- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ മുഖ്യമന്ത്രിയോട് സംസാരിച്ചു.. മുഖ്യമന്ത്രി പറഞ്ഞു, അവർ ആ കുട്ടിയുടെ അച്ഛനും അമ്മയുമാണ്.. അവർ തന്നെ അത് ചെയ്യട്ടെ, നമുക്ക് അതിൽ റോളില്ല; ഞാൻ ഇനി സംസാരിക്കാൻ ആരുമില്ല'; ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു, നിയമസഭയിൽ ഒന്നും മിണ്ടിയില്ല; പുതിയ വെളിപ്പെടുത്തലുമായി പി.കെ ശ്രീമതിയുടെ ശബ്ദരേഖ
കൊച്ചി: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവം മുഖ്യമന്ത്രിക്ക് നേരത്തെ അറിയാമെന്ന് വെളിപ്പെടുത്തുന്ന സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയുടെ ശബ്ദരേഖയാണ് പുറത്തുവന്നു. പി.കെ.ശ്രീമതിയും അനുപമയും പരസ്പരം സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെ പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചിരുന്നതായി പി.കെ ശ്രീമതിയുടെ ശബ്ദരേഖയിലുണ്ട്.അവരുടെ കുടുംബ കാര്യം അവർ പരിഹരിക്കട്ടെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയെന്നും ശ്രീമതി അനുപമയോട് പറഞ്ഞു.
പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് കുഞ്ഞിനെ കണ്ടെത്താൻ സഹായം തേടിയാണ് അനുപമ പി.കെ ശ്രീമതിയെ വിളിക്കുന്നത്. ഈ സംഭാഷണത്തിലാണ് ''പക്ഷെ പ്രശ്നം ചർച്ചയ്ക്ക് എടുക്കുന്നില്ല, ഞാൻ മുഖ്യമന്ത്രിയോട് സംസാരിച്ചു. മുഖ്യമന്ത്രി പറഞ്ഞു, അവർ ആ കുട്ടിയുടെ അച്ഛനും അമ്മയുമാണ്. അവർ തന്നെ അത് ചെയ്യട്ടെ, നമുക്ക് അതിൽ റോളില്ല.ഞാൻ ഇനി സംസാരിക്കാൻ ആരുമില്ല. എല്ലാരോടും സംസാരിച്ചു.'' എന്നാണ് പി.കെ ശ്രീമതി പറയുന്നത്.
''കോടിയേരിയോടും വിജയരാഘവനോടുമെല്ലൊം സംസാരിച്ചു. പരാതി ചർച്ചയ്ക്ക് എടുക്കണമെന്ന് പറഞ്ഞിരുന്നു. കമ്മിറ്റിയിൽ കോടിയേരി വരാതെ എനിക്ക് പറയാൻ പറ്റില്ല. കത്ത് എടുക്കേണ്ടയാൾ വിജയരാഘവൻ ആയതുകൊണ്ടാണ് മുഖ്യമന്ത്രി ഇരിക്കുന്ന കമ്മിറ്റിയിൽ കത്തെടുക്കാനുള്ള അധികാരം എനിക്ക് അല്ല. കത്ത് എടുത്തിട്ട് വേണം സംസാരിക്കാൻ. പക്ഷെ ആ കത്ത് ഇതുവരെ എടുത്തില്ലെന്നും ശ്രീമതി അനുപമയോട് ഫോണിൽ പറയുന്നു.
നേതാക്കൾ നേരത്തെ അറിഞ്ഞിട്ടും ഇടപെടാത്തതിൽ വേദന ഉണ്ടെന്ന് അനുപമ പ്രതികിരച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽ വെച്ച് തന്റെ അമ്മയും അച്ഛനും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. ഏപ്രിൽ19 ന് പേരൂർക്കട പൊലീസിൽ ആദ്യ പരാതി നൽകി. പിന്നീടങ്ങോട്ട് ഡിജിപി, മുഖ്യമന്ത്രി, ചൈൽഡ് വെൽഫയർ കമ്മിറ്റി, സിപിഎം നേതാക്കൾ തുടങ്ങി എല്ലാവർക്കും പരാതി നൽകി. പക്ഷേ കുട്ടി ദത്ത് പോകുന്നവരെ എല്ലാവരും കണ്ണടച്ചു.
ഒടുവിൽ വാർത്ത പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് പരാതി കിട്ടി ആറ് മാസത്തിന് ശേഷം പൊലീസ് എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തത്. മാധ്യങ്ങളിലൂടെ വാർത്തകൾ പുറത്തായതോടെ വിവാദം കത്തിക്കയറുകയാണ് ഉണ്ടായത്. വിഷയം നിയമസഭിൽ പ്രതിപക്ഷം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ് ചെയ്തത്. അതേസമയം അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമ വീണ്ടും സമരത്തിലാണ്. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എൻ സുനന്ദയേയും ശിശുക്ഷേമ ജനറൽ സെക്രട്ടറി ഷിജുഖാനെയും പുറത്താക്കണമെന്നാണ് ആവശ്യം.ഇരുവരും ചേർന്നാണ് താൻ ജീവിച്ചിരിക്കുമ്പോൾ തന്റെ കുഞ്ഞിനെ ദത്ത് നൽകിയതെന്ന് അനുപമ ആരോപിക്കുന്നു.
ഇരുവരെയും മാറ്റി നിർത്തി അന്വേഷിക്കണമെന്ന് മന്ത്രി വീണാ ജോർജിനെ നേരിട്ട് കണ്ട് അനുപമ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടിയൊന്നും എടുക്കാത്ത സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം. ദത്ത് വിഷയത്തിൽ സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാൻ ആണെന്ന് അനുപമ നേരത്തെ ആരോപിച്ചിരുന്നു. സർക്കാർ ആദ്യം പറഞ്ഞത് പോലെയല്ല അന്വേഷണം. വകുപ്പ് തല അന്വേഷണം നടക്കുമ്പോൾ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും ഇണഇ ചെയർപേഴ്സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇവർ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നും തുടക്കം മുതൽ അനുപമ വ്യക്തമാക്കിയിരുന്നു.
ഇന്നലെ അനുപമ ഡിജിപിക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും പരാതി നൽകി. കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് നാടുകടത്തുമോയെന്ന് ആശങ്കയുണ്ടെന്ന് അനുപമ പരാതിയിൽ പറയുന്നു. കുഞ്ഞിന്റെ ജീവൻ അപായപ്പെടുത്തിയേക്കുമെന്ന് സംശയമുണ്ട്. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ചൈൽഡ് വെൽഫയർ കമ്മിറ്റിയായിരിക്കുമെന്നും അനുപമയുടെ പരാതിയിൽ ഉണ്ട്. കോടതി നടപടി പൂർത്തിയാകും വരെ കുഞ്ഞിനെ ഏറ്റെടുത്ത് സർക്കാർ സംരക്ഷണയിലാക്കണമെന്നും അനുപമ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
കുഞ്ഞിനായുള്ള ആവശ്യം ഉന്നയിച്ച് അനുപമ നിയമ നടപടിയിലേക്ക് നീങ്ങുകയും തുടക്കം മുതൽ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതെയുള്ള അധികൃതരുടെ നിലപാടും പരിശോധിച്ച കുടുംബ കോടതി ദത്ത് നപടികൾ നിർത്തിവെക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ