തിരുവനന്തപുരം: ആ കുഞ്ഞിനെ തിരിച്ചു കൊടുക്കണമെന്ന് സിപിഎമ്മും. ഇതോടെ അനുപമയ്ക്ക് കുട്ടിയെ കിട്ടുമെന്ന സൂചനയാണ് സജീവമാകുന്നത്. എത്രയും വേഗം കുട്ടിയെ തിരികെ നൽകി വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് ദത്ത് വിവാദത്തിൽ വിശദീകരണവുമായി സിപിഎം രംഗത്തു വന്നത്. ക്രിമിനൽ കേസ് ഒഴിവാക്കി പ്രശ്‌നം സൗമ്യമായി പരിഹരിക്കാനാണ് ശിശുക്ഷേമ സമിതിയുടേയും തീരുമാനം.

അതായത് കേസ് ഒഴിവാക്കിയാൽ കുട്ടിയെ തിരിച്ചു കൊടുക്കും. സിപിഎം നേതാവായിരുന്ന പേരൂർക്കട സദാശിവന്റെ മകനാണ് അനുപമയുടെ അച്ഛൻ ജയചന്ദ്രൻ. പേരൂർക്കട ലോക്കൽ കമ്മറ്റി അംഗമാണ് ജയചന്ദ്രൻ. സിഐടിയുവിന്റെ ഒരു യൂണിയന്റെ സംസ്ഥാന ട്രഷററാണ് ജയചന്ദ്രൻ. ഈ സംഭവത്തിൽ ജയചന്ദ്രനെ ജയിലിലേക്ക് പറഞ്ഞു വിടാൻ പാർട്ടി തയ്യാറല്ല. കഴിഞ്ഞ ദിവസം നടന്ന പാർട്ടി സമ്മേളനത്തിലാണ് ജയചന്ദ്രൻ വീണ്ടും ലോക്കൽ കമ്മറ്റി അംഗമായത്. പാർട്ടിക്ക് അത്രയും വേണ്ടപ്പെട്ട ജയചന്ദ്രനെ കേസിൽ നിന്ന് ഒഴിവാക്കാനുള്ള എല്ലാ സാധ്യതയും പൊലീസ് തേടും.

കുഞ്ഞിനെ അനുപമക്ക് കിട്ടണമെന്നാണ് പാർട്ടി നിലപാടെന്ന് ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ അറിയിച്ചു. കുഞ്ഞിന്റെ അച്ഛൻ അജിത് തന്നെ സമീപിച്ചിട്ടില്ലെന്നും ആനാവൂർ വിശദീകരിച്ചു. അനുപമ ഫോണിൽ വിളിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആനാവൂർ പറയുന്നത്. ജയചന്ദ്രനെ പൂർണ്ണമായും തള്ളിപ്പറയാതെയാണ് ഈ വിഷയത്തിൽ ജില്ലാ സെക്രട്ടറിയുടെ നിലപാട് വിശദീകരണം. ഇതൊരു കുടുംബ പ്രശ്‌നമാണെന്ന സൂചനകളും വാക്കുകൾക്കിടയിലുണ്ട്. മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈ വിഷയം ഏറ്റെടുക്കുമോ എന്ന ആശങ്കയാണ് ഇതിലുള്ളത്.

അനുപമ തന്നെ സമീപിച്ചിട്ടില്ല, പരാതി ഇവിടെ കൊടുക്കുകയാണ് ചെയ്തത്. പാർട്ടിപരമായി പരിഹരിക്കാൻ കഴിയുന്ന പ്രശ്‌നം അല്ല എന്നാണ് ഞാൻ പറഞ്ഞത്, മോളേ എന്ന് വിളിച്ചാണ് സംസാരിച്ചത്. ഇതാണ് ആനാവൂരിന്റെ വിശദീകരണം. എന്നാൽ ഈ വാദം അനുപമയും ഭർത്താവും തള്ളി. മോളേ എന്ന് വിളിച്ച് സംസാരിച്ചിട്ടില്ല. തന്റെ കുഞ്ഞിന്റെ കാര്യത്തിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും ഇതിലൊന്നും പാർട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും വഴക്ക് പറയുന്ന രീതിയിലാണ് സംസാരിച്ചതെന്നാണ് അനുപമ പറയുന്നത്.

അനുപമയ്ക്ക് കുട്ടിയെ കിട്ടണമെന്ന് തന്നെയാണ് നിലപാടെന്ന് ആനാവൂർ പറയുന്നു. നിയമപരമായി നീങ്ങിയാൽ അനുപമയ്ക്ക് പിന്തുണ നൽകുമെന്നും പക്ഷേ പാർട്ടി ഇടപെട്ടാൽ കുഞ്ഞിനെ തിരികെ നൽകാൻ കഴിയില്ലായിരുന്നുവെന്നാണ് ജില്ലയിലെ സിപിഎമ്മിന്റെ മുതിർന്ന നേതാവ് പറയുന്നത്. കുഞ്ഞിനെ കൊടുക്കണമെന്ന് പറഞ്ഞ് ജയചന്ദ്രനെ വിളിച്ചു സംസാരിച്ചുവെന്നും പരാതി പാർട്ടി സെക്രട്ടേറിയേറ്റ് ചർച്ച ചെയ്തുവെന്നും ആനാവൂർ പറയുന്നു.

പരാതിക്കത്ത് പാർട്ടി സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തു. കുഞ്ഞിനെ അമ്മയ്ക്ക് നൽകണമെന്ന് ജയചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ശിശുക്ഷേമ സമിതിയെ കുഞ്ഞിനെ ഏൽപ്പിച്ചെന്ന് ജയചന്ദ്രൻ പറഞ്ഞു. ചെയ്തത് ശരിയല്ലെന്ന് ജയചന്ദ്രനോട് പറഞ്ഞിരുന്നു.ജയചന്ദ്രന്റെ നിലപാട് പാർട്ടി ന്യായീകരിക്കില്ല. ഷിജുഖാനെയും വിളിപ്പിച്ചിരുന്നു. കുഞ്ഞിനെ ദത്തെടുത്തത് നിയമപരമായ എല്ലാ വ്യവസ്ഥയും പൂർത്തിയാക്കിയാണെന്ന് ഷിജുഖാൻ പറഞ്ഞു. അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കാനുള്ള പിന്തുണ പാർട്ടി നൽകുമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

'അജിത്ത് വിവാഹം കഴിച്ച പെൺകുട്ടിയും പാർട്ടി അനുഭാവിയാണ്. ആദ്യ വിവാഹവും പ്രണയിച്ചായിരുന്നു. അജിത്ത് ഇതുവരെ തന്നെ വന്നു കണ്ടിട്ടില്ല. അജിത്തുമായി ഈ വിഷയത്തിൽ സംസാരിച്ചിട്ടില്ല. ഭീഷണിപ്പെടുത്തിയെന്ന വാർത്ത ശരിയല്ല. അജിത്തിന്റെ അച്ഛനുമായാണ് സംസാരിച്ചത്. അദ്ദേഹവും പാർട്ടി ലോക്കൽ കമ്മിറ്റി അംഗമാണ്. ഒരു ഭാര്യ ഉള്ളപ്പോൾ മറ്റൊരു പെൺകുട്ടിയെ പ്രണയിക്കുന്നത് ശരിയായ നടപടി അല്ല. അത് പറഞ്ഞു വിലക്കണം എന്ന് അജിത്തിന്റെ പിതാവിനോട് ആവശ്യപ്പെട്ടു. ആദ്യഭാര്യയെ ഉപേക്ഷിച്ച അജിത്തിന്റെ നടപടി അംഗീകരിക്കാനാവില്ല. അജിത് ആദ്യ ഭാര്യയുടെ ജീവിതം നശിപ്പിച്ചത് ആരും സംസാരിക്കുന്നില്ല.'- അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്നറിയില്ലെന്നും കൃത്യതയോടെ പൊലീസ് കാര്യങ്ങൾ കൈകാര്യം ചെയ്യണമായിരുന്നെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി.

സമ്മതത്തോടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചെന്നാണ് ജയചന്ദ്രൻ പറഞ്ഞതെന്നും കുഞ്ഞിനെ കൊടുത്ത കാര്യം അറിഞ്ഞിട്ടും അജിത്ത് പറഞ്ഞില്ലെന്നുമാണ് വിശദീകരണം. നിയമപ്രകാരം മുന്നോട്ടു പോയാൽ കുഞ്ഞിനെ തിരികെ ലഭിക്കാൻ പാർട്ടി പിന്തുണ ലഭിക്കും. നിയമ പ്രകാരമുള്ള നടപടികൾ പൂർത്തിയാകാതെ കുഞ്ഞിനെ തിരികെ കൊടുക്കാൻ പറ്റില്ല. ശിശുക്ഷേമ സമിതി ചെയർമാൻ ഷിജു ഘാനോട് സംസാരിച്ചുവെന്ന് പറഞ്ഞ ആനാവൂർ, വിഷയത്തിൽ സമിതിക്ക് തെറ്റു പറ്റിയിട്ടില്ലെന്ന് അവകാശപ്പെട്ടു. പൊലീസ് കൃത്യമായി കാര്യങ്ങൾ ചെയ്യണമായിരുന്നുവെന്നും ആനാവൂർ പറഞ്ഞു.