- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌നേഹം നടിച്ച് ഭാര്യയേയും കുഞ്ഞിനേയും ബൈക്കിൽ പുഴക്കരയിൽ എത്തിച്ചു; രണ്ടു പേരേയും പുഴയിലേക്ക് തള്ളി കുടുംബ കോടതി ജീവനക്കാരന്റെ ഒറ്റ ഓട്ടം; അമ്മയുടെ നിലവിളിയിൽ ദുരന്തം നാട്ടുകാരറിഞ്ഞു; തള്ളിയിട്ടത് ഭർത്താവെന്ന് കതിരൂരിലെ അദ്ധ്യാപികയുടെ മൊഴി; കണ്ണൂരിൽ ഒന്നര വയസ്സുകാരിയുടെ ജീവനെടുത്തത് സ്വന്തം അച്ഛൻ
പാനൂർ: പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും പുഴയിൽ വീണ നിലയിൽ കണ്ടെത്തിയതിന് പിന്നിൽ അച്ഛൻ ക്രൂരത. സംഭവത്തിൽ കുഞ്ഞ് മരിച്ചിരുന്നു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. തന്നെയും മകളേയും ഭർത്താവ് തള്ളിയിട്ടതാണെന്ന് യുവതി മൊഴി നൽകി.
തലശ്ശേരി കുടുംബകോടതി ജീവനക്കാരൻ പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂർ എൽ.പി. സ്‌കൂൾ അദ്ധ്യാപികയുമായ സോന (25) യും മകൾ ഒന്നരവയസ്സുകാരി അൻവിതയുമാണ് പുഴയിൽ വീണത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. മകൾ മരിച്ച വിവരം സോനയെ അറിയിച്ചിട്ടില്ല.
പാത്തിപ്പാലം വള്ള്യായി റോഡിൽ ജല അഥോറിറ്റി ഭാഗത്തെ പുഴയിൽ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്. പിന്നീട് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ഷിജുവിനൊപ്പമാണ് മൂന്നുപേരും ബൈക്കിൽ പുഴയ്ക്ക് സമീപത്ത് എത്തിയത്. പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്ത ബൈക്ക് പൊലീസ് അടുത്ത വീട്ടിലേക്ക് മാറ്റി.
സോനയുടെ ഭർത്താവ് ഷിജു ഒളിവിലാണ്. ഇയാളുടെ മൊബൈൽ ഫോൺ ഓഫായ നിലയിലാണ്. കുട്ടിയുടെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവിന്റെ പേരിൽ കൊലപാതകത്തിന് കേസെടുത്തതായി കതിരൂർ പൊലീസ് ഇൻസ്പെക്ടർ കെ.വി.മഹേഷ് പറഞ്ഞു. ഭർത്താവാണ് തള്ളിയിട്ടതെന്ന് ഭാര്യ മൊഴി നൽകിയിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് സൂചന. സ്‌നേഹം നടിച്ചാണ് ഭാര്യയേയും കുട്ടിയേയും ഇയാൾ പുഴയ്ക്ക് അടുത്ത് എത്തിച്ചത്.
നല്ല മഴയായതിനാൽ പുഴയിൽ നല്ല ഒഴുക്കാണ്. അതുകൊണ്ട് തന്നെ രണ്ടു പേരും മരിക്കുമെന്നാണ് ഷിജു കരുതിയത്. എന്നാൽ അമ്മ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. തന്നെയും മകളെയും ഭർത്താവ് ഷിജു പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് കുട്ടിയുടെ അമ്മ സോന പറഞ്ഞതോടെ കേസിന് പുതിയ തലം വന്നു. നേരത്തെ അപകടമാണെന്നായിരുന്നു ഏവരും കരുതിയത്.
സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് കെ പി ഷിജുവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. തലശ്ശേരി കുടുംബകോടതി ജീവനക്കാരനാണ് ഷിജു. ഭാര്യയെയും കുഞ്ഞിനെയും തള്ളിയിട്ട ശേഷം ഷിജു ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.
പാത്തിപ്പാലം വള്ള്യായി റോഡിൽ ജല അതോരിറ്റിക്ക് സമീപത്തെ ചാത്തന്മൂല ഭാഗത്തെ പുഴയിലാണ് ദുരുഹ സാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും വീണ നിലയിൽ കണ്ടത്. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ ഗവ: ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും സംഭവസ്ഥലത്ത് എത്തിയിരുന്നു. കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം നടന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്