കൊച്ചി: കൊച്ചി മെട്രോ റെയിൽ നിർമ്മാണത്തിന് ആവശ്യമുള്ള ഭൂമി ഏറ്റെടുത്തു നൽകുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ പരാതി പരസ്യമായി പരഞ്ഞ് ഡിഎംആർസിയും രംഗത്തെത്തി. കൊച്ചി മെട്രോയുടെ ആദ്യഘട്ട നിർമ്മാണം ഉദ്ദേശിച്ച സമയത്ത് നടക്കാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഡിഎംആർസി അധികൃതരുടെ പ്രതികരണം. മെട്രോയുടെ സുപ്രധാന സ്ഥലമായ എറണാകുളം നോർത്തിൽ പ്രമുഖ വസ്ത്രസ്ഥാപനമായ ശീമാട്ടിയുടെ ഭൂമി മെട്രോയുടെ ആവശ്യത്തിനായി നേടിയെടുക്കാൻ ഇനിയും സാധിച്ചിട്ടില്ല. ഇതടക്കമുള്ള സ്ഥലമെടുപ്പ് അനിശ്ചിതമായി നീങ്ങുന്നതിനിടെയാണ് സ്ഥലമേറ്റെടുപ്പ് വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഡിഎംആർസി രംഗത്തെത്തിയത്.

ഭൂമി ഏറ്റെടുക്കൽ വൈകുന്നതുകൊച്ചി മെട്രോ നിർമ്മാണത്തെ ബാധിച്ചതായി ഡിഎംആർസി എം.ഡി മങ്കുസിംഗാണ് വ്യക്തമാക്കിയത്. നാളെ കെഎംആർഎല്ലുമായി നടക്കുന്ന ചർച്ചയിൽ ആശങ്ക പരിഹരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും മംഗു സിങ് പറഞ്ഞു. ആലുവ മുതൽ മഹാരാജാസ് കോളേജ് വരെയുള്ള മെട്രോയുടെ നിർമ്മാണ പുരോഗതി മങ്കുസിങ് വിലയിരുത്തി. മെട്രോ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലും യാർഡുകളിലും മങ്കുസിങ് സന്ദർശനം നടത്തി. കരാറിൽ വാഗ്ദാനം ചെയ്തപോലെ സ്ഥലം കൈമാറിയിട്ടില്ല. ഡിഎംആർസിയിൽ നിന്നുള്ള വിവിധ ഡയറക്ടർമാരടങ്ങിയ സംഘമാണ് നിർമ്മാണ ജോലികൾ വിലയിരുത്തിയത്.

കൊച്ചി മെട്രോ നിർമ്മാണം വൈകില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. നിശ്ചിത ദൂരം നിശ്ചിത സമയത്ത് തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രോയുടെ ഇതുവരെയുള്ള നിർമ്മാണ പുരോഗതിയിൽ പൂർണ സംതൃപ്തിയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എതിർപ്പുകൾ ഇല്ലാതാക്കി ഇത്തരത്തിൽ നിർമ്മാണം നടക്കുന്നത്.

തുടക്കം മുതൽ മെട്രോയുടെ നിർമ്മാണം പലകാരണങ്ങളാൽ തടസ്സപ്പെട്ടിരുന്നു. തൊഴിലാളി പ്രശ്‌നങ്ങളാൽ പല വേളകളിലും നിർമ്മാണം തടസ്സപ്പെട്ടു. ഇത് പരിഹരിച്ചുവന്നപ്പോൾ മണൽ അടക്കമുള്ള സാമഗ്രികളുടെ ലഭ്യതയും ബാധിച്ചു. ഇതിന് പിന്നാലെയാണ് സ്ഥലമെടുപ്പും മെട്രോ നിർമ്മാണത്തെ തടസ്സപ്പെടുത്തുന്നത്. അതേസമയം മെട്രെയുടെ കാലുകളുടെ നിർമ്മാണം പലയിടത്തും പൂർത്തിയായിട്ടില്ല. നാല് സ്റ്റേഷനുകളുടെ മാത്രമാണ് പണി തുടങ്ങിയിട്ടുള്ളതും. ഈ സാഹചര്യത്തിൽ സ്ഥലമെടുപ്പല്ല ഇപ്പോഴത്തെ പ്രധാന പ്രശ്‌മെന്നാണ് കെഎംആർഎലിന്റെ പക്ഷം. എത്രയും വേഗം സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാൻ കെഎംആർഎൽ ശ്രമം നടത്തിവരികയും ചെയ്യുന്നു.

ഇതിനിടെയാണ് ബീനാ കണ്ണനെ പോലുള്ളവർ എതിർപ്പുമായി രംഗത്തെത്തിയത്. മെട്രോയെ തുടക്കം മുതൽ എതിർക്കുന്ന ബീനാ കണ്ണനുമായി ഇരുപതിലേറെ കെഎംആർഎൽ അധികൃതർ ചർച്ച നടത്തിയിട്ടും സ്ഥലം വിട്ടുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. പിന്നീട് സ്ഥലമേറ്റെടുപ്പിൽ പ്രത്യേക ചട്ടം ഉപയോഗിച്ച് പൊന്നുംവില നൽകി ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് കെഎംആർഎൽ കത്തു നൽകിയിട്ടും ഇതിന്മേൽ തീരുമാനും ഉണ്ടായിട്ടില്ല. കലക്ടറുമായി നടത്തിയ ചർച്ചയിൽ ഭൂമി വിട്ടു നൽകാമെന്ന് സമ്മതിച്ച ശേഷം വാക്കുമാറിയതോടെ സ്ഥലം ഏറ്റെടുപ്പ് അനിശ്ചിതത്വത്തിൽ ആകുകയായിരുന്നു.

കെഎംആർഎൽ പണം നൽകി വാങ്ങുന്ന ഭൂമിയിലൂടെ ശീമാട്ടിക്ക് വഴി നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇതോടെയാണ് ചർച്ചകൾ പരാജയപ്പെട്ടതും. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ പ്രത്യേക വകുപ്പുകൾ പ്രകാരം മെട്രൊ നിർമ്മാണത്തിനായി ശീമാട്ടിയുടെ 30 സെന്റ് ഭൂമി എറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർ രാജമാണിക്യത്തിന് കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ്ജ് കത്ത് നൽകിയിട്ട് ഒരു മാസം കഴിഞ്ഞു. കലക്ടർ ഉത്തരവിട്ട് 48 മണിക്കൂറിനകം വേണമെങ്കിൽ ജില്ലാ ഭരണകൂടത്തിന് സ്ഥലം ഏറ്റെടുക്കാം. പണം കെട്ടിവെക്കേണ്ടത് കോടതിയിലാണ് താനും. എന്നാൽ അതിന് വഴങ്ങാതെ മുന്നോട്ടു പോകുന്നത് ഉന്നത ,സമ്മർദ്ദത്താലാണെന്ന ആരോപണവും ശക്തമാണ്.