തൃശൂർ: തൃശൂരിൽ നടന്ന മിസ് കേരള ഫിറ്റ്‌നസ് ഫാഷൻ മത്സരത്തിൽ ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയ അട്ടപ്പാടി സ്വദേശിനിയും ഇരുള സമുദായക്കാരിയുമായ അനു പ്രശോഭിനിക്ക് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം അഭിനന്ദന പ്രവാഹം. അയ്യപ്പനും കോശിയും ഫെയിം നടൻ പഴനിസ്വാമിയുടെ മകളാണ് അനു പ്രശോഭിനി.

മിസ് കേരള ഫിറ്റ്‌നസ്സ് ഫാഷനിലേക്ക് തന്നെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും തങ്ങളെപ്പോലുള്ളവർക്ക് ഇങ്ങനെയുള്ള അവസരങ്ങൾ ലഭിക്കുന്നത് അപൂർവമാണെന്നും അനു പറഞ്ഞു. മിസ് കേരള ഫിറ്റ്‌നസ്സ് ഫാഷനിൽ മത്സരിക്കുന്ന ആദ്യ ഗോത്ര വർഗക്കാരിയായ അനു പാലക്കാട് മോയൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.


അനു പ്രശോഭിനിയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. അനു പ്രശോഭിനിയുടെ വരവ് സൗന്ദര്യത്തിന്റെ ചരിത്ര-വർണ-വംശ-സമുദായ നിർണയനങ്ങൾ അട്ടിമറിക്കുമെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായങ്ങൾ.

അനു പ്രശോഭിനിയുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് സാമൂഹ്യ പ്രവർത്തക ധന്യ രാമൻ, ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ ജി.പി. രാമചന്ദ്രൻ എന്നിവർ രംഗത്തുവന്നിരുന്നു. ധബാരി കുരുവി എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട് അനു പ്രശോഭിനി. അനുവിന് സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്.

ലോകത്തിൽ തന്നെ ആദ്യമായി ഗോത്രവർഗക്കാർ മാത്രം അഭിനയിക്കുന്ന ചിത്രമാണ് ധബാരികുരുവി. ദേശീയ അവാർഡ് ജേതാവായ പ്രിയനന്ദനാണ് ധബാരികുരുവിയുടെ സംവിധായകൻ. അട്ടപ്പാടിയിലെ ഇരുള് ഭാഷയിലാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്.