തിരുവനന്തപുരം: ഫ്രോഡ് ആണെങ്കിൽ പാർട്ടി ഉത്തരവാദിത്തം നൽകുമോ? എന്ന ചോദ്യവുമായി ദത്തു വിവാദത്തിലെ കുട്ടിയുടെ അച്ഛൻ ഡിവൈഎഫ്ഐ നേതാവ് അജിത്. സിപിഎം നേതാക്കളും സൈബർ സഖാക്കളും വേട്ടയാടുന്ന സാഹചര്യത്തിലാണ് അജിത്തിന്റെ വിശദീകരണം. അജിത്തു കാരണം രണ്ടു കുട്ടികൾ വഴിയാധാരമായെന്ന് ആരോപണം തെറ്റാണെന്ന് അജിത് പറയുന്നു. അജിത്തിന്റെ ആദ്യ ഭാര്യയ്ക്ക് അവരുടെ ആദ്യ ഭർത്താവിലും മക്കളില്ലെന്ന് മറുനാടനും വ്യക്തമായ സൂചനകൾ കിട്ടി. ഇക്കാര്യത്തിൽ സൈബർ ലോകത്ത് പ്രചരിക്കുന്നതെല്ലാം പച്ചക്കള്ളമാണ്.

പേരൂർക്കടയിൽ ഡിവൈഎഫ്ഐയിൽ ഔദ്യോഗിക സ്ഥാനം വഹിച്ച നേതാവാണ്; മേഖലാ പ്രസിഡന്റ്, മേഖല സെക്രട്ടറി മേഖലാ ട്രഷറർ സ്ഥാനങ്ങൾ വഹിച്ച ഒരാളാണ്. ഫ്രോഡ് ആണെങ്കിൽ നേരത്തെ തന്നെ പാർട്ടിയിൽ പുറത്താക്കാൻ പാടില്ലായിരുന്നോ? അനുപമയുടെ അച്ഛൻ ഫ്രോഡ് എന്ന് വിശേഷിപ്പിക്കുന്നു. ഫ്രോഡ് ആയി മാറാൻ ഞാൻ ആരെയാണ് വഞ്ചിച്ചത്? അജിത് ചോദിക്കുന്നു. 'യുവതി തന്നിൽ നിന്ന് നഷ്ടപ്പെട്ട് പോകുന്നു എന്ന തോന്നലിന്റെ അടിസ്ഥാനത്തിൽ അച്ഛനെന്ന് പറയുന്ന യുവാവും മറ്റും പിന്നീട് ആസൂത്രിതമായി നടത്തിയിട്ടുള്ള ഒരു പ്രവർത്തനമല്ലെ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ' എന്ന ചോദ്യവുമായി ഇ പി ജയരാജൻ കഴിഞ്ഞ ദിവസം അജിത്തിനെതിരെ രംഗത്തു വന്നിരുന്നു.

ഇതിന് പിന്നാലെയാണ് അജിത് വിശദീകരണവുമായി എത്തിയത്. തന്റെ ആദ്യ ഭാര്യനസിയ, കൂട്ടുകാരന്റെ ഭാര്യ ആയിരുന്നില്ലന്നും അജിത് പറയുന്നു.'ഞാൻ ഡാൻസ് അദ്ധ്യാപകനാണ്. ഡാൻസ് പഠിപ്പിക്കാൻ പോകുമ്പോഴാണ് നസിയയെ പരിചയപ്പെട്ടത്. . നസിയ വിവാഹം കഴിച്ചു ഭർത്താവിൽ നിന്നും അകന്നു കഴിയുകയായിരുന്നു. കണ്ണീരോടെ നസിയ ആദ്യവിവാഹമടക്കമുള്ള കഥ പറഞ്ഞപ്പോഴാണ് വീട്ടുകാരുടെ എതിർപ്പ് കണക്കാക്കാതെ നസിയയെ രക്ഷിക്കാൻ ഞാൻ ഒരുങ്ങിയത്. എന്റെ ആദ്യവിവാഹവും നസിയയുടെ രണ്ടാം വിവാഹവും.'-അജിത് പറയുന്നു.

സിനിമകളിലെ നൃത്ത സംവിധാനവും അജിത്ത് നിർവ്വഹിച്ചിരുന്നു. ഇതിനിടെയാണ് നസിയയെ അജിത്ത് പരിചയപ്പെടുന്നത്. വസ്തുത ഇതായിരിക്കെ ഞാൻ ആദ്യം ഒരു വിവാഹം കഴിച്ചെന്നും അതിനു ശേഷം നസിയയുമായി അടുപ്പത്തിലായെന്നും അവളെ വിവാഹം കഴിച്ച ശേഷം അനുപമയുമായി അടുപ്പത്തിലായെന്നുമുള്ള വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും അജിത് പറയുന്നു. ഇത്തരം പ്രചരണങ്ങൾക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് അജിത്തും അനുപമയും. സാധു ആശുപത്രിയിൽ പിആർഒ ആയി ജോലി നോക്കുകയായിരുന്നു അജിത്ത്.

അജിത്ത് ബി എസ് എസി നേഴ്‌സിങ് പാസായിട്ടുണ്ട്. നേഴ്‌സായി ജോലി നോക്കുകയും ചെയ്തു. ഇതിനിടെയാണ് ദത്ത് വിവാദം ഉണ്ടായത്. ഈ സാഹചര്യത്തിലാണ് താൻ ജോലിക്ക് പോകാത്തതെന്നും അജിത്ത് മറുനാടനോട് പറഞ്ഞു. സിപിഎം നേതാക്കൾ അടക്കം ഇക്കാര്യത്തിൽ വ്യാജ പ്രചരണം നടത്തുകയാണ്. സെന്റ് മേരീസിലാണ് അജിത്ത് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ആർട്‌സ് കോളേജിലായിരുന്നു തുടർ പഠനം. പിന്നീട് ബംഗളൂരുവിൽ നിന്ന് നേഴ്‌സിംഗും പാസായി. ഇതെല്ലാം സിപിഎം നേതാക്കൾക്കും അറിയാവുന്നതാണ്. എന്നിട്ടും വ്യാജ പ്രചരണമാണ് നടക്കുന്നതെന്ന് അജിത്ത് പറയുന്നു.