കണ്ണൂർ: പൂണെയിൽ ഓൺലൈൻ തട്ടിപ്പിനിരയായി ജീവനൊടുക്കിയ പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. അണ്ടലൂർ സ്വദേശിയായ അനിതാലയത്തിൽ അനുഗ്രഹാ(22)ണ് മരിച്ചത്.

വായ്പയെടുത്ത യുവാവിന്റെ പണം തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് യുവാവിന്റെ ചിത്രം മോർഫ് ചെയ്തു സുഹൃത്തുക്കൾക്ക് സ്ഥാപനം അയച്ചുകൊടുത്തുന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്നുമാണ് ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പരാതി. ഇതിൽ മനംനൊന്താണ് അനുഗ്രഹ് വ്യാഴാഴ്‌ച്ച രാവിലെ ഏഴു മണിക്ക് താമസസ്ഥലത്ത് ജീവനൊടുക്കിയത്.

പൂണെയിൽ പെട്രോൾ പമ്പ് ജീവനക്കാരനാണ് അനുഗ്രഹ് യുവാവ്. ഓൺലൈൻ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് കേസ് അന്വേഷണം നടത്തുന്ന മഹാരാഷ്ട്ര സൈബർ സെൽ നൽകുന്ന സൂചന. നിരന്തരം അപമാനത്തെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് പൊലിസ് കണ്ടെത്തൽ. അനുഗ്രഹിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ആ സംഭവം അണ്ടലൂർ ഗ്രാമത്തെ നടുക്കത്തിലാഴ്‌ത്തിയിരിക്കുകയാണ്. അണ്ടല്ലുർ ഉത്സവം തുടങ്ങാനിരിക്കെയാണ് നാട്ടുകാരും ബന്ധുക്കളും അപ്പുവെന്ന് വിളിക്കുന്ന അനുഗ്രഹിന്റെ മരണവാർത്ത നാടിനെ തേടിയെത്തിയത്. ഓൺലൈനിൽ ലോൺ നൽകുന്ന ആപ്പിന്റെ ഭീഷണിയെ തുടർന്നാണ് അനുഗ്രഹ് ജീവനൊടുക്കിയതെന്ന പൊലിസ് നൽകുന്ന വിവരവും. ഇനിയും ബന്ധുക്കൾക്ക് ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.

ഓൺലൈനായി വായ്പകൾ നൽകുന്ന ഒരു മൊബൈൽ ആപ്പിൽ വഴി യുവാവ് 8000 രൂപ വായ്പയെടുത്തിരുന്നു. തുടർന്ന് ഇതിന്റെ പേരിൽ ഇയാളുടെ കോണ്ടാക്ടിലുള്ളവർക്കെല്ലാം ഓൺലൈൻ ആപ്പിൽ നിന്നും മെസേജുകൾ ലഭിച്ചിരുന്നതായും അനുഗ്രഹിന്റെ മോർഫ് ചെയ്ത ചിത്രങ്ങളും ആപ്പ് വഴി പ്രചരിപ്പിച്ചതായുമാണ് സഹപ്രവർത്തകർ പറയുന്നത്.

ഈ സംഭവത്തിനെ തുടർന്ന് അനുഗ്രഹ് വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ഇവർ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി അനുഗ്രഹിന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. അണ്ടലൂർ അനിതാലയത്തിൽ പ്രകാശൻ അനിത ദമ്പതികളുടെ മകനാണ് അനുഗ്രഹ്. നാട്ടുകാർ അപ്പുവെന്നു വിളിച്ചിരുന്ന അനുഗ്രഹ് കുടുംബത്തിന് താങ്ങും തണലുമാവാനാണ് പൂണെയിലേക്ക് പോയത്.