- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നസീമയ്ക്കും മുമ്പ് അജിത്തിനൊരു ഭാര്യയുണ്ടെങ്കിൽ അവരെ അനുപമയ്ക്കൊന്ന് കാണണം; തനിക്ക് അനുപമയിലുണ്ടായ കുട്ടിയല്ലാതെ മറ്റൊരു കുട്ടിയില്ലെന്ന് ആണയിട്ട് അജിത്തും; വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും; സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളെ പറ്റി പ്രതികരിച്ച് പേരൂർക്കടയിലെ അച്ഛനും അമ്മയും
തിരുവനന്തപുരം: കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെയും അജിത്തിന്റെയും നിരന്തര പോരാട്ടങ്ങൾക്കൊടുവിൽ താൽക്കാലികാശ്വാസമെന്നപോലെ ദത്തിന് കോടതി സ്റ്റേ വന്നിരിക്കുന്നു. എന്നാൽ അതേസമയം ഇരുവരുടെയും വ്യക്തിജീവിതത്തെ കുറിച്ച് സദാചാരകണ്ണുകളോടെ നിരവധി സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അജിത്ത് മൂന്ന് വിവാഹം കഴിച്ചെന്നും സുഹൃത്തിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തെന്നും മുൻഭാര്യയായ നസീമയിൽ ഉള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ചെന്നുമൊക്കെയുള്ള പ്രചരണങ്ങളിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അജിത്തും അനുപമയും. തന്റെ അറിവിൽ അജിത്ത് തനിക്ക് മുമ്പ് നസീമയെ മാത്രമെ വിവാഹം ചെയ്തിട്ടുള്ളു എന്നും ആ ബന്ധത്തിൽ കുഞ്ഞുങ്ങളൊന്നുമില്ലെന്നും അനുപമ മറുനാടനോട് പറഞ്ഞു.
നസീമയ്ക്കും മുമ്പ് അജിത്തിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നെങ്കിൽ ആ ഭാര്യ രംഗത്ത് വരട്ടെ. തനിക്ക് അവരെ കാണാൻ താൽപര്യമുണ്ടെന്നും അനുപമ കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ആദ്യമായാണ് ഇവർ പരസ്യമായി പ്രതികരിക്കുന്നത്.
തനിക്ക് നസീമയിൽ രണ്ട് കുട്ടികളുണ്ടെന്ന പ്രചരണം നുണയാണെന്ന് അജിത്ത് വ്യക്തമാക്കി. അനുപമയിലുണ്ടായ കുഞ്ഞല്ലാതെ മറ്റൊരു കുഞ്ഞ് തനിക്കില്ല. സുഹൃത്തിന്റെ ഭാര്യയെ ഞാൻ ഇറക്കികൊണ്ടുപോയി വിവാഹം കഴിച്ചു എന്നാണ് മറ്റൊരു ആരോപണം. അങ്ങനെയെങ്കിൽ ആ സുഹൃത്ത് ആരാണെന്ന് വ്യക്തമാക്കണം. താൻ വിവാഹം ചെയ്യുമ്പോൾ നസീമ വിവാഹമോചിതയായിരുന്നു. ആരോപണങ്ങൾ ഉയർത്തുന്നവർ അതിന് തെളിവും നൽകണമെന്ന് അജിത്ത് ആവശ്യപ്പെട്ടു.
സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അനുപമ വ്യക്തമാക്കി. ഒരു നല്ല കാര്യത്തിനായി മുന്നിട്ടിറങ്ങുമ്പോൾ നുണപ്രചരണങ്ങൾ നടത്തി പിന്നിൽ നിന്നും കുത്തുന്നവർക്കെതിരെ കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു. ഏതൊരച്ഛനും ചെയ്യുന്നതേ എന്റെ അച്ഛനും ചെയ്തുള്ളു എന്ന് പറയുന്നവർ, ഏതൊരമ്മയും ചെയ്യുന്നതേ താനും ചെയ്യുന്നുള്ളു എന്നും മനസിലാക്കണം. തന്റെ കുഞ്ഞിനെ ഉപേക്ഷിച്ചുകൊണ്ട് ആരുടെയും അന്തസ് ഉയർത്തിപ്പിടിക്കേണ്ട ബാധ്യത തനിക്കില്ല.
കുട്ടിയെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളെ കുറിച്ചോർക്കുമ്പോൾ വിഷമമുണ്ട്. അധികൃതർ കൃത്യസമയത്ത് വേണ്ടവിധം പ്രവർത്തിച്ചിരുന്നെങ്കിൽ അവർക്കും ഇത്രവലിയ ദുഃഖം ഉണ്ടാകില്ലായിരുന്നു. ഇവർ തന്നോട് മാത്രമല്ല ആ ദമ്പതികളോട് കൂടിയാണ് അനീതി ചെയ്തിരിക്കുന്നതെന്നും അനുപമ പറഞ്ഞു.