തിരുവനന്തപുരം: കുഞ്ഞിനെ വിട്ടു കിട്ടാൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി അനുപമ. നിരന്തരം പരാതി നൽകിയിട്ടും പൊലീസ് നിരുത്തരവാദപരമായാണ് ഇടപെട്ടത്. പൊലീസ് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. തികച്ചും നിരുത്തരവാദപരമായാണ് പൊലീസ് കേസിൽ ഉടനീളം ഇടപെട്ടത്. തന്നെ കാണാനില്ലെന്ന് പറഞ്ഞ് അച്ഛൻ നൽകിയ പരാതിയിൽ കാണിച്ച ആവേശം പൊലീസ് കുഞ്ഞിനെ കാണാതായ പരാതിയിൽ കാണിച്ചില്ല.

ഏപ്രിൽ മാസമാണ് പൊലീസിന് പരാതി നൽകിയത്. പിന്നീട് സെപ്റ്റംബർ മാസം ഡി.ജി.പിക്കും പരാതി നൽകി. ഇപ്പോൾ എഫ്.ഐ.ആർ എടുത്തിരിക്കുന്നത് ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ്. ആദ്യത്തെ പരാതികളിലൊന്നും നടപടി ഉണ്ടായിട്ടില്ലെന്ന് അനുപമ ആരോപിച്ചു. കുടുംബ കോടതിയിൽ അപേക്ഷ നൽകി ഡി.എൻ.എ പരിശോധന നടത്തിയാലും കുഞ്ഞിനെ വിട്ടുകിട്ടണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. വഞ്ചിയൂർ കുടുംബ കോടതിയിലെ നടപടികളിൽ കക്ഷിചേരാൻ തന്നെയാണ് തീരുമാനം. ദത്ത് നടപടികൾ റദ്ദാക്കാൻ അപേക്ഷ നൽകുമെന്നും അനുപമ പറഞ്ഞു.

ഹൈക്കോടതിയിലേക്ക് കേസുമായി പോകുന്നതിന് ഒപ്പം കുഞ്ഞിനെ ദത്ത് നൽകിയതിന്റെ അവസാന നടപടിക്രമങ്ങൾ പുരോഗമിക്കുന്ന വഞ്ചിയൂർ കുടുംബ കോടതിയിലെ നടപടിക്രമങ്ങളിൽ കക്ഷി ചേരാനും ആലോചനയുണ്ട്. തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിലാണ് ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ അനുപമ നിരാഹാരമിരുന്നത്. സമരം ആരംഭിക്കുംമുമ്പ് മന്ത്രി വീണ ജോർജ് അനുപമയെ ഫോണിൽ വിളിച്ച് നിയമസഹായം ഉറപ്പുനൽകിയിരുന്നു.

ഇതിന് പിന്നാലെ അനുപമക്ക് അനുകൂലമായ രീതിയിൽ നടപടിയെടുക്കാൻ നിർദ്ദേശം നൽകി. ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്ത് നൽകിയ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവെക്കാൻ കോടതിയോട് ആവശ്യപ്പെടാൻ ഗവ. പ്ലീഡറോട് സർക്കാർ നിർദേശിച്ചിരുന്നു.

അനുപമയുടെ കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ കുടുംബത്തിന് ദത്ത് നൽകിയതിന്റെ നടപടികൾ വഞ്ചിയൂർ കുടുംബ കോടതിയിലാണ് പുരോഗമിക്കുന്നത്. നിരീക്ഷണ കാലയളവ് പൂർത്തിയാക്കി ദത്ത് നടപടികളിൽ കോടതി അന്തിമവിധി പറയാനുള്ള ഘട്ടത്തിലാണ്. കുഞ്ഞിന്റെ മാതാവ് അവകാശവാദവുമായി വന്നതും വിഷയം വിവാദമായ സാഹചര്യവും സർക്കാർ കോടതിയെ അറിയിക്കും.

'പ്രസവിച്ച കുഞ്ഞെവിടെ; കേരളമേ ലജ്ജിക്കൂ' തുടങ്ങിയ വാചകങ്ങളെഴുതിയ പോസ്റ്ററുമായാണ് ഭർത്താവ് അജിത്തിനൊപ്പം അനുപമ രാവിലെ മുതൽ നിരാഹാരമിരുന്നത്. പിന്തുണക്കേണ്ട സമയത്ത് പാർട്ടിയും പൊലീസും ഒന്നും ചെയ്യാതെ നോക്കിനിന്നെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു. സമരം പാർട്ടിക്കെതിരല്ല, എന്നാൽ സഹായം തേടിയപ്പോൾ ഉത്തരവാദപ്പെട്ടവർ കൈയൊഴിഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ മൊഴിയെടുക്കാനോ പൊലീസ് തയാറായില്ല. സർക്കാറും ശിശുക്ഷേമ സമിതിയും തനിക്ക് നീതി ഉറപ്പാക്കിയില്ലെന്നും അനുപമ കുറ്റപ്പെടുത്തി. കുഞ്ഞിനെ തിരികെക്കിട്ടാൻ നടപടി സ്വീകരിക്കുമെന്ന സർക്കാർ ഉറപ്പിൽ വൈകീട്ട് അഞ്ചോടെ അനുപമ സമരം അവസാനിപ്പിച്ചു.