ഇടുക്കി: മൂന്നാറിലെ തോട്ടം തൊഴിലാളികൾ തള്ളിപ്പറഞ്ഞതോടെ കേരളം വിട്ടു സ്വദേശത്തേയ്ക്കു മടങ്ങിയ കേരള തമിഴർ ഫെഡറേഷൻ നേതാവ് അൻവർ ബാലശിങ്കം വിട്ടുകൊടുക്കാൻ ഭാവമില്ലാതെ വീണ്ടും രംഗത്ത്. തമിഴ് തൊഴിലാളികൾക്ക് അർഹമായ അവകാശങ്ങൾ നൽകിയില്ലെങ്കിൽ മൂന്നാർ ഉൾപ്പെടുന്ന ദേവികളം, തേക്കടി-മുല്ലപ്പെരിയാർ ഉൾപ്പെടുന്ന പീരുമേട് താലൂക്കുകൾ തമിഴ്‌നാടിനോട് ചേർക്കുന്നതിനായി പോരാട്ടം നടത്തുമെന്ന് ബാലശിങ്കം സർക്കാരിന് മുന്നറിയിപ്പ് നൽകി. ഇതിനായി അഞ്ചു വർഷത്തെ സാവകാശം നൽകുമെന്നും അതുവരെ ആശയപരമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം സമരകാലത്തും അതിനു മുമ്പും തോട്ടം മേഖലകളിൽ ബാലശിങ്കത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നു വ്യക്തമായി. ഇതോടെ, സമരത്തിനു പിന്നിൽ ബാലശിങ്കവും തന്റേതായ പങ്കു വഹിച്ചുവെന്നാണ് ബോധ്യമാകുന്നത്.

മൂന്നാർ സമര വിജയത്തിനു പിന്നാലെ നടന്ന ടെലിവിഷൻ ചാനൽ ചർച്ചകളിലും മാദ്ധ്യമപ്രവർത്തകരോടും തൊഴിലാളികൾ ബാലശിങ്കത്തെ അറിയില്ലെന്നും സമരത്തിൽ അദ്ദേഹത്തിന് റോളില്ലെന്നും അറിയിച്ചതോടെ ഖിന്നനായാണ് ഇപ്പോൾ താമസിക്കുന്ന കമ്പത്തേയ്ക്ക് പോകാൻ നിർബന്ധിതനായത്. ഏഷ്യാനെറ്റ് ചർച്ചയ്ക്കിടെയാണ് ബാലശിങ്കം താൻ നാട്ടിലേയ്ക്ക് മടങ്ങുകയാണെന്നു പറഞ്ഞു സ്റ്റുഡിയോയിൽനിന്നും ഇറങ്ങിപ്പോയത്. റിപ്പോർട്ടർ ചാനലിലും ഏഷ്യാനെറ്റിലും അദ്ദേഹം ചർച്ചയിൽ പങ്കെടുത്തെങ്കിലും തൊഴിലാളികൾ ഉൾപ്പെടെ ആരുംതന്നെ ബാലശിങ്കത്തെ അംഗീകരിച്ചില്ലെന്നു മാത്രമലല്ല, അദ്ദേഹത്തിന്റെ അവകാശവാദങ്ങൾ പൂർണമായും തള്ളുകയുമായിരുന്നു.

തമിഴ് തീവ്രവാദിയായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. മൂന്നാർ സമരത്തിനു പിന്നിൽ തന്റെ നേതൃത്വമായിരുന്നുവെന്ന ആദ്യത്തെ പ്രഖ്യാപനം ബാലശിങ്കം പിൻവലിക്കുകയും സമരത്തിന് ആശയം പകർന്നത് താനാണെന്നു പറുകയും ചെയ്തിരുന്നു. തന്റെ പത്തു വർഷത്തെ ഐഡിയോളജിക്കൽ പോരാട്ടമാണ് മൂന്നാർ സമരത്തിന്റെ കാരണമെന്നാണ് ബാലശിങ്കം പറയുന്നത്. എങ്കിലും തൊഴിലാളി നേതാക്കളിൽ ചിലർ തന്നെ പരസ്യമായി തള്ളിയപ്പറഞ്ഞ സാഹചര്യത്തിലാണ് തിരികെ തമിഴ്‌നാട്ടിലേയ്ക്ക് പോന്നത്.

പിന്നീട് കമ്പത്തെ തന്റെ ഓഫീസിൽവച്ചാണ് തന്റെ തുടർ പ്രവർത്തനങ്ങളെക്കുറിച്ചു ബാലശിങ്കം പ്രതികരിച്ചത്. ഇടുക്കിയിൽ ജീവിക്കുന്ന തമിഴ് തൊഴിലാളികൾക്ക് എല്ലാ മൗലികാവകാശങ്ങളും ഉറപ്പാക്കണം. തമിഴ് തോട്ടം തൊഴിലാളികളെ നാലാംതരം പൗരന്മാരായാണ് സർക്കാർ കാണുന്നത്. അതു മാറണം. ഇപ്പോൾ തമിഴ് ജനവിഭാഗത്തിന് കമ്യൂണിറ്റി സർട്ടിഫിക്കേറ്റ് നൽകുന്നില്ല. തൊഴിലാളികളുടെ ജീവിത ചുറ്റുപാടുകൾ ശോചനീയമാണ്. കേരളത്തിൽ താമസിക്കുന്ന മുഴുവൻ തമിഴർക്കും കേരളീയരുടെ എല്ലാ അവകാശങ്ങളും അനുവദിക്കണം. അവരെയും കേരളീയരായിത്തന്നെ പരിഗണിക്കണം.

ആരു നിഷേധിച്ചു പറഞ്ഞാലും തന്റെ ആശയസമരങ്ങൾ ഇനിയും തുടരും. അത് അംഗീകരിച്ചു കിട്ടിയില്ലെങ്കിൽ സമരത്തിന്റെ റൂട്ട് മാറ്റും. ദേവികുളം, പീരുമേട് താലൂക്കുകൾ തമിഴാനാടിനോട് കൂട്ടിച്ചേർക്കണമെന്നാവശ്യപ്പെട്ട് റവലൂഷണറി പോരാട്ടം ആരംഭിക്കും. അപ്പോൽ തന്നെ തീവ്രവാദിയെന്നു മുദ്രകുത്തിയാലും പൊലിസ് വെടിവച്ച് കൊന്നാലും ഭയമില്ല. താൻ തീവ്രവാദിയാകും. തമിഴ് ജനതയുടെ അവകാശങ്ങൾക്കായി ജീവിതം ത്യജിക്കുന്നതിൽ അഭിമാനമേയുള്ളൂ. തന്റെ പ്രവർത്തനങ്ങളെയും പോരാട്ടത്തെയും ആർക്കും തടുക്കാനാവില്ലെന്നും കേരള സർക്കാരിന് അഞ്ച് വർഷത്തെ സമയം തമിഴരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ അനുവദിക്കുകയാണെന്നും ബാലശിങ്കം പറഞ്ഞു.

ഇതേസമയം, ബാലശിങ്കത്തിന്റെ അവകാശവാദങ്ങൾ കേരള പൊലിസും തൊഴിലാളികളും നിരാകരിച്ചുവെങ്കിലും മൂന്നാറിലെ മൂന്നാർ ഉൾപ്പെടെയുള്ള തോട്ടം മേഖലകളിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി തെളിഞ്ഞു. സമരം ശക്തിയാർജിക്കുന്നതിനു തൊട്ടുമുമ്പ് മൂന്നാർ സെവന്മല എസ്റ്റേറ്റിലെ ഒറ്റപ്പാറയിൽ ബാലശിങ്കം ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങൾ അവിടെ തങ്ങിയിരുന്നതായും സൂചന ലഭിച്ചു. സെപ്റ്റംബർ 18ന് പീരുമേട്ടിലെ പ്രമുഖ തോട്ടം മേഖലയായ വണ്ടിപ്പെരിയാറിലും എത്തിയിരുന്നു.

മൂന്നാർ സമരം ശക്തമാകവെ, മൂന്നാറിലെ ചില വ്യാപാരികളെ വിളിച്ചുകൂട്ടുകയും സമരത്തിന്റെ പിന്തുണ നൽകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. വ്യാപാരകളുടെ യോഗത്തിൽ തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിൽനിന്നുള്ള വ്യാപാരികളും മറ്റു ചിലരും കൂടി പങ്കെടുത്തു. സമരക്കാർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും നൽകിയത് മൂന്നാറിലെ തമിഴ് വ്യാപാരികളായിരുന്നവെന്നാണ് റിപ്പോർട്ട്. ബാലശിങ്കത്തിന്റെ നേതൃത്വം ഇതിനു പിന്നിലുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.