- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിഎൻഎ പരിശോധനാ ഫലം പുറത്തു വന്നു; കുഞ്ഞ് അനുപമയുടേത് തന്നെ എന്ന് സ്ഥീരികരിച്ചു; പരിശോധനയിൽ മൂന്നു പേരുടെയും ഫലം പോസിറ്റീവായി; ചൈൽഡ് വെൽെഫയർ കമ്മിറ്റി ഡി.എൻ.എ ഫലം കോടതിയിൽ ഹാജരാക്കും; പരിശോധന നടത്തിയത് രാജീവ് ഗാന്ധി സെന്ററിൽ; സമര പന്തലിൽ മിഠായി വിതരണം ചെയ്ത് അനുപമ
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന അനുപമയുടെ പരാതിയിൽ ഡി.എൻ.എ പരിശോധനാ ഫലം പുറത്ത്. കുഞ്ഞ് അനുപമയുടേതെന്ന് സ്ഥിരീകരിച്ചുള്ള ഫലമാണ് പുറത്തുവന്നത്. ചൈൽഡ് വെൽെഫയർ കമ്മിറ്റി ഡി.എൻ.എ ഫലം കോടതിയിൽ ഹാജരാക്കും.
ഡിഎൻഎ പരിശോധനയിൽ മൂന്നു പേരുടെയും ഫലം പോസിറ്റീവായി. ഈ റിപ്പോർട്ട് സിഡബ്ല്യുസി കോടതിയിൽ സമർപ്പിക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് കുഞ്ഞിന്റെ സാംപിൾ പരിശോധിച്ച് ഡിഎൻഎ റിപ്പോർട്ട് സിഡബ്ല്യുസിക്ക് കൈമാറിയത്. അതേസമയം സമരപ്പന്തലിൽ അനുപമ മിഠായി വിതരണം ചെയ്തു. ഡിഎൻഎ റിപ്പോർട്ടിലെ വിവരങ്ങൾ തനിക്കു നൽകണമെന്ന് ആവശ്യപ്പെട്ട് അനുപമ സിഡബ്ല്യുസിക്ക് കത്തു നൽകിയിട്ടുണ്ട്.
ദത്ത് നടപടിക്രമങ്ങളുമായുള്ള അന്വേഷണ റിപ്പോർട് ഈ മാസം 29 ന് കോടതിയിൽ സമർപ്പിക്കാമെന്നാണു സിഡബ്ല്യുസി തിരുവനന്തപുരം കുടുംബകോടതിയെ അറിയിച്ചത്. ദത്തു കേസിലെ അതിനിർണായക പരിശോധനാഫലമാണ് ഇന്നു സിഡബ്ല്യുസിക്ക് കൈമാറിയിരിക്കുന്നത്. .സർക്കാർ ഏജൻസികൾക്കോ കോടതികൾക്കോ മാത്രമേ ഡിഎൻഎ പരിശോധനാഫലം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കൈമാറാവൂ എന്നതാണ് നിയമം. പരിശോധനയ്ക്കായി കുഞ്ഞ്, അനുപമ, അജിത്ത് എന്നിവരുടെ സാംപിൾ ശേഖരിച്ചപ്പോഴും സിഡബ്ല്യുസി ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നു.
ദത്തു നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട് സമർപ്പിക്കാൻ അർധ ജുഡീഷ്യൽ സ്വഭാവമുള്ള ഏജൻസിയായ സിഡബ്ല്യുസിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ഡിഎൻഎ ടെസ്റ്റ് അടക്കം നടത്തുകയാണെന്നും ഈ മാസം 29 വരെ സമയം വേണമെന്നും സിഡബ്ല്യുസി കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് റിപ്പോർട്ടിനൊപ്പം ഡിഎൻഎ പരിശോധനാ ഫലവും കോടതിയിൽ ഹാജരാക്കും. കോടതിയുടെ നിലപാടനുസരിച്ചായിരിക്കും ഇനിയുള്ള തുടർ നടപടികൾ. ഈ മാസം 30 നാണ് ഇനി കേസ് തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്.
അതേസമയം നടന്നത് കുട്ടിക്കടത്താണ്, സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് അനുപമ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അന്വേഷണമാവശ്യപ്പെടാനുള്ള നടപടികൾ തുടങ്ങിയെന്നും അനുപമ വ്യക്തമാക്കി. ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനടക്കമുള്ളവർക്കെതിരെയാണ് കടുത്ത ആരോപണങ്ങളുമായി അനുപമ രംഗത്തു വരുന്നത്.
സംഭവിച്ച വീഴ്ചകൾ മുഴുവൻ തന്റെ തലയിൽ കെട്ടിവയ്ക്കാനാണ് ശ്രമം. കുഞ്ഞിനെ കിട്ടിയാലും സമരവുമായി മുന്നോട്ടുപോകുമെന്നും, ഇതിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം ചെയ്യുമെന്നും അനുപമ വ്യക്തമാക്കുന്നു. കുഞ്ഞിന് അനുപമയും അജിത്തും ചേർന്ന് പേര് കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ കിട്ടിയാൽ ആ പേര് വിളിക്കണമെന്നാണാഗ്രഹമെന്ന് അനുപമ പറയുന്നു.
ആന്ധ്രയിൽ നിന്നും എത്തിച്ച കുഞ്ഞിന്റെ ഡിഎൻഎ സാമ്പിൾ ഇന്നലെ ശേഖരിച്ചിരുന്നു. അനുപമയും അജിത്തും, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ നേരിട്ടെത്തി രക്തസാമ്പിൾ നൽകിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികൾ.
ഈ മാസം മുപ്പതാം തീയതിക്ക് അകം ഡിഎൻഎ പരിശോധനാ ഫലം ഉൾപ്പെടെ റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം കുടുംബകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്. ആന്ധ്രയിൽ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോൾ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ