- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ അമ്മകണ്ണീർ ബിബിസിയിലുമെത്തി; കേരളമെന്ന നാടിന് അപമാനമായി; ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത സംഭവം എന്ന തരത്തിൽ ലോകമെങ്ങും വാർത്ത പരക്കുന്നതോടെ തല കുനിച്ചു പ്രവാസി മലയാളികളും
ലണ്ടൻ: ആ അമ്മക്കണ്ണീർ ഒടുവിൽ ബിബിസിയിലും. സാധാരണ ഇന്ത്യയിൽ നിന്നും കേരളത്തിൽ നിന്നും എത്തുന്ന അസാധാരണ സ്വഭാവമുള്ള വാർത്തകൾ ബിബിസിയുടെ ഓൺലൈൻ പേജിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിൽ പേരൂർക്കടയിലെ അനുപമ എന്ന അമ്മയ്ക്ക് സ്വന്തം ചോരക്കുഞ്ഞിനെ നഷ്ടമായ വാർത്ത ബിബിസി ചാനലിൽ പ്രൈം ടൈമിൽ എത്തിയതോടെ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ലോകത്തു കേട്ടുകേൾവി ഇല്ലാത്ത വാർത്തയുടെ ഉറവിടം തിരിച്ചറിഞ്ഞത്.
ഇതോടെ കേരളം ഒരു വട്ടം കൂടി അപമാനത്തോടെ ലോക മനസാക്ഷിക്ക് മുന്നിൽ തല കുനിക്കുകയാണ്. വാർത്ത ബിബിസിയിൽ ദൃശ്യങ്ങളായി എത്തിയപ്പോൾ പലയിടത്തും ജോലി സ്ഥലത്തും പോലും മലയാളികൾ വാർത്ത സ്‌ക്രീനിൽ നിന്നും മാഞ്ഞുപോകും വരെ തല കുനിച്ചു നിൽക്കേണ്ടി വന്നുവെന്നതാണ് വാസ്തവം. വാർത്തയിൽ അവതാരകരും റിപ്പോർട്ടറും ഇത്തരം ഒരു കാര്യം തന്നെ അവിശ്വസനീയം എന്ന മട്ടിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്.
പ്രസവിച്ചു വെറും മൂന്നു ദിവസത്തിനകം ആൺകുഞ്ഞിനെ അമ്മയിൽ നിന്നും വേർപ്പെടുത്തി അനാഥ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന അമ്മത്തൊട്ടിലിൽ യുവതിയുടെ പാർട്ടി സ്വാധീനമുള്ള അച്ഛനമ്മമാർ ഉപേക്ഷിച്ചു എന്നതാണ് ഇപ്പോൾ ലോകമെങ്ങും ചർച്ചയായത്. അനുപമയും ഭർത്താവും രണ്ടു സമുദായക്കാർ ആണെന്നതും അനുപമയുടെ സഹോദരിയുടെ വിവാഹത്തിന് തടസം ആകും എന്നൊക്കെയുള്ള ബാലിശമായ വാദങ്ങൾ നിരത്തിയാണ് തന്റെ ചോരക്കുഞ്ഞിനെ തന്നിൽ നിന്നും പറിച്ചെടുത്തത് എന്നും നിറകണ്ണുകളോടെ അനുപമ ലോകത്തോട് വിളിച്ചു പറയുമ്പോൾ ആ യുവതിയുടെ വേദന ലോകവും ഏറ്റെടുക്കുകയാണ് എന്ന് തെളിയിക്കുകയാണ് ഏതാനും ദിവസമായി വാർത്ത ലോകത്തെ കോളിളക്കങ്ങൾ തെളിയിക്കുന്നതും.
ഇതിനു മറയിടാനായി സൈബർ ലോകത്തു സിപിഎം അനുഭാവികൾ സദാചാര പൊലീസായി നിറഞ്ഞാടുക ആണെങ്കിലും മാധ്യമ വാർത്തകളെ തമസ്‌ക്കരിക്കാൻ അതിനൊന്നും സാധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. കുഞ്ഞിനെ തേടി യുവതിക്ക് സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം ഇരിക്കേണ്ടി വന്നതും ബിബിസി റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നു.
ഇന്ത്യയെ കുറിച്ച് പലയിടത്തും വിദേശ മാധ്യമങ്ങൾ പൊടിപ്പും തൊങ്ങലും വച്ച് നൽകുന്ന വാർത്തകൾക്കിടയിൽ തങ്ങൾ പറയുന്നത് എല്ലാം നൂറു ശതമാനം ശരിയെന്നു സമർത്ഥിക്കാൻ സാധിക്കും വിധമാണ് പ്രസവിച്ച ഉടനെ അമ്മത്തൊട്ടിലിൽ തന്റെ മാതാപിതാക്കൾ കുഞ്ഞിനെ ഉപേക്ഷിച്ചെന്ന പെറ്റമ്മയുടെ വിവരണം ബിബിസി ലോകത്തിനു മുന്നിൽ തുറന്നു കാട്ടിയത്. ഇതിനായി india ban prottese anupama alliges cast bias fro her present action എന്ന ടാഗ് ലൈൻ കൊടുത്താണ് വാർത്ത സ്‌ക്രോൾ ചെയ്തത്. ഇതോടെ ഉത്തരേന്ത്യയിൽ നിന്നും പലവട്ടം വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ദുരഭിമാന, ജാതി വ്യവസ്ഥയുടെ കരിനിഴലിൽ കേരളവും വന്നു വീണിരിക്കുകയാണ്.
പാർട്ടി കുടുംബത്തിൽ നിന്നും സജീവ പാർട്ടി പ്രവർത്തകരായ കുഞ്ഞിന്റെ അച്ഛനും അമ്മയുമായ അജിത്തും അനുപമയും പാർട്ടിക്ക് മുന്നിൽ ആദ്യം എത്തിച്ച പരാതി വേണ്ട ഗൗരവത്തിൽ എടുക്കാതെ വന്നപ്പോൾ പൊലീസിലും പരാതി നൽകി നിരാശയിലായ ദമ്പതികളാണ് ഒടുവിൽ മാധ്യമങ്ങളുടെ സഹായത്തോടെ പൊതുജന മധ്യത്തിൽ എത്തിയത്. ഇതോടെ കേരളത്തിലെ നീതിന്യായ വ്യവസ്ഥയുടെയും പൊലീസ് നടപടികളുടെയും കാര്യക്ഷമത കൂടിയാണ് മുൻപ് പലപ്പോഴും എന്ന വിധത്തിൽ ഇപ്പോഴും ചോദ്യം ചെയ്യപ്പെടുന്നത്.
മുൻപ് വനിതാ കമ്മീഷൻ ചെയർ പേഴ്‌സൺ പി കെ ശ്രീമതി പോലും താൻ ഈ വിഷയത്തിൽ പൂർണമായും പരാജയമാണെന്ന് ഏഷ്യാനെറ്റ് വാർത്തയുടെ ചാനൽ ചർച്ചയിൽ പൊതു കുറ്റസമ്മത രൂപേനെ കഴിഞ്ഞ ദിവസം പറയാൻ ഇടയായതും കുഞ്ഞിനെ തട്ടിയെടുത്തവരെ സംരക്ഷിക്കാൻ ബോധപൂർവമായ ഉന്നത തല ഇടപെടൽ ഉണ്ടായി എന്നതിലേക്ക് കൂടിയാണ് വിരൽ ചൂണ്ടിയത്.
എന്നാൽ സംസ്ഥാനത്തിന് അപമാനമായ സംഭവത്തിൽ സ്വാഭാവികമായും ചോദ്യങ്ങൾ നേരിടേണ്ടി വരിക സർക്കാർ തന്നെയാകും എന്ന ധാരണയിൽ സിപിഎം സൈബർ ഗുണ്ടകൾ കുഞ്ഞിനെ നഷ്ടമായ അമ്മയെ തേജോവധം ചെയ്യും വിധം വ്യാപകമായ തരത്തിൽ സൈബർ ആക്രമണം നടത്തുക ആണെങ്കിലും ബിബിസി അടക്കമുള്ള അന്താരഷ്ട്ര മാധ്യമങ്ങൾ വരെ വാർത്ത ഏറ്റെടുത്തതു വഴി എത്ര വലിയ സൈബർ പ്രചാരണം നടത്തിയാലും അനുപമക്ക് സ്വന്തം കുഞ്ഞിനെ തിരിയെ ലഭിക്കും വരെ കേരളത്തിന്റെ ശിരസ് ലോക മനസാക്ഷിക്ക് മുന്നിൽ കുനിഞ്ഞു നിൽക്കുക തന്നെ ചെയ്യും എന്നാണ് വെളിപ്പെടുന്നത്.
ഏതു തെറ്റായ കാര്യത്തിനും വെള്ള പൂശും വിധം സോഷ്യൽ മീഡിയ നടത്തുന്ന ഇടപെടലിന് കൂടി ഇരയാകുകയാണ് ഇപ്പോൾ അനുപമയും ഭർത്താവും. അവർക്കു കുഞ്ഞിനെ നഷ്ടമാക്കിയതു ആരെന്നതിനേക്കാൾ അനുപമയും ഭർത്താവും കമിതാക്കൾ ആയതു തങ്ങളുടെ സദാചാര നിയമങ്ങൾക്കു അനുസൃതം അല്ലെന്ന മട്ടിൽ എഴുതിക്കൂട്ടുന്ന സാഹിത്യമാണ് കഴിഞ്ഞ രണ്ടു ദിവസമായി സൈബർ ഇടങ്ങളിൽ പ്രചരിക്കുന്നത്. ഇത്തരം പ്രചാരണങ്ങൾ വെറും പാഴ് വേല മാത്രമായി മാറും എന്നാണ് ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ ഇപ്പോൾ കേരളത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന കുപ്രസിദ്ധി തെളിയിക്കുന്നത് . ഇത്തരം വാർത്തകളിലൂടെ തങ്ങൾ ജീവിക്കുന്ന നാടുകളിൽ അപമാന ഭാരത്തോടെ തല കുനിച്ചു നിൽക്കാൻ മാത്രമേ ലോക മലയാളി പ്രവാസി സമൂഹത്തിനും കഴിയൂ.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.