- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനുശ്രീയെ അവതരിപ്പിച്ചത് ബന്ധുവെന്ന തരത്തിൽ; യുവാക്കളെ പാട്ടിലാക്കിയ ശേഷം വ്യാജ എഫ് ബിയിലൂടെ വധുവാകും; പണം തട്ടിയെടുത്ത ശേഷം ഒഴിവാക്കുന്നത് പ്രണയ നിരാശയിലെ ആത്മഹത്യാ നാടകം; അശ്വതി ശ്രീകുമാറിന്റേത് കണ്ടക്ടറായി മാറിയുള്ള അസാധാരണ തട്ടിപ്പ്; തകർന്നത് യുവാക്കളുടെ സ്വപ്നങ്ങളുടെ ആകാശ കോട്ടയും
കൊല്ലം: അശ്വതി അച്ചു എന്ന വ്യാജ അക്കൗണ്ട് വഴി നിരവധി യുവാക്കളെ കബളിപ്പിച്ച് പണം തട്ടിയ ശൂരനാട് പതാരം സ്വദേശിനി അശ്വതി ശ്രീകുമാർ(34) തട്ടിപ്പ് നടത്തിയ രീതികളുടെ കൂടുതൽ വിവരങ്ങൾ മറുനാടന് ലഭിച്ചു. യുവാക്കളുമായി ചങ്ങാത്തം കൂടിയ ശേഷം തന്റെ ബന്ധുവായ പെൺകുട്ടിയാണ് എന്ന തരത്തിൽ അനുശ്രീ എന്ന മറ്റൊരു വ്യാജ അക്കൗണ്ട് പരിചയപ്പെടുത്തുകയും അതു വഴി ചാറ്റ് ചെയ്തും തട്ടിപ്പുകൾ നടത്തുകയായിരുന്നു.
ആയൂരിലുള്ള ഒരു യുവാവിനെ ഇത്തരത്തിൽ അശ്വതി അച്ചു എന്ന ഫെയ്സ് ബുക്ക് അക്കൗണ്ട് വഴി വലയിലാക്കുകയും പിന്നീട് അനുശ്രീയുമായി വിവാഹം നടത്തിത്തരാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. അനുശ്രീയുടെ ബന്ധു എന്ന രീതിയിൽ യുവാവിനെ നേരിൽക്കാണുകയും താൻ അടൂരിലാണ് താമസമെന്നും കെ.എസ്.ആർ.ടി.സി ബസിൽ കണ്ടക്ടറാണെന്നും അറിയിച്ചു. തുടർന്ന് അനുശ്രീയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. അനുശ്രീയുടെ ചിത്രങ്ങളായി കാണിച്ചിരുന്നത് കാക്കനാട് സ്വദേശിനിയായ പ്രഭാ സുകുമാരന്റെ ചിത്രങ്ങളായിരുന്നു. സുന്ദരിയായ യുവതിയുടെ ചിത്രത്തിൽ മതിമറന്നു പോയ യുവാവ് സ്വപ്നങ്ങളുടെ ആകാശ കോട്ട കെട്ടിപൊക്കി.
അശ്വതി പിന്നീട് അനുശ്രീ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായി ചാറ്റിങ്. നേരിൽ കണ്ടിട്ടില്ലാത്ത അനുശ്രീയുമായി യുവാവ് കടുത്ത പ്രണയത്തിലായി. ഈ അവസരം മുതലാക്കി അനുശ്രീ ആശുപത്രിയിലെ ചികിത്സയ്ക്കാണ് എന്ന് പറഞ്ഞ് യുവാവിനോട് പണം ആവശ്യപ്പെടാൻ തുടങ്ങി. തവണകളായി 4 ലക്ഷത്തോളം രൂപയാണ് യുവാവ് നൽകിയത്. ഒരു തവണ മാത്രം ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി അനുശ്രീയുടെ ബന്ധുവായി അഭിനയിച്ച പതാരത്തെ അശ്വതിയുടെ കയ്യിൽ നേരിട്ടും നൽകുകയായിരുന്നു.
പണം കൈക്കലാക്കിയ ശേഷം യുവാവിനെ ഒഴിവാക്കാനായി അശ്വതി ഒരു ആത്മഹത്യാ നാടകവും കളിച്ചു. അനുശ്രീയുമായുള്ള യുവാവിന്റെ ബന്ധം വീട്ടിൽ അറിഞ്ഞ് പ്രശ്നമായെന്നും, പ്രണയബന്ധത്തിൽ നിന്നും പിന്മാറണമെന്നും അറിയിച്ചു. എന്നാൽ എന്തു വന്നാലും അനുശ്രീയെ തന്നെ വിവാഹം കഴിക്കുള്ളൂ എന്ന് യുവാവ് ഉറച്ചു നിന്നു. ഈ ഘട്ടത്തിലാണ് ആത്മഹത്യാ നാടകം അരങ്ങേറിയത്.
യുവാവിന് ഒരു ആത്മഹത്യാ കുറിപ്പ് അയച്ചു കൊടുക്കുകയായിരുന്നു ആദ്യം. മാതാവ് വലിയ പ്രശ്നക്കാരിയാണെന്നും ഈ ബന്ധത്തിൽ ഉറച്ചു നിന്നാൽ യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മറ്റൊരു കെവിനാകരുതെന്നും യുവാവിനോട് ആവശ്യപ്പെടുന്നു. വളരെ സ്നേഹമുള്ളയാളാണ് യുവാവെന്നും തനിക്ക് ഇതു പോലെ ആരിൽ നിന്നും സ്നേഹം ലഭിച്ചിട്ടില്ല.
അച്ഛനും അമ്മയ്ക്കും ഒട്ടും സ്നേഹമില്ല. എന്റെ പേരിലുള്ള സ്ഥലത്തിന്റെ ആധാരം ഒരു കൂട്ടുകാരിയുടെ പേരിൽ എഴുതി വച്ചു. ഞാൻ മരിച്ചു കഴിഞ്ഞാൽ ഈ കത്ത് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിക്കണം. ആരെയും വെറുതെ വിടരുത്. എന്റെ മരണത്തിന് കാരണം അച്ഛനും അമ്മയും ആണെന്നുമൊക്കെയാണ് കത്തിലുള്ളത്. ഇത് കണ്ട് യുവാവ് ഭയന്നു പോകുകയും അനുശ്രീയെ ആശ്വസിപ്പിക്കുകയും ആത്മഹത്യയിൽ നിന്നും പിന്മാറണമെന്നും പറഞ്ഞു.
ഇതിനിടയിൽ യുവാവിന്റെ മാതാവിനെ പതാരം അശ്വതി നേരിൽക്കണ്ട് വിവഹം ഉറപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവഹ ക്ഷണക്കത്ത് വരെ യുവാവ് അച്ചടിച്ചു. പിന്നീടാണ് ആത്മഹത്യാ നാടകം അരങ്ങേറിയത്. ഇതെ തുടർന്നുള്ള അന്വേഷണത്തിൽ അനുശ്രീ വ്യാജ അക്കൗണ്ടാണെന്ന് മനസ്സിലായി.
ഈ സമയത്താണ് കാക്കനാട് സ്വദേശിനികളായ പ്രഭാ സുകുമാരനും രമ്യാ ഷിജിത്തും സ്വന്തം ചിത്രങ്ങളുപയോഗിച്ച് വ്യാജ അക്കൗണ്ട് നിർമ്മിച്ച് പണം തട്ടുന്നുവെന്ന പരാതിയുമായെത്തുന്നത്. യുവാവ് പരാതി നൽകാനുള്ള തീരുമാനത്തിനിടെ അശ്വതിയുടെ ഭർത്താവ് ശ്രീകുമാർ പമം തിരികെ നൽകാമെന്ന് ഉറപ്പ് നൽകി. പണം തിരികെ ലഭിച്ചില്ലെങ്കിൽ അശ്വതിക്കെതിരെ പരാതി നൽകുമെന്ന് യുവാവ് മറുനാടനോട് പറഞ്ഞു.
അശ്വതി ശ്രീകുമാർ അശ്വതി അച്ചു, അനുശ്രീ, അനു അപ്പു എന്നീ വ്യാജ അക്കൗണ്ടുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. സ്വന്തം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ രമ്യയും പ്രഭയും തൃക്കാക്കര പൊലീസിലും സൈബർ ക്രൈം പൊലീസിലും പരാതി നൽകിയിട്ടും നടപടി ആകാതിരുന്നതോടെ ശൂരനാട് പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ചയുടൻ ഉടൻ തന്നെ എസ്ഐ മഞ്ചു വി നായർ പ്രാഥമിക അന്വേഷണം നടത്തി.
സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്വതി വ്യാജ പ്രൊഫൈൽ നിർമ്മിച്ചിട്ടുണ്ടെന്നും അതുപയോഗിച്ച് നിരവധിപേരുമായി സന്ദേശം അയച്ചു ബന്ധങ്ങൾ തുടങ്ങിയതും കണ്ടെത്തി. പിന്നീട് ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുകയും പണമിടപാടുകൾ നടത്തിയതിനും തെളിവുകൾ കണ്ടെത്തി. പഴുതടച്ചുള്ള അന്വേഷണത്തിൽ അശ്വതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
ഒരുമാസം മുൻപാണ് വ്യാജ അക്കൗണ്ടുകളെ പറ്റി യുവതികൾ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും തൃക്കാക്കര പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്. പരാതിയെ തുടർന്ന് സൈബർ ക്രൈം പൊലീസ് അന്വേഷണം നടത്തി യുവതിയെ കണ്ടെത്തിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. തൃക്കാക്കര പൊലീസ് യുവതികളെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചതെന്ന് ഇവർ ആരോപിക്കുന്നു. ഒരു മാസമായതല്ലേയുള്ളൂ... വർഷങ്ങളായ പല കേസുകളും ഇവിടെ ഇപ്പോഴും കിടപ്പുണ്ട് എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായും യുവതികൾ പറയുന്നു. രണ്ടിടങ്ങളിൽ നിന്നും നീതി ലഭിക്കാതിരുന്നതിനെ തുടർന്ന് യുവതികൾ സ്വന്തം നിലയിൽ അന്വേഷണം തുടർന്നു.
ഇതിനിടയിൽ വ്യാജ പ്രൊഫൈലിൽ അശ്വതി നൽകിയിരുന്ന ഫോൺ നമ്പർ യുവതികൾക്ക് ലഭിച്ചു. നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ അശ്വതിയുടെ വിശദ വിവരങ്ങൾ ലഭിച്ചു. ഇതോടെ അശ്വതിയുടെ പൊലീസ് സ്റ്റേഷനായ ശൂരനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.