- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പേരൂർക്കടയിലെ കുഞ്ഞിന്റെ ജീവന് ഭീഷണിയെന്ന് അമ്മ; കുഞ്ഞ് ആന്ധ്രാ ദമ്പതികളുടെ പക്കൽ; രാജ്യത്ത് നിന്നും കടത്തുമോ എന്ന് ഭയം; കേസ് കഴിയും വരെ സർക്കാർ സംരക്ഷണത്തിൽ നോക്കണമെന്ന ആവശ്യവുമായി അനുപമ; വനിതാ കമ്മീഷൻ പറഞ്ഞിട്ടും സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകാതെ ജയചന്ദ്രൻ
തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കേസ് കഴിയും വരെ കുട്ടിയെ സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യവുമായി മാതാപിതാക്കൾ. ഇത് സംബന്ധിച്ചുള്ള പരാതി അനുപമയും അജിത്തും ഡിജിപി അനിൽകാന്തിനും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സണും ഇന്ന് നൽകി.
ദത്ത് നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട തിരുവനന്തപുരം കുടുംബകോടതി നിയമപരമായ നടപടികൾ ഉടൻ സ്വീകരിക്കാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി ഇടപെടണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ കുഞ്ഞ് ഇപ്പോഴും ദത്ത് എടുത്ത ദമ്പതികളുടെ പക്കൽ തന്നെ ആണ്. ആ കുഞ്ഞിന്റെ മാതാവാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ഞാൻ, എന്റെ കുഞ്ഞിനെ ദമ്പതികൾ ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് നാട് കടത്തുമെന്നും ജീവൻ അപായപ്പെടുത്തുമെന്നും ഭയക്കുന്നു. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദികൾ തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റി ആയിരിക്കുമെന്നും അനുപമ ആരോപിക്കുന്നു.
അതിനാൽ കോടതി ഉത്തരവ് പ്രകാരം ദത്ത് നിർത്തിവയ്ക്കാനുള്ള നിയമനടപടികൾ സ്വീകരിക്കുകയും ആന്ധ്രാസ്വദേശികളായ ദമ്പതിമാരിൽ നിന്നും കുഞ്ഞിനെ ഏറ്റെടുത്ത് കേസ് തീർപ്പാകും വരെ സർക്കാർ അധീനതയിൽ സുരക്ഷിതമായി പാർപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് അനുപമ ആവശ്യപ്പെടുന്നത്.
അതേസമയം ജയചന്ദ്രന്റെ കൈവശമുള്ള അനുപമയുടെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന വനിതാകമ്മീഷന്റെ നിർദ്ദേശം ഇതുവരെ നടപ്പായിട്ടില്ല. കഴിഞ്ഞ ആഴ്‌ച്ച നടന്ന അദാലത്തിലാണ് അനുപമയുടെ പരാതി പരിഗണിച്ച വനിതാകമ്മീഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ജയചന്ദ്രനോട് ആവശ്യപ്പെടുകയായിരുന്നു. പിറ്റേദിവസം ഹാജരാക്കാനായിരുന്നു കമ്മീഷന്റെ നിർദ്ദേശം. എന്നാൽ ഒരാഴ്‌ച്ച കഴിഞ്ഞിട്ടും ജയചന്ദ്രൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.
അനുപമ അജിത്തിനൊപ്പം ഇറങ്ങിപ്പോകുമ്പോൾ എസ്എസ്എൽസി സർട്ടിഫിക്കറ്റ് അടക്കമുള്ള സർട്ടിഫിക്കറ്റുകളും വോട്ടേഴ്സ് ഐഡിയും അധാർ കാർഡും അടക്കമുള്ള തിരിച്ചറിയൽ രേഖകളും വീട്ടിൽ ഉപേക്ഷിച്ചാണ് പോയത്. തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ അജിത്തും അനുപമയും തമ്മിലുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാൻ പോലും ഇതുവരെയും സാധിച്ചിട്ടില്ല. അതിനാൽ അവ വിട്ടുകിട്ടണമെന്ന ആവശ്യമാണ് വനിതാ കമ്മീഷനിൽ അനുപമ ഉയർത്തിയത്. കമ്മീഷൻ ജയചന്ദ്രനേയും വിളിപ്പിച്ചിരുന്നെങ്കിലും അയാൾ അദാലത്തിന് വന്നില്ല. തുടർന്ന് സർട്ടിഫിക്കറ്റുകൾ പിറ്റേന്ന് തന്നെ കമ്മീഷനിൽ ഹാജരാക്കാൻ കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു. ഒരാഴ്‌ച്ചയായിട്ടും സർട്ടിഫിക്കറ്റുകളും തിരിച്ചറിയാൽ രേഖകളും വനിതാകമ്മീഷന് മുമ്പാകെ സമർപ്പിച്ചിട്ടില്ലെന്നാണ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അനുപമ.
2020 ഒക്ടോബർ 22-നു വൈകീട്ടാണ് തന്റെ ആൺകുഞ്ഞിനെ രക്ഷിതാക്കൾ എടുത്തുമാറ്റിയതെന്നാണ് അനുപമ പറയുന്നത്. 22-ന് രാത്രി 12.30ഓടെ അമ്മത്തൊട്ടിലിൽ ഒരു പെൺകുഞ്ഞിനെ ലഭിച്ചെന്ന് ശിശുക്ഷേമസമിതി അടുത്ത ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു. കുട്ടിക്ക് മലാല എന്ന പേരുമിട്ടു. ഈ സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ശിശുക്ഷേമസമിതിയോടു വിശദീകരണം തേടിയിരുന്നു. പിന്നീട് ഈ കുട്ടി ആൺകുട്ടിയായി എന്നതാണ് വസ്തുത.
അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുഞ്ഞിനെ ശിശുക്ഷേമസമിതിയിലെ നഴ്‌സ് പരിശോധിച്ച ശേഷം തൈക്കാട് ആശുപത്രിയിൽ കൊണ്ടുപോയി മെഡിക്കൽ പരിശോധനയും നടത്തിയിരുന്നു. ഇവിടെയും പെൺകുഞ്ഞെന്നാണ് രേഖപ്പെടുത്തിയത്. തുടർന്ന് കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്കും മാറ്റി. ഇവിടെ വച്ചാണ് ആൺകുഞ്ഞെന്നു മനസ്സിലാക്കിയത്.
രജിസ്റ്ററിൽ രേഖപ്പെടുത്തിയപ്പോൾ വന്ന സാങ്കേതികപ്പിഴവാണെന്നായിരുന്നു ശിശുക്ഷേമസമിതിയുടെ വാദം. രണ്ട് നഴ്‌സുമാർക്കെതിരേ നടപടിയെടുക്കുകയും ചെയ്തു. ഈ ദിവസം രാത്രിയും ഒരു ആൺകുഞ്ഞിനെയും അമ്മത്തൊട്ടിലിൽ ലഭിച്ചിരുന്നു. ഫുട്‌ബോൾ താരം പെലെയുടെ ജന്മദിനത്തിൽ ലഭിച്ചതിനാൽ ഈ കുഞ്ഞിന് എഡ്‌സൺ പെലെ എന്നാണ് പേരിട്ടിരുന്നത്. എന്നാൽ ആ കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തി അനുപമയുടെ അല്ലെന്ന് ഉറപ്പിച്ചു. ആ സാവകാശം കൊണ്ട് ശിശുക്ഷേമസമിതി കുട്ടിയെ ആന്ധ്രാസ്വദേശികളായ ദമ്പതിമാർക്ക് ദത്തുകൊടുക്കുകയായിരുന്നു. ആ ദത്ത് നടപടികളാണ് കുടുംബകോടതി ഇടപെട്ട് നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ കുട്ടി ഇപ്പോഴും ആന്ധ്രാദമ്പതിമാരുടെ സംരക്ഷണത്തിലാണ്.
മറുനാടന് മലയാളി ബ്യൂറോ