തിരുവനന്തപുരം: സിനിമയിൽ കരിയർ ആഗ്രഹിക്കുന്നതിനൊപ്പം മറ്റു പ്രൊഫഷനുകളും ഒരുമിച്ചു കൊണ്ടുപോകുന്നവരുണ്ട്. ഇത്തരക്കാരൂടെ കൂട്ടത്തിലാണ് ഇപ്പോൾ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം നേടിയ അപർണ ബാലമുരളിയുടെ സ്ഥാനവും. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുള്ളപ്പോൾ തന്നെ ആർക്കിടെക്ച്ചർ മേഖലയെയും കൈവിടാതിരിക്കയാണ് അപർണ. ഇപ്പോൾ രാജ്യത്തെ മികച്ച നടിയെന്ന പേരെടുക്കുമ്പോഴും അപർണ വളരെ കൂളാണ്. സിനിമയിൽ തുടർന്നും നല്ല വേഷങ്ങൾ ലഭിച്ചാൽ ഫിലിം സ്റ്റാർ. അല്ലെങ്കിൽ ആർക്കിടെക്ട് മേഖലയിലേക്ക് എന്നാണ് അവർ പറയുന്നത്.

തമിഴകത്തിന്റെ മനസ്സു കവർന്ന അഭിനയമായിരുന്നു 'സുരരൈ പോട്ര്' സിനിമയിൽ സൂര്യക്കൊപ്പം അപർണ ബാലമുരളി നേടിയത്. തമിഴ് സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം എങ്കിലും മലയാളത്തിനും അഭിമാനിക്കാം. വീടുകളോടുള്ള ഇഷ്ടം കൊണ്ട് ആർക്കിടെക്ചർ പഠിച്ചശേഷം സിനിമയിലെത്തി നേട്ടങ്ങൾ കൊയ്തു അപർണ.

സർവോപരി തൃശ്ശൂർക്കാരിയാണ് അപറ്#ണ ബാലമുരളി. 1995 സെപ്റ്റംബർ 11ന് തൃശ്ശൂരിൽ ജനിച്ചു. കെ.പി ബാലമുരളി, ശോഭ എന്നിവരാണ് മാതാപിതാക്കൾ. ജെക്സൺ ആന്റണി സംവിധാനം ഒരു സെക്കന്റ് ക്ലാസ്സ് യാത്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. എങ്കിലും മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയായതോടെയാണ് സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഇതിൽ ഫഹദ് ഫാസിലിന്റെ നായികയായിരുന്നു അപർണ. ചിത്രത്തിൽ അപർണ അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

ഒരു മുത്തശ്ശി ഗദ, സർവ്വോപരി പാലാക്കാരൻ, തൃശ്ശിവപേരൂർ ക്ലിപ്പ്തം, സൺഡേ ഹോളിഡേ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങൾ. സൺഡേ ഹോളിഡേയിലെ അഭിനയത്തിലൂടെയും അപർണ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചെറുപ്പം മുതലേ ക്രിയേറ്റിവ് ആയി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു. അത്യാവശ്യം വരയ്ക്കുകയും ചെയ്യുമായിരുന്നു. നല്ല വീടുകളോടും ഇഷ്ടമുണ്ട്. അങ്ങനെയാണ് ഉപരിപഠനത്തിനു ആർക്കിടെക്ച്ചർ തിരഞ്ഞെടുത്തതെന്നാണ് അപർണ പറയുന്നത്.

തിരക്കഥാകൃത്ത് ശ്യാം പുഷ്‌കറിന്റെ ഭാര്യ ഉണ്ണിമായ ആർക്കിടെക്റ്റും ടീച്ചറുമായിരുന്നു. മായ ടീച്ചറിലൂടെയാണ് സിനിമയിലേക്കുള്ള വഴി തുറന്നുകിട്ടിയത്. തൃശൂർ പൂങ്കുന്നമാണ് സ്വദേശം. ഇവിടെ ഒരു ഫ്‌ളാറ്റിലാണ് ഇപ്പോൾ കുടുംബമായി താമസം. വീട് പണിയാനുള്ള ആശയങ്ങളുടെ പണിപ്പുരയിലാണെന്നും അപർണ പറയുന്നു.

ഇപ്പോൾ ദേശീയ പുരസ്‌ക്കാരം അപർണക്ക് സ്വന്തമായത് ് 'സുരരൈ പോട്ര്' ചിത്രത്തിൽ അവതരിപ്പിച്ച ബൊമ്മി എന്ന കഥാപാത്രമാണ്. ഇന്ത്യയിൽ ബജറ്റ് എയർലൈൻസിന് തുടക്കമിട്ട ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതകഥ പറഞ്ഞ ചിത്രത്തിൽ ക്യാപ്റ്റന്റെ നല്ല പാതി ഭാർഗവിയുടെ കഥാപാത്രത്തെയാണ് അപർണ അനശ്വരമാക്കിയത്. സിനിമയിൽ ഭാർഗവി, 'ബൊമ്മി' ആയി. ക്യാപ്റ്റന്റെ സ്വപ്നങ്ങൾക്ക് കരുത്തായി കൂടെ നിൽക്കുമ്പോഴും സ്വന്തം ഇഷ്ടങ്ങളും താൽപര്യങ്ങളും മാറ്റി വയ്ക്കാതെ സ്വതന്ത്രമായ മേൽവിലാസം സൃഷ്ടിച്ച സംരംഭകയായിരുന്നു ഭാർഗവി.

'സുരരൈ പോട്ര്' എന്ന സിനിമ പ്രധാനമായും പിന്തുടർന്നത് ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതമായിരുന്നുവെങ്കിലും ബൊമ്മി എന്ന കഥാപാത്രം ഒരിക്കലും സൂര്യയുടെ നിഴലിൽ ഒതുങ്ങിയില്ല. യഥാർത്ഥ ജീവിതത്തിലും അങ്ങനെയായിരുന്നു. എയർ ഡക്കാൺ എന്ന ബജറ്റ് എയർലൈൻസ് സാധ്യമാക്കുക എന്ന സ്വപ്നത്തിന് പിന്നാലെ ക്യാപ്റ്റൻ ഗോപിനാഥ് കുതിച്ചപ്പോൾ ബേക്കറി രംഗത്തായിരുന്നു യഥാർത്ഥ ജീവിതത്തിലെ ബൊമ്മി ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭാർഗവി തുടക്കമിട്ട 'ബൺ വേൾഡ് അയ്യങ്കാർ ബേക്കറി' ഇന്ന് മല്ലേശ്വരത്തും ബെംഗളൂരുവിലും പ്രശസ്തമാണ്. 27 വർഷത്തിനുള്ളിൽ മികച്ച ബേക്കറി ശൃംഖലയായി തന്നെ ഭാർഗവിയുടെ ബൺ വേൾഡ് വളർന്നു.

ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് അപർണ ബാലമുരളി ഓർക്കുന്നു. 'ഷൂട്ട് തുടങ്ങിയപ്പോഴേക്കും ബൊമ്മി എന്ന കഥാപാത്രത്തിലേക്ക് ഞാൻ കടന്നിരുന്നു. മുന്നേ തമിഴിൽ അഭിനയിച്ച പരിചയം ഉള്ളതുകൊണ്ട് ഭാഷ അറിയാമായിരുന്നു. എങ്കിലും ഈ സിനിമക്ക് വേണ്ടി മധുരൈ സ്ലാങ് പഠിച്ചു സ്വയം ഡബ്ബ് ചെയ്തു. ബൊമ്മിയെ കുറിച്ച് ആദ്യം കേട്ടപ്പോൾ ചെറിയൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു, സുധ മാം ഇക്കാര്യത്തിൽ വളരെയധികം സഹായിച്ചു. കാരണം ബൊമ്മിക്ക് ഒട്ടും പ്രാധാന്യം കുറയരുത് എന്ന് സുധാ മാമിനു നിർബന്ധമുണ്ടായിരുന്നു,' അപർണ പറയുന്നു.

ആ കഥാപാത്രത്തിനു വേണ്ടിയെടുത്ത പ്രയത്‌നം ഒട്ടും പാഴായില്ലെന്ന് തെളിയിക്കുന്നതാണ് ഈ ദേശീയ പുരസ്‌കാരം. ഇതിലൂടെ അടയാളപ്പെടുത്തപ്പെടുന്നത് അപർണയുടെ അഭിനയമികവ് മാത്രമല്ല, ഭാർഗവിയുടെ തോൽക്കാൻ മനസില്ലാത്ത ജീവിതം കൂടിയാണ്.

മികച്ച ടീം വർക്കിന്റെ ഫലമെന്ന് അർപണ

സുരരൈ പൊട്രിന് കിട്ടിയ അംഗീകാരം മികച്ച ടീം വർക്കിന്റെ ഫലമെന്ന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ജേതാവായ അപർണ പ്രതികരിച്ചതും. സംവിധായിക സുധാ കൊങ്കരയുടെ നേതൃത്വ പാടവവും എടുത്തു പറയേണ്ടതാണ്. ഒന്നുമറിയാതെയാണ് താൻ സിനിമയിലേക്ക് വന്നത് , ഇനിയും ഏറെ പഠിച്ച് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകണമെന്ന് ആഗ്രഹമുണ്ട്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് തന്നെത്തേടി എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും അപർണ ബാലമുരളി പറഞ്ഞു.

''ഞാൻ അത്യാഹ്ലാദത്തിലാണ്. പതിവില്ലാതെ വീട്ടിൽ നിന്ന് വിട്ടിട്ട് ഉത്തരം എന്ന സിനിമയുടെ സെറ്റിലാണ്. ഈ ഒരു അനുഭവം തന്നെ ആദ്യമായിട്ടാണ്. നിങ്ങളെല്ലാം ഇവിടെയെത്തിയതിൽ അതിയായ സന്തോഷമുണ്ട്. രാവിലെ മുതലേ ടെൻഷൻ ഉണ്ടായിരുന്നു. അവാർഡ് കിട്ടണം എന്ന് സംവിധായിക സുധ മാമിനു വളരെയധികം ആഗ്രഹമുണ്ടായിരുന്നു. അത്രത്തോളം മാം ഇതിനു വേണ്ടി വർക്ക് ചെയ്തിട്ടുണ്ട്. സുധാ മാം എന്നിൽ അർപ്പിച്ച വിശ്വാസം കാരണമാണ് ഞാനിപ്പോ ഇവിടെ നിൽക്കുന്നത്. എന്റെ എല്ലാ നന്ദിയും സുധാ മാമിനാണ്. എനിക്ക് ഒരുപാട് സമയം തന്നിരുന്നു.

ഇനിയും സിനിമ ഒരുപാട് പഠിക്കാനുണ്ട്. ഞാൻ വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ ഒരു രംഗത്ത് വന്നത്. 'ചേച്ചിക്ക് ഇതിനെപ്പറ്റി വലിയ ധാരണയില്ല' എന്ന എന്റെ ഡയലോഗു പോലെ തന്നെ. ഇനിയും ഒരുപാട് പഠിക്കണം നല്ല സിനിമകൾ ചെയ്യണം നല്ല കഥാപത്രങ്ങൾ ചെയ്യണം എന്നുണ്ട്. എല്ലാവർക്കും ഒരുപാട് നന്ദി. ഞാൻ സത്യം പറഞ്ഞാൽ വേറൊരു ലോകത്താണ്. ഈ സിനിമയ്ക്ക് വേണ്ടി നല്ല പരിശീലനം തന്നിരുന്നു. വിരുമാണ്ടി സാറാണ് എനിക്ക് മധുരൈ സ്ലാങ് പഠിപ്പിച്ചു തന്നത്. മധുരയിൽ നിന്നുള്ള ഒരു ചേച്ചി ഉണ്ടായിരുന്നു പിന്തുണയ്ക്ക്.

വലിയൊരു ടീം വർക്കിന്റെ വിജയമാണ് സുരറൈ പോട്രെ. കപ്പലിന്റെ ക്യാപ്റ്റൻ സുധാ മാമിനാണ്. വളരെ പച്ചയായ ഒരു ദാമ്പത്യ ജീവിതമാണ് സുരറൈ പോട്രിൽ കാണിക്കുന്നത്. ഇങ്ങനെയൊരു ദമ്പതിമാരുടെ ജീവിതം പച്ചയായി ആവിഷ്‌കരിച്ചതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. മികച്ച ടീം വർക്കിന് കിട്ടിയ ഒരു സമ്മാനമായിട്ടാണ് ഞാൻ ഈ അവാർഡിനെ കാണുന്നത്.'' അപർണ പറയുന്നു