ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയ്ക്കും പെൺകുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലി തന്നെയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയൻ പര്യടനത്തിനിടയിൽ കോലി നാട്ടിലേക്ക് മടങ്ങിയിരുന്നു.

'ഇന്ന് ഉച്ചകഴിഞ്ഞ് ഞങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന വിവരം ഏറ്റവും സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനങ്ങൾക്കും സ്‌നേഹത്തിനും ആശംസകൾക്കും നന്ദി. അനുഷ്‌കയും കുഞ്ഞും സുഖമായിരിക്കുന്നു. ജീവിതത്തിലെ ഈ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും സന്തോഷം. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു. ഇഷ്ടത്തോടെ, വിരാട്' - കോലി ട്വിറ്ററിൽ കുറിച്ചു.

കോലി ട്വിറ്ററിലൂടെ സന്തോഷം പങ്കുവച്ചതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇരുവർക്കും ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകത്തെയടക്കം നിരവധി പ്രമുഖർ രംഗത്തെത്തി.

ക്രിക്കറ്റ് ലോകത്തും ചലച്ചിത്ര ലോകത്തും ഏറെ ആരാധകരുള്ള ഇരുവരും 2017 ഡിസംബർ 11-നാണ് വിവാഹിതരായത്. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ചിത്രങ്ങൾ പങ്കുവച്ചാണ് വിവാഹിതരായ കാര്യം താരദമ്പതികൾ പരസ്യമാക്കിയത്. ഇറ്റലിയിൽവച്ച് അതീവ രഹസ്യമായിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ. മൂന്നാം വിവാഹവാർഷികം ഇരുവരും ആഘോഷിച്ചതിന് പിന്നാലെയാണ് കുഞ്ഞതിഥി കൂട്ടായി എത്തുന്നത്.

അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കിട്ട് നിറവയറുമായി നിൽക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ നേരത്തെ അനുഷ്‌ക പങ്കുവച്ചിരുന്നു. വോഗ് മാസികയ്ക്കു വേണ്ടിയുള്ള ചിത്രങ്ങൾ പിന്നീട് വൈറലായിരുന്നു. 

കഴിഞ്ഞ ആഗസ്റ്റിലാണ് വിരാട് കോലിയും അനുഷ്‌കയും അച്ഛനമ്മമാരാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവിട്ടത്. ഗർഭിണിയായ അനുഷ്‌കയെ വിരാട് ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. 'ഞങ്ങളിനി മൂന്ന്, 2021 ജനുവരിയിൽ വരും' എന്ന ക്യാപ്ഷനോടെയാണ് ചിത്രമായിരുന്നു അന്ന് പങ്കുവച്ചത്.