- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആധുനികതയെ അപനിർമ്മിക്കുമ്പോൾ
കൊളോണിയൽ, നവോത്ഥാന, ദേശീയ ആധുനികതകളുടെ രാഷ്ട്രീയാപനിർമ്മാണമാണ് ആധുനികാനന്തരതയുടെ സാംസ്‌കാരികപദ്ധതികളിലൊന്ന്. ശാസ്ത്രമുൾപ്പെടെയുള്ള വിജ്ഞാനങ്ങൾ, സാഹിത്യവും കലകളും പോലുള്ള ഭാവാനുഭൂതികൾ, മതവും ജാതിയും തൊട്ടുള്ള സാമൂഹ്യസ്ഥാപനങ്ങൾ, ഭാഷ മുതൽ മാധ്യമം വരെയുള്ള ആവിഷ്‌ക്കാരങ്ങൾ, വിദ്യാഭ്യാസം മുതൽ ദായക്രമം വരെയുള്ള ജീവിതരീതികൾ, ജനാധിപത്യം മുതൽ മതേതരത്വം വരെയുള്ള മൂല്യവ്യവസ്ഥകൾ എന്നിങ്ങനെ സമസ്തമണ്ഡലങ്ങളിലും ആധുനികത നിർമ്മിച്ചെടുത്ത യുക്തികൾ പാശ്ചാത്യവും പുരുഷാധീശപരവും സവർണവും ദേശീയവുമായിരുന്നു എന്ന കാടടച്ചുള്ള വിമർശനമുന്നയിച്ചുകൊണ്ട് അവയെ ചരിത്രപരവും സങ്കല്പനപരവുമായി റദ്ദുചെയ്യാനുള്ള വലിയൊരു പദ്ധതിതന്നെ കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി നിലവിൽ വന്നിട്ടുണ്ട്. നിശ്ചയമായും ആധുനികത, മറ്റേതൊരു ബൃഹദാഖ്യാനവുംപോലെ നിരവധി ആന്തരവിമർശനസാധ്യതകൾ ഉള്ളിലൊളിപ്പിച്ച ഒരു അധിനിവേശ ജ്ഞാനപദ്ധതിയായിരുന്നു. വിശേഷിച്ചും നമ്മുടേതുപോലുള്ള കോളനികളിൽ. പക്ഷെ അതങ്ങനെ മാത്രമായിരുന്നില്ല ലോകത്തൊരിടത്തും നിലനിന്നത്. മധ്യകാല ഫ്യൂഡൽ-മതാധി
കൊളോണിയൽ, നവോത്ഥാന, ദേശീയ ആധുനികതകളുടെ രാഷ്ട്രീയാപനിർമ്മാണമാണ് ആധുനികാനന്തരതയുടെ സാംസ്‌കാരികപദ്ധതികളിലൊന്ന്. ശാസ്ത്രമുൾപ്പെടെയുള്ള വിജ്ഞാനങ്ങൾ, സാഹിത്യവും കലകളും പോലുള്ള ഭാവാനുഭൂതികൾ, മതവും ജാതിയും തൊട്ടുള്ള സാമൂഹ്യസ്ഥാപനങ്ങൾ, ഭാഷ മുതൽ മാധ്യമം വരെയുള്ള ആവിഷ്‌ക്കാരങ്ങൾ, വിദ്യാഭ്യാസം മുതൽ ദായക്രമം വരെയുള്ള ജീവിതരീതികൾ, ജനാധിപത്യം മുതൽ മതേതരത്വം വരെയുള്ള മൂല്യവ്യവസ്ഥകൾ എന്നിങ്ങനെ സമസ്തമണ്ഡലങ്ങളിലും ആധുനികത നിർമ്മിച്ചെടുത്ത യുക്തികൾ പാശ്ചാത്യവും പുരുഷാധീശപരവും സവർണവും ദേശീയവുമായിരുന്നു എന്ന കാടടച്ചുള്ള വിമർശനമുന്നയിച്ചുകൊണ്ട് അവയെ ചരിത്രപരവും സങ്കല്പനപരവുമായി റദ്ദുചെയ്യാനുള്ള വലിയൊരു പദ്ധതിതന്നെ കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി നിലവിൽ വന്നിട്ടുണ്ട്.
നിശ്ചയമായും ആധുനികത, മറ്റേതൊരു ബൃഹദാഖ്യാനവുംപോലെ നിരവധി ആന്തരവിമർശനസാധ്യതകൾ ഉള്ളിലൊളിപ്പിച്ച ഒരു അധിനിവേശ ജ്ഞാനപദ്ധതിയായിരുന്നു. വിശേഷിച്ചും നമ്മുടേതുപോലുള്ള കോളനികളിൽ. പക്ഷെ അതങ്ങനെ മാത്രമായിരുന്നില്ല ലോകത്തൊരിടത്തും നിലനിന്നത്. മധ്യകാല ഫ്യൂഡൽ-മതാധിപത്യ വ്യവസ്ഥകളോടുള്ള വിപ്ലവകരമായ കലാപങ്ങളിൽ നിന്നാണ് യൂറോപ്പിൽ ആധുനികത ഉടലെടുക്കുന്നത്. കോളനികളിലേക്കുള്ള അതിന്റെ സംക്രമണം അധിനിവേശത്തിന്റെ പ്രത്യയശാസ്‌ത്രോപകരണം മാത്രമായല്ല പ്രവർത്തിച്ചത്. അവിടങ്ങളിലും നിലനിന്ന മധ്യകാലസംസ്‌കാരത്തിന്റെ മാറ്റിപ്രതിഷ്ഠിക്കലായിക്കൂടിയാണ്. സ്വാഭാവികമായും ആ സംസ്‌കാരത്തിന്റെ ഉടമകൾക്ക് ആധുനികത അധിനിവേശം മാത്രമായി തോന്നാതിരിക്കില്ലല്ലോ.
ജാത്യടിമത്തവും ബ്രാഹ്മണ്യവും അശാസ്ത്രീയചിന്തകളും സ്ത്രീവേട്ടയും ദാരിദ്ര്യവും പകർച്ചവ്യാധികളും നിരക്ഷരതയും കൊടികുത്തിവാണ ഒരു സമൂഹത്തിൽ ആധുനികത സൃഷ്ടിച്ച വഴിമാറ്റങ്ങൾ അധിനിവേശപരമായല്ല, വിമോചനപരമായാണ് ബഹുഭൂരിപക്ഷം വരുന്ന കീഴാളജനതയ്ക്കനുഭവപ്പെട്ടത്. 1888-ലെ അരുവിപ്പുറം പ്രതിഷ്ഠയിൽ കേരളീയനവോത്ഥാനത്തിന്റെ ആരംഭം കാണുന്ന ഒറ്റക്കണ്ണൻചരിത്രകാരന്മാർ ഓർക്കുക, അതിനും എഴുപത്തഞ്ചുവർഷം മുൻപ് കോട്ടയത്ത് അച്ചുകൂടപ്രതിഷ്ഠ നടത്തിയും കോളേജ് ആരംഭിച്ചും ജീവിച്ച ഒരു സായിപ്പ്, അവയോടൊപ്പം നടപ്പാക്കിയ ഒന്ന് വാക്‌സിനേഷനായിരുന്നു! ശരാശരി ആയുർദൈർഘ്യം നാല്പതുവയസ്സിൽ താഴെയുള്ള ഒരു ജനതക്കുമേൽ നടന്ന ഏറ്റവും സാമ്രാജ്യത്ത 'അധിവിവേശ'ങ്ങളിലൊന്നായിരുന്നു, അത്!
തങ്ങളുടെ സുവർണ ഭൂതകാലം തകർത്തുതരിപ്പണമാക്കിയ ചരിത്രപരമായ ആ കാവ്യനീതിയോടാണ് ആധുനികാനന്തര സവർണ ബുദ്ധിജീവികൾ ഇന്നു തിരിഞ്ഞുനിന്നു കലഹിക്കുന്നത്. അതുകൊണ്ടുതന്നെ പാശ്ചാത്യശാസ്ത്രവിജ്ഞാനങ്ങൾ മുതൽ ശാസ്ത്രീയവിദ്യാഭ്യാസം വരെയും ഇംഗ്ലീഷ് മുതൽ മതേതരത്വം വരെയും ജനാധിപത്യം മുതൽ നീതിന്യായവ്യവസ്ഥവരെയുമുള്ള മുഴുവൻ ആധുനികതാവ്യവഹാരങ്ങളോടുമുള്ള കണക്കുതീർക്കൽ ഇന്ത്യൻ സവർണതയുടെ അജണ്ടയായി തിരിച്ചുവന്നതുകൂടിയാണ് നമ്മുടെ ആധുനികാനന്തരത. ഓമനപ്പേരുകൾ മറ്റുചിലതാണെന്നേയുള്ളു-കോളനിയനന്തരവാദം, ആധുനികതാവിമർശനം, സാംസ്‌കാരിക സാമ്രാജ്യത്ത ധ്വംസനം, മാതൃഭാഷാവാദം, ദേശീയതാവിമർശനം എന്നിങ്ങനെ. ഒരുവശത്ത് ഇവയൊന്നടങ്കം ആധുനികതയോടുള്ള കലഹങ്ങളായി നിലനിൽക്കുമ്പോൾതന്നെ മറുവശത്ത് ആധുനികപൂർവ സവർണ-ബ്രാഹ്മണയുക്തികളുടെ നേർക്കു പുലർത്തുന്ന ഉദാസീനവും ഗൃഹാതുരവും ചരിത്രവിരുദ്ധവുമായ ആരാധനയും ആസക്തികളും കാണാതിരുന്നുകൂടാ.
കൊളോണിയൽ ആധുനികതയുടെ സാംസ്‌കാരിക പ്രത്യയശാസ്ത്രങ്ങളിൽ പ്രമുഖമായി പ്രവർത്തിച്ച ഇംഗ്ലീഷിനെതിരെ രൂപംകൊള്ളുന്ന നാനാതരം വിമർശനങ്ങളുടെ രാഷ്ട്രീയം ശ്രദ്ധിച്ചാൽ മതി, ഇതു മനസ്സിലാക്കാൻ. ഇംഗ്ലീഷ് ഒരു ഭാഷ മാത്രമല്ല, അന്നും ഇന്നും. ശാസ്ത്രം മുതൽ തത്വചിന്തവരെയും വിദ്യാഭ്യാസം മുതൽ സാമൂഹ്യഘടനവരെയും ജാതിവിമർശനം മുതൽ ജനാധിപത്യം വരെയും അച്ചുകൂടങ്ങൾ മുതൽ സാഹിത്യരൂപങ്ങൾ വരെയുമുള്ള മുഴുവൻ മണ്ഡലങ്ങളെയും ചരിത്രപരമായി പുനർനിർണയിച്ച പ്രത്യയശാസ്ത്ര ഉപകരണമാണത്. ജാതിവിരുദ്ധവും മതേതരവും ലിംഗനിരപേക്ഷവും വർഗാതീതവും ശാസ്ത്രീയവും ജനായത്തപരവുമായി മാനവികതയെ നിർവചിച്ച് ഇംഗ്ലീഷ് നടപ്പാക്കിയ സാംസ്‌കാരിക വിപ്ലവത്തിനുനേർക്ക് വാളെടുക്കുന്ന ഭാഷാവാദങ്ങൾക്കും സംസ്‌കാരവാദങ്ങൾക്കുമുള്ളത് ആ വിപ്ലവം റദ്ദാക്കിയ മൂല്യങ്ങളുടെ തിരിച്ചുപിടിക്കൽതന്നെയാകുമല്ലോ. ഇംഗ്ലീഷിനുമുൻപും പിൻപും ഇന്ത്യൻ, കേരളീയസമൂഹങ്ങളിൽ ജാതിനിഷ്ഠവും ബ്രാഹ്മണകേന്ദ്രിതവും ശാസ്ത്രവിരുദ്ധവും അയുക്തികവും അമാനവികവുമായ രാഷ്ട്രീയ-സാംസ്‌കാരികാധിപത്യം പുലർത്തിപ്പോരുന്ന സംസ്‌കൃതത്തിനുനേർക്ക് ഇതേ ഇംഗ്ലീഷ്‌വിരുദ്ധർ സൂക്ഷിക്കുന്ന വിമർശനരഹിതമായ നിശ്ശബ്ദതയും ഭക്ത്യാദരങ്ങളും ഒന്നു ശ്രദ്ധിച്ചാൽ മതി, ഈ രാഷ്ട്രീയം തിരിച്ചറിയാൻ. സ്വാഭാവികമായും കോളനിയനന്തരവാദം മുതൽ ദേശീയതാവിമർശനം വരെയും 'മാതൃ'ഭാഷാമൗലികവാദം മുതൽ 'തനതു'സംസ്‌കാരവാദം വരെയുമുള്ള മുഴുവൻ രാഷ്ട്രീയപദ്ധതികൾക്കും പിന്നിലുള്ള പ്രാഥമികതാല്പര്യം മധ്യകാലത്തേക്കുള്ള മടങ്ങിപ്പോക്കുതന്നെയാണ്. ആധുനികതാവിമർശനവും അധിനിവേശവിരുദ്ധതയുമൊക്കെ പിന്നീടേ അവയുടെ അജണ്ടകളാകുന്നുള്ളു.
അതേസമയംതന്നെ, ആധുനികതയുടെ ചില മൂല്യങ്ങളെങ്കിലും വിമർശനാത്മകമായി നോക്കിക്കാണുകയും അവ വിമർശനരഹിതമായി ആധുനികാനന്തര കാലത്തുപോലും പിൻപറ്റുകയും ചെയ്യുന്ന സാംസ്‌കാരികപ്രയോഗങ്ങളെ അപനിർമ്മിക്കുകയും ചെയ്യേണ്ടതുണ്ട്. ചരിത്രത്തിൽ ഒരു വ്യവഹാരം നിർമ്മിച്ച ഗുണാത്മകദൗത്യങ്ങൾ ഒന്നടങ്കം നിരാകരിച്ചുകൊണ്ടല്ല അതിനെ വിമർശിക്കേണ്ടത്. മറിച്ച് അതിന് അക്കാലത്തു തിരിച്ചറിയാൻ പറ്റാത്തതും പിന്നീട് തിരിച്ചറിഞ്ഞതുമായ പരിമിതികളുണ്ടെങ്കിൽ അവയെ വേറിട്ടെടുത്തു വിശദീകരിച്ചുകൊണ്ടാണ്. മുഖ്യമായും സാഹിത്യം, സിനിമ എന്നീ സംസ്‌കാരരൂപങ്ങളെ മുൻനിർത്തി (നാടകവും ആത്മകഥയും അനുഷ്ഠാനകലയുമൊക്കെ ഇവയിൽ ഉൾപ്പെടുന്നു) ഒട്ടൊക്കെ സന്തുലിതമായി ഈയൊരു വിമർശനദൗത്യം നിർവഹിക്കുന്ന മുപ്പത്തിരണ്ടു ചെറുലേഖനങ്ങളുടെ സമാഹാരമാണ് എ.ാി. ശ്രീഹരിയുടെ 'അപകേരളീകരണം'.
(ഭാഷാപരവും രാഷ്ട്രീയവുമായ) ദേശീയത, (ജാതിപരവും മതപരവുമായ) സവർണത (ലിംഗപരവും അധികാരപരവുമായ), ആണത്തം എന്നീ മൂന്നു പരികല്പനകളെ ആധുനികതയുടെ നേർക്കുള്ള കുറ്റപത്രങ്ങളായി സങ്കല്പിച്ചുകൊണ്ട് മലയാളസന്ദർഭത്തിൽ വിശദീകരിക്കുകയും അതുവഴി കേരളമെന്ന സാംസ്‌കാരിക ബൃഹദാഖ്യാനത്തെ അപനിർമ്മിക്കുകയുമാണ് ഈ പുസ്തകത്തിന്റെ താല്പര്യം. പ്രസന്നതയും ഉത്സാഹവും വെളിപ്പെടുന്ന രചനകൾ. പരന്നവായനയുടെ തെളിവുകൾ. മൂർച്ചയുള്ള നിരീക്ഷണങ്ങൾ. കരുണയില്ലാത്ത ഹിംസകൾ. സാഹിത്യമണ്ഡലത്തിലെ വലുതുകളെക്കാൾ ചെറുതുകളെ തേടിപ്പോകുന്ന ആർജ്ജവം, അന്തർവൈജ്ഞാനികവും ബഹുസാംസ്‌കാരികവുമായ കാഴ്ചപ്പാടുകൾ-ശ്രീഹരിയുടെ ലേഖനങ്ങൾ അവയുടെ രൂപപരമായ ഹ്രസ്വതയെ മറികടക്കുംവിധം അക്കാദമിക സൂക്ഷ്മത പുലർത്തുന്നവയാണ്.
'കവിതയുടെ അപകേരളീകരണം' എന്ന ആദ്യലേഖനത്തിൽ ശ്രീഹരി തന്റെ നിലപാട് തുറന്നെഴുതുന്നുണ്ട്. കേരളദേശീയതയുടെ നിർമ്മിതി തമസ്‌കരിച്ചുകളഞ്ഞ പ്രാദേശിക സാംസ്‌കാരികപ്പലമകളിൽ നിന്നു തുടങ്ങി അപകോളനീകരണത്തിന്റെ ഒരു കേരളീയവ്യാഖ്യാനവും ആഖ്യാനവും സാധ്യമാക്കാനുള്ള ശ്രമമാണ് ഈ രചന. 'കവിത'യാണ് ഈ പ്രക്രിയയുടെ സാംസ്‌കാരികഭൂമിക. ഇരുപതാം നൂറ്റാണ്ടിൽ മലയാളകവിത ഭാഷയിലും ഭാവുകത്വത്തിലും കെട്ടിപ്പടുത്ത 'കേരള'ത്തിന്റെ അപനിർമ്മിതിയായി മാറുന്നു ഈ ലേഖനം. ഭാഷയുടെ മാനകീകരണം ഭാവനയുടെയും മാനകീകരണമായി മാറുകയായിരുന്നു ആധുനികതയിൽ. അങ്ങനെ കവിത ദേശീയതയുടെ ഭാവഭൂപടങ്ങൾക്കു രൂപം കൊടുത്തു. ഇ.വി. രാമകൃഷ്ണനും പി.പി. രവീന്ദ്രനും മറ്റും ചൂണ്ടിക്കാണിക്കുന്നതുപോലെ, കവിതയിൽ ദേശീയതയെ തച്ചുടയ്ക്കുകയെന്നത് ഗദ്യസാഹിത്യത്തിലെന്നപോലെ ക്ഷിപ്രസാധ്യമല്ല. എന്തുകൊണ്ട്? :
'കവിതയുടെ മുഖ്യധാര ഒരു 'സാർവലൗകിക'വ്യവഹാരത്തിന് അടിമപ്പെട്ടിട്ടുണ്ട്. കാലാതീതമായ ആശയങ്ങളുടെ ലോകം കവിതയെ കാര്യമായി സ്വാധീനിച്ചപ്പോൾ ഗദ്യത്തെ നിയന്ത്രിച്ചത് അന്നന്നത്തെ സാമൂഹ്യഘടനയും ദൈനംദിനജീവിതത്തിലെ മനുഷ്യബന്ധങ്ങളുമൊക്കെയാണ് എന്ന് ഇ.വി. രാമകൃഷ്ണൻ 'അച്ചടിയും ആധുനികതയും' എന്ന ലേഖനത്തിൽ നിരീക്ഷിക്കുന്നുണ്ട്. ഈ ദൈനംദിനം എന്നത് ഒരാശയമാണ്. ദിനപത്രം വരുന്നതോടുകൂടിയാണ് ദൈനംദിനം ഒരാശയമായി സാഹിത്യത്തിലും നമ്മുടെ മനസ്സിലും കടന്നുവരുന്നത്. ഈ ദൈനംദിനത്തെ കവിതയിൽ ഉൾക്കൊള്ളാമോ എന്ന ചോദ്യത്തിന് മലയാളം ഇനിയും കൃത്യമായി ഉത്തരം പറഞ്ഞിട്ടില്ല എന്നു രാമകൃഷ്ണൻ കരുതുന്നു.
അച്ചടിയുടെ മാനകീകരിച്ച ഭാഷയിൽ കവിത നിർമ്മിച്ചാൽ പ്രാദേശികമായ വ്യത്യാസമില്ലാതെ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റും എന്ന ധാരണ പ്രബലമാണ്. ഒരു നൂറ്റാണ്ടിലധികമായി മലയാളത്തിൽ ദേശ-കാല-വർണ-ലിംഗ-ഭാഷാ പരിഗണനകൾ ഭേദിക്കുന്ന, ശാശ്വതമൂല്യങ്ങളുടെ ഭണ്ഡാഗാരമാണ് ക്ലാസിക്കുകൾ എന്ന പ്രത്യയശാസ്ത്രബോധമാണ് ഭരിക്കുന്നത്. യാഥാർത്ഥ്യത്തെ നിസ്സംഗമായി കടത്തിവിടുന്ന നിർദ്ദേശരൂപമല്ല, യാഥാർത്ഥ്യത്തെ നിർമ്മിക്കുന്നതുകൂടി ഭാഷയാണ് എന്ന തിരിച്ചറിവാണ് ഇപ്പോൾ നമുക്കുണ്ടാവേണ്ടത്. ഭാഷയിൽ ഒരു ജിപ്‌സിയെപോലെ അലയാൻ കവി ബാധ്യസ്ഥനാണ്. ജർമൻ ഭാഷയിൽ ഒരു യഹൂദനായി ജീവിച്ച കാഫ്കയേക്കുറിച്ച് ഫെലിക്‌സ് ഗുത്താരിയും ഗില്ലെസ് ദില്യൂസും സിദ്ധാന്തിക്കുന്നുണ്ട്. ചെറിയ സാഹിത്യം (Minor Literature) എന്ന സങ്കല്പനം വികസിപ്പിച്ച ദില്യൂസും ഗുത്താരിയും പറയുന്നത് ഒരു ചെക്കോസ്ലോവാക്യൻ എഴുത്തുകാരൻ എങ്ങനെയാണ് ജർമൻ 'സാർവലൗകിതസാഹിത്യ' പ്രത്യയശാസ്ത്രത്തെ ചെറുത്തുനിന്നത് എന്നാണ്. കറുത്തവർ അമേരിക്കയിലും ഐറിഷ് കവികൾ ഇംഗ്ലീഷിലും വരുത്തിയ മാറ്റവും ഈ ചെറിയ സാഹിത്യമണ്ഡലത്തെ പ്രതിരോധമേഖലയായി മാറ്റുന്നു. മുഖ്യധാരയിൽ നിന്നുകൊണ്ടുതന്നെയുള്ള ഒരു നിർമ്മാണപ്രക്രിയയാണിത്.
കടമ്മനിട്ടക്കവിത എങ്ങനെയാണ് മലയാളത്തിൽ വർത്തിക്കുന്നത് എന്ന് എതിരെഴുത്തുകൾ എന്ന പുസ്തകത്തിൽ പി.പി. രവീന്ദ്രൻ ഈ ആശയം വെച്ച് സിദ്ധാന്തിക്കുന്നുണ്ട്. ഡി. വിനയചന്ദ്രക്കവിതകളെയും ഈ രീതിയിൽ വിലയിരുത്താവുന്നതാണ്. ചുള്ളിക്കാടിന്റെ കവിതകൾ എങ്ങനെ നേരത്തേ പറഞ്ഞ പ്രത്യയശാസ്ത്രബോധത്തിൽ തളഞ്ഞുകിടക്കുന്നു എന്നും നോക്കാവുന്നതാണ്. ഭാഷയുടെ അധീശഭാവനയ്ക്ക് അനുകൂലമല്ലാത്ത രീതിയിൽ ആവിഷ്‌കൃതമാവുകയാണ് കവിതയ്ക്കിവിടെ ചെയ്യാൻ പറ്റേണ്ടത്. മലയാളത്തിലെ പുതിയ കവിത സ്ഥലകാലങ്ങളെ സാധാരണക്കാരുടെ ദൈനംദിനാനുഭവങ്ങളുമായിച്ചേർന്ന് ചെറിയതാക്കി മാറ്റുന്നുണ്ട് അടുത്തകാലത്ത്.
പ്രാദേശികതയെ വീണ്ടെടുക്കുന്നതിന് ഒരു രീതിശാസ്ത്രം (Methodology) ആവശ്യമാണ്. നമ്മുടെ മുൻകാല സാഹിത്യചരിത്രരചയിതാക്കൾ നാട്, ഭാഷ, സംസ്‌കാരം എന്നിവയെക്കുറിച്ച് പറയുമ്പോഴും അതിനെ ദേശീയപ്രസ്ഥാനവുമായും സാർവലൗകികസത്യവുമായും ബന്ധിപ്പിച്ചാണ് പറയുക. നാനാത്വത്തിൽ ഏകത്വം എന്ന ആശയം. ഇതിനിടയിൽ നാനാത്വവും വൈവിധ്യങ്ങളും എന്നതിന് ഊന്നൽ കിട്ടാതെ പോവുകയും ഏകത്വത്തിന്റെ ആധിപത്യം ഉറച്ചുപോവുകയും ചെയ്തു. നമ്മുടെ കേരളീയ ഉപദേശീയതയുടെ ചരിത്രം പറയുമ്പോഴും സാംസ്‌കാരിക ഐക്യത്തിനാണ് മഹാബലം കിട്ടിയത്. തന്റെ മുരിങ്ങാച്ചുവട്ടിൽനിന്ന് നോക്കുമ്പോഴും നക്ഷത്രങ്ങളെയാണ് കണ്ടത്'.
തെക്കും വടക്കുമുള്ള കേരളങ്ങളിൽ കവിത എങ്ങനെ ദേശീയതയെയും അതിന്റെ ഭാവതലങ്ങളെയും അപനിർമ്മിച്ചുവെന്നു വിശദീകരിക്കുന്നു, ശ്രീഹരി. കടമ്മനിട്ടയും വിനയചന്ദ്രനും തെളിച്ച ഈവഴിയിൽ ഏറെ മുന്നോട്ടുപോയവരത്രെ പുതിയ തലമുറയിലെ പല കവികളും. 'ങശിീൃ ഘശലേൃമൗേൃല' ന്റെ മലയാളമാതൃകകളെന്ന നിലയിൽ ഈ കവിതകളെയും അവരുടെ രചനകളെയും വിലയിരുത്തുന്നു നിരൂപകൻ.
ഏതാണ്ടിതേ രീതിയിൽ ആഗോളവൽക്കരണകാലത്തെ മലയാളസാഹിത്യ, കലാഭാവനകൾ ആഗോളവൽക്കരണത്തിനും ദേശീതക്കും ബദലായി പ്രാദേശികതയുടെ പ്രത്യയശാസ്ത്രം സ്ഥലം മുതൽ ജീവിതരാഷ്ട്രീയം വരെയുള്ള തലങ്ങളിൽ രൂപപ്പെടുത്തുന്നതിന്റെ തുടരന്വേഷണങ്ങളാണ് ഇനിയുള്ള ലേഖനങ്ങളും. സാഹിത്യമേഖലകളെ/ഗണങ്ങളെ മുൻനിർത്തിവേണമെങ്കിൽ പല വിഭാഗങ്ങളിലായി പെടുത്താം ഇവയെ.
അയ്യപ്പപ്പണിക്കർ, ആറ്റൂർ, കെ. ജി. ശങ്കരപ്പിള്ള, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയലക്ഷ്മി, മാധവൻ പുറച്ചേരി എന്നിങ്ങനെ നിരവധി കവികളെക്കുറിച്ചുള്ള കുറിപ്പുകളാണ് ഒരു വിഭാഗം. രണ്ടുരചനകൾ നോക്കുക:
ആറ്റൂർ രവിവർമ്മയുടെ 'നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരൻ', ആധുനികാനന്തര കേരളീയന്റെ സ്വത്വപ്രതിസന്ധികളുടെ നേർചിത്രമാണെന്നു സാക്ഷ്യപ്പെടുത്തുന്നു, ശ്രീഹരി. 'ആധുനികതയുടേയും ആഗോളമായ പുതുനാഗരികതയുടേയും വരവിൽ നാട്ടുപഴമയുടെ ഭംഗികൾ, ശക്തികൾ മുഴുവൻ നാട്ടിൽനിന്നും വേർപെട്ട് കാഴ്ചപ്പണ്ടമാവുന്നതിന്റെ ചിത്രവും, അതിൽനിന്ന് വീണ്ടും ഒരു മടക്കമുണ്ടോ എന്ന സന്ദേഹവുമാണ് ഈ കവിതയിലെ അനുഭവം. ഊരിലേക്കും വേരിലേക്കും തിരിച്ചുവരാനുള്ള, നാട്ടിൽ പാർക്കാത്ത, ഏതൊരിന്ത്യക്കാരന്റെയും വെമ്പൽ ഈ കവിതയിൽ കാണാം'.
പി. കുഞ്ഞിരാമൻനായർ തൊട്ട് ബാലചന്ദ്രൻവരെയുള്ള കവികളുടെ സമീപനം മറ്റൊന്നാണ്. ബാലചന്ദ്രന്റെ കവിത മധ്യവർഗമലയാളിയുടെ ഏകസ്വരാത്മകമായ ജീവിത, രാഷ്ട്രീയകാപട്യങ്ങളുടെ ഏറ്റുപറച്ചിലുകൾ മാത്രമാണെന്നും ആധുനികതയെ അവിശ്വസിക്കാൻ ആ കവിതകൾ തയ്യാറല്ലെന്നും വിമർശിക്കുന്ന ശ്രീഹരി ഇങ്ങനെ നിരീക്ഷിക്കുന്നു: 'ലിബറൽ ഹ്യൂമനിസ്റ്റ് ചിന്താഗതികളുടെ, കാല്പനിക വിപ്ലവമോഹങ്ങളുടെ ഇരയായിത്തീർന്ന ഒരു ജനത പിന്നീടെങ്ങനെ അരാഷ്ട്രീയ മായ ഒരു ജീവിതത്തിലേക്കെടുത്തെറിയപ്പെടുന്നു എന്ന് ഈ കവിതകളെ സസൂക്ഷ്മം പിന്തുടർന്നാൽ മനസ്സിലാകും'.
ദലിത്കവിതകൾ, കവിതാപഠനങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ ഇനിയൊരുപറ്റം ലേഖനങ്ങളിൽ വായിക്കാം.
വിദ്വാൻ പി. കേളുനായരുടെ ആത്മഹത്യക്കുപിന്നിലെ സാമൂഹ്യവ്യവസ്ഥകളും ആണധികാരത്തിലൂന്നുന്ന കുടുംബഘടനയും അന്വേഷിക്കുന്ന രചന, കൂട്ടുകുടുംബത്തിൽനിന്ന് അണുകുടുംബത്തിലേക്കു മലയാളി മാറിയതിന്റെ ചരിത്രരേഖയായി മാറുന്ന ചെറുകാടിന്റെ ആത്മകഥയെക്കുറിച്ചുള്ള രചന, മാധവിക്കുട്ടിയുടെ ജീവിതവും വിക്ടോറിയൻ സദാചാരത്തിലൂന്നിയ സമൂഹവും തമ്മിലുടലെടുത്ത സംഘർഷങ്ങളെക്കുറിച്ചുള്ള ഒന്നിലധികം രചനകൾ, ടി. എസ്. തിരുമുവിന്റെ കൃതികൾ ആധുനികത സൃഷ്ടിച്ച മൂല്യസംഘർഷങ്ങളുടെ പാഠമാതൃകകളാകുന്നതെങ്ങനെയെന്ന ന്വേഷിക്കുന്ന രചന, ഇ.പി. രാജഗോപാലന്റെ ലേഖനങ്ങൾ സാംസ്‌കാരികപഠനങ്ങളുടെ കേരളീയ പാഠാവലി നിർമ്മിക്കുന്നതിനെക്കുറിച്ചുപന്യസിക്കുന്ന രചന, എൻ. ശശിധരന്റെ 'നെയ്ത്തുകാര'നെക്കുറിച്ചും എൻ. പ്രഭാകരന്റെ 'നിലാവിൽ ഒരു വഴി' എന്ന കഥയെക്കുറിച്ചും മറ്റുമുള്ള രചനകൾ എന്നിങ്ങനെ ഉള്ളടക്കപരവും വിശകലനപരവുമായി ഏറെ വൈവിധ്യമുള്ളവയാണ് ശ്രീഹരിയുടെ നിരൂപണങ്ങൾ. പുസ്തകത്തിന്റെ പകർപ്പവകാശം മുതൽ ജനപ്രിയസാഹിത്യപഠനം വരെയുള്ള വിഷയങ്ങളുടെ ചർച്ച വേറെയും.
വേറിട്ടുനിൽക്കുന്ന രണ്ടു രചനകൾ ഈ ഭാഗത്തുണ്ട്. കടമ്മനിട്ടയോടും കെ.ജി.എസിനോടും താരതമ്യം ചെയ്ത്, അയ്യപ്പപ്പണിക്കർ ഭാവന സ്തംഭിച്ചുപോയ കവിയാണെന്നു വാദിക്കുന്ന കെ.സി. നാരായണന്റെ വിമർശനലേഖനത്തെക്കുറിച്ചുള്ളതാണ് ഒന്ന്. പണിക്കരുടെ കവിതകളിലെ ജീവിതധ്വനികൾ തിരിച്ചറിയാത്ത കുറ്റപ്പെടുത്തൽ മാത്രമാണ് കെ. സി.യുടേതെന്ന് ശ്രീഹരി നിരീക്ഷിക്കുന്നു. പണിക്കരുടെ കവിതക്ക് ഉള്ളതും ഇല്ലാത്തതുമായി കെ.സി. വിശദീകരിക്കുന്ന ഘടകങ്ങൾ ഓരോന്നായെടുത്ത് മറുവാദമുന്നയിക്കുന്നു, ലേഖനം. ഈപുസ്തകത്തിൽ തുടർന്നും പലലേഖനങ്ങളിലും കെ.സി. നാരായണന്റെ കാവ്യവിമർശനരീതികളെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നുണ്ട് ശ്രീഹരി.
'പുരുഷബഷീർ' എന്നതാണ് മറ്റൊരു രചന. പൊതുവിൽ ബഷീറിനെക്കുറിച്ചുന്നയിക്കപ്പെടാത്ത ഒന്നാണല്ലോ ഈ ആരോപണം. പക്ഷെ ശ്രീഹരി, 'ബഷീറാരാധനയിൽനിന്നു പിന്നോട്ടുവായിച്ച്', ബഷീറിലും ഒരു പ്രബല പുരുഷലോകബോധം പ്രവർത്തിക്കുന്നതു കണ്ടെടുക്കുന്നു.
സിനിമയെ കേന്ദ്രീകരിക്കുന്ന രചനകളിൽ ശ്രീഹരി നിരന്തരം പിന്തുടരുന്ന ഒന്ന് ഒരുനൂറ്റാണ്ടോടടുക്കുന്ന മലയാളസിനിമ (നോവലിലെന്നപോലെ) ആദ്യന്തം പുലർത്തുന്ന പുരുഷ, നായർപ്രതിനിധാനങ്ങളുടെ അപഗ്രഥനമാണ്. സാഹിത്യവിമർശനത്തിൽ കെ.സി. നാരായണനെന്നപോലെ സിനിമയിലുമുണ്ട് ശ്രീഹരിക്ക് ഒരു മുഖ്യ ഇര. അടൂർഗോപാലകൃഷ്ണൻ. 'നാലുപെണ്ണുങ്ങൾ' എന്ന അടൂർസിനിമയുടെ ചർച്ചയിൽ ശ്രീഹരി എഴുതുന്നതുവായിക്കൂ: 'നമ്മുടെ കൂട്ടുകുടുംബം ആധുനികവിദ്യാഭ്യാസം സിദ്ധിച്ച നായർപുരുഷന്മാരുടെ നേതൃത്വത്തിൽ പുരോഗമനപരവും പുരുഷകേന്ദ്രിതവുമായ യൂറോപ്യൻ മോഡൽ അണുകുടുംബത്തിലേക്ക് മാറിയ ചരിത്രം ചന്തുമേനോന്റെ നോവൽ മുതൽ നമുക്കു വായിക്കാം. കൂട്ടുകുടുംബം എന്നത് പെൺവാഴ്ചയുടേതാണെന്നും പെണ്ണുങ്ങൾ അങ്കുശമില്ലാത്ത ചപലതകളാണെന്നും അവരെ നിലക്ക്‌നിറുത്തേണ്ടത് ആണുങ്ങളുടെ കർത്തവ്യമാണെന്നും പിന്നീടുവന്ന നോവലുകളും കഥകളും നമ്മെ പഠിപ്പിച്ചുകൊണ്ടേയിരുന്നു.
കഴിഞ്ഞ പത്തുനാല്പതു വർഷമായി നമ്മെ സിനിമയിലൂടെ ഇത് പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന നായർപുരുഷനാണ് നാലുപെണ്ണുങ്ങൾ എന്ന തകഴിക്കഥയുമായി നമ്മുടെ മുന്നിൽ പ്രദർശനത്തിനെത്തിയ അടൂർ ഗോപാലകൃഷ്ണൻ. പോകുന്നിടത്തെല്ലാം സ്ത്രീകളടക്കമുള്ള ആരാധകരുടെ കൈയടി വാങ്ങിക്കൊണ്ടായിരുന്നു ഈ പടത്തിന്റെ ജൈത്രയാത്ര. വിദേശത്ത് പലയിടങ്ങളിലും റിലീസുചെയ്ത ഈ സിനിമ മലയാളത്തിലും പ്രദർശനത്തിനെത്തുന്നു എന്ന രീതിയിലാണ് റിപ്പോർട്ടുകൾ വന്നത്.
ചന്തുമേനോനിൽനിന്ന് തകഴിയിലേക്കും തകഴിയിൽനിന്ന് അടൂരിലേക്കും മൂന്നു വ്യത്യസ്ത തലമുറയിലെ വ്യത്യസ്ത വ്യക്തികൾ എന്ന വ്യത്യാസത്തിനു പകരം സാജാത്യമാണ് കാണാൻ കഴിയുക. നാല് വ്യത്യസ്ത കഥകൾ ആകുമ്പോഴും അവയെ ചേർത്തുകോർത്തുപോകുന്ന ഒരു നൂർബന്ധം തന്റെ നാലുപെണ്ണുങ്ങളിലുണ്ട് എന്ന് അടൂർ പ്രഖ്യാപിച്ചതുപോലെ ഒന്ന് ഇവിടെയും കിടപ്പുണ്ട്.
വിവാഹം തന്നെയാണ് അടൂരിന്റെയും പ്രശ്‌നം. സ്വയംവരം എന്ന സ്വയംകൃതാനർഥം തന്നെയാണ് വിശ്വത്തിന്റെ തിരോധാനാനന്തരം സീതയുടെ ദുഃഖത്തിൽ നാം കണ്ടത്. ഈ വിശ്വം തന്നെ ഒരു പുരുഷനാണെന്നും കൈയൊഴിയപ്പെട്ടവൾക്ക് സീത എന്നാണ് പേര് എന്നും അടൂരിനറിയാം.
സീത പക്ഷേ ചിന്താവിഷ്ടയാണെന്ന അറിവ് അപ്പോഴേയ്ക്കും മനസ്സിലാക്കിയവർക്കു മുന്നിൽ ഒരു വിശ്വപുരുഷന്റെ വിലാപപുസ്തകം രചിക്കാൻ തുടങ്ങുകയായിരുന്നു അടൂർ. അതിന്റെ കൊടിയേറ്റം വളരെ പെട്ടെന്നുതന്നെ നാം കണ്ടു.
കർഷകർ കടന്നുകയറി നെല്ലുവാരി വിതരണം ചെയ്‌തൊഴിഞ്ഞ വേളയിൽ തന്റെ എലിപ്പത്തായത്തിന്റെ പരമദയനീയത എടുത്തുകാട്ടുന്നു അടൂർ. ഏതാണ്ടിതേ പ്രശ്‌നം തന്നെയാണ് തന്റെ ഗുരുസ്ഥാനീയനായ സത്യജിത്ത് റേയും ഇന്ത്യൻ സിനിമയിൽ ചെയ്തത് എന്നറിഞ്ഞാൽ ചിത്രം കൂടുതൽ വ്യക്തമാവും.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുകയും ഇവിടത്തെ സ്ത്രീകേന്ദ്രീകൃത സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ കാരണവന്മാരെ റോമൻ പാട്രിയാർക്കുകളെപ്പോലെ സർവാധിപതികളാക്കി മാറ്റി പ്രാപ്തരാക്കുകയും ചെയ്തിരുന്നു. പക്ഷെ ഈ അധികാരം കൈയാള്ൻ കെൽപ്പില്ലാത്ത പുരുഷന്മാരുടെ വിലാപങ്ങൾ മാധവൻ മുതൽ കുഞ്ഞിരാമൻ നായർവരെ നമ്മൾ കേൾക്കയും ചെയ്തതാണ്. അടൂർ പക്ഷേ, തന്റെ നായ(ക)ന്മാരെ വിലപിക്കുന്നവരാക്കുകയും സ്വയം കാരണവരായി വിരാജിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്!
അടൂരിന്റെ നായികാനായകന്മാരുടെ വിലാപം വീറായി മാറുന്നത് പിന്നീട് നാം കാണുന്നുണ്ട്. പലരുമായി അദ്ദേഹം നടത്തിയ മുഖാമുഖങ്ങളിൽ ഇതിന്റെ തെളിവുകൾ യഥേഷ്ടമുണ്ട്. അനന്തരം അദ്ദേഹം എടുത്ത പടങ്ങളിൽ ഉത്തമപുരുഷ സർവനാമമായ മമ്മൂട്ടിയുടെ സാന്നിധ്യം ശ്രദ്ധിക്കുക. അടക്കിപ്പിടിച്ച ഊഷ്മളതയുടെ ആൾരൂപമായ മമ്മൂട്ടി പൗരുഷത്തിന്റെ മതിലുകൾ തീർത്ത് സ്ത്രീയെ തികച്ചും അപ്രത്യക്ഷമാക്കുന്നു.
തന്നിലുള്ള ചെകുത്താനെ പുറത്തുചാടിക്കാൻ വേണ്ടി, ദൈവത്തെ വാഴ്‌ത്താൻ വേണ്ടി മിൽട്ടൺ ശ്രമിച്ചെങ്കിലും കവിയെ കവിഞ്ഞ് ചെകുത്താൻ ആവേശിക്കുന്നതായി ഷെല്ലി പറഞ്ഞതോർക്കുക. തന്നിലെ സർവ്വാധികാരിയെ പുകച്ചുചാടിക്കാൻ ദക്ഷിണകന്നടവരെ പോയി വിനീത വിധേയനായെങ്കിലും പട്ടേലർ ഭാര്യയെ കൊന്നതെന്തിന് എന്ന ചോദ്യം കഥാപുരുഷനെ വീണ്ടും കുഴപ്പത്തിൽ എത്തിക്കുന്നതായാണ് നാം കണ്ടത്. ഈയൊരു ആരാച്ചാരുടെ നിഴൽക്കുത്ത് എത്തിനിൽക്കുന്നത് നാലുപെണ്ണുങ്ങളിലാണ് ഇപ്പോൾ.
ഒരു താളവട്ടം പൂർത്തിയായിരിക്കുന്നു. ഇന്ദുലേഖയിൽത്തുടങ്ങിയ സ്വയംവരപ്രശ്‌നം തന്നെ നാലുപെണ്ണുങ്ങളിലും വിഷമവൃത്തം വരക്കുന്നുയ ഒരാണില്ലാതെ പെണ്ണിനെന്താഘോഷം! ഞാനില്ലാതെ നിങ്ങൾക്കെന്താഘോഷം എന്ന് ലാൽ ചോദിച്ചത്രെ അടൂരിനോട്. നായർസാബും ഹിറ്റ്‌ലറും പട്ടാളവുമൊക്കെയായി ദൃഢവും അയവില്ലാത്തതും നിശ്ചലതയിൽ ഉറച്ചുനില്ക്കാൻ താൽപര്യപ്പെടുന്നതുമായ മമ്മൂട്ടിയെന്ന നടൻ ആണ് അടൂരിന് പക്ഷേ പഥ്യം.
പഴങ്കാലത്തെ പുനരാനയിക്കുന്നത് നാലുപെണ്ണുങ്ങളിലെപ്പോലെ ഇത്ര ലളിതമായി മറ്റെവിടെയും നമുക്ക് കാണാൻ കഴിയില്ല. കുഞ്ഞിപ്പെണ്ണും കുമാരിയും ചിന്നു അമ്മയും സുഭദ്രയും കാമാക്ഷിയും കന്യകയും നിത്യകന്യകയും ഒക്കെ വെറും പേരുകളല്ല. തകഴിയും അടൂരും പൊതുവായി പങ്കിടുന്ന പൊതുബോധം കാണാമിവിടെ. ആശാനിലെപ്പോലെ നളിനിയെന്നോ കരുണയെന്നോ എന്തേ ഇവർക്ക് പേരില്ലാതായിപ്പോയത്! സുഭദ്ര ഭദ്രജീവിതക്കാരിയും കാമാക്ഷി കാമക്കണ്ണുള്ളവളും ജനിപ്പിലേ ആവാൻ തരമില്ലല്ലോ!'.
യൂറോ-അമേരിക്കൻ സിനിമയുടെ തന്തവഴിയിൽനിന്നുഭിന്നമായി ചൈന, കൊറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ സിനിമ 'തായ്‌വഴി'യിൽ രൂപംകൊള്ളുന്നതിന്റെ ചർച്ച, മലയാളസിനിമയിൽ സംഭവിക്കുന്ന സാങ്കേതികവും സാമ്പത്തികവും സാമൂഹികവുമായ ചെറുപ്പങ്ങളുടെ ചർച്ച എന്നിങ്ങനെ പല വിഷയങ്ങൾ ഈ ഭാഗത്തുണ്ട്. ഏറ്റവും ശ്രദ്ധേയം സത്യജിത്‌റായിയുടെ 'പാഥേർപാഞ്ചലി'യിലെ ആണത്തരാഷ്ട്രീയവും സ്ത്രീവിരുദ്ധതയും വിശദീകരിക്കുന്ന ലേഖനമാണ്. ശ്രീഹരി പറയുന്നു: 'ഇടിഞ്ഞുപൊളിഞ്ഞ കൂട്ടുകുടുംബം വിട്ട് ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് അണുകുടുംബിയായിപ്പോകുന്ന ഒരു ഉന്നതകുലജാതന്റെ കരളലയിപ്പിക്കുന്ന കദനകഥയാണ് റേയും അടൂരിനുമുമ്പേ പറഞ്ഞത്. ഒരു ബ്രാഹ്മണന്റെ സങ്കടം സഹിക്കാൻ പറ്റാത്തതിലും അപ്പുറം ഭയങ്കരമാണ് എന്നാണ് പഥേർ പാഞ്ചലിയുടെ ഇന്നുമുള്ള പ്രസക്തി കാണിക്കുന്നത്. വന്മരങ്ങൾ വീഴുമ്പോൾ ഉണ്ടാകുന്ന മുഴക്കം അത്ര പെട്ടെന്നൊന്നും ഇല്ലാതാവുകയില്ലല്ലോ. ഹരിഹറിന്റെ വിലാപം ഒരു കുടുംബരീതിയുടെ തകർച്ചയും മറ്റൊന്നിന്റെ ഉയർച്ചയും ചിത്രീകരിക്കുന്നു. പഥേർ പാഞ്ചലിയിലെ അപുവിന്റെ ജനനവും ദുർഗയുടെ മരണവും അണുകുടുംബങ്ങളിൽ ഇന്നുകാണുന്ന ആൺപ്രേമവും പെൺഭ്രൂണഹത്യയും അടയാളപ്പെടുത്തുന്നവയാണ്. ഇന്ദിറും ദുർഗയും ഇല്ലാതാകുകയും ഹരിഹറും അപുവും പുതിയ വംശാവലിയുണ്ടാക്കുകയും ചെയ്യുന്നത് യാദൃച്ഛികമല്ല.
യൂറോപ്പിൽ പോയി പടംപിടിക്കാൻ പഠിച്ചുവന്ന റേ അവിടെനിന്ന് സ്വാംശീകരിച്ച പ്രത്യയശാസ്ത്രം ഇവിടെ പ്രചരിപ്പിക്കുകയായിരുന്നു എന്ന് ചുരുക്കം.'.
ഇന്ത്യക്കാരുടെയും കേരളീയരുടെയും ലൈംഗികബോധത്തെക്കുറിച്ച് വിമർശിക്കുമ്പോൾ ശ്രീഹരിയുൾപ്പെടെയുള്ളവർ ആവർത്തിക്കുന്ന സങ്കല്പനം വിക്ടോറിയൻസദാചാരം എന്നതാണ്. കൊളോണിയൽ ആധുനികതയിൽ യൂറോപ്യന്മാർ ഇവിടെ നടപ്പാക്കിയ സാംസ്‌കാരികാധിനിവേശത്തിന്റെ രൂപകങ്ങളിലൊന്നായാണ് ഈ പരികല്പനയെ ഇവർ വിശദീകരിക്കുന്നത്. യൂറോപ്പും പടിഞ്ഞാറൻലോകവും ആ മൂല്യങ്ങളിൽനിന്ന് എത്രയോ കാതം മുന്നോട്ടുപോയ്ക്കഴിഞ്ഞു. സ്വാതന്ത്ര്യം നേടി ഏഴുപതിറ്റാണ്ടായിട്ടും നാമെന്താണ് ഒരിഞ്ചുപോലും മുന്നോട്ടുപോകാത്തത്? ആധുനികതയുടെയും അധിനിവേശത്തിന്റെയും പ്രശ്‌നമാണോ ഇത്? അതോ അതിൽത്തന്നെ തളഞ്ഞുകിടക്കുന്ന, കാലം ചെയ്ത മൂല്യങ്ങൾ കുടഞ്ഞുകളയാൻ വിസമ്മതിക്കുന്ന നമ്മുടെതന്നെ അടിമമനസ്സിന്റെ പ്രശ്‌നമാണോ? യഥാർഥത്തിൽ വിക്ടോറിയൻ സദാചാരത്തെക്കാൾ എത്രയോ ബീഭത്സമായ ബ്രാഹ്മണസദാചാരത്തിന്റെ പിടിയിലാണ് ഇന്നു നാം ജീവിക്കുന്നത്?
ചുരുക്കത്തിൽ ഈ പുസ്തകം ഗൗരവതരമായ ചില പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. കമ്യൂണിസ്റ്റ് സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ യാന്ത്രികവാദങ്ങൾ മറികടക്കാൻ ശ്രീഹരിക്കു കഴിയുന്നുണ്ട്. നാടകത്തെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ, രാഷ്ട്രീയവും വിപ്ലവവും എങ്ങനെ ജനകീയവും കീഴാളവും പ്രാദേശികവും സ്വാഭാവികവുമായി മാറണമെന്നു ചൂണ്ടിക്കാണിക്കുന്ന ഭാഗം ഉദാഹരണമാണ്. എങ്കിലും ആധുനികതയുടെ ഏകപക്ഷീയമായ നിരാകരണം, കോളനിയനന്തരവാദത്തിന്റെ കൃത്രിമത്വം, ദേശീയതയുടെ നിരുത്തരവാദപരമായ നിഷേധം, ആണത്തത്തിന്റെ മുൻപിൻ നോക്കാതെയുള്ള കൊമ്പൊടിക്കൽ, സാഹിത്യത്തിനു വകവച്ചുകൊടുക്കുന്ന അമിതപ്രഭാവം, 'രാഷ്ട്രീയശരിടകളുടെ സർവാധിപത്യം, സവർണതക്കു സങ്കല്പിക്കുന്ന സാംസ്‌കാരിക അവർണത എന്നിങ്ങനെ നിരവധി തലങ്ങളിൽ ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകൾ അങ്ങേയറ്റം പ്രശ്‌നഭരിതമാണ്. മുദ്രാവാക്യങ്ങളാകണം സാഹിത്യം എന്ന നിലപാടിലേക്കു തലകുത്തിവീഴാൻ ഇനി ഒരൊറ്റ ചുവടേ വേണ്ടൂ. ശ്രീഹരി സമർഥമായി ബാലൻസ് ചെയ്തുനിൽക്കുന്നുണ്ടെങ്കിലും നമ്മുടെ കാലം എത്തിനിൽക്കുന്ന വായനയുടെ ട്രപ്പീസുകളിക്ക് ഇത്രയധികം ഉദാഹരണങ്ങൾ ഒന്നിച്ചുനൽകുന്ന മറ്റൊരു പുസ്തകമില്ല എന്നതാണ് വസ്തുത.
പുസ്തകത്തിൽ നിന്ന്:-
'ആണുങ്ങളുടെ എഴുത്തുകാരനാണ് ബഷീർ. പുല്ലിനും പുഴുവിനും പെണ്ണിനും എന്നല്ല പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങൾക്കുമിടമുള്ള അനുഭവങ്ങളുടെ വൻകരയായി പ്രകീർത്തിക്കപ്പെട്ട ബഷീർ മലയാളത്തിലെ പിൽക്കാല ആണെഴുത്തുകാരാൽ കൊണ്ടാടപ്പെടുന്നത് ശ്രദ്ധേയമാണ്.
ആധുനികതയുടെ നവോത്ഥാനപ്രവർത്തനങ്ങളുടെ മതേതരമൂല്യബോധങ്ങളുടെ ഉൽപ്പന്നമായ ബഷീർ അതുവരെ മൂലക്കായിരുന്ന മുസ്ലിം ജനവിഭാഗത്തെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവന എന്നു പറയാം. പുതിയ ദേശീയ സാഹിത്യബോധത്തിന്റെ ലക്ഷണമൊത്ത കൃതിയായ ഇന്ദുലേഖയടക്കമുള്ള മുഖ്യധാരാസാഹിത്യം മുസ്ലിം ജനതയെ ലക്ഷണംകെട്ട വില്ലന്മാരായാണ് ചിത്രീകരിച്ചത്. ഹിന്ദുദേശീയതയുടെ അന്യരായ അവരുടെ ദൈനംദിനജീവിതത്തെ സാധാരണ ജനജീവിതമായി മുഖ്യധാരയോടു വിളക്കിച്ചേർക്കുകയായിരുന്നു ബഷീറിന്റെ ദൗത്യം.
ആധുനികതയുടെ ഒരു ദൗത്യം, മതേതരവും ആധുനികവുമായ ഇന്ത്യ എന്ന സങ്കല്പപൂർത്തീകരണത്തിലേക്ക് നയിക്കുന്ന ഒന്നായിരുന്നു. ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുമെല്ലാം ഒറ്റമനുഷ്യരാണെന്ന കൊളോണിയൽ ആധുനികതയുടെ യുക്തിബോധത്തിനകത്തായിരുന്നു ബഷീറിന്റെയും ഇടം. ഒരെഴുത്തുകാരൻ, അത് ബഷീറോ മുട്ടത്തുവർക്കിയോ ചന്തുമേനോനോ ആയാലും യഥാർത്ഥത്തിൽ ചോദിക്കുന്ന ചോദ്യം 'എന്റെ അനുഭവം നിങ്ങൾ അറിഞ്ഞിട്ടുണ്ടോ' എന്നാണ് എന്ന് എം. എൻ. വിജയൻ പറയുന്നതിൽ അറിയാതെയാണെങ്കിലും അല്ലെങ്കിലും ആണുങ്ങളുടെ ആധുനികതയുടെ അജണ്ട മറഞ്ഞുകിടപ്പുണ്ട്. സ്ത്രീകളെല്ലാവരും പുരുഷന്മാരേപ്പോലെയാവണം എന്നാണ് മതം. എന്നാൽ സ്ത്രീ സ്വാതന്ത്ര്യം കാംക്ഷിച്ചാൽപോലും പുരുഷന്മാരോടൊത്ത് എന്ന നിലവരെയേ അതിനെ കണ്ടുള്ളൂ. പുതിയ പിതൃദായക്രമപ്പെടലുകൾക്കിടയിലും അത്രയും മാത്രമേ ആണുങ്ങൾക്കു ചിന്തിക്കാൻ കഴിഞ്ഞുള്ളു എന്നുമാകാം.
എം ടി. മുതലുള്ള ആണെഴുത്തുകാർക്ക് ബഷീർ ഒരാവേശമാണ്. ഹെമിങ്‌വേയുടെ പുരുഷാധിപത്യലോകബോധം ബാധിച്ച എം ടി.യ്ക്ക് ബഷീറും ഇഷ്ടനായതിന്റെ പ്രത്യയശാസ്ത്രം പരിശോധിച്ചാൽ മനസ്സിലാവുന്ന വസ്തുത ബഷീറിലും ഒരു പ്രബലപുരുഷലോകബോധം പ്രവർത്തിക്കുന്നുണ്ടെന്നാണ്. ഇത് മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമാണെന്നേ ഉള്ളൂ. ബഷീറാരാധനയിൽനിന്നും പിറകോട്ട് വായിച്ചാലേ അത് മനസ്സിലാകുതാനും.
ബഷീറിനെക്കുറിച്ച് സിനിമയെടുത്ത എം.എ. റഹ്മാൻ ബഷീർ ദ മാൻ എന്ന് അതിനു പേരിട്ടത് യാദൃച്ഛികമല്ല. അതദ്ദേഹം ഉദ്ദേശിച്ചതല്ല എങ്കിലും Man with Capital Ltteer 'M' നമ്മുടെ നവോത്ഥാന, ആധുനീകരണപ്രവർത്തനങ്ങളിൽ മേല്‌ക്കൈ നേടിയിരുന്നു. ആധുനികപൂർവ്വകാലത്ത് പെൺകേന്ദ്രീകൃതമായ ജീവിതാവസ്ഥയുണ്ടായതിനെ പ്രാകൃതമായി ചിത്രീകരിക്കുകയും പുരുഷകേന്ദ്രീകൃതകുടുംബസങ്കല്പം ആര്യന്മാർക്കു പിറകെ പടിഞ്ഞാറൻ പുരോഗമനപ്രവർത്തകർ കൊണ്ടുവരികയും ചെയ്തതാണിതിനുള്ള കാരണം.
ബഷീർക്കഥകൾ സിനിമയാക്കിയപ്പോൾ ഭാർഗവീനിലയം ആയാലും മതിലുകൾ ആയാലും ആണിന്റെ-ബഷീർ എന്ന ഒറ്റമരത്തിന്റെ കഥയായേ അത് ആഖ്യാനപ്പെട്ടുള്ളൂ. 'മണ്ടിക്കഴുതയായ നിനക്ക് ഒരു ചുക്കും അറിഞ്ഞുകൂടായിരുന്നു' എന്ന് നീലവെളിച്ചത്തിൽ ബഷീർ പറയുന്നത് ആധുനികപുരുഷന്റെ പൊതുബോധത്തിന്റെ വെളിച്ചത്തിൽത്തന്നെയാണ്.
മതിലുകളിലെ നാരായണിയോട് ള്ളിപ്പെണ്ണേ, നേരു പറയൂ' എന്നുപറഞ്ഞതിന്റെ തുടർച്ച തന്നെയാണ് നിർമ്മാല്യത്തിൽ 'എന്റെ നാലുമക്കളെ പെറ്റ നീയോ നാരായണി'യായി സിനിമകളിൽ പരിവർത്തനപ്പെടുന്നത്. മതിലുകളിലെ ബഷീറിനെ അവതരിപ്പിക്കാൻ മമ്മൂട്ടിയെ കാസ്റ്റ് ചെയ്യാൻ അടൂരിന് അധികം ആലോചിക്കേണ്ടിവന്നില്ല. പുരുഷഭാവത്തിന്റെ ഒരു പരമാധികാരരാഷ്ട്രത്തെ മലയാളി മമ്മൂട്ടിയിൽ പണിതെടുത്തതിൽ അടൂർ കൂടി പങ്കാളിയാവുന്ന ചരിത്രസന്ധിയാണത്. ദേവലോകത്തിൽ എം ടി.യാണ് മമ്മൂട്ടിയെ കൊണ്ടുവന്നതെങ്കിലും കാലം അതിനുള്ള ചില സാചര്യങ്ങളുണ്ടാക്കുമ്പോഴാണ് മമ്മൂട്ടി വന്നത് എന്ന് എം ടി. അതിനെ ചരിത്രവത്കരിക്കുന്നുണ്ട്.
മതിലുകൾ കണ്ട ബ്രിട്ടീഷ് ഫിലിം ക്രിട്ടിക് ഡെറിക് മാൽക്കം മമ്മൂട്ടിയുടെ അഭിനയത്തിലെ അടക്കിപ്പിടിച്ച ഊഷ്മളതയെ ശ്ലാഘിക്കുന്നുണ്ട്. നാല്പതിൽപരം, വെനീസടക്കം, വിദേശ ഫിലിം ഫെസ്റ്റിവലുകളിൽ പ്രകീർത്തിക്കപ്പെട്ട മതിലുകളിൽ ബഷീറിനുപോലും 'അവൻ പോരും' എന്നും തോന്നുംവിധം പുരുഷത്വം മമ്മൂട്ടിയിൽ നിർമ്മിക്കപ്പെടുന്നു. സിനിമയെന്ന പുരുഷാധിപത്യവ്യവസായത്തിന് പാകമാകും വിധം ഒരു പുരുഷനെ നിർമ്മിച്ച ബഷീർ പില്ക്കാല ആണെഴുത്തുകാർക്ക് ആവേശമായതിന്റെ രാഷ്ട്രീയം ഈവിധത്തിൽ പുറത്തുകൊണ്ടുവരേണ്ടതാണ് എന്നു തോന്നുന്നു'.
അപകേരളീകരണം
എ. സി. ശ്രീഹരി
പുസ്തകഭവൻ, പയ്യന്നൂർ
കണ്ണൂർ
വില: 150 രൂപ