- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ജങ്ക് ഫുഡ്ഡുകളുടെ കാലത്തെ ഇളനീർ; ലളിതമായ പ്രമേയവും ശുദ്ധഹാസ്യവുമായി അനുരാഗ കരിക്കിൻവെള്ളം; പഴയ മുഖത്തിലേക്ക് ബിജുമേനോൻ; ന്യൂജൻ ജഗതിയായി സൗബിൻ ഷാഹിർ !
കൊട്ടിഘോഷിച്ചു വന്ന് കെട്ടുകാഴ്ചകളാവുന്ന പടങ്ങൾ കണ്ടുകണ്ടു ഈ പെരുന്നാൾ അവധിക്കാലം പാഴായിപ്പോയെല്ലോയെന്ന് കരുതിയിരുന്നപ്പോഴാണ്, പ്രതീക്ഷകളുടെ അമിതഭാരമൊന്നുമില്ലാതെ നവാഗതനായ ഖാലിദ് റഹ്മാന്റെ 'അനുരാഗ കരിക്കിൻവെള്ളത്തിന്' കയറിയത്. നിർമ്മാണം നമ്മുടെ പ്രഥ്വീരാജിന് പങ്കാളിത്തമുള്ള ഓഗസ്റ്റ് സിനിമ ആയതിനാൽ മിനിമം ഗ്യാരണ്ടി മനസ്സിൽ ഉണ്ടായിരുന്നു. ആ പ്രതീക്ഷ തെറ്റിയില്ല.ജങ്ക്ഫുഡ്ഡുകൾ കഴിച്ച് വയറ് വീർത്തിരിക്കുമ്പോൾ അൽപ്പം കരിക്കിൻവെള്ളം കിട്ടിയാലത്തെ അവസ്ഥയാണ് സിനിമാപ്രേമികൾക്കും.വലിയ സംഭവമൊന്നുമല്‌ളെങ്കിലും ഉള്ളത് വൃത്തിയായി എടുത്ത്, പ്രേക്ഷകരെ വെറുപ്പിക്കാതെ ഒരു ഫീൽ ഗുഡ് സിനിമയൊരുക്കാൻ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ആയിട്ടുണ്ട്. ലാളിത്യവും അവതരണത്തിന്റെ കൈയടക്കവുമാണ് ഈ പടത്തിന്റെ പ്രത്യേകത. അല്ലാതെ വമ്പൻ ട്വിസ്റ്റുകളും സസ്‌പെൻസുകളുമൊന്നും ഈ പടത്തിലില്ല.മലയാളത്തിലെ നവതരംഗ സിനിമകൾ പിന്തുടർന്ന് വരുന്ന, റിയലിസ്റ്റിക്കായ കഥാകഥന രീതിയിൽ, ഒരു ബഹളവുമില്ലാതെയാണ് ചിത്രം വികസിക്കുന്നത്.അടുത്തകാലത്തൊന്നും ഒരു പ
കൊട്ടിഘോഷിച്ചു വന്ന് കെട്ടുകാഴ്ചകളാവുന്ന പടങ്ങൾ കണ്ടുകണ്ടു ഈ പെരുന്നാൾ അവധിക്കാലം പാഴായിപ്പോയെല്ലോയെന്ന് കരുതിയിരുന്നപ്പോഴാണ്, പ്രതീക്ഷകളുടെ അമിതഭാരമൊന്നുമില്ലാതെ നവാഗതനായ ഖാലിദ് റഹ്മാന്റെ 'അനുരാഗ കരിക്കിൻവെള്ളത്തിന്' കയറിയത്. നിർമ്മാണം നമ്മുടെ പ്രഥ്വീരാജിന് പങ്കാളിത്തമുള്ള ഓഗസ്റ്റ് സിനിമ ആയതിനാൽ മിനിമം ഗ്യാരണ്ടി മനസ്സിൽ ഉണ്ടായിരുന്നു. ആ പ്രതീക്ഷ തെറ്റിയില്ല.ജങ്ക്ഫുഡ്ഡുകൾ കഴിച്ച് വയറ് വീർത്തിരിക്കുമ്പോൾ അൽപ്പം കരിക്കിൻവെള്ളം കിട്ടിയാലത്തെ അവസ്ഥയാണ് സിനിമാപ്രേമികൾക്കും.വലിയ സംഭവമൊന്നുമല്‌ളെങ്കിലും ഉള്ളത് വൃത്തിയായി എടുത്ത്, പ്രേക്ഷകരെ വെറുപ്പിക്കാതെ ഒരു ഫീൽ ഗുഡ് സിനിമയൊരുക്കാൻ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ആയിട്ടുണ്ട്.
ലാളിത്യവും അവതരണത്തിന്റെ കൈയടക്കവുമാണ് ഈ പടത്തിന്റെ പ്രത്യേകത. അല്ലാതെ വമ്പൻ ട്വിസ്റ്റുകളും സസ്‌പെൻസുകളുമൊന്നും ഈ പടത്തിലില്ല.മലയാളത്തിലെ നവതരംഗ സിനിമകൾ പിന്തുടർന്ന് വരുന്ന, റിയലിസ്റ്റിക്കായ കഥാകഥന രീതിയിൽ, ഒരു ബഹളവുമില്ലാതെയാണ് ചിത്രം വികസിക്കുന്നത്.അടുത്തകാലത്തൊന്നും ഒരു പടത്തിൽ ഇത്രയും സ്വാഭാവിക നർമ്മം കണ്ടിട്ടില്ല. പ്രേക്ഷകർക്ക് അതുമതി.ഒരു ചെറിയ കഥ വൃത്തിയിൽ എടുത്തുകൊടുത്തുനോക്കൂ. അവർ ആഘോഷിച്ചോളും. 'മഹേഷിന്റെ പ്രതികാരമൊക്കെ'ഓർത്തുനോക്കുക.
എ.ബി.സി.ഡി എന്ന ചിത്രത്തിന്റെയും മൺസൂൺ മാംഗോസിന്റെയും രചനാപങ്കാളിയായിരുന്ന നവീൻ ഭാസ്‌കറിന്റെ രചനാമികവ് ഇവിടെ എടുത്ത് പറയേണ്ടതുണ്ട്.നല്ല എഴുത്തുകാർ കുറ്റിയറ്റുപോവുന്ന ഇക്കാലത്ത് നവീൻ ഭാസ്‌ക്കറിനെപ്പോലുള്ളവരെ മലയാള സിനിമ കാത്തിരിക്കയായിരുന്നെന്ന് തോന്നുന്നു.പക്ഷേ മുമ്പ് കേട്ട ചില സിനിമകളുടെ പ്രമേയപരമായ സാമ്യതകളാണ് ഈ പടത്തിന്റെ പ്രധാന പരിമതി. ആഷിക്ക് അബുവിന്റെ പ്രശസ്തമായ 'സോൾട്ട് ആൻഡ് പെപ്പറിനെ' പലയിടത്തും ഈ പടം കൃത്യമായി പിന്തുടരുന്നത് കാണാം.
അനുരാഗ നദിയുടെ കാലഭേദങ്ങൾ
പടങ്ങൾ തുടങ്ങുന്നിടത്തുപോലുമുണ്ട് 'സോൾട്ട് ആൻഡ് പെപ്പറുമായുള്ള' സാമ്യം.ഈ പടത്തിലെ പ്രശസ്തമായ ടൈറ്റിൽ സോംങ്ങിനെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ 'നീയോ ഞാനോ' എന്ന് തുടങ്ങുന്ന സോങ്ങിനൊപ്പമാണ് 'അനുരാഗ കരിക്കിൻ വെള്ളവും' ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നത്.രണ്ടു ചിത്രങ്ങളിലും പ്രണയവും, പ്രണയ നഷ്ടവും പ്രധാന വിഷയങ്ങളാണ്.ഫോൺ വഴി ആളുമാറി പരിചയപ്പെടുന്നത് അടക്കമുള്ള സാമ്യതകൾ വേറെയും.അവിടെ അമ്മാവനും മരുമകനുമാണെങ്കിൽ ഇവിടെ അച്ഛനും മകനും. പക്ഷേ ഇതുകൊണ്ടൊന്നും 'സോൾട്ട് ആൻഡ് പെപ്പറിന്റെ' കോപ്പിയാണ് ഈ പടമെന്നൊന്നും ആരോപിക്കാൻ കഴിയില്ല.സാമ്യതകളെപ്പോലെ തന്നെ വൈജ്യാത്യങ്ങളും രണ്ടുസിനിമകൾക്കും ഏറെയാണ്.ഇനി സാമ്യതകൾ ഏറെയുണ്ടെങ്കിൽപോലും അവതരണത്തിന്റെ വ്യത്യസ്തതകൊണ്ട് നമുക്ക് അത് പൊറുക്കാവുന്നതേയുള്ളൂ.
രണ്ടുകാലഘട്ടങ്ങളിലെ അനുരാഗത്തിന്റെ കഥയാണ് ഈ പടം പറയുന്നത്. ഒന്ന് അച്ഛന്റെ പ്രണയവും, മറ്റേത് മകന്റെതും.ബിജു മേനോനും ആസിഫലിയുമാണ് അച്ഛനും മകനുമായി എത്തുന്നത്. എ.എസ്. ഐ രഘുവെന്ന ബിജു മേനോന്റെ കഥാപാത്രം പൊതുവെ പരുക്കനും പൊലീസിന്റെ സഹജമായ ഇടിയൻ സ്വഭാവം ഉള്ളയാളുമാണ്. കുടുംബാംഗങ്ങളോടുള്ള സ്‌നേഹം തുറന്ന് പ്രകടിപ്പിക്കാൻ അയാൾ ശ്രമിക്കുന്നില്‌ളെന്ന് മാത്രമല്ല, തനിക്ക് വച്ചുവിളമ്പിത്തരുന്ന ഭാര്യയെന്ന ഒരു സാധു ജീവി (ആശാ ശരത്ത്) ഈ വീട്ടിലുണ്ടെന്ന ബോധംപോലും ഇല്ലാത്ത രീതിയിലാണ് അയാളുടെ പെരുമാറ്റം. പഠിക്കാനല്ലാതെ മകളോടും അയാൾക്ക് ഒന്നും പറയാനില്ല. എഞ്ചിനീയറിങ് പൂർത്തിയാക്കിയ മകൻ അഭിലാഷ് (ആസിഫലി) ജീവിതത്തെക്കുറിച്ച് പ്രത്യകിച്ചൊരു കാഴ്ചപ്പാടുമില്ലാത്ത ന്യൂജൻ യൂത്താണ്.
കാമുകി എലിസബത്തിനോടൊപ്പം കറങ്ങി നടക്കുകയും, വർക്ക് ഷോപ്പിൽ സൗബിനും ശ്രീനാഥ് ഭാസിയും അടങ്ങുന്ന സൗഹൃദ സദസ്സിൽ മദ്യപിച്ചിരിക്കുകയുമൊക്കെയാണ് അയാളുടെ ഹോബി.പെട്ടെന്ന് കാശുണ്ടാക്കണം എന്നല്ലാതെ തന്റെ ആർക്കിട്ടെക്റ്റ് എന്ന പ്രൊഫഷനിലും അയാൾക്ക് ശ്രദ്ധയില്ല. ഇതിനിടയിലാണ് ആ പിതാവിന്റെയും പുത്രന്റെയും ജീവിതത്തിൽ അനുരാഗം വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നത്.ആദ്യത്തെ കമ്പം കഴിഞ്ഞപ്പോൾ പ്രണയിനി ബാധ്യതയായി മാറിയ അവസ്ഥയിലാണ് അഭിലാഷ് . കാമുകിയുടെ അടിക്കടിയുള്ള ഫോൺവിളികളും കുശലാന്വേഷണവും അയാൾക്ക് ശല്യമാവുന്നു. അതോടെ അവളെ അവൻ ഉപേക്ഷിക്കുന്നു. തന്റെ മാത്രം സുഖവും സമാധാനവുമാണ് അഭിലാഷിന് മുഖ്യം. മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ കണ്ടതായി നടിക്കാൻപോലും അയാൾ കൂട്ടാക്കുന്നില്ല.
മറിച്ച് രഘുവാകട്ടെ തന്റെ പഴയ കാമുകിയെ നഗരത്തിൽവച്ച് വീണ്ടും കാണുന്നു. അതോടെ അയാൾ തന്റെ പഴയ കാലത്തേക്ക് തിരിച്ചുപോവുന്നു.കാമുകിയൂടെ ഫോൺ നമ്പർ കിട്ടാനും മറ്റുമായി രഘു നടത്തുന്ന തത്രപ്പാടുകൾ ചിരിപ്പിക്കും. പക്ഷേ അപ്രതീക്ഷിത സംഭവങ്ങളാണ് പിന്നീട് ഉണ്ടാകുന്നത്.രഘുവിന്റെ അനുരാഗത്തിൽ അയാളുടെ മകനും കാമുകിയും കക്ഷികളായിപ്പോവുന്നു.കാമുകിയുമായുള്ള ഫോൺ സംഭാഷണം വിരസമായ രഘുവിന്റെ ജീവിതത്തെ ആകെ മാറ്റിമറിക്കുന്നു. പഴയ പ്രണയിനിയുടെ ഉപദേശം കേട്ടപ്പോഴാണ് അയാൾ സ്വന്തം ഭാര്യയെയും കുടംബത്തെയും കൂടുതൽ സ്‌നേഹിക്കാനും അത് പ്രകടിപ്പിക്കാനും തുടങ്ങുന്നത്.
ഇങ്ങനെ രണ്ടു ട്രാക്കിലായി ഓടുന്ന പിതാവിന്റെയും പുത്രന്റെയും അനുരാഗത്തെ കൃത്യമായി ബന്ധിപ്പിക്കാൻ കഴിഞ്ഞതിലാണ് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും മിടുക്ക് ഇരിക്കുന്നത്.ഇവിടെയാക്കെ തന്നെ സ്വാഭാവികമായ നർമ്മത്തിന്റെ ട്രാക്കിലാണ് കഥ ചലിക്കുന്നത്. കോമഡിയെന്നാൽ അശ്‌ളീലവും ദ്വയാർഥപ്രയോഗവുമാണെന്ന് കരുതുന്നവർ ഈ പടമൊക്കെയൊന്ന് കണ്ടുനോക്കണം. പുരുഷന്റെ വീക്ഷണകോണിൽനിന്നുകൊണ്ടുള്ള പ്രണയങ്ങളാണ് ഇവിടെയുള്ളതെന്നതും പറയാതെ വയ്യ. എന്നാലും സാധാരണ നമ്മുടെ പ്രണയ സിനിമകളിൽ കാണാറുള്ളപോലെ നായകനെ ആദർശവത്ക്കരിക്കാനുള്ള ശ്രമങ്ങളൊന്നും ഇവിടെയില്ല.
അവസരവാദിയും സ്വന്തം സുഖത്തിൽമാത്രം ശ്രദ്ധയുള്ളവനുമായ ആധുനിക യുവത്വം, അനുഭവങ്ങളിൽനിന്ന് എങ്ങനെ പാഠം ഉൾക്കൊള്ളുന്നുവെന്നതാണ് ഈ പടത്തിന്റെ ട്വിസ്റ്റ്. എന്നാൽ അവസാനം ഇത്തരം സിനിമകളിൽ സാധാരണ കാണുറുള്ളപോലുള്ള എല്ലാം കുരുക്കഴിച്ചുകൊണ്ടുള്ള ശുഭാന്ത്യവുമല്ല കാത്തിരിക്കുന്നത്.
പഴയമുഖത്തിലേക്ക് ബിജു , ന്യൂജൻ ജഗതിയായി സൗബിൻ
ഈ പടത്തിന്റെ ബോക്‌സോഫീസ് പ്രകടനം ഏറ്റവും കൂടുതൽ ഗുണം ചെയ്തത് നടൻ ആസിഫലിക്കാണ്. അടിക്കടിയുള്ള അറുവെറുപ്പിക്കൽ പടങ്ങളിലൂടെ പ്രേക്ഷകർക്ക് 'ഭീഷണിയായി' മാറിക്കൊണ്ടിരിക്കുന്ന ഈ യുവ നടന്റെ ഏറെക്കാലത്തിനുശേഷമുള്ള ഹിറ്റാണിത്.പക്ഷേ ബിജുമേനോനും സൗബിൻ ഷാഹിറുമാണ് ഈ പടത്തിൽ ശരിക്കും വിലസിയത്.ബിജുവിനെ സംബന്ധിച്ചിടത്തോളം ഉഗ്രൻ മേക്കോവറാണ് ഈ പടത്തിലെ അച്ഛൻ കഥാപാത്രം. കാരണം ഓർഡിനറി എന്ന ചിത്രത്തിനുശേഷമുള്ള ബിജുമേനോന്റെ പ്രകടനങ്ങളിലെല്ലാം ഒരുതരം കോമഡിയുടെ അസ്‌ക്യത പ്രകടമായിരുന്നു.ഈയിടെ രഞ്ജിത്തിന്റെ 'ലീലയിലും' വേറിട്ട പഴയ ബിജുവിനെ കാണാനായി. ഈ പടത്തിലെ മധ്യവയസ്‌ക്കനായ പിതാവിന്റെ സൂക്ഷ്മഭാവങ്ങൾ എത്ര റിയലിസ്റ്റിക്കായാണ് ബിജു ചെയ്തിരിക്കുന്നതെന്ന് നോക്കുക.
ഒരു കാലത്ത് ക്യാരക്ടർ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഈ നടൻ ജൂനിയർ മമ്മൂട്ടി എന്ന പേരിലായിരുന്ന അറിയപ്പെട്ടിരുന്നത്.ആകാരത്തിലെയും ശബ്ദത്തിലെയും സാമ്യങ്ങൾമൂലം, മമ്മൂട്ടി ജീവിച്ചിരിക്കുമ്പോൾ ബിജു ഒന്നുമാകില്‌ളെന്നുവരെ വിധിയെഴുതിയവർ ഉണ്ട്.അത് അന്വർഥമാക്കി കുറച്ചുകാലത്തേക്ക് ഈ നടൻ ഫീൽഡ് ഔട്ടുമായി.പിന്നീട് ബിജു തിരിച്ചുവന്നത് 'മേരിക്കുണ്ടൊരു കുഞ്ഞാടിലെ' തമാശനിറഞ്ഞ കുഴപ്പക്കാരനായിട്ടാണ്.ഓർഡിനറി എന്ന ചിത്രം ഹിറ്റായതോടെ പിന്നീട് അതേ ടൈപ്പ് കോമഡി വേഷങ്ങളാണ് ബിജുവിനെ തേടിയത്തെിയത്.അതിൽനിന്ന് പഴയ സ്വഭാവ നടനിലേക്കുള്ള തിരച്ചുപോക്കുകൂടിയായി ഈ പടം.
സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയുമടങ്ങുന്ന യുവതാരങ്ങളുടെ ടൈമിങ്ങും, ഡയലോഗ് ഡെലിവറിയിലെ പ്രത്യേകതകളുമൊക്കെ സമ്മതിച്ചുകൊടുക്കേണ്ടതാണ്.ന്യൂജൻ ജഗതിശ്രീകുമാറാണ് സൗബിൻ! ശബ്ദം ഒരു പ്രത്യേക മോദിലേക്ക് മാറ്റി ഇയാൾ എന്തുപറഞ്ഞാലും നമുക്ക് ചിരിവരും.അസാമാന്യ പ്രതിഭയുള്ള നടന്മാർക്കേ അങ്ങനെ കഴിയൂ.കോമഡിയെന്നാൽ ഗോഷ്ടികാട്ടലും കോമളിത്തവും കൊഞ്ഞനംകുത്തലുമാണെന്ന് ധരിച്ചിരിക്കുന്ന അജുവർഗീസും സുരാജ് വെഞ്ഞാറുമൂടും അടക്കമുള്ളവർ ഈ അഭിനയമൊന്ന് കാണണം.'കമ്മട്ടിപ്പാടത്തെ' സൗബിന്റെ വേഷവും ഇതും താരതമ്യം ചെയ്താൽ ഈ നടന്റെ റേഞ്ച് ബോധ്യപ്പെടും.
സാധാരണ ബോൾഡായ വേഷങ്ങളിൽ കാണാറുള്ള ആശാ ശരത്ത് ഒരു പാവം വീട്ടമ്മയുടെ റോളിലാണ്. സുധീർ കരമന,ഇർഷാദ്, കലേഷ് കണ്ണാട്ട്,സുധി കോപ്പ എന്നിവരും മോശമായില്ല. നായിക രജിഷാ വിജയൻ എന്ന പുതുമുഖ നായികയുടേതും നാം സ്ഥിരം ഫോർമാറ്റിൽ കണ്ടുവരുന്ന പ്രണയിനിയുടെ പ്രകടനമല്ല. പ്രശാന്ത് പിള്ളയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചു നിൽക്കുന്നു.അടുത്തകാലത്തൊന്നും കഥയുടെ മൂഡിന് ചേരുന്ന ഇത്രയും ഇമ്പമുള്ള ഗാനങ്ങൾ കേട്ടിട്ടില്ല. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്.
കലാപരമായി നോക്കുമ്പോൾ വലിയ മികവൊന്നും അവകാശപ്പെടാനില്‌ളെങ്കിലും ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന ഒരു കച്ചവട സിനിമ തന്നെയാണിത്.അതുകൊണ്ടുതന്നെ ഒരു അവധിക്കാല വിനോദമെന്ന രീതയിൽ ഇതിന് ടിക്കറ്റെടുക്കാൻ നിസ്സംശയം ശിപാർശചെയ്യാനുമാവും.
വാൽക്കഷ്ണം: പണ്ട് 'പടയോട്ടത്തിൽ' മോഹൻലാലിന്റെ അച്ഛനായി സാക്ഷാൽ മമ്മൂട്ടി വേഷമിട്ട ഇൻഡസ്ട്രിയാണിത്. പക്ഷേ ഇവിടെ ഇപ്പോഴും നമ്മുടെ ഷഷ്ഠിപൂർത്തി കഴിഞ്ഞ നായകർക്കുപോലും അച്ഛൻ വേഷങ്ങൾ അലർജിയാണ്. അവിടെയാണ് ബിജുമേനോൻ ഒരു അഭിനന്ദനം കൂടി അർഹിക്കുന്നത്. തന്റെ സുഹൃത്തായൊക്കെ വേഷമിടുന്ന ഒരു യുവതാരത്തിന്റെ അച്ഛനായി മാറുന്നതിന് ഇത്തരം ഒരു കോംപ്‌ളക്‌സും ബിജുവിന് തടസ്സമായില്ല. (സാധാരണ സായികുമാറിനൊക്കെയാണ് ഇത്തരം വേഷങ്ങൾ കിട്ടാറ്. )നിസ്സാരമായ ഈഗോകളുടെ പുറത്ത് പല ഡ്രീം പ്രൊജക്ടുകളും കട്ടപ്പുറത്താവുന്ന മലയാള സിനിമയിൽ കഥാപാത്രങ്ങളോടുള്ള ഈ പ്രൊഫഷണൽ സമീപനവും അഭിനന്ദിക്കപ്പെടേണ്ടതാണ്.