- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരു താരവും സ്പോർട്സിന് മുകളിലല്ല; രോഹിത്-കോലി വിഷയത്തിൽ ബിസിസിഐ വ്യക്തത വരുത്തണം; വിവാദങ്ങൾക്കിടെ പ്രതികരണവുമായി കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ
മുംബൈ: ഏകദിന ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം വിരാട് കോലിയിൽ നിന്നും രോഹിത് ശർമ്മയ്ക്ക് കൈമാറിയതിന് പിന്നാലെ തുടക്കമിട്ട വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്ര കായിക മന്ത്രിയും മുൻ ബി.സി.സിഐ അധ്യക്ഷനുമായ അനുരാഗ് ഠാക്കൂർ.
സ്പോർട്സാണ് ഏറ്റവും മുകളിൽ. ഒരു താരവും സ്പോർട്സിന് മുകളിലല്ലെന്നും ഏത് കായിക ഇനത്തിൽ എതെല്ലാം കളിക്കാർ തമ്മിൽ എന്താണ് നടക്കുന്നതെന്ന് വെളിപ്പെടുത്താൻ താൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും അനുരാഗ് ഠാക്കൂർ പ്രതികരിച്ചു. അതാത് അസോസിയേഷനുകൾ തന്നെ ഇക്കാര്യത്തിൽ മറുപടി പറയട്ടെയെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.
വിരാട് കോലിയും രോഹിത്ത് ശർമ്മയും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ബിസിസിഐ അതിൽ വ്യക്തത വരുത്തണമെന്നും ഠാക്കൂർ ആവശ്യപ്പെട്ടു.
'ഏതൊക്കെ താരങ്ങൾ തമ്മിൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടെന്ന് എനിക്ക് വ്യക്തമാക്കാൻ കഴിയില്ല. ബന്ധപ്പെട്ട ഫെഡറേഷനുകളും അസോസിയേഷനുകളുമാണ് ഇത്തരം വിഷയങ്ങളിൽ വ്യക്തത വരുത്തേണ്ടത്'. ഇന്ത്യ ടുഡേയോട് സംസാരിക്കവേ ഠാക്കൂർ തന്റെ അഭിപ്രായം വ്യക്തമാക്കി. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമാണ് കോലി ഇന്ത്യയെ നയിക്കുന്നത്. ഏകദിനത്തിലും ട്വന്റി 20യിലും രോഹിത്താണ് ഇന്ത്യയുടെ ക്യാപ്റ്റൻ.
ട്വന്റി 20 നായക സ്ഥാനം സ്വമേധയ ഒഴിഞ്ഞതോടെയാണ് വിരാട് കോലിയിൽ നിന്ന് ഏകദിന നായകസ്ഥാനവും രോഹിത് ശർമ്മയ്ക്ക് കൈമാറിയെന്ന് ബിസിസിഐ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇരു താരങ്ങളുടേയും ആരാധകർ തമ്മിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ വിഷയം ചർച്ചയാക്കുകയും ഇരുവരും തമ്മിൽ ഭിന്നതയിലാണെന്ന വാർത്ത പ്രചരിക്കുകയും ചെയ്തിരുന്നു.
ഐസിസി കിരീടമില്ലെന്ന പേരിൽ കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ വാദിക്കുന്നത്. എന്നാൽ ഇന്ത്യയെ നയിക്കാനുള്ള അവസരം ലഭിച്ചപ്പോഴെല്ലാം രോഹിത് കഴിവ് തെളിയിച്ചുവെന്നും ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനായ രോഹിത്ത് ഇന്ത്യയെ നയിക്കാൻ യോഗ്യനാണെന്നുമാണ് അദ്ദേഹത്തിന്റെ ആരാധകർ വാദിക്കുന്നത്. ട്വന്റി 20 നായകസ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കോലി അത് അനുസരിച്ചില്ലെന്നും രണ്ട് വൈറ്റ് ബോൾ ഫോർമാറ്റിൽ രണ്ട് നായകർ ശരിയല്ലെന്നതുകൊണ്ടാണ് പുതിയ തീരുമാനം എന്നുമാണ് ബിസിസിഐ പറയുന്നത്.
നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ വിരാട് കോഹ്ലി കളിക്കില്ലെന്ന് വാർത്ത പ്രചരിച്ചിരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ അതൃപ്തി കൊണ്ടാണ് കോഹ്ലി പരമ്പരയിൽ നിന്നും വിട്ടുനിന്നതെന്ന് റിപ്പോർട്ടുകളുമായിരുന്നു.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന് അറിയിച്ചാണ് കോഹ്ലി പരമ്പരയിൽ നിന്നും വിട്ടുനിൽക്കുന്നതെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഏകദിന പരമ്പരയിൽ കളിക്കുമെന്ന് വിരാട് കോലി വ്യക്തമാക്കിയിരുന്നു.
അതേസമയം, പരീശിലനത്തിനിടെ പരിക്കേറ്റ രോഹിത് ശർമ്മ ഏകദിന പരമ്പരയിൽ തിരിച്ചെത്തുമെന്നും ബി.സി.സിഐ അറിയിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കായി രോഹിത് ശർമ്മക്ക് പകരം പ്രിയങ്ക് പഞ്ജലിനെ ടീമിലെടുക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഏകദിന, ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റനായും ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായും രോഹിതിനെ തെരഞ്ഞെടുത്തിരുന്നു.
സ്പോർട്സ് ഡെസ്ക്