ന്യൂഡൽഹി: രാഷ്ട്രപതി ഭവന് ജനകീയ മുഖം നൽകിയ എപിജെ അബ്ദുൾ കലാം. ബിജെപി രാജ്യം ഭരിക്കുമ്പോൾ മതേതരത്വത്തിന്റെ ചിഹ്നമായി രാജ്യത്തിന്റെ നേതൃസ്ഥാനത്ത് എത്തി. പുരോഗതിക്ക് പുതിയ മാർഗ്ഗങ്ങൾ അവതരിപ്പിച്ച് ലോകത്തിന്റെ ശ്രദ്ധ ഈ കാലയളവിൽ കലാം സ്വന്തമാക്കി. എപ്പോഴും തന്റെ മുന്നിൽ വന്ന ഫയലുകളെ മാനുഷിക മുഖത്തോടെ മാത്രമേ കലാമെന്ന വ്യക്തിക്ക് കാണാനായിട്ടുള്ളൂ. അവിടെയാണ് ഈ രാഷ്ട്രപതി വ്യത്യസ്തനായത്. തന്നെ പ്രസിഡന്റ് പദവിയിലേക്ക് എത്തിച്ച ബിജെപിയുടെ താൽപ്പര്യങ്ങൾ അദ്ദേഹം തന്റെ പദവിയിലിരിക്കെ ചെയ്തു കൊടുത്തില്ല. അതുകൊണ്ട് തന്നെയാണ് രണ്ടാം തവണയും പ്രസിഡന്റാകാന് ആഗ്രഹിച്ചിട്ടും കലാമിന് അതിന് കഴിയാതെ പോയത്. എന്നിട്ടും അദ്ദേഹം നിരാശനായില്ല. രാജ്യം മുഴുവൻ നടന്ന് തന്റെ വികസന സ്വപ്‌നങ്ങൾ അവതരിപ്പിച്ചു.

രാഷ്ട്രപതി ഭവനെ ആരുടേയും രാഷ്ട്രീയ ചട്ടുകമാകാൻ കലാം അനുവദിച്ചില്ല. നിലപാടുകളിൽ അദ്ദേഹത്തിന് വ്യക്തയുണ്ടായിരുന്നു. അത് തന്നെയാണ് തീരുമാനങ്ങളിൽ പ്രതിഫലിച്ചതും. എന്തുകൊണ്ട് മന്മോഹൻസിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായെന്ന ചോദ്യത്തിന് കലാമിലേക്ക് വിരൽ ചുണ്ടുന്നവരുണ്ട്. ഇറ്റലിയിൽ ജനിച്ച സോണിയാ ഗാന്ധി കോൺഗ്രസ് മന്ത്രിസഭയെ നയിക്കുന്നതിൽ കലാമിന് നിരസമുണ്ടായിരുന്നത്രേ. ഇതേ തുടർന്നാണ് യുപിഎ സർക്കാരിൽ പകരക്കാരനായി മന്മോഹൻ സിങ് എത്തിയത്. ഈ വിവാദത്തിന് ആരും ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല. കലാം നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഒന്നാം യുപിഎ സർക്കാരിന്റെ അധികാരമേൽക്കലിന് തൊട്ടുമുമ്പത്തെ രാഷ്ട്രീയം വിശകലനം ചെയ്താൽ കലാമിന്റെ ഇടപെടലുകൾ തള്ളിക്കളയാനും കഴിയില്ല.

രാജ്യമായിരുന്നു കലാമിന് പ്രധാനം. കടമ നിർവ്വഹിക്കാൻ ജീവിതം തന്നെ രാജ്യത്തിനായി മാറ്റി വച്ചു. രാഷ്ട്രപതിയായിരിക്കെ വിവാദങ്ങളും വിമർശനങ്ങളും കലാമിന് കേൾക്കേണ്ടി വന്നു. രാഷ്ട്രപതിയുടെ മുമ്പിലെത്തിയ ദയാഹർജികളുടെ തീർപ്പുകൽപ്പിക്കുന്ന നടപടി വൈകിച്ചു എന്ന വിമർശനം അബ്ദുൾ കലാമിനെതിരേ ഉയർന്നിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ 72 ആമത്തെ വകുപ്പു പ്രകാരം വധശിക്ഷക്കു വിധിക്കപ്പെട്ട കുറ്റവാളിയുടെ ശിക്ഷ ഇളവുചെയ്യാൻ രാഷ്ട്രപതിക്കു അധികാരം ഉണ്ട്. കലാം രാഷ്ട്രപതിയായിരിക്കുന്ന കാലഘട്ടത്തിൽ ഇരുപത്തൊന്ന് ദയാഹർജികൾ അദ്ദേഹത്തിന്റെ പരിഗണനക്കായി വന്നുവെങ്കിലും, തീർപ്പു കൽപ്പിച്ചത് ഒന്നിൽ മാത്രമാണ്.

പതിനാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതിയായ ധനഞ്ജയ് ചാറ്റർജിയുടെ ദയാഹർജിയാണ് അബ്ദുൾ കലാം പരിഗണിച്ചത്. എന്നാൽ ഇയാൾക്ക് മാപ്പു നൽകാൻ കലാം തയ്യാറായില്ല, ചാറ്റർജിയെ പിന്നീട് വധശിക്ഷക്കു വിധേയനാക്കി. 2001 ലെ ഇന്ത്യൻ പാർലിമെന്റ് ആക്രമണകേസിലെ കുറ്റവാളിയായ അഫ്‌സൽ ഗുരുവിന്റെ ദയാഹർജിയും ഉണ്ടായിരുന്നു ഇതിൽ. ദയാഹർജിയുടെ തീർപ്പു വൈകിക്കുക വഴി അഫ്‌സൽ ഗുരുവിന്റെ വധശിക്ഷ നീട്ടിയത് ഒരുപാട് വിമർശനങ്ങൾക്കിടയാക്കി.

ആ സംഭവത്തിൽ നിന്നു തന്നെ കലാമിന്റെ മനസ്സ് വ്യക്തമാണ്. രാജ്യത്തിന് ശാസ്ത്ര നേട്ടങ്ങൾ നൽകി മിസൈൽ മാൻ. പക്ഷേ അഫ്‌സൽ ഗുരുവിന്റെ തെറ്റിനോട് പോലും പൊറുക്കാൻ കലാമിന് കഴിഞ്ഞു. വ്യക്തികളെ തിരുത്തി നന്മയിലേക്ക് കൊണ്ടു വരികയായിരുന്ന കലാമിന്റെ മനസ്സിലുണ്ടായിരുന്നത്. ആരേയും നശപ്പിക്കുക ആ മനസ്സിന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് അഫസൽ ഗുരുവിന്റെ വധ ശിക്ഷ നടക്കാതെ പോയത്. മറ്റ് പലർക്കും ജീവിതം നീട്ടിക്കൊടുത്തതും. അപ്പോഴും അമ്മയും സഹോദരിയുമായി കാണേണ്ട സ്ത്രീത്വത്തോടുള്ള അവഹേളനത്തെ പൊറുക്കാൻ കലാമിന് കഴിഞ്ഞിരുന്നില്ല.

അഫ്‌സൽ ഗുരുവിനോട് കണ്ണടച്ച കലാം ധനഞ്ജയ് ചാറ്റർജിയെന്ന ബലാത്സംഗക്കാരന് വധശിക്ഷ നൽകണമെന്നതിൽ മറിച്ചൊരു തീരുമാനത്തിന് തയ്യാറായില്ല. തീരുമാനം വൈകിപ്പിച്ചുമില്ല. രാജ്യവും അഭിമാനവുമായിരുന്നു കലാമിന് പ്രധാനം. അതു തന്നെയാണ് രാഷ്ട്രപതി ഭവനിൽ അദ്ദേഹം ഒപ്പിട്ട ഓരോ ഫയലുകളിലും നിറഞ്ഞത്.