- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യമായി പാർട്ടി തലത്തിൽ പരാതി നൽകുന്നത് ജില്ലാ സെക്രട്ടറിക്ക്; വിഷയം അറിയാം, കുട്ടിയെ കണ്ടുപിടിക്കുന്നതല്ല പാർട്ടിയുടെ ജോലി എന്ന് പ്രതികരിച്ചു; ആനാവൂർ അന്ന് നടപടി എടുത്തിരുന്നെങ്കിൽ കുട്ടിയെ ഞങ്ങൾക്ക് നഷ്ടപ്പെടുമായിരുന്നില്ല; പൊട്ടിക്കരഞ്ഞ് ചതിയുടെ ആ കഥ മറുനാടനോട് പറഞ്ഞ് പേരൂർക്കടയിലെ അച്ഛനും അമ്മയും
തിരുവനന്തപുരം: പേരൂർക്കടയിൽ കുട്ടിയെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് അനുകൂലമായി ഇപ്പോൾ രംഗത്ത് വന്ന സിപിഎം നിലപാടിൽ വിശ്വാസമില്ലെന്ന് തുറന്നടിച്ച് കുട്ടിയുടെ അച്ഛനും അമ്മയും. പരാതി പറയാൻ വിളിച്ച അനുപമയോട് 'മോളേ' എന്ന് വിളിച്ചാണ് താൻ സംസാരിച്ചതെന്നും അവർ പാർട്ടിയ്ക്കെതിരെ വന്ന സാഹചര്യം അറിയില്ലെന്നുമായിരുന്നു ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞത്. പാർട്ടി കുട്ടിയുടെ അമ്മയ്ക്കൊപ്പമാണെന്നും അവർക്ക് നീതി ലഭിക്കണമെന്നാണ് പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറിയുടെ വാക്കുകളെ പൂർണമായും തള്ളിയാണ് ഇപ്പോൾ കുട്ടിയുടെ അച്ഛനും അമ്മയും രംഗത്തെത്തിയിരിക്കുന്നത്.
ഈ വിഷയത്തിൽ ആദ്യമായി പാർട്ടി തലത്തിൽ പരാതി നൽകുന്നത് ജില്ലാ സെക്രട്ടറിക്കായിരുന്നു. എന്നാൽ തങ്ങൾ വിളിക്കുന്നതിന് മുമ്പെ ആ വിഷയം അറിയാം എന്ന നിലയ്ക്കാണ് അദ്ദേഹം സംസാരിച്ചത്. തന്റെ കുട്ടിയെ കണ്ടുപിടിക്കുന്നതല്ല പാർട്ടിയുടെ ജോലി എന്നാണ് അദ്ദേഹം അന്ന് ഞങ്ങളോട് പറഞ്ഞത്. വളരെ ക്രൂരമായാണ് സ്വന്തം മകളുടെ പ്രായം മാത്രമുള്ള അനുപമയോട് ആനാവൂർ സംസാരിച്ചതെന്നും ഭർത്താവ് അജിത്ത് മറുനാടനോട് പറഞ്ഞു. 'മോളേ' എന്ന് വിളിച്ചാണ് സംസാരിച്ചത് എന്നൊക്കെ അദ്ദേഹം പറയുന്നത് നുണയാണ്. കുട്ടിയുടെ അമ്മയ്ക്കൊപ്പമാണ് പാർട്ടി എന്ന് ഇപ്പോൾ അദ്ദേഹം പറയുന്നതിൽ സന്തോഷമുണ്ട്. എന്നാൽ പാർട്ടി ഒരിക്കലും ഞങ്ങൾക്കൊപ്പം നിന്നിട്ടില്ല. ഞങ്ങൾ പരാതി പറഞ്ഞപ്പോൾ തന്നെ ആനാവൂർ നടപടി എടുത്തിരുന്നെങ്കിൽ കുട്ടിയെ ഞങ്ങൾക്ക് നഷ്ടപ്പെടുമായിരുന്നില്ലെന്നും അജിത്ത് പറയുന്നു.
കുറ്റവാളികളെ സംരക്ഷിക്കാനാണ് അന്ന് പാർട്ടി ശ്രമിച്ചത്. ഈ കുറ്റകൃത്യത്തിൽ പങ്കാളിയായിരിക്കുന്നവരെല്ലാം പാർട്ടിയുമായി ബന്ധമുള്ളവരാണ്. മുൻ ഡിവൈഎഫ്ഐ നേതാവ് ഹരിലാലാണ് അനുപമയുടെ വ്യാജഅനുമതിപത്രം തയ്യാറാക്കുന്നതിന് വേണ്ട നോട്ടറി തയ്യാറാക്കി നൽകിയത്. തന്നെയും കുടുംബത്തെയും പേരൂർക്കടയിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും പാർട്ടി ഭീഷണിപ്പെടുത്തി. പബ്ലിക്ക് പ്രോസിക്യൂട്ടറായ ഗീനാ കുമാരി തന്നെ കണ്ടെയ്ന്മെന്റ് സോണായ ഓഫീസിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതായും അജിത്ത് പറയുന്നു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകിയപ്പോൾ തങ്ങൾ ഐഡന്റിറ്റി വെളിപ്പെടുത്തിയില്ല എന്ന ചെയർപേഴ്സന്റെ പ്രതികരണം തെറ്റാണ്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ തങ്ങൾ വീഡിയോ കോളിലൂടെയാണ് പരാതി പറഞ്ഞത്. കൃത്യമായി രണ്ടുപേരുടെയും പേരും വിവരങ്ങളും വെളിപ്പെടുത്തിയ ശേഷമാണ് പരാതി അറിയിച്ചത്. എന്നാൽ പിന്നീട് വിളിച്ചപ്പോൾ സിഡബ്ല്യുസിക്ക് ഇതിൽ ഒന്നും ചെയ്യാനാവില്ലെന്നും പൊലീസാണ് ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടതെന്നും പറഞ്ഞ് അവർ ഒഴിഞ്ഞുമാറുകയായിരുന്നെന്നും അജിത്ത് പറഞ്ഞു.
ജില്ലാ സെക്രട്ടറിയിൽ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനുമൊക്കെ പരാതി നൽകിയിരുന്നതായി അനുപമയും മറുനാടനോട് പറഞ്ഞു. എന്നാൽ ഒരു മറുപടിയും ലഭിച്ചില്ല. പാർട്ടിയിൽ നിന്നും അനുകൂലമായ നിലപാട് ഉണ്ടായത് വൃന്ദാ കാരാട്ടിൽ നിന്നാണ് അവർ ശ്രീമതി ടീച്ചറെ വിളിച്ചുപറയുകയും അതിന്റെ അടിസ്ഥാനത്തിൽ ശ്രീമതി ടീച്ചർ തങ്ങളെ വിളിക്കുകയും ചെയ്തു. ടീച്ചർ പറഞ്ഞതുപ്രകാരം പരാതി എഴുതി കൈയിൽ കൊടുക്കുകയും മെയിലായി അയയ്ക്കുകയും ചെയ്തു. ഈ വിഷയം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉന്നയിക്കാമെന്ന് പറഞ്ഞ ടീച്ചർ പിന്നീട് ഫോൺ എടുക്കാതെയാകുകയായിരുന്നു. രണ്ട് ദിവസം തുടർച്ചയായി വിളിച്ച ശേഷമാണ് ടീച്ചർ ഫോണെടുത്തത്. വിഷയം സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യാൻ കഴിഞ്ഞില്ലെന്നും ഒന്നുമല്ലെങ്കിലും സ്വന്തം അച്ഛനല്ലേ എതിർഭാഗത്ത്, ഞങ്ങളെങ്ങനെ നടപടിയെടുക്കും എന്ന് ഒഴിവുകഴിവ് പറഞ്ഞ് ശ്രീമതി ടീച്ചർ ഒഴിഞ്ഞുമാറുകയായിരുന്നെന്നും അനുപമ പറയുന്നു.
കേരളത്തിലെ ഒരു വിഷയത്തിൽ ഇടപെടുന്നതിന് വൃന്ദാ കാരാട്ടിന് ഒരുപാട് പരിമിതികളുണ്ടായിരുന്നു. ആ പരിമിതികൾക്കുള്ളിൽ നിന്ന് അവർ ഞങ്ങളെ സഹായിക്കാൻ ശ്രമിച്ചെന്നും അനുപമ വ്യക്തമാക്കുന്നു. വനിതാ കമ്മീഷൻ അധ്യക്ഷ ആകുന്നതിന് മുമ്പ് മഹിളാ അസോസിയേഷൻ നേതാവ് എന്ന നിലയിൽ പി. സതീദേവിക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇപ്പോൾ മാധ്യമങ്ങളിൽ വാർത്തയായപ്പോൾ കേസ് പരിശോധിക്കുമെന്ന് പറയുന്നതിൽ പ്രതീക്ഷയില്ല. കുഞ്ഞിനെ എടുത്തുമാറ്റിയതിലും അന്വേഷണം ഉണ്ടാകാത്തതിനും പിന്നിൽ പാർട്ടി ഗൂഢാലോചന ഉണ്ട്. പൊലീസിലും സർക്കാർ സംവിധാനങ്ങളിലും വിശ്വാസം നഷ്ടപ്പെട്ടു. ഇനി ശിശുക്ഷേമസമിതിയുടെ രക്ഷാധികാരി എന്ന നിലയിൽ ഗവർണർക്ക് പരാതി നൽകും. അഡ്വക്കേറ്റിനോട് സംസാരിച്ച ശേഷം ഹൈക്കോടതിയെയും സമീപിക്കുമെന്നും അനുപമ പറഞ്ഞു. കേരളത്തിൽ സിപിഎമ്മിന് സ്വാധീനിക്കാൻ കഴിയാത്ത ഏക സ്ഥാപനം കോടതിയാണെന്നും കോടതിയിൽ മാത്രമേ ഇനി വിശ്വാസമുള്ളു എന്നും അനുപമ തുറന്നടിക്കുന്നു.
പ്രസവിച്ച് മൂന്നാംദിവസം തന്റെ കുഞ്ഞിനെ അമ്മയുടെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേർന്ന് എടുത്തുകൊണ്ടുപോയെന്ന് തുറന്നുപറഞ്ഞ് ഒരാഴ്ച്ച മുമ്പാണ് അനുപമയും അജിത്തും മലയാളികൾക്ക് മുന്നിലെത്തിയത്. ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കടത്തുന്നതിന് തന്റെ മാതാപിതാക്കൾക്ക്, ശിശുക്ഷേമസമിതിയും സി.ഡബ്ല്യു.സിയും കൂട്ടുനിന്നെന്ന ഗുരുതര ആരോപണവും അനുപമ ഉന്നയിച്ചിരുന്നു. നിലവിൽ പേരൂർക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുകയാണ്.
നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് സംസ്ഥാന ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിച്ചതെന്നും, പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണ് ജനറൽ സെക്രട്ടറി ഷിജുഖാൻ പറയുന്നതെന്നുമാണ് അനുപമയുടെ അഭിപ്രായം. പിതാവും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും ബ്രാഞ്ച് കമ്മിറ്റിയംഗവുമായ മാതാവ് സ്മിതാജയിംസും ചേർന്നു കുഞ്ഞിനെ കടത്തുകയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്നു ഏപ്രിലിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും അനുപമ പറയുന്നു. നിലവിലെ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാനാണ് അനുപമയുടെ തീരുമാനം. എന്നാൽ ഇതേകുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു ഷിജു ഖാന്റെ നിലപാട്.
ഏപ്രിൽ മാസം 19 ന് പൊലീസിന് പരാതി നൽകിയിരുന്നെങ്കിലും ആറ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. രണ്ട് തവണ അനുപമ ഡിജിപിക്കും പരാതി നൽകിയിരുന്നു. അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രനടക്കം ആറുപേർക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതിനിടെ ശിശുക്ഷേമ സമിതിക്ക് അനുപമ അറിയാതെ കൈമാറിയ കുഞ്ഞിനെ തിരിച്ചുതരണമെന്ന അപേക്ഷ ചൈൽഡ് വെൽഫയർ കമ്മിറ്റി തള്ളിയിരുന്നു.
മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ കുഞ്ഞിനെ വിട്ടുകൊടുക്കാതിരിക്കാൻ മാതാപിതാക്കൾക്കൊപ്പം ശിശുക്ഷേമ സമിതിയും സി ഡബ്ള്യുസിയും ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. നിരന്തരം ആവശ്യപ്പെട്ടിട്ടും കുഞ്ഞിനെ വിട്ടുനൽകാതെ ശിശുക്ഷേമ സമിതി മറ്റൊരു ദമ്പതികൾക്ക് കുഞ്ഞിനെ ദത്തായി നൽകാൻ അതിവേഗം നടപടി എടുത്തുവെന്നാണ് അനുപമയുടെ പരാതി.
ശിശുക്ഷേമ സമിതിയിൽ കുഞ്ഞുണ്ടായിരിക്കെ സിഡബ്ല്യൂസി അനുപമയുമായി നടത്തിയ സിറ്റിംഗിന്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു കുഞ്ഞിനെ ദത്തെടുത്തെന്ന് ഉറപ്പാക്കിയ ശേഷം സി ഡബ്ള്യുസി ശിശുക്ഷേമ സമിതിയിലെ മറ്റൊരു കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തുകയായിരുന്നു.
വളർത്താൻ പറ്റില്ലെന്ന് കാണിച്ച് മാതാപിതാക്കൾ കുഞ്ഞിനെ സറണ്ടറായി നൽകേണ്ടത് യഥാർത്ഥത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കാണ്. പക്ഷേ കുഞ്ഞിനെ നേരിട്ട് കൊടുത്തത് ശിശുക്ഷേമ സമിതിക്കാണ്. കിട്ടിയ ആൺ കുഞ്ഞിന് മലാലയെന്ന പെൺകുട്ടിയുടെ പേരാണ് ശിശുക്ഷേമസമിതി നൽകിയത്. അബദ്ധത്തിൽ പറ്റിയതെന്നായിരുന്നു അന്ന് സമിതിയുടെ വിശദീകരണം.
കുഞ്ഞ് ശിശുക്ഷേമസമിതിയിൽ ഉണ്ടെന്ന് അറിഞ്ഞ് സമിതി ജനറൽ സെക്രട്ടറിയും സിപിഎം നേതാവുമായു ഷിജുഖാനെ കുഞ്ഞിന്റെ അച്ഛൻ അജിത്തും നിരവധി തവണ സമീപിച്ചെങ്കിലും കൈമലർത്തി. അനുപമയുടെ പരാതിയിൽ ഏപ്രിൽ മാസം 22 ന് ഉച്ചയ്ക്ക് 2.30 ന് സിഡബ്ല്യൂസി ചെയർപേഴ്സൺ സുനന്ദ ഓൺലൈൻ വഴി സിറ്റിങ് നടത്തി, 18 മിനിട്ട് സംസാരിച്ചു. ഈ സമയം ശിശുക്ഷേമസമിതിയിൽ അനുപമയുടെ കുഞ്ഞുണ്ടായിട്ടും സിഡബ്ള്യുസി ഡിഎൻഎ പരിശോധന നടത്തിയില്ല.
പൊലീസിൽ ചോദിക്കാനായിരുന്നു മറുപടി. അഞ്ച് മാസത്തിനു് ശേഷം അനുപമയുടെ കുഞ്ഞിനെ മറ്റൊരു ദമ്പതികൾ ദത്തെടുത്തശേഷം മാത്രമാണ് ഡിഎൻഎ പരിശോധന നടത്തിയത്. അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ കൈമാറിയതിന്റെ അടുത്ത ദിവസം ശിശുക്ഷേമ സമിതിയിൽ ഏല്പിച്ച കുഞ്ഞിനറെ ഡിഎൻഎയാണ് പരിശോധിച്ചത്. ഫലം നെഗറ്റീവ് ആയി.
ഇതുമായി ബന്ധപ്പെട്ടവരുടെ ഫോൺ വിളി വിവരങ്ങളും ശിശുക്ഷേമ സമിതിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാൽ തന്നെ ക്രിമിനൽ ഗൂഢാലോചന പുറത്തുകൊണ്ടുവരാം എന്നിരിക്കേ പൊലീസ് കുഞ്ഞിനെ ദത്തെടുക്കും വരെ കേസ് രജിസ്റ്റർ ചെയ്യാൻ കാത്തിരുന്നു. അനുപമയുടെ ആക്ഷേപത്തെ കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്നാണ് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന്റെ നിലപാട്.