കൊൽക്കത്ത: പശ്ചിമബംഗാളിൽ വീണ്ടും നാടകീയ സംഭവങ്ങൾ. മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയായ അനുബ്രത മൊണ്ഡലിനെ സിബിഐ അറസ്റ്റ് ചെയ്തു. കന്നുകാലി കടത്ത് കേസിലാണ് അറസ്റ്റ്്. തൃണൂമൂലിന്റെ ബീർബം ജില്ലാ മേധാവിയുടെ വസതിയിൽ സിആർപിഎഫുകാരോട് ഒപ്പം എത്തിയാണ് സിബിഐയുടെ അറസ്റ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചതിന് പിന്നാലെയാണ് നാടകീയ നീക്കം.

2020-ൽ ആണ് കേസ് സിബിഐ ഏറ്റെടുത്തത്. പത്തുതവണ സമൻസ് അയച്ചിട്ടും അനുബ്രത ഹാജരായില്ലെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിർത്തിക്കപ്പുറം കന്നുകാലികളെ കടത്തുന്നതുമായി ബന്ധപ്പെട്ടാണ് കേസ്. കേസന്വേഷണത്തിന്റെ ഭാഗമായി അനുബ്രതയെ രണ്ട് തവണ ചോദ്യംചെയ്തിരുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ ഗൺമാൻ സൈഗാൾ ഹൊസൈനേയും സിബിഐ അറസ്റ്റ് ചെയ്തു.

സിബിഐ സംഘം അനുബ്രതയുടെ വസതി ആദ്യം വളഞ്ഞ ശേഷമാണ് അകത്തുകടന്നത്. ശക്തനായ പ്രാദേശിക നേതാവിന്റെ ഭാഗത്ത് നിന്ന് ചെറുത്തുനിൽപ്പുണ്ടാകും എന്ന് സിബിഐ പ്രതീക്ഷിച്ചിരുന്നു. വീടിന്റെ എല്ലാം വാതിലുകളും അകത്ത് നിന്ന് പൂട്ടിയിരുന്നു. കേസിൽ നിസ്സഹകരണം ആരോപിച്ചാണ് സിബിഐയുടെ അറസ്റ്റ്.

അനുബ്രതയെ പിന്നീട് കൊൽക്കത്തയിലേക്ക് കൊണ്ടുവരും. താൻ ഒരു ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുകയായിരുന്നെന്നും, വിശ്രമം ആവശ്യമാണെുമാണ് അനുബ്രത പറയുന്നത്. എന്നാൽ, സർക്കാർ ആശുപ്രതിയായ എസ്എസ്‌കെഎമ്മിലെ അധികൃതർ അനുബ്രതയ്ക്ക് ചികിത്സ ആവശ്യമില്ലെന്നും പറയുന്നു.

കന്നുകാലി കടത്ത് കേസിൽ സിബിഐ നാല് കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞു. 11 പേരാണ് പ്രതികൾ. അനുബ്രതയുടെ അംഗരക്ഷകനായ സൈഗാൾ ഹൊസൈന് കേസിൽ മുഖ്യപങ്കുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. ഇയാളാണ് അനുബ്രതയ്ത്ത് കന്നുകാലി കടത്തുകാരിൽ നിന്നുള്ള പണം എത്തിച്ചിരുന്നത്. ഹൊസൈൻ കോടികളുടെ സ്വത്ത് സമ്പാദിച്ചതായും വിവരമുണ്ട്.

കള്ളപ്പണക്കേസിൽ, തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജിയയും, സഹായി അർപ്പിത മുഖർജിയെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റൊരു വമ്പൻ കൂടി വീണത്. മമത ബാനർജിയുടെയും തൃണമൂൽ സർക്കാരിന്റെയും പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്നതാണ് രണ്ടുസംഭവങ്ങളും. ബിജെപി ശക്തമായ വിമർശനവുമായി രംഗത്തെത്തി കഴിഞ്ഞു.