മുംബൈ: ജസ്റ്റിസ് ലോയുടെ മരണവുമായി വിവാദങ്ങൾ കത്തിപ്പടർന്നതോടെ മാധ്യമങ്ങളെ നേരിൽ കണ്ട് വിവാദമവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ജസ്റ്റിസ് ലോയുടെ മകൻ അനുജ് ലോയ രംഗത്തെത്തി. 'എനിക്കൊരു സംശയവുമില്ല. നേരത്തേ ചില സംശയങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. അന്നെനിക്ക് 17 വയസ്സായിരുന്നു. വികാരവിക്ഷുബ്ധമായ സമയമായിരുന്നു അപ്പോൾ. എന്താണ് സംഭവിക്കുന്നതെന്ന് അന്നേരം മനസ്സിലായിരുന്നില്ലെന്നും ലോയ പറയുന്നു.

പിതാവിന്റെ മരണത്തിന്റെ പേരിൽ കുടുംബാംഗങ്ങളെ ദ്രോഹിക്കാൻ ചിലർ ശ്രമിക്കുകയാണ്. കുടുംബാംഗങ്ങളെ പരിഭ്രാന്തരാക്കാനും നോക്കുന്നു. കുടുംബാംഗങ്ങളെ അവഹേളിക്കരുതെന്ന് മാത്രമാണ് എല്ലാവരോടും പറയാനുള്ളത്' അനുജ് ലോയ പറഞ്ഞു.

ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയ എന്ന തന്റെ പിതാവിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് യാതൊരു പരാതിയുമില്ലെന്ന് അനുജ് ലോയ നേരത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. സൊഹ്‌റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് കോടതിയിൽ പരിഗണിച്ച സമയത്തു സിബിഐ സ്‌പെഷൽ ജഡ്ജി ആയിരുന്നു ജഡ്ജി ബി. എച്ച്.ലോയ.

ബിജെപി അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവർ പ്രതികളായ കേസിൽ വിചാരണ നടക്കുന്നതിനിടെ 2014 ഡിസംബർ ഒന്നിനു പുലർച്ചെയാണു നാഗ്പുരിലെ സർക്കാർ അതിഥി മന്ദിരത്തിൽ ലോയയുടെ മരണം. ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചതും ബന്ധുക്കളെ അറിയിക്കാതെ പോസ്റ്റുമോർട്ടം നടത്തിയതും മൃതദേഹത്തെ ആരും അനുഗമിക്കാതിരുന്നതുമെല്ലാം ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന സംശയങ്ങളിൽപ്പെടുന്നു.

കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്ന അമിത് ഷായോടു ഡിസംബർ 15ന് ഹാജരാകണമെന്നു കർശന നിർദ്ദേശം നൽകിയിരിക്കെയായിരുന്നു ജഡ്ജിയുടെ മരണം.. സൊഹ്‌റാബുദീൻ കേസിൽ അനുകൂല വിധി പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് മോഹിത് ഷാ ലോയയ്ക്ക് 100 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നും സഹോദരിയുടെ വെളിപ്പെടുത്തലുണ്ടായിരുന്നു.