- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിനെ തട്ടിയെടുക്കൽ വിവാദത്തിൽ പരാതിക്കാരും ആരോപണ വിധേയരും പാർട്ടിക്കാർ; വീട്ടുകാര്യമെന്ന് പറഞ്ഞ് തള്ളിയ ജില്ലാ സെക്രട്ടറിയും ഒടുവിൽ വെട്ടിലായി; നേതൃതലത്തിലും അതൃപ്തി പുകയുന്നതോടെ കുഞ്ഞിനെ തിരികെ കൊടുത്ത തലയൂരാൻ സിപിഎം ശ്രമം; മറ്റൊരാൾ ഓമനിച്ചു വളർത്തുന്ന കുഞ്ഞിനെ തിരികേ വാങ്ങുന്നതും ശ്രമകരം
തിരുവനന്തപുരം: ജനിച്ചു മൂന്ന് ദിവസം കഴിയുമ്പോൾ കുഞ്ഞിനെ അമ്മയിൽ നിന്നും അകറ്റിയ സംഭവത്തിൽ വിവാദം കൊഴുക്കുമ്പോൾ വിഷയത്തിൽ നിന്നും എങ്ങനെയും തലയൂരാനുള്ള ആലോചനയിൽ സിപിഎം. അനുപമയുടെ പരാതി കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ചയില്ലെന്ന് റിപ്പോർട്ടുണ്ടെങ്കിലും വിഷയം വിവാദമായി തുടരുകയാണ്. അനുപമയുടെ ആദ്യ പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്യം പറഞ്ഞിരുന്നില്ല. അച്ഛൻ ഒപ്പുവപ്പിച്ച രേഖകൾ തിരികെ കിട്ടണം എന്നായിരുന്നു ആദ്യപരാതിയെന്നായിരുന്നു പൊലീസ് നൽകിയ റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കിടാടിയാണ് ന്യായീകരണവുമായി പാർട്ടി മുന്നോട്ടു പോകുന്നത്.
അതേസമയം, ദത്തുനൽകൽ നടപടികൾ നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയത് വിഷയത്തിൽ നിന്നും എങ്ങനെയും തടിയൂരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. കുഞ്ഞിനെ തിരികെ നൽകി പ്രശ്നം തീർക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ആറു മാസമാണ് ദത്ത് നടപടികൾ പൂർത്തിയാക്കാനുള്ള കാലാവധി. ഇതിന്റെ ആദ്യഘട്ടം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുഞ്ഞിനെ തിരികെ വാങ്ങാനാണ് ശ്രമം. അതേസമയം ദത്തെടുത്ത ദമ്പതികൾ കുഞ്ഞിനെ ഓമനയായി പോറ്റി വളർത്തി വരികയാണ് ഇവരിൽ നിന്നും കുഞ്ഞിനെ എങ്ങനെ തിരികെ വാങ്ങും എന്നചോദ്യവും അവശേഷിക്കുന്നു.
കുഞ്ഞിനെ മറ്റൊരാൾക്കു കൈമാറിയെങ്കിലും കോടതി നടപടികൾ അവസാനിക്കുന്നതോടെ മാത്രമേ ദത്ത് നടപടികൾ പൂർത്തിയാകുകയുള്ളൂ. കുഞ്ഞിന്റെ അമ്മ പരാതിയുമായി രംഗത്തെത്തിയിട്ടുള്ള സാഹചര്യത്തിൽ ദത്തിന്റെ അടുത്ത നടപടികൾ നിർത്തിവയ്ക്കാനാണ് ശിശുക്ഷേമ സമിതിക്കും വനിതാ ശിശുവികസന ഡയറക്ടർക്കും സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇക്കാര്യങ്ങളാണ് കുഞ്ഞിന്റെ ദത്ത് നടപടികൾ പുരോഗമിക്കുന്ന വഞ്ചിയൂർ കോടതിയെ അറിയിച്ചത്.
ആനാവൂരിനോട് അതൃപ്തിയോടെ നേതൃത്വം
അതേസമയം വിഷയം കൈകാര്യം ചെയ്ത രീതിയിൽ സിപിഎം ജില്ലാ നേതൃത്വത്തിന് വീഴ്ച്ചപറ്റിയെന്ന ആക്ഷേപവും ശക്തമാണ്. യുവതിയുടെ പരാതി സിപിഎം ജില്ലാ നേതൃത്വം മാസങ്ങളോളം അവഗണിക്കുകയും ഒടുവിൽ മാധ്യമവാർത്തകളിലൂടെ സജീവ ചർച്ചയാകുകയും ചെയ്തിട്ടും വേണ്ടത്ര ഇടപെടൽ നടത്തിയില്ലെന്നാണ് പാർട്ടിയെ വെട്ടിലാക്കുന്ന കാര്യം. പരുക്കു കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ശിശുക്ഷേമ വകുപ്പിനോട് അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദേശിച്ചത്.
പെൺകുട്ടിക്കെതിരായ നിലപാട് സ്വീകരിച്ച ജില്ലാ നേതൃത്വത്തിന്റെ വാദങ്ങളെ സംസ്ഥാന നേതൃത്വം തള്ളി. പാർട്ടിയുടെ മുഖം നഷ്ടപ്പെടുന്ന സമീപം ജില്ലാ നേതൃത്വം സ്വീകരിച്ചതിനെതിരെ സംസ്ഥാന നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിനു നേരെയായിരുന്നു കുഞ്ഞിന്റെ അമ്മ അനുപമ എസ്.ചന്ദ്രന്റെ ആദ്യ ആരോപണം. 2021 ഏപ്രിൽ 19ന് പരാതി നൽകിയിട്ടും പൊലീസ് അനങ്ങുന്നില്ലെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞതോടെ കേസെടുത്തു. സിപിഎം ആക്ടിങ് സെക്രട്ടറി അടക്കം എല്ലാ നേതാക്കൾക്കും പരാതി കൊടുത്തിട്ടും പിന്തുണ ലഭിച്ചത് വൃന്ദ കാരാട്ടിൽനിന്നു മാത്രമാണെന്ന് അനുപമ വെളിപ്പെടുത്തിയതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി.
സിപിഎം നേതാവായ പിതാവിനെ സംരക്ഷിക്കാൻ ജില്ലാ സെക്രട്ടറിയായ അനാവൂർ നാഗപ്പൻ ശ്രമിച്ച കാര്യവും അനുപമ തുറന്നുപറഞ്ഞു. ആദ്യം പരാതി നൽകിയത് ആനാവൂർ നാഗപ്പനാണെന്നും എന്നാൽ വീട്ടുകാര്യമാണെന്നും ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞത് ദേഷ്യപ്പെട്ടെന്നും അനുപമ പറഞ്ഞതോടെ ജില്ലാ സെക്രട്ടറി പ്രതിരോധത്തിലായി.
രണ്ടു തവണ പാർട്ടി വിഷയം ചർച്ചചെയ്തെന്നും കോടതി വഴി മാത്രമേ കുട്ടിയെ ലഭിക്കൂ എന്ന് അനുപമയുടെ അച്ഛൻ പറഞ്ഞതിനാൽ വിഷയത്തിൽ പിന്നീട് ഇടപെട്ടില്ലെന്നും ജില്ലാ സെക്രട്ടറിക്കു വിശദീകരിക്കേണ്ടിവന്നു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെങ്കിലും മുൻ അനുഭവങ്ങളെ മുൻനിർത്തി അനുപമ അതു നിഷേധിച്ചതോടെ പാർട്ടി ജില്ലാഘടകം വീണ്ടും പ്രതിരോധത്തിലായി.
കുഞ്ഞ് എവിടെയെന്ന ചോദ്യവുമായി സിപിഎം യുവനേതാവിന്റെ ഭരണത്തിലുള്ള ശിശുക്ഷേമസമിതിയിലെത്തിയ അനുപമയ്ക്കു കൃത്യമായ മറുപടി ലഭിച്ചില്ല. ആർടിഐ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. വീഴ്ചകൾ ഓരോന്നായി പുറത്തുവന്നതോടെ വേഗത്തിൽ നടപടികളെടുക്കാൻ ആരോഗ്യമന്ത്രിക്കു മുഖ്യമന്ത്രിയുടെ ഓഫിസ് നിർദ്ദേശം നൽകി. വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച മന്ത്രി, അനുപമയെ വിളിച്ച് എല്ലാ കാര്യങ്ങളിലുമുള്ള പിന്തുണ അറിയിച്ചു. ദത്ത് നടപടിക്രമങ്ങൾ നിർത്തിവയ്ക്കാനും അതു കോടതിയെ അറിയിക്കാനും തീരുമാനിച്ചതോടെ അനുപമ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം പിൻവലിച്ചത് സർക്കാരിനും പാർട്ടിക്കും ആശ്വാസമായി.
ദത്ത് നൽകൽ നടപടി ക്രമങ്ങളെല്ലാം പാലിച്ചെന്ന് അഭിഭാഷകൻ
അതേസമയം അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയത് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണെന്ന് വനിതാ കമ്മീഷൻ അഭിഭാഷകൻ വ്യക്തമാക്കി. നോട്ടറി അഭിഭാഷകൻ ഹരിലാൽ തന്നെ അറിയിച്ചിരുന്നതായി വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവിയാണ് വ്യക്തമാക്കിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ തന്നോട് അനുപമ ഫോൺ വഴി പരാതി പറഞ്ഞപ്പോഴാണു വിവരങ്ങളറിയാൻ അഭിഭാഷകനെ വിളിച്ചത്. നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്നാണ് അഭിഭാഷകൻ അറിയിച്ചത്.
നിയമപരമായി കുഞ്ഞിനെ ദത്ത് നൽകിയതിനാൽ ദത്തെടുത്ത മാതാപിതാക്കളുടെ അവകാശവും മാനിക്കണം. സംഘടനയെന്ന നിലയിൽ ഇടപെടേണ്ട സമയം കഴിഞ്ഞതിനാലാണ് അനുപമയുടെ പരാതിയിൽ മുന്നോട്ടു പോകാതിരുന്നത്. കഴിഞ്ഞ 18ന് അനുപമ വീണ്ടും പരാതി നൽകി.
21ന് ഓഫിസിൽ എത്തിയപ്പോൾ തന്നെ കേസെടുക്കുകയും ഡിജിപിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. എതിർകക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ ഓഫിസിൽ നിർദേശിച്ചിട്ടുണ്ട്. 5നു തിരുവനന്തപുരത്തു നടക്കുന്ന സിറ്റിങ്ങിൽ പരാതിക്കാരിയെയും എതിർകക്ഷികളെയും കേൾക്കും. പൊലീസിന്റെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷം തുടർനടപടിയെടുക്കും. അനുപമയ്ക്ക് ആവശ്യമായ എല്ലാ നിയമസഹായവും നൽകുമെന്നും സതീദേവി പറഞ്ഞു. അനുപമ നൽകിയ പരാതിയിൽ ബന്ധപ്പെട്ട അധികാരികളോടു റിപ്പോർട്ട് ആവശ്യപ്പെട്ടു നോട്ടിസ് നൽകിയതായി ബാലാവകാശ കമ്മിഷൻ അധ്യക്ഷൻ കെ.വി.മനോജ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ