- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2020 ഒക്ടോബർ 22-ന് രാത്രി 12.30-നു ലഭിച്ച ആൺകുട്ടി; പേര് 'സിദ്ധാർത്ഥൻ'; കുഞ്ഞിന്റെ രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ തെളിവുസഹിതം 30 ദിവസത്തിനകം ഹാജരാകണമെന്നാണ് പരസ്യം; ലെവി കൊടുക്കാത്തതിന് അനുപമയെ പുറത്താക്കിയ പാർട്ടിയും; ദത്ത് വിവാദത്തിൽ ചർച്ച തുടരുമ്പോൾ
തിരുവനന്തപുരം: കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുത്ത സംഭവത്തിൽ അമ്മ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. ഇന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരിക്കും. ഇതിനിടെ സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളും ഉയർത്തുന്നുണ്ട് അനുപമ എസ് ചന്ദ്രൻ. വനിതാ കമ്മീഷൻ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ വ്യക്തമാക്കി. കുട്ടിയെ നഷ്ടമായി മാസങ്ങൾ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്ന് അവർ പറഞ്ഞു.
അജിത്തിനൊപ്പം ജീവിക്കാൻ തീരുമാനിച്ചപ്പോൾ, പാർട്ടിക്കു ലെവി കൊടുത്തില്ലെന്ന പേരിൽ തന്നെ പുറത്താക്കിയെന്നും അനുപമ ആരോപിച്ചു. ഇതും സിപിഎമ്മിൽ അനുപമയുടെ അച്ഛൻ ജയചന്ദ്രനുള്ള സ്വാധീനമാണ്. അജിത്തിനെ നേരത്തെ പാർട്ടി പുറത്താക്കിയിരുന്നു. ആദ്യ ഭാര്യയുമായി പിണങ്ങിയപ്പോഴായിരുന്നു ഇത്. പിന്നീട് വിവാഹ മോചനത്തിൽ കാര്യങ്ങളെത്തി. അനുപമ വീട്ടിൽ നിന്ന് ഇറങ്ങി അജിത്തിനൊപ്പം പോയി. ഇതോടെ അനുമപയും പാർട്ടിക്കാരി അല്ലാതായി.
അതിനിടെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ദത്തുനൽകുന്നതിനു മുന്നോടിയായി ശിശുക്ഷേമസമിതി നൽകിയ പത്രപ്പരസ്യം ചർച്ചകളിലേക്ക് എത്തുകയാണ്. ബന്ധുക്കൾ എടുത്തുമാറ്റി ശിശുക്ഷേമസമിതിയിലെത്തിച്ച അനുപമയുടെ കുഞ്ഞാണോ ഇതെന്ന സംശയത്തിലേക്കാണ് തീയതിയും സമയവുമൊക്കെ വിരൽചൂണ്ടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 22-ന് രാത്രി 12.30-നു ലഭിച്ച ആൺകുട്ടി എന്നാണ് പരസ്യത്തിൽ കാണിച്ചിട്ടുള്ളത്. 'സിദ്ധാർത്ഥൻ' എന്നു പേരും സമിതി നൽകിയിട്ടുണ്ട്. അനുപമ കുഞ്ഞിനെ പ്രസവിച്ചത് ഒക്ടോബർ 19-നായിരുന്നു. മൂന്നാം ദിവസം രാത്രി തന്റെ കുഞ്ഞിനെ എടുത്തുമാറ്റിയതായാണ് അനുപമയുടെ പരാതി. ഇതേദിവസംതന്നെ മറ്റൊരു കുഞ്ഞിനെയും ശിശുക്ഷേമസമിതിയിൽ ലഭിച്ചിരുന്നു. എന്നാൽ, പെലെ എന്നു പേരിട്ട ആ കുട്ടിയെ വൈകീട്ട് ആറിനു ലഭിച്ചെന്നാണ് സമിതിയിലെ രേഖ.
കുഞ്ഞിന്റെ രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ തെളിവുസഹിതം 30 ദിവസത്തിനകം ഹാജരാകണമെന്നാണ് പരസ്യത്തിൽ പറഞ്ഞിരിക്കുന്നത്. ഇല്ലെങ്കിൽ കുട്ടിക്ക് അവകാശികളാരുമില്ലെന്നു കണക്കാക്കുമെന്നും ദത്തുനൽകാൻ നടപടി സ്വീകരിക്കുമെന്നുമാണ് പരസ്യത്തിന്റെ ഉള്ളടക്കം. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ പേരിലാണ് പരസ്യം. പരസ്യം താൻ കാണാതിരിക്കാൻ വീട്ടുകാർ കരുതലെടുത്തിരുന്നുവെന്നാണ് അനുപമ പറയുന്നത്. അനുപമയുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കേറ്റിൽ അച്ഛന്റെ പേരും മേൽവിലാസവും തെറ്റായി രേഖപ്പെടുത്തിയതിന്റെ തെളിവുകൾ ഇന്ന് പുറത്ത് വന്നിരുന്നു.
കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്ത് എന്നതിന് പകരം ജയകുമാർ എന്നാണ് രേഖപ്പെടുത്തിയത്. മണക്കാടുള്ള മേൽവിലാസമാണ് തെറ്റായി നൽകിയതും. 2020 ഒക്ടോബർ 19ന് കാട്ടാക്കടയിലെ നെയ്യാർ മെഡിസിറ്റി ആശുപത്രിയിലാണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സർട്ടിഫിക്കേറ്റ് നൽകിയതും.
അജിത്തുമായി പ്രണയത്തിലായത് മുതൽ വീട്ടുകാർക്ക് എതിർപ്പായിരുന്നുവെന്നും ഗർഭിണിയായപ്പോൾ മുതൽ കുട്ടിയെ നശിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നുവെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പ്രസവ ശേഷം സഹോദരിയുടെ വിവാഹത്തിന് ശേഷം കുട്ടിയെ നൽകാം എന്ന് വിശ്വസിപ്പിച്ചാണ് അനുപമയുടെ അടുത്ത് നിന്ന് മാറ്റിയത്. ചേച്ചിയുടെ വിവാഹത്തിന് ശേഷം തന്നേയും കുട്ടിയേയും അജിത്തിനൊപ്പം വിടാമെന്നും വീട്ടുകാർ സമ്മതിച്ചിരുന്നുവെന്നും അനുപമ പറഞ്ഞിരുന്നു.
എന്നാൽ കുട്ടിയെ എന്നെന്നേക്കുമായി തങ്ങളിൽ നിന്ന് അകറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് ജനന സർട്ടിഫിക്കേറ്റിലെ ക്രമക്കേട് പുറത്ത് വന്നതോടെ തെളിഞ്ഞെന്നും അനുപമയും അജിത്തും ആരോപിച്ചിരുന്നു. തന്റെ കുഞ്ഞിനെ നഷ്ടമായ സംഭവത്തിൽ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് മുൻ എസ്എഫ്ഐ പ്രവർത്തകയായ അനുപമ ആരോപിക്കുന്നത്. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും അനുപമ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ