സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന പ്രേമത്തിന്റെ നിർമ്മാതാവ് അൻവർ റഷീദ് വിവിധ സിനിമാ സംഘടനകളിൽ നിന്ന് രാജിക്കൊരുങ്ങുന്നു. പ്രേമത്തിന്റെ വ്യാജപതിപ്പുകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ആന്റി പൈറസി സെല്ലും സിനിമാ സംഘടനകളും നടപടിയൊന്നും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് അൻവർ റഷീദ് സംഘടനകളിൽ നിന്ന് രാജിവയ്ക്കുന്നത്.

പ്രേമത്തിന്റെ വ്യാജപതിപ്പ് ഓൺലൈനിലൂടെയും വിപണികളിലും വ്യാപകമായി പ്രചരിക്കുകയാണ്. സിനിമാ വ്യവസായത്തെ തകർക്കുന്ന തരത്തിലുള്ള പൈറസി ഭീഷണി ശ്രദ്ധയിൽ പെടുത്തിയിട്ടും സിനിമാ സംഘടനകൾ മൗനം പാലിക്കുകയാണെന്നാണ് അൻവർ റഷീദ് പറയുന്നത്.

അതിനാൽ, ചലച്ചിത്രസംഘടനകളിൽ നിന്നും രാജി വയ്ക്കുകയാണ്. ഇനിമുതൽ സംഘടനകളുടെ പിന്തുണയില്ലാതെ സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്യാനാണ് അൻവറിന്റെ പദ്ധതി.

ചലച്ചിത്രസംഘടനകളെ കൊണ്ട് മലയാള സിനിമയ്ക്ക് ഒരു പ്രയോജനവുമില്ല. സംവിധായകൻ എന്ന നിലയിൽ ഫെഫ്കയിലും നിർമ്മാതാവ് എന്ന നിലയിൽ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനിലും അംഗമാണ് താൻ. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും ഫെഫ്കയെയും പൈറസി കാര്യത്തിൽ രണ്ടാഴ്ച മുമ്പ് സമീപിച്ചതാണ്. ഇക്കാര്യത്തിൽ നിലപാട് എടുക്കാനോ എന്തെങ്കിലും ചെയ്യാനോ അവർ തുനിയുന്നില്ല. ഈ സംഘടനകളിലൊന്നും ഇനി പ്രവർത്തിക്കില്ല. പൈറസി പോലുള്ള അതീവഗുരുതരമായ വിഷയങ്ങളിൽ പോലും മൗനം പാലിക്കുകയാണ് സംഘടനകൾ.

പ്രേമം എന്ന ചിത്രത്തിന് വേണ്ടി മാത്രം സംസാരിക്കുകയല്ല താനെന്നും സിനിമ നിർമ്മാണത്തെ തന്നെ അടിതെറ്റിക്കുന്ന കാര്യമാണിതെന്നുമാണ് അൻവർ പറയുന്നത്. സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ തന്നെ സിഡി കടകളിലും ഓൺലൈനിലും വ്യാജപതിപ്പെത്തിയാൽ ഇൻഡസ്ട്രി തന്നെ അപകടത്തിലാണ്. വിജയ് ചിത്രം പുലിയുടെ ടീസർ അനധികൃതമായി പകർത്തി യൂട്യൂബിൽ അപ് ലോഡ് ചെയ്തയാളെ പിടികൂടിയത് മണിക്കൂറുകൾക്കുള്ളിലാണ്. എന്നാൽ, പ്രേമം വ്യാജപകർപ്പിന്റെ കാര്യത്തിൽ ഒരു നിയമനടപടിയും എടുത്തില്ലെന്നും അൻവർ പരാതിപ്പെട്ടു.

ഓൺലൈനിൽ പല സൈറ്റുകളിൽ നിന്നും ഫേസ്‌ബുക്ക് പേജിൽ നിന്നും വ്യാജപകർപ്പ് നീക്കം ചെയ്തുവെങ്കിലും ആസൂത്രണ ബുദ്ധിയോടെ വീണ്ടും വീണ്ടും അപ് ലോഡ് ചെയ്യുകയാണെന്നും അൻവർ പരാതിപ്പെടുന്നു. തിരുവനന്തപുരത്തും ചെന്നൈയിലുമുള്ള രണ്ട് സ്റ്റുഡിയോകളിലാണ് സെൻസർ കോപ്പി നൽകിയിരുന്നത്. സിനിമയുടെ മെറ്റീരിയൽ ഉള്ള രണ്ട് സ്റ്റുഡിയോകൾ കേന്ദ്രീകരിച്ചും ഒരു അന്വേഷണവും നടന്നില്ല. സിനിമ, തിയറ്ററുകൾ പ്രദർശിപ്പിക്കുന്ന ഘട്ടത്തിൽ തന്നെ വ്യാജപകർപ്പുകൾ പ്രചരിക്കാനുള്ള സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും അൻവർ പരാതിപ്പെട്ടു.