ചിത്രം വരച്ചതെന്ന് ചിത്രകാരനും ഡൽഹി കോളേജ് ഒഫ് ആർട്സിലെ അദ്ധ്യാപകനുമായ ദ്രുപജിത് ശർമ്മ പറഞ്ഞു. 2019 ഡിസംബറിൽ അറസ്റ്റ് ചെയ്യപ്പെട്ട അഖിൽ ഇപ്പോഴും ജയിലിലാണ്.
പൊലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് തങ്ങളെക്കൊണ്ട് ചിത്രം മായ്പിച്ചതെന്ന് ശർമ്മ പറഞ്ഞു. ചിത്രം വരയ്ക്കാൻ ആറു മണിക്കൂർ എടുത്തെങ്കിൽ, മായ്ച്ചു കളയാൻ അഞ്ചു മിനിറ്റേ വേണ്ടി വന്നുള്ളുവെന്നും ശർമ്മ ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് ചിത്രം വരയ്ക്കണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണമെന്ന് പറഞ്ഞാണ് പൊലീസ് തങ്ങളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതെന്ന് ശർമ്മ പറഞ്ഞു.
അതേസമയം, പൊതുസ്ഥലത്ത് ഭുപെൻ ഹസാരികയെപ്പോലുള്ള കലാകരന്മാരുടെ പടം വരയ്ക്കുന്നതിന് പ്രശ്നമില്ലെന്നും എന്നാൽ പ്രക്ഷോഭകാരികളുടെ പടം വരയ്ക്കാനാവില്ലെന്നുമാണ് പൊലീസിന്റെ നിലപാടെന്നും ശർമ്മ പറഞ്ഞു. പൊലീസ് നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്ന് അസമിലെ വിദ്യാർത്ഥി സംഘടനയായ സത്ര മുക്തി സംഗ്രാം സമിതി കുറ്റപ്പെടുത്തി.