ന്യൂഡൽഹി: അനുപം ഖേറിനെ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു. ഗജേന്ദ്ര ചൗഹാനു പകരമാണ് അനുപം ഖേർ ചെയർമാനാകുന്നത്. ചൗഹാന്റെ രണ്ടു വർഷത്തെ കാലാവധി കഴിഞ്ഞ മാർച്ചിൽ അവസാനിച്ചിരുന്നു.

രാജ്യം പത്മശ്രീയും പത്മഭൂഷനും നൽകിയ ആദരിച്ച അനുപം ഖേർ നേരത്തെ സെൻസർ ബോർഡ് ചെയർമാനും നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങൾക്ക് പുറമെ ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിച്ച ബെന്റ് ഇറ്റ് ലൈക്ക് ബെക്കാം, ഗോൾഡൺ ലയൺ, സിൽവർ ലൈനിങ്സ് പ്ലേബുക്ക് എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. രണ്ടു തവണ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചിട്ടുണ്ട്.

കോമഡിയും സ്വഭാവവേഷങ്ങളും വില്ലൻ വേഷങ്ങളും ഒരുപോലെ മികവുറ്റതാക്കിയ അനുപം ഖേർ കശ്മീരിലാണ് ജനിച്ചത്. താഴെ തട്ടിൽ നിന്നും ഏറെ കഷ്ടപ്പെട്ടു വളർന്നാണ് മികച്ച നടന്മാരുടെ ഗണത്തിൽ ഇടം നേടിയത്. റെയിൽവെ പ്ലാറ്റ്ഫോമുകളിൽ വരെ അന്തിയുറങ്ങിയ അനുഭവം അദ്ദേഹം വിവരിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം മലയാളത്തിൽ പ്രണയത്തിലും മികവുറ്റൊരു വേഷം ചെയ്തു. ചാണ്ഡീഗഡിൽ നിന്നുള്ള ബിജെപി. എംപി.യും നടിയുമായ കിരൺ ഖേറാണ് ഭാര്യ.
ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച ഗജേന്ദ്ര ചൗഹാനെ എൻ.ഡി.എ സർക്കാർ ചെയർമാനായി നിയമിച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. ചൗഹാനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് നാലു മാസത്തിലേറെക്കാലം വിദ്യാർത്ഥികൾ സമരം ചെയ്തിരുന്നു. ഇതുപോലെ കടുത്ത നടപടികൾ കൊണ്ട് വലിയ വിവാദങ്ങൾ സൃഷ്ടിച്ച സെൻസർ ബോർഡ് ചെയർമാൻ പഹലജ് നിഹലാനിയെയും കേന്ദ്ര സർക്കാർ നേരത്തെ നീക്കിയിരുന്നു.

കശ്മിർ വിഷയത്തിലുൾപ്പടെ എൻഡിഎ അനുകൂല നിലപാടു പുലർത്തുന്ന നടനാണ് അനുപം ഖേർ. അദ്ദേഹം സ്വന്തമായി ഒരു ആക്ടിംങ് സ്‌ക്കൂൾ നടത്തുന്നുണ്ട്.