കൊച്ചി: ദുബായിൽ ഫുഡ്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ ഹെയർ സ്റ്റൈലിസ്റ്റായിരുന്ന എറണാകുളം സ്വദേശി മുഹമ്മദ് അൻവറിന് സഹായ ഹസ്തവുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. അൻവർ ദുരിത ജീവിതം നയിക്കുകയാണെന്നും കയ്യിൽ നിധിപോലെ സൂക്ഷിക്കുന്ന മറഡോണ കയ്യൊപ്പു ചാർത്തിയ ടീ ഷർട്ട് വിൽപ്പനയ്ക്ക് വയ്ക്കാൻ പോകുകയാണെന്നുമുള്ള മറുനാടൻ വാർത്ത വന്നതിന് പിന്നാലെയാണ് ബോബി സഹായം ചെയ്യാൻ സന്നദ്ധത അറിയിച്ചത്. ബോബിയുടെ ആത്മ സുഹൃത്തായിരുന്ന മറഡോണയുടെ പ്രിയപ്പെട്ട ഹെയർ സ്‌റ്റൈലിസ്റ്റ് ദുരിതത്തിലാണെന്ന വാർത്ത അറിഞ്ഞ് മറുനാടനെ ബന്ധപ്പെട്ടാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

മറഡോണയുടെ കയ്യൊപ്പു ചാർത്തിയ ടീ ഷർട്ട് വാങ്ങി തക്കതായ പ്രതിഫലം നൽകും. മറഡോണയുടെ നിരവധി ഓർമ്മകൾ തന്റെ കൈവശമുണ്ടെങ്കിലും അനവറിന് ഒരു സഹായമാകാനാണ് ടീ ഷർട്ട് വാങ്ങുന്നത്. കൂടാതെ ഒരു ജോലി നൽകാനും ശ്രമിക്കും. മറഡോണയുടെ ഹെയർ സ്റ്റൈലിസ്റ്റിനെ ഇനി ചേർത്തു പിടിക്കാൻ താൻ ഉണ്ടാവുമെന്നും മറുനാടനോട് അദ്ദേഹം പ്രതികരിച്ചു. നിലവിലെ സാഹചര്യങ്ങൾ മനസ്സിലാക്കിയതിന് ശേഷം അടുത്ത ആഴ്ച കൊച്ചിയിലെത്തുമ്പോൾ അൻവറിന് നേരിൽ കാണുമെന്നും ബോബി മറുനാടനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അൻവറിന്റെ ദുരിത ജീവിതം മറുനാടൻ എക്സ്‌ക്ലൂസീവ് ചാനൽ വഴി പുറം ലോകത്തെത്തിയത്. എട്ടു വർഷത്തിലേറെ മനസിൽ ചേർത്തു വച്ച നിധി എറണാകുളം ഫോർട്ടുകൊച്ചി പെരുമാൾ പറമ്പിൽ മുഹമ്മദ് അൻവർ ദാരിദ്രം മൂലം ലേലത്തിനു വയ്ക്കുന്നു എന്നായിരുന്നു വാർത്ത. ലോക ഫുട്ബോൾ അത്ഭുതം ഡിയാഗോ മാറഡോണ കൈകൊണ്ട് ഒപ്പിട്ടു നൽകിയ ടീഷർട്ടാണ് വിൽപ്പനയ്ക്ക് വയ്ക്കാൻ ഒരുങ്ങിയത്. ദുബായ് അൽവാസൽ ക്ലബ് മുഖ്യ പരിശീലകനായിരിക്കെ മൂന്നു വർഷം മാറഡോണയുടെ സ്വകാര്യ മുടിവെട്ടു കാരനായിരുന്നു അൻവർ. മകന്റെ ജന്മദിന ദിവസത്തിൽ അക്കാര്യം പറഞ്ഞപ്പോൾ ഒരു ടീഷർട്ട് വാങ്ങി വരൂ എന്നു പറഞ്ഞു വിട്ടു വാങ്ങിപ്പിച്ച് ഒപ്പിട്ടു സമ്മാനിക്കുകയായിരുന്നു.

നീളമുള്ള മുടി മുറിക്കുകയും താടി സ്‌റ്റൈലാക്കിയതും അൻവറാണ്. തല നിറഞ്ഞു നിൽക്കുന്ന മുടിയാണ് മാറഡോണയ്ക്കുണ്ടായിരുന്നത്. ആദ്യം നീട്ടി വളർത്തിയ മുടിയാണ് വെട്ടിയത്. വെട്ടിക്കളഞ്ഞതിൽ അദ്ദേഹത്തിനു വിഷമമുണ്ടെന്നു തോന്നിയില്ല. ഇടയ്ക്ക് നീട്ടി വളർത്തുന്നതാണ് പതിവ്. ഇടയ്ക്കു താടിയും നീട്ടി വളർത്തി അറബികളുടേതു പോലെയാക്കുമായിരുന്നു. അത് വരച്ചു കൊടുത്തിരുന്നതും അൻവർ തന്നെയായിരുന്നു.

അദ്ദേഹം ക്ലബ് പരിശീലകനായിരുന്ന കാലത്ത് മുടിവെട്ടാൻ കാർ വിടും. 'ഹോല.. അൻവർ..' എന്നു വിളിച്ച് ആഹ്ലാദത്തോടെയാണ് സ്വീകരണം. ഒപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിക്കും. ഭാഷയുടെ അതിരുകളില്ലാതെ തന്നോടും താൻ അദ്ദേഹത്തോടും സംവദിച്ചിരുന്നു. അദ്ദേഹത്തിനു ഇംഗ്ലീഷും ഹിന്ദിയും അറിയില്ല. ഇംഗ്ലീഷ് തനിക്കും അറിയില്ല. പക്ഷെ അന്ന് മുറിവാക്കുകളിൽ ഹൃദയം കൊണ്ടാണു സംസാരിച്ചിരുന്നതെന്ന് ഇപ്പോൾ തോന്നുന്നു. - അൻവർ ഓർക്കുന്നു.



20 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയപ്പോൾ കാത്തിരുന്നത് വൻ തുക കടം. ഇതിനിടയിൽ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയി. പലയിടത്തും ജോലി ചെയ്തെങ്കിലും ആരോഗ്യം ക്ഷയിച്ച് പല്ലു കൊഴിഞ്ഞു പുറമേയുള്ള സൗന്ദര്യം നഷ്ടമായതോടെ പുതിയ ബ്യൂട്ടി പാർലറുകാർക്കൊന്നും ആവശ്യമില്ലാതായി. വീട്ടുകാരും അകന്നതോടെ ജീവിതത്തിൽ ദുരിതം നിറഞ്ഞു. തമ്മനത്ത് ഒരു കുടുസുമുറി വീട്ടിൽ വാടക പോലും കൊടുക്കാൻ നിവൃത്തിയില്ലാതെ കഴിയുകയാണ് അൻവർ. ബോബി ഈ കഥ അറിഞ്ഞതോടെയാണ് സഹായത്തിനായി രംഗത്തെത്തിയത്.