തിരുവനന്തപുരം: മൂന്നാറിലെ ഐതിഹാസികമായ തൊഴിലാളി മുന്നേറ്റം ഏറ്റവും തിരിച്ചടിയായത് കേരളത്തിലെ തൊഴിലാളി സംഘടനകൾക്കാണെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. തീർത്തും ദുരിതപൂർണ്ണമായ അവസ്ഥയിൽ കഴിഞ്ഞിരുന്ന സ്ത്രീ തൊഴിലാളികൾ സംഘടിച്ചെത്തി തങ്ങളുടെ അവകാശങ്ങൾ വെട്ടിപ്പിടിക്കാൻ വേണ്ടി പോരാടിയപ്പോൾ പിന്നിൽ തീവ്രനിലപാടുള്ള തമിഴ് സംഘടനകളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ ഒരുവശത്ത് നടക്കുന്നുണ്ട്. എന്നാൽ, സംഘടിച്ചെത്തിയ സ്ത്രീ തൊഴിലാളികളെ ഈ പോരാട്ടത്തിലേക്ക് നയിച്ചതിന് പിന്നിൽ യഥാർത്ഥത്തിൽ ആരുടെയെങ്കിലും പങ്കുണ്ടോ? സമരമുഖത്ത് പുരുഷന്മാർ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നതിനാലാണ് ഇത്തരമൊരു സംശയം ചില കോണുകളിൽ നിന്നു ഉയരുന്നത്. എന്നാൽ തൊഴിലാളികളുടെ ദുരിതം കണ്ട് അതിനെതിരെ ശബ്ദമുയർത്തി ഊർജ്ജം നൽകിയവുടെ കൂട്ടത്തിൽ ചില ബുദ്ധികേന്ദ്രങ്ങൾ ഉണ്ടെന്നത് വാസ്തവമാണ്. എന്നാൽ, മറ്റുള്ളവർ പറയുന്നത് പോലെ അത് തീവ്രവിഭാഗക്കാരുടെ ഇടപെടൽ അല്ല, മറിച്ച സ്ത്രീകൾക്ക് വേണ്ടി സമരം ചെയ്യാനുള്ള അവസരം ഒരുക്കി ഏകോപനം ഒരുക്കിയ ഒരു തൊഴിലാളി സംഘടന തന്നെയായിരന്നു.

ഗുജറാത്തിനെ നടുക്കിയ വിധത്തിൽ പട്ടേൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഹാർദിക് പട്ടേലിനെ പോലെ ആർക്കും ഒരും പിടിയും കൊടുക്കാതെ അതീവരഹസ്യമായി സ്ത്രീ തൊഴിലാളികളെ തെരുവിലിറക്കി അവകാശങ്ങൾ നേടിയെടുപ്പിച്ചതിനു പിന്നിലെ സൂത്രധാരൻ അൻവർ ബാലശിങ്കം എന്ന മുപ്പത്തിനാലുകാരനായ യുവാവാണ്. കേരള തമിഴ് മക്കൾകൂട്ടം എന്ന സംഘടനയുടെ നേതാവാണ് ബാലശിങ്കം. തൊഴിൽ പീഡനങ്ങളും മറ്റു ചെറുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ദേശീയ പണിമുടക്ക് ദിനത്തിലാണ് ഇത്തരമൊരും സമരം മൂന്നാറിൽ പൊട്ടിപ്പുറപ്പട്ടത്. ഈ പ്രതിഷേധത്തിന്റെ തീയ്യതി ഉൾപ്പെടെ ഉള്ള കാര്യങ്ങൾ നീക്കിയത് അൻവർ ബാലശിങ്കം ആണെന്നാണ് സൂചന.

മൂന്നാറിലെ വ്യത്യസ്ത ഇടങ്ങളിലായുള്ള ലയങ്ങളിൽ നിന്നും സ്ത്രീ തൊഴിലാളികൾ ഏകോപിച്ച് എങ്ങനെ തടിച്ചുകൂടി എന്നതായിരുന്നു ഏവർക്കും അത്ഭുതമായത്. സിപിഐ(എം) നടത്തിയ സെക്രട്ടറിയേറ്റ് വളയൽ സമരത്തിന് പോലും വ്യക്തമായ മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നു. കേരള തമിഴ് മക്കൾകൂട്ടം സംഘടന അതീവ രഹസ്യമായി തന്നെ ഇത്തരമൊരു ഓപ്പറേഷൻ നയിച്ചാണ് സ്ത്രീ തൊഴിലാളികളിൽ സമരാവേശം നിറച്ചത്. തൊഴിലാളികളുടെ യഥാർത്ഥ ശത്രുക്കൾ മറ്റാരുമല്ല, തൊഴിലാളി സംഘടനകൾ തന്നെയാണെന്ന് തെളിവു നിരത്തി സമർത്ഥിച്ചു ബാലശിങ്കവും കൂട്ടരും രംഗത്തെത്തിയത്.

കേരള തമിഴ് മക്കൾകൂട്ടം എന്ന സംഘടനയുടെ തീപ്പൊരി നേതാവാണ് അൻവർ. സംഘടനയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഇദ്ദേഹമാണ്. മൂന്നാറിലെ തമിഴ് തൊഴിലാളികൾക്കിടയിൽ ഏറെ സ്വാധീനമുള്ള ആളുമാണ്. മൂന്നാറിലെ ലയങ്ങളിൽ തൊഴിലാളികൾ അനുഭവിക്കുന്ന കഷ്ടതകൾ കേട്ടറിഞ്ഞാണ് അൻവർ മൂന്നാറിലെത്തുന്നത്. ഒരു തൊഴിലാളിയുടെ ലയത്തിൽ തങ്ങിയാണ് ഇദ്ദേഹം പ്രശ്‌നങ്ങൾ പഠിച്ചത്. തൊഴിലാളികൾ പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോൾ ഇവരുടെ സംഘടനാ നേതാക്കളുടെ രാജകീയ ജീവിതം ടാറ്റയുടെ ചെലവിൽ ആണെന്നു ബോധ്യപ്പെടുത്തുകയായിരുന്നു അൻവർ ആദ്യം ചെയ്തത്. തുടർന്ന് എല്ലാ ലയങ്ങളിലും കയറിയിറങ്ങി സ്ത്രീ കൂട്ടായ്മയുണ്ടാക്കാനും അൻവറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു കഴിഞ്ഞു.

ഓരോ രാഷ്ട്രീയ നേതാവിന്റെയും സ്വത്തുവിവരങ്ങളും മറ്റും ശേഖരിക്കുകയും അത് അച്ചടിച്ചു സ്ത്രീ തൊഴിലാളികളെ ഏൽപ്പിക്കുകയും ചെയ്തു. ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ സമരവഴിയിൽ നിന്നു പലരും ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും നിരന്തരമായ ബോധവൽക്കരണംകൊണ്ട് എല്ലാവരെയും ഒരുമിപ്പിക്കുകയായിരുന്നു. പ്രധാനമായും തങ്ങൾക്കു ലഭിക്കുന്ന കൂലിയും ബോണസും മറ്റ് ആനുകൂല്യങ്ങളെയും കുറിച്ചു തമിഴിൽ പ്രസ്താവന തയാറാക്കി എല്ലാവരെയും ബോധ്യപ്പെടുത്താൻ ഇവർക്കു കഴിഞ്ഞു.

സമരം തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പ് സംഘടനയുടെ എല്ലാ അംഗങ്ങളും മൂന്നാർ വിട്ടു. പിന്നീട് അതിർത്തിക്കപ്പുറമിരുന്നു മൊബൈൽഫോൺ വഴിയായിരുന്നു പ്രവർത്തനം. തൊഴിലാളികൾ ഇറങ്ങി സമരം തുടങ്ങി. രാവിലെ വരും വൈകിട്ട് മടങ്ങും. ലയങ്ങളിൽ അരിയും സാധനങ്ങളും ഇവർക്കു നേരത്തേതന്നെ എത്തിച്ചുകൊടുത്തിരുന്നു. കൂടാതെ സമരദിവസം കുടിക്കാൻ കുപ്പിവെള്ളവും ബ്രഡും ബിസ്‌ക്കറ്റും മറ്റും എത്തിക്കുകയും ചെയ്തു. ഒരു മത സംഘടനയുടെ സഹായത്തോടെയാണ് ഇതു ചെയ്തിരുന്നത്.

ഓണത്തിനു മുമ്പു സമരം തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ പിന്നീടു തിയതി മാറ്റുകയായിരുന്നു. അൻവറിന്റെ നേതൃത്വത്തിലുള്ള മക്കൾകൂട്ടത്തിനു സഹായമായി രണ്ട് എൻ.ജി.ഒകളും രംഗത്തെത്തിയെന്ന സൂചനയുമുണ്ട്. സമരം നടത്തുമ്പോൾ രാഷ്ട്രീയക്കാരെ അടിച്ചോടിക്കണമെന്നും അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ പിന്മാറരുതെന്നും മാത്രമല്ല, കുടുംബത്തിലെ പുരുഷന്മാരെ പോലും സമരമുഖത്തു കൊണ്ടുവരരുതെന്നും അൻവർ എല്ലാവർക്കും നിർദ്ദേശം നൽകിയിരുന്നു. അതു തൊഴിലാളി സ്ത്രീകൾ അക്ഷരംപ്രതി പാലിച്ചു. ചർച്ചകളിൽ പങ്കെടുക്കാൻ സമരത്തിനു നേതൃത്വം നൽകുന്ന സ്ത്രീകൾ പോകരുതെന്നും നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തതു സമരത്തിനു നേതൃത്വം നൽകിയവരായിരുന്നില്ല. ചർച്ച പരാജയപ്പെട്ടാൽ അവിടെ സമരം തുടങ്ങണമെന്നും ചർച്ചയ്ക്കു പങ്കെടുത്തവർക്കു നിർദ്ദേശമുണ്ടായിരുന്നു.


രാജ്യത്താകെയുള്ള സംഘടിത തൊഴിലാളി വർഗം ഒറ്റക്കെട്ടായി തങ്ങൾ പണിയെടുക്കില്ലെന്ന് പ്രഖ്യാപിച്ച ദിവസമായിരുന്നു സമരം തുടങ്ങാനായി ഇവർ തിരഞ്ഞെടുത്തത്. സി എ കുര്യൻ എന്ന എഐടിയുസി നേതാവ് പ്രകടനത്തിന് സമീപത്തേക്ക് 60 ഓളം വരുന്ന തൊഴിലാളി സ്ത്രീകൾ കടന്ന് വരുന്നത് കണ്ടപ്പോൾ അഭിവാദ്യം ചെയ്യാനെത്തിയതായിരിക്കും എന്നാണ് കരുതിയത്. ആവേശം മൂത്ത് തൊഴിലാളി ഐക്യത്തെ കുറിച്ച് വീണ്ടും വാ തോരാതെ പ്രസംഗിച്ച കുര്യനെന്ന സഖാവിനെതിലെ ബോണസ് എവിടെ എന്ന് ചോദിച്ച് പാഞ്ഞടുക്കുകയായിരുന്നു തൊഴിലാളികൾ.

സി എ കുര്യനടക്കമുള്ള ട്രേഡ് യൂണിയനുകൾ നേതാക്കൾ തൊഴിലാളി പ്രതിഷേധത്തെ തുടർന്ന് പതിയെ അവിടെ നിന്ന് സ്ഥലം വിട്ടു. പിന്നെയും ഒരുപാട് നേരം അവിടെ തുടർന്ന് നേതാക്കളെ വെല്ലുവിളിച്ചാണത്രെ തോട്ടം തൊഴിലാളികൾ സ്ഥലം വിട്ടത്. ഇതിന്റെ അലയൊലി വീണ്ടും മൂന്നാറിൽ ഉണ്ടായി. തൊട്ടടുത്ത ദിവസം തന്നെ തങ്ങളെ വഞ്ചിച്ച തൊഴിലാളി സംഘടനകൾക്കെതിരായി പ്രതിഷേധം തോട്ടം തൊഴിലാളികൾ ശക്തമാക്കി. എഐടിയുസി, ഐഎൻടിയുസി ഓഫീസുകളിലേക്ക് മാർച്ച് നടത്തി തങ്ങളെ വഞ്ചിച്ച യൂണിയനുകൾക്കെതിരെ കലാപം പ്രഖ്യാപിക്കുകയായിരുന്നു പിന്നീട്.

ഇതിനിടെയാണ് ബാലശിങ്കത്തിന്റെ നേതൃത്വിത്തിൽ തൊഴിലാളികളുടെ പേരിൽ നേതാക്കളിൽ ചിലർ വാങ്ങിയെടുത്ത സ്വത്തിന്റേയും വീടുകളുടേയും കണക്കും തൊഴിലാളികൾ ശേഖരിച്ചു. ഇതോടെ ഇവരെല്ലാം തങ്ങളെ ചതിക്കുകയായിരുന്നു എന്ന് തൊഴിലാളികൾക്ക് ബോധ്യമായി. തോട്ടം തൊഴിലാളി കുടുംബമായതിനാൽ മാത്രമാണ് ഇ എസ് ബിജിമോൾക്ക് സമരത്തിൽ ഇരിക്കാനായത്. എന്നാൽ സമരത്തിന് ഇങ്ങനെ ഒരു സംഘടനാ രൂപം എങ്ങിനെ കൈവന്നു എന്നതിനെ കുറിച്ച് പൊലീസിന് ഒരു പിടിയും ഇല്ലായിരുന്നു.