- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുലായം സിംഗിന്റെ കുടുംബത്തിൽ കയറി ബിജെപിയുടെ സർജിക്കൽ സ്ട്രൈക്ക്; മുലായത്തിന്റെ മരുമകൾ അപർണാ യാദവ് ബിജെപിയിൽ ചേർന്നു; മോദിയുടെ പ്രവർത്തനങ്ങൾ ആകർഷിച്ചു; രാജ്യമാണ് പ്രധാനമെന്ന് അപർണ; ക്ഷീണം മറികടക്കാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖിലേഷും
ലഖ്നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന്റെ വീറും വാശിയും ദിവസം ചെല്ലുംതോറും കൂടി വരുന്നു. മുലായം സിംഗിന്റെ കുടുംബത്തിൽ കയറി സർ്ജ്ജിക്കൽ സ്ട്രൈക്ക് നടത്തിയാണ് ബിജെപി ഇന്ന് കളം പിടിച്ചത്. മുലായം സിങ് യാദവിന്റെ മരുമകൾ അപർണാ യാദവിനെ ബിജെപി പാളയത്തിൽ എത്തിച്ചാണ് ബിജെപി കണക്കു തീർത്തത്. ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങിൽ, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ്ങ് എന്നിവരിൽ നിന്നാണ് അപർണ ബിജെപി അംഗത്വം സ്വീകരിച്ചത്.
രാജ്യമാണ് തനിക്ക് എല്ലായിപ്പോഴും മുഖ്യമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചതെന്നും ബിജെപി അംഗത്വം എടുത്തശേഷം അപർണാ യാദവ് പറഞ്ഞു. ബിജെപി അംഗത്വം നൽകിയതിന് പാർട്ടിയോട് കടപ്പെട്ടിരിക്കുന്നുവെന്നും അപർണ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പിൽ അപർണാ യാദവ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന. മുലായം സിങ് യാദവിന്റെ ഇളയമകൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണാ യാദവ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അപർണ ലക്നൗ കന്റോൺമെന്റ് സീറ്റിൽ സമാജ് വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ചിരുന്നു. എന്നാൽ റീത്താ ബഹുഗുണാ ജോഷിയോട് പരാജയപ്പെട്ടു.
മുൻ മാധ്യമപ്രവർത്തകനും വിവരാവകാശ കമ്മീഷണറുമായിരുന്ന അരവിന്ദ് സിങ് ബിഷ്ടിന്റെ മകളാണ് അപർണ. ബ്രിട്ടനിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്സിലും ഇന്റർനാഷണൽ റിലേൻസിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കുറച്ചു കാലമായി ഇവർ ബിജെപിയുമായി അടുപ്പത്തിലായിരുന്നു. അയോധ്യയിൽ രാമക്ഷേത്രം വരണം എന്ന പക്ഷക്കാരി കൂടിയാണ് അപർണ. യോഗി ആദിത്യാനാഥുമായി അടുപ്പവും ഇവർക്കുണ്ട്.
ബിജെപിയെ ഞെട്ടിച്ച് നിരവധി എംഎൽഎമാരും നേതാക്കളും സമാജ് വാദി പാർട്ടിയിൽ ചേർന്നിരുന്നു. ഇതിന് തിരിച്ചടിയായാണ് മുലായത്തിന്റെ കുടുംബത്തിൽ നിന്നും ഒരാളെ ബിജെപിയിലെത്തിച്ചത്. അതേസമയം ബിജെപിയുടെ നീക്കത്തിൽ അടിപതറാൻ അഖിലേഷ് യാദവും തയ്യാറല്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് അഖിലേഷ്. ഇതാദ്യമായാണ് അഖിലേഷ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുൻപ് മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വത്തിലൂടെയാണ് അദ്ദേഹം അന്ന് നിയമസഭയിലെത്തിയത്.
ഇക്കുറി മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപര്യപ്പെടുന്നത് എന്നുമായിരുന്നു അഖിലേഷ് മുൻപ് പറഞ്ഞിരുന്നത്. കിഴക്കൻ ഉത്തർ പ്രദേശിലെ അസംഗഢിൽനിന്നുള്ള എംപിയാണ് നിലവിൽ അഖിലേഷ്. ഏത് സീറ്റിൽനിന്നാണ് അഖിലേഷ് ജനവിധി തേടുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
യു.പി മുഖ്യമന്ത്രിയും ബിജെപി. നേതാവുമായ യോഗി ആദിത്യനാഥ് മത്സരിക്കാൻ തീരുമാനിച്ചതോടെ കളത്തിലിറങ്ങാൻ അഖിലേഷ് നിർബന്ധിതനാവുകയായിരുന്നു എന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി ജനവിധി തേടാനൊരുങ്ങുന്ന യോഗി, കിഴക്കൻ ഉത്തർ പ്രദേശിലെ ഗോരഖ്പുർ സദറിൽനിന്നാണ് മത്സരിക്കുന്നത്. കിഴക്കൻ ഉത്തർ പ്രദേശിലെ ഏതെങ്കിലും മണ്ഡലത്തിൽനിന്നോ ലഖ്നൗവിൽനിന്നോ ആകും അഖിലേഷ് ജനവിധി തേടുകയെന്നാണ് സൂചന. ഒന്നിലധികം സീറ്റിൽനിന്ന് മത്സരിക്കാനും സാധ്യയുണ്ട്.
മറുനാടന് ഡെസ്ക്