- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീൻ ജനതയുടേതെന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച് എ.പി അബദുള്ള കുട്ടി; ഷെയർ ചെയ്തത് ജോർദ്ദാനിൽ നിന്നുള്ള തമാശ വീഡിയോ; സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷവിമർശനം
കോഴിക്കോട്: ഇസ്രയേൽഫലസ്തീൻ സംഘർഷം തുടരുന്നതിനിടെ ഫലസ്തീൻ ജനതയുടേതെന്ന പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. ഫലസ്തീൻ പോരാട്ടത്തിന് ലോകത്തിന്റെ സഹതാപം പിടിച്ചുപറ്റാൻ ഇവർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത് എന്ന തലക്കെട്ടോടു കൂടിയാണ് ഒരു വ്യാജ സംസ്‌കാര ചടങ്ങിന്റെ ദൃശ്യങ്ങൾ അബ്ദുള്ള കുട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ ഈ വീഡിയോ ജോർദ്ദാനിൽ നിന്നുള്ള ഒരു തമാശ വീഡിയോയാണ്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന 24.മല യുടെ ട്വിറ്റർ ഹാൻഡിൽ 2020 മാർച്ച് 24ന് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രസ്തുത ട്വീറ്റിൽ പറയുന്നത് ഇങ്ങനെ: ലോക്ഡൗൺ സമയത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ജോർദ്ദാനിലെ ചില യുവാക്കൾ വ്യാജ ശവസംസ്‌കാര ചടങ്ങ് സംഘടിപ്പിച്ചു. പൊലീസിന്റെ സൈറൺ കേട്ടപ്പോൾ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സുരക്ഷിതരായിരിക്കൂ എന്ന ഹാഷ്ടാഗും ഇതിനോടൊപ്പമുണ്ട്.
ഫലസ്തീൻ വിഷയത്തിൽ ബിജെപിയുടെ ഇസ്രയേൽ അനുകൂല നിലപാട് വ്യക്തമാക്കുന്നതിനായി വ്യാജ വീഡിയോ ഉപയോഗിക്കുകയാണ് അബ്ദുള്ളക്കുട്ടി ചെയ്തതെന്ന് സോഷ്യൽ മീഡിയാ ചൂണ്ടിക്കാണിക്കുന്നു.
അബ്ദുള്ളക്കുട്ടി അവറുകൾ അങ്ങ് ചെയ്ത പോസ്റ്റ് ഒരിക്കലും ഫലസ്തീൻ അല്ല. അങ്ങെയുടെ രാഷ്ട്രീയത്തിൽ കെട്ടുകഥ പ്രചരിപ്പിക്കാതിരിക്കുക, അങ്ങ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഉയർന്ന സ്ഥാനത്തിരിക്കുന്ന മഹൽ വ്യക്തിയാണ്, ഒരു കമന്റിലെ വാചകങ്ങൾ.
ഷെയ്ഖ് ജാറ മേഖലയിലെ ഫലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെ തുടർന്ന് ഏതാനും നാളുകളായി സംഘർഷം തുടരുകയാണ്. അൽ അഖ്‌സയിൽനിന്ന് ഇസ്രയേൽ സേന പിൻവാങ്ങാൻ ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് നൽകിയ സമയം തിങ്കളാഴ്ച അവസാനിച്ചിരുന്നു.
തുടർന്നു ഹമാസ് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം നടത്തി. ഇതോടെ ഇസ്രയേൽ നടപടികൾ കടുപ്പിച്ചു. അൽ അഖ്‌സ പള്ളി വളപ്പിൽ നടത്തിയ കണ്ണീർവാതക, റബർ ബുള്ളറ്റ് പ്രയോഗത്തിൽ നൂറുകണക്കിനു ഫലസ്തീൻകാർക്കു പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ഗസ്സയിലെ ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയുടെ മുതിർന്ന കമാൻഡർ അടക്കമുള്ളവരെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ അറിയിച്ചു.