- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിനെ ദത്ത് നൽകിയത് അനുപമയുടെ അറിവോടെ; നാണക്കേട് ഒഴിവാക്കാൻ അനുപമയും ആഗ്രഹിച്ചിരുന്നു; അജിത്തിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്; വിവാദത്തിൽ അച്ഛൻ എസ്.ജയചന്ദ്രന്റെ പ്രതികരണം
തിരുവനന്തപുരം; പേരൂർക്കടയിൽ അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ വിവാദത്തിൽ പ്രതികരിച്ച് അനുപമയുടെ അച്ഛൻ എസ്.ജയചന്ദ്രൻ. കുഞ്ഞിനെ അനുപമയിൽ നിന്നും എടുത്തുമാറ്റി ദത്ത് നൽകിയത് കുടുംബത്തിന്റെ മാനം രക്ഷിക്കാനാണെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജയചന്ദ്രൻ പറഞ്ഞു. കുഞ്ഞിനെ ദത്ത് നൽകിയത് അനുപമയുടെ അറിവോടു കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'നിങ്ങൾക്ക് രണ്ട് പെൺകുട്ടികളുണ്ടെന്നും ഇതിൽ ഇളയകുട്ടി ഒരാളുമായി പ്രണയത്തിലാണെന്നും സങ്കൽപ്പിക്കുക. കരുതലും സ്‌നേഹവുമുള്ള ഒരച്ഛൻ മകൾ പ്രണയിക്കുന്ന ആളുടെ പശ്ചാത്തല വിവരങ്ങൾ അന്വേഷിക്കും. മകളുടെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ എല്ലാ അച്ഛന്മാരും ആ ബന്ധം അവസാനിപ്പിക്കാനാണ് ശ്രമിക്കുക' ജയചന്ദ്രൻ പറഞ്ഞു.
'ഡിഗ്രി അവസാന വർഷ വേളയിലാണ് മകൾ അജിത്തുമായി പ്രണയത്തിലാകുന്നത്. പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും അനുപമയെ കോളേജിലേക്ക് വിട്ടിരുന്നു. എന്നാൽ അജിത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. അജിത്ത് വിവാഹിതനായിരുന്നു. അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബ ജീവിതം തകർത്താണ് അജിത്ത് നസിയയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു. ഇങ്ങനെയുള്ള ഒരാളുമായി ബന്ധം വേണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ അവൾ അതൊന്നും കേൾക്കാൻ തയ്യറായില്ല. മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങൾക്ക് മുമ്പാണ് അനുപമ ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്.'
'അനുപമ എട്ടുമാസം ഗർഭിണിയായിരുന്ന സമയത്ത് അവളെ പരിചരിക്കാൻ ആരുമുണ്ടായിരുന്നില്ല. ഇപ്പറയുന്ന അജിത്തും എവിടെയായിരുന്നു? ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞിരുന്നെങ്കിൽ നിശ്ചയിച്ച് ഉറപ്പിച്ച മൂത്ത മകളുടെ വിവാഹം നടക്കില്ലായിരുന്നു. മുന്നിൽ മറ്റു വഴികളൊന്നുമില്ലാത്തതിനാൽ കുഞ്ഞിനെ ശിശുക്ഷേമ സമിതിൽ ഏൽപ്പിക്കാമെന്ന് പ്രസവത്തിന് മുമ്പേ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു. വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാൻ അനുപമയും ആഗ്രഹിച്ചിരുന്നു.'
'ഒക്ടോബർ 22ന് രാത്രിയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറിയത്. പിന്നീട് 2021 ഏപ്രിലിലാണ് അനുപമ കുട്ടിയെ ആവശ്യപ്പെട്ട് തന്റെ അടുക്കൽ എത്തിയത്. കുഞ്ഞിനെ തിരികേ വേണമെങ്കിൽ ശിശുക്ഷേമ സമിതിയെ സമീപിക്കാനാണ് താൻ മകളോട് പറഞ്ഞത്. ഇതിനുശേഷമാണ് അജിത്തും അനുപമയും വീണ്ടും ബന്ധപ്പെട്ടിരുന്നുവെന്ന കാര്യം അറിഞ്ഞത്. ആ സമയത്ത് അജിത്തും നസിയയും വിവാഹ മോചനം തേടിയിരുന്നു.'
'കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നൽകാനുള്ള അനുപമയുടെ തീരുമാനത്തെ ഞാൻ പിന്തുണച്ചിരുന്നു. കുഞ്ഞിനെ തിരികെ വാങ്ങുന്നതിനെ ഒരിക്കലും ഞാൻ എതിർത്തിട്ടില്ല. ഇപ്പോൾ കുട്ടിയെ തിരികെ വേണമെങ്കിൽ അത് തടയാൻ ഞാൻ ആരാണ്? ഇത് നിയമപരമായ പ്രശ്‌നമാണ്. ഇതിൽ എനിക്ക് പങ്കില്ല. വിവാദത്തിലേക്ക് തന്നെ വലിച്ചിട്ടതിന്റെ കാരണമെന്താണെന്ന് അറിയില്ല. അനുപമ തന്റെ മകളാണ്. എന്റെ കഷ്ടപ്പാടുകൾ നിങ്ങൾ അനുഭവിക്കുമ്പോൾ മാത്രമേ നിങ്ങൾക്കിത് മനസിലാകു' എന്നും ജയചന്ദ്രൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ