തിരുവനന്തപുരം: ധർമ്മജനും രമേഷ് പിഷാരടിക്കും പിന്നാലെ നടി അനുശ്രീയും കോൺഗ്രസിലേക്കെന്ന പ്രചരണം സൈബർ ഇടത്തിൽ കൊഴുക്കുകയാണ്. സൈബർ ഇടത്തിലാണ് ഈ പ്രചരണം കൊഴുക്കവേ വിഷയത്തിൽ പ്രതികരണവുമായി നടി അനുശ്രീ രംഗത്തുവന്നു. 'ധർമജൻ ഇഫക്ട് തുടരുന്നു അനുശ്രീയും കോൺഗ്രസിലേക്ക്' എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് വ്യക്തമാക്കിയാണ് നടിയുടെ രൂക്ഷ പ്രതികരണം.

ഈ ആൾക്കാർക്കൊന്നും ഒരു പണിയും ഇല്ലേ.. അറിയാൻ പാടില്ലാഞ്ഞു ചോദിക്കുവാ. വേറെ ന്യൂസ് ഒന്നും കിട്ടാനില്ലേ, കഷ്ടം. എന്നു പറഞ്ഞു കൊണ്ടാണ് നടി പ്രതികരിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അനുശ്രീയുടെ പ്രതികരണം. ധർമജനും രമേഷ് പിഷാരടിയും ഇടവേള ബാബുവും കോൺഗ്രസ് വേദിയിലെത്തിയതിന് പിന്നാലെയാണ് അനുശ്രീയും കോൺഗ്രസിലേക്കെന്ന പ്രചാരണമുണ്ടായത്. തന്റേത് കോൺഗ്രസ് കുടുംബമാണെന്നും യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങുമെന്നും അനുശ്രീ പറഞ്ഞു എന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം.

നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നപ്പോൾ പത്തനംതിട്ടയിൽ ഒരു യുഡിഎഫ് സ്ഥാനാർത്ഥിക്കായി അനുശ്രീ പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ അനുശ്രീ പങ്കെടുത്തപ്പോഴും വാർത്തയായിരുന്നു.

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്കിടെയാണ് ചില സിനിമാ താരങ്ങൾ കോൺഗ്രസിനൊപ്പം ചേർന്നത്. ധർമജനെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെ ബാലുശ്ശേരി മണ്ഡലത്തിൽ അദ്ദേഹം സജീവമായിരുന്നു. പിന്നാലെ സുഹൃത്ത് രമേഷ് പിഷാരടിയും കോൺഗ്രസ് വേദിയിലെത്തി. ധർമജൻ മത്സരിക്കുകയാണെങ്കിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് രമേഷ് പിഷാരടി വ്യക്തമാക്കുകയുണ്ടായി.