- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിഗ്നൽ ലൈറ്റിൽ പച്ച കണ്ടപ്പോൾ സ്കൂട്ടർ മുമ്പോട്ട് എടുത്ത നേഴ്സ്; വൈറ്റിലയിൽ നിന്നും അതിവേഗതയിൽ പാഞ്ഞെത്തിയ ലോറി മാടവന ജംഗ്ഷനിൽ ശ്രമിച്ചത് സിഗ്നൽ തെറ്റിച്ച് മുമ്പോട്ട് കുതിക്കാൻ; ലേക്ഷോറിലെ 'മാലാഖ'യുടെ ജീവനെടുത്തത് പവിഴം റൈസ് മില്ലിന്റെ ലോറി; അനു തോമസിന്റെ ജീവനെടുത്തത് ലോക്ഡൗൺകാലത്തെ അമിത വേഗത
കൊച്ചി: കോവിഡ് പോരാളിയായ നഴ്സിന്റെ ജീവൻ നഷ്ടപ്പെടുത്തിയത് പവിഴം റൈസ് മില്ലിന്റെ ലോറി. ലോറി ഡ്രൈവർ സിഗ്നൽ ലംഘിച്ച് അമിത വേഗതയിൽ പാഞ്ഞതിനാലാണ് ലേക്ഷോർ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ചേർത്തല വാരണം കണ്ടത്തിൽ അനു തോമസ് (32) മരണപ്പെടാൻ കാരണമായത്.
ഇന്നു രാവിലെ ജോലിക്കായി സ്കൂട്ടറിൽ വരുമ്പോൾ മാടവന ജങ്ഷനിൽ വച്ചായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന ഇവർ, സിഗ്നൽ ലഭിച്ചതിനെ തുടർന്ന് സ്കൂട്ടർ മുന്നോട്ട് എടുത്തപ്പോൾ വൈറ്റില ഭാഗത്തുനിന്ന് അതിവേഗത്തിൽ വരികയായിരുന്ന ലോറി ഇടിച്ചിടുകയായിരുന്നു. അനുവിന്റെ സ്കൂട്ടറിൽ കൂടാതെ അഷ്റഫ് എന്നയാളും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചു. രണ്ടു പേരെയും ഉടൻ തന്നെ ലേക്ഷോർ ആശുപത്രിയിലെത്തിച്ചെങ്കിലും അനുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിന് കാരണം. അഷ്റഫ് ആശുപത്രിയിൽ ചികിത്സയിലാണ്.
രാവിലെ ആറരമണിയോടെയായിരുന്നു സംഭവം. മാടവനയിലെ സിഗ്നൽ കടന്നു പോകാനുള്ള ഡ്രൈവറുടെ വ്യഗ്രതയാണ് അപകടത്തിന് പ്രധാന കാരണമെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. പിന്നാലെ എത്തിയ വാഹന യാത്രക്കാരും ലോറി അമിത വേഗതയിലാണ് പാഞ്ഞതെന്ന് പറഞ്ഞു. പെരുമ്പാവൂരിലെ പവിഴം റൈസിന്റെ ഗോഡൗണിൽ നിന്നും ആലപ്പുഴയിലേക്ക് സാധനങ്ങളുമായി പോകുകയായിരുന്നു ലോറി. റോഡിന്റെ വലതുവശം ചേർന്നാണ് ലോറി സഞ്ചരിച്ചിരുന്നതെന്നും വിവരമുണ്ട്.
വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. സിഗ്നലെത്തിയപ്പോൾ ആശയക്കുഴപ്പമുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ പൊലീസ് ലോറി അമിത വേഗതയിലായിരുന്നു എന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിക്കുന്നുണ്ട്. അതിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പനങ്ങാട് പൊലീസ് മറുനാടനോട് പറഞ്ഞു.
അതേ സമയം അനുവിന്റെ വേർപാട് വിശ്വസിക്കാനാവാതെ വിങ്ങുകയാണ് ലേക്ഷോർ ആശുപത്രിയിലെ സഹപ്രവർത്തകർ. എല്ലാകാര്യങ്ങളിലും മുൻപന്തിയിൽ നിന്നിരുന്ന അനു യു.എൻ.എയുടെ പ്രവർത്തക കൂടിയായിരുന്നു. ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മറ്റും എപ്പോഴും മുന്നിൽ തന്നെയുണ്ടായിരുന്നു. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
ഭർത്താവ് പ്രിൻസ് എബ്രഹാം സൗദിയിൽ ജോലി ചെയ്യുകയാണ്. 2017 ലായിരുന്നു ഉഴവൂർ സ്വദേശി പ്രിൻസുമായുള്ള വിവഹം. ജോലിയുടെ സൗകര്യാർത്ഥം അനുവിന്റെ ചേർത്തലയിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കോവിഡിന് ശേഷം സൗദിയിലേക്ക് ജോലിക്ക് പോകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ വിധി മറ്റൊന്നായിരുന്നു. രണ്ടു വയസ്സുകാരനായ എലൻ മകനാണ്.
ലേക്ഷോർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധന നടത്തിയതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. അനുവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ യു.എൻ.എ ദുഃഖം രേഖപ്പെടുത്തി.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.