തിരുവനന്തപുരം: പെട്ടെന്നൊരു യാത്ര പോകണം. റിസർവ് ചെയ്യാൻ പണവുമില്ല.ഇങ്ങനെയുള്ള യാത്രക്കാർക്കും, മലബാറിലേക്ക് പോകുന്ന യാത്രക്കാർക്കും ആശ്വാസമായി വരുന്ന കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സപ്രസിന്റെ കോച്ചുകൾ കൊച്ചുവേളിയിലെത്തി.
കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി - മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ഉടൻ സർവീസ് ആരംഭിക്കും. ട്രെയിനിനായുള്ള പുതിയ 21 കോച്ചുകൾ കൊച്ചുവേളിയിലെത്തി.

വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.30ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന വണ്ടി വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തക്കും തിരിക്കും. ജനറൽ കോച്ചുകൾ മാത്രമുള്ള ട്രെയിനാണ് അന്ത്യോദയ എക്സ്പ്രസ്. എസി, റിസർവേഷൻ കോച്ചുകളില്ല. യാത്രക്കാർക്ക് ജനറൽ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാം.വടക്കൻ ജില്ലകളിലുള്ള സാധാരണക്കാരായ യാത്രക്കാർക്കാണ് ഇത് ഗുണകരമാകുന്നത്.

അന്ത്യോദയക്കായി ജർമ്മൻ സാങ്കേതികവിദ്യയിലുള്ള അത്യാധുനിക എൽഎച്ച്ബി കോച്ചുകളാണ് ഒരുങ്ങുന്നത്. ആന്റി ടെലസ്‌കോപിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ട്രെയിൻ അപകടത്തിൽപെട്ടാലും പരസ്പരം ഇടിച്ച് കയറാത്തവിധം സുരക്ഷിതമാണ് കോച്ചുകൾ. സ്റ്റെയിൻലെസ് സ്റ്റീലിലാണ് നിർമ്മാണം. ബയോടോയ്ലറ്റുകളാണുള്ളത്.

വൈകിട്ട് 6.45നുള്ള മലബാർ, 7.15നുള്ള മാവേലി, 8.40നുള്ള മംഗളൂരു എക്സ്പ്രസ് ട്രെയിനുകൾ കഴിഞ്ഞാൽ നിലവിൽ വടക്കൻ ജില്ലകളിലേക്ക് ട്രെയിനുകളില്ല. മുഖ്യമന്ത്രി പിണറായി വിജയൻ യാത്രാദുരിതം റെയിൽവെ ബോർഡ് ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് പുതിയ ട്രെയിൻ പ്രഖ്യാപിച്ചത്.ഇലക്ട്രിക്കൽ ജോലികളും അറ്റകുറ്റപ്പണികളും പൂർത്തിയായാലുടൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവെ അധികൃതർ വ്യക്തമാക്കി.ട്രെയിനിനായി ആഴ്ചകൾക്കുമുമ്പ് കോച്ചുകൾ കൊച്ചുവേളിയിൽ എത്തിയതാണ്. എന്നാൽ, ഇവ ഉന്നത നിർദ്ദേശത്തെത്തുടർന്ന് ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസമാണ് ചെന്നൈയിൽനിന്ന് പുതിയ കോച്ചുകൾ എത്തിച്ചത്.

കുഷ്യൻ സീറ്റുകൾ, മൊബൈൽ ചാർജിങ് പോയിന്റുകൾ, കുടിവെള്ളത്തിന് ഓരോ കോച്ചിലും രണ്ടു വാട്ടർ ഡിസ്‌പെൻസറുകൾ, എൽഇഡി ലൈറ്റുകൾ എന്നിവയാണു മറ്റു സൗകര്യങ്ങൾ. മുൻപും അന്ത്യോദയ സർവീസ് ആരംഭിക്കാൻ റേക്ക് എത്തിച്ചിരുന്നെങ്കിലും സൗത്ത് സെൻട്രൽ റെയിൽവേയ്ക്കു ഹൈദരാബാദിൽനിന്നു സ്‌പെഷൽ ഓടിക്കാൻ കൈമാറുകയായിരുന്നു. ഈ കോച്ചുകൾക്കും ആ ഗതി വരാതെ സർവീസ് ആരംഭിക്കാൻ ദക്ഷിണ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു. അന്ത്യോദയയ്ക്കു പുറമേ ഗാന്ധിധാം തിരുനെൽവേലി ഹംസഫർ എക്സ്‌പ്രസ്, തിരുവനന്തപുരം - ബെംഗളൂരു ബൈവീക്ക്ലി എന്നിവയാണു മുൻപു പ്രഖ്യാപിച്ചിട്ടും ഇതുവരെ സർവീസ് ആരംഭിക്കാത്തവ.

മംഗളൂരു കൊച്ചുവേളി ബൈവീക്ക്ലി സമയക്രമം റെയിൽവേ നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നാൽ സ്റ്റോപ്പുകൾ സംബന്ധിച്ചു അന്തിമ തീരുമാനമായിട്ടില്ല. ആലപ്പുഴ വഴിയാകും സർവീസ്. മംഗളൂരു കൊച്ചുവേളി അന്ത്യോദയ (16356) വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി എട്ടിനു മംഗളൂരുവിൽനിന്നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8.15ന് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളിമംഗളൂരു അന്ത്യോദയ (16355) വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.25ന് കൊച്ചുവേളിയിൽനിന്നു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 9.15ന് മംഗളൂരുവിലെത്തും. 18 കോച്ചുകളാണു ട്രെയിനിലുണ്ടാകുക. ജനറൽ കോച്ചുകൾ മാത്രമുള്ള അന്ത്യോദയ സർവീസ് ആരംഭിക്കുന്നതോടെ മലബാർ, മാവേലി എക്സ്‌പ്രസുകളിലെ ജനറൽ കോച്ചുകളിലെ തിരക്കു കുറയും. സെക്കൻഡ് ക്ലാസ് യാത്രക്കാർക്കു സർവീസ് ഏറെ പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണു റെയിൽവേ.