ആലപ്പുഴ: കേരളത്തിൽ പെൺകുട്ടികളുടെ ജീവനു പുല്ലുവിലയെന്ന തെളിയിക്കുന്നതാണ് കായംകുളത്തു നടന്ന നവവധുവിന്റെ അരുംകൊല. വളരെ നിസാരമായ സംഭവമാണ് കൊലപാതകത്തിനു കാരണമായി പറയുന്നത്. കൊലപാതകിയാകട്ടെ സ്വന്തം ഭർത്താവും.

വീടിന്റെ ചുവരിൽ കണ്ടെത്തിയ അജ്ഞാത ഫോൺ നമ്പരും പേരുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഫോൺ നമ്പർ കാമുകന്റേതാണോയെന്നു ഭർത്താവിനു സംശയം. നിർബന്ധമാണെങ്കിൽ കൈയിലിരിക്കുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് എളുപ്പത്തിൽ സ്ഥിരീകരിക്കാവുന്ന കാര്യം. പക്ഷേ ഇവിടെ സംശയരോഗം മൂത്തു ചോദ്യവും തർക്കവുമായി.സംശയത്തിന്റെ പേരിൽ നഷ്ടപ്പെടുത്തിയത് ഒരുമാസം ഗർഭിണിയായ യുവതിയുടെ ജീവനും.

കായംകുളത്തെ കൃഷ്ണപുരം വടക്കേയറ്റത്ത് രതീഷിന്റെ ഭാര്യ അനുമോൾ (22) കഴിഞ്ഞദിവസം ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടി മരിച്ച നിലയിലായിരുന്നു. കഴിഞ്ഞ ഡിസംബർ 28 നായിരുന്നു തൊടിയൂർ ഇടകുളങ്ങരയിൽ അനിൽകുമാർ ആചാരിയുടെ മകൾ അനുമോളും കൃഷ്ണപുരം വടക്കേഅറ്റത്ത് രാജന്റെ മകൻ രതീഷുമായുള്ള വിവാഹം നടന്നത്.

ഒന്നരമാസം കഴിഞ്ഞതേയുള്ളൂവെങ്കിലും ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ ഏറെയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ജോലികഴിഞ്ഞെത്തിയ രതീഷ് ഉച്ചഭക്ഷണത്തിനുശേഷം ഭാര്യയുമായി മുറിയിൽകയറി കതകടച്ചു. മണിക്കൂറുകൾ കഴിഞ്ഞിട്ടും കതക് തുറക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ജനലിലൂടെ നോക്കിയപ്പോഴാണ് മുറിയിൽ രക്തംകെട്ടിക്കിടക്കുന്നത് കണ്ടത്.

ബന്ധുക്കളുടെ ബഹളംകേട്ടെത്തിയ നാട്ടുകാർ കതക് ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോൾ അനുമോൾ കഴുത്തിൽ ഷാൾ മുറുക്കിയതിനെത്തുടർന്നു ശ്വാസം മുട്ടി മരിച്ചനിലയിലും രതീഷ് ബ്ലേഡ് കൊണ്ടു കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നിലയിലും കാണപ്പെടുകയായിരുന്നു. ഉടനേ രതീഷിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. രതീഷിന്റെ പരിക്കു നിസാരമാണ്. പൊലീസ് നിരീക്ഷണത്തിലുള്ള ഇയാളെ ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്യുമെന്ന് കായംകുളം സി.ഐ ഉദയഭാനു പറഞ്ഞു. പെൺകുട്ടിക്ക് പ്രണയബന്ധം ഉള്ളതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലന്ന് പൊലീസ് പറഞ്ഞു. ഇത് സംശയം മാത്രമാണന്നാണ് കരുതുന്നത്. പൊട്ടിച്ച നിലയിൽ കണ്ടെത്തിയ അനുമോളുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവം നടന്ന ദിവസം വൈകിട്ട് നാല് മണിയോടെ അനുമോൾ മാതാവ് തങ്കമ്മയെ വിളിച്ച് ഇവിടെ ഇനി ജീവിക്കാൻ കഴിയില്ലെന്നും, നാളെ വീട്ടിലേയ്ക്ക് വരുകയാണന്നും പറഞ്ഞിരുന്നു. കാരണം തിരക്കിയപ്പോൾ വന്നുകഴിഞ്ഞ് എല്ലാം പറയാമെന്നായിരുന്നു മറുപടി. ആശുപത്രിയിൽവച്ചുള്ള ചോദ്യംചെയ്യലിൽ രതീഷ് കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. ഉച്ചതിരിഞ്ഞ് ഇരുവരും കിടപ്പ് മുറിയിൽ കയറിയെങ്കിലും രാത്രി എട്ട് മണിയോടെയാണ് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചു. തുടർന്ന് നാഡി പിടിച്ച് മരണം ഉറപ്പാക്കിയശേഷം സ്വയം കഴുത്തും, കൈയിലെ ഞരമ്പും അറുത്തു. ഈ രക്തമാണ് മുറിയിൽ തളം കെട്ടി നിന്നത്. മുറിയുടെ ചുമരിൽ രക്തത്തിൽ ഇരുവരുടെയും പേരുകളും ലൗവ് എന്നും എഴുതി വച്ചിരുന്നു. തന്നെ നിരന്തരം കളിയാക്കുന്ന ഒരാളുടെ പേരും എഴുതിയിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങളാണ് മുറിക്കുള്ളിൽ കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. രാവിലെ ഫോറൻസിക് വിദഗ്ദ്ധർ എത്തിയശേഷമാണ് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചത്.