ഭുവനേശ്വർ: വേർപിരിയാൻ തീരുമാനിച്ച് കേസ് ഫയൽ ചെയ്തതിന് പിന്നാലെ താര ദമ്പതികളായ അനുഭവ് മൊഹന്തിയും വർഷ പ്രിയദർശിനിയും തമ്മിൽ അനുരഞ്ജനത്തിന് ശ്രമമാരംഭിച്ചു. സാമൂഹ്യപ്രവർത്തക ഗീതാശ്രീ ദാസിന്റെ നേതൃത്വത്തിലാണ് അനുരഞ്ജന ചർച്ചകൾ നടക്കുന്നത്. ദമ്പതികളുടെ കട്ടക്കിലെ വസതിയിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരത്തിന് വഴിതുറന്നത്. നേരത്തെ ഒഡീഷയിലെ വനിതാ കമ്മിഷനും പ്രശ്നപരിഹാരത്തിനായി ഇടപെടാമെന്ന് വാഗ്ദാനം നൽകിയിരുന്നു.

ഒഡിയ സിനിമ നടിയായ വർഷ പ്രിയദർശിനി, ഒഡീഷയിലെ പ്രമുഖ നടനും ബിജു ജനതാദൾ (ബിജെഡി) എംപിയുമായ ഭർത്താവ് അനുഭവ് മൊഹന്തിക്കെതിരെ ശനിയാഴ്ച ഗാർഹിക പീഡനത്തിന് കേസ് കൊടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പുറംലോകം അറിയുന്നത്. ജൂലൈ 7നു ഡൽഹി പട്യാല കോടതിയിൽ അനുഭവ് വിവാഹമോചന ഹർജി നൽകിയ കാര്യവും പുറത്തുവന്നു. ഭാര്യ വർഷ ലൈംഗിക ബന്ധത്തിന് സമ്മതിക്കാറില്ലെന്നും, സ്വാഭാവികമായ ദാമ്പത്യജീവിതം ലഭിക്കുന്നില്ലെന്നും അനുഭവ് വിവാഹമോചന ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വിവാഹമോചനം തേടി 47 പേജുള്ള ഹർജിയാണ് മൊഹന്തി സമർപ്പിച്ചത്. ഡൽഹി കോടതിയിലാണ് ഹർജി നൽകിയത്.

വർഷയെ വളരെയേറെ സ്‌നേഹിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു. വിജയിയായ സ്ത്രീ എന്ന നിലയിൽ വർഷയെ ഏറെ ബഹുമാനിച്ചിരുന്നു. എന്നാൽ ദാമ്പത്യം പ്രതീക്ഷിച്ചപോലെ നല്ലതായില്ല. മനസ്സിലാക്കാനും വിട്ടുവീഴ്ച ചെയ്യാനുമെല്ലാം പരമാവധി ശ്രമിച്ചു. നിർഭാഗ്യവശാൽ, പ്രതീക്ഷിച്ചപോലെ കാര്യങ്ങൾ രൂപപ്പെട്ടില്ലെന്ന് അനുഭവ് പറഞ്ഞു. അതിനാൽ, സൗഹാർദ്ദത്തോടെ വേർപിരിയാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണിതെന്ന് കരുതുന്നു. ഇരുവരുടെയും സാമൂഹികമായ പ്രതിച്ഛായയും അന്തസ്സും നിലനിർത്തി വേർപിരിയുകയാണെന്നും അനുഭവ് പറഞ്ഞു.

അതേസമയം അനുഭവിന് സിനിമാമേഖലയിലെ സഹതാരങ്ങളുമായി അടുപ്പമുണ്ടെന്നും, മറ്റു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നുമാണ് വർഷ ആരോപിക്കുന്നത്. അമ്മയാകാനുള്ള തന്റെ അവകാശത്തെ അനുഭവ് നിഷേധിക്കുകയാണെന്നും വർഷ പരാതിയിൽ ആരോപിക്കുന്നു. നടനും രാഷ്ട്രീയക്കാരനുമായ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് വർഷ പരാതി നൽകിയതോടെയാണ് ഇവർക്കിടയിലെ കലഹം പരസ്യമായത്. ഈ ഹർജി കട്ടക്കിലെ കോടതിയുടെ പരിഗണനയിലാണ്. 'സ്വർഗത്തിൽ' നടക്കുന്നു എന്ന് എല്ലാവരും കരുതിയിരുന്ന വിവാഹം യഥാർത്ഥത്തിൽ അവർക്ക് നരകമായി മാറിയെന്ന് ഓഗസ്റ്റ് 7 ന് കട്ടക്കിലെ സബ് ഡിവിഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസ്.ഡി.ജെ.എം) കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വർഷപറഞ്ഞു.

തന്റെ 8 പേജുള്ള നീണ്ട നിവേദനത്തിൽ, വർഷങ്ങളോളം താൻ നേരിട്ട ശാരീരികവും മാനസികവുമായ പീഡനങ്ങളും മദ്യപാന അതിക്രമങ്ങളും വർഷ വെളിപ്പെടുത്തിയിട്ടുണ്ട്. അനുഭവിനെ ഒരു ‘പ്രൊഫഷണൽ ഡ്രിങ്കർ' എന്ന് വിശേഷിപ്പിച്ച വർഷ, തന്റെ സുഹൃത്തുക്കളെ തന്റെ ബെഡ് റൂമിലേക്ക് ഇടയ്ക്കിടെ കൊണ്ടുവരുമെന്ന് ആരോപിക്കുന്നു. പ്രതിഷേധിക്കുമ്പോൾ അയാൾ അക്രമാസക്തനും അധിക്ഷേപകനുമായി മാറുകയും ഇടയ്ക്കിടെ അവളെ ആക്രമിക്കുകയും ചെയ്യും. തന്നെ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുമെന്നും അവർ നിവേദനത്തിൽ ആരോപിച്ചു. കുടുംബത്തിന്റെ പ്രശസ്തി സംരക്ഷിക്കുന്നതിനായി താൻ വർഷങ്ങളോളം പീഡനത്തിന് ഇരയായിട്ടുണ്ടെന്നും വർഷ പറഞ്ഞു.

2014 ഫെബ്രുവരിയിലാണ് അനുഭവ് മൊഹന്തിയും വർഷ പ്രിയദർശിനിയും വിവാഹിതരായത്. ബിജെപിയുടെ മുതിർന്ന സ്ഥാനാർത്ഥി ബൈജയന്ത് പാണ്ടയെ 1.52 ലക്ഷം വോട്ടിന് തോൽപ്പിച്ചാണ് 37കാരനായ മോഹന്തി തീരദേശ മണ്ഡലമായ കേന്ദ്രപ്പാറയിൽ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2014ലും മോഹന്തി ബിജെഡിയുടെ എംപിയായിരുന്നു.