- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതൃപ്തി തുറന്നു പറഞ്ഞ് സംസ്ഥാന നേതൃത്വം; പിന്നാലെ ക്ഷമ ചോദിച്ച് തിരുവനന്തപുരം സംഘാടക സമിതി; തൃശൂരിൽ ന്യായികരിച്ച് ജില്ലാ സെക്രട്ടറി; സിപിഎം സമ്മേളനത്തിലെ 'തിരുവാതിര' വിവാദം തുടരുന്നു
തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ തിരുവാതിര വിവാദമാകുകയും സംസ്ഥാന നേതൃത്വം അതൃപ്തി തുറന്നു പറയുകയും ചെയ്തതിന് പിന്നാലെ ക്ഷമാപണവുമായി സംഘാടക സമിതി. തിരുവാതിര നടന്ന ദിവസവും ചില വരികളും സഖാക്കൾക്ക് വേദനയുണ്ടാക്കിയെന്നും അതിൽ ക്ഷമ ചോദിക്കുന്നെന്ന് നന്ദി പ്രസംഗത്തിൽ സ്വാഗത സംഘം കൺവീനർ എസ് അജയൻ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ സമ്മേളനം അവസാനിക്കും മുമ്പായിരുന്നു ക്ഷമാപണം. അതേസമയം, തൃശൂരിലെ തിരുവാതിരയെ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി ന്യായീകരിച്ചു. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നാണ് എം എം വർഗ്ഗീസ് പ്രതികരിച്ചത്. കോവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും 80 പേർ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്കുംകരയിൽ ന്യൂട്രോൺ ബോംബുണ്ടാകിയതുപോലെയാണ് പ്രചാരണമെന്നും അദ്ദേഹം വിമർശിച്ചു.
പാറശാലയിൽ നടന്ന മെഗാ തിരുവാതിരയിൽ അതൃപ്തിയറിയിച്ച് സിപിഎം സംസ്ഥാന നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ നടത്തിയ പരിപാടി പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. തിരുവാതിര അവതരിപ്പിച്ചതിൽ നേതാക്കൾക്ക് അവമതിപ്പുണ്ടാക്കിയെന്നും. തിരുവാതിര നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോയതിലും സംസ്ഥാന നേതൃത്വം വിമർശിച്ചു.
സംഭവത്തിനെതിരെ സിപിഎം നേതാക്കളടക്കം രംഗത്തുവന്നിരുന്നു. ധീരജിന്റെ വിലാപയാത്രക്കിടെ സിപിഎം ഇത്തരമൊരു ആഘോഷ പരിപാടി സംഘടിപ്പിച്ചത് വ്യാപകമായി വിമർശനം ഉയർന്നിരുന്നു. പിന്നാലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തുവന്നു. മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് കോടിയേരി വ്യക്തമാക്കിയത്. തിരുവാതിര നടത്തിയത് അശ്രദ്ധകൊണ്ടെന്നും ഇത് ഒഴിവാക്കേണ്ടിയിരുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു.
കോവിഡ് കേസുകൾ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആൾകൂട്ടങ്ങൾ നിയന്ത്രിക്കാനായി സർക്കാർ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗമടക്കം നിയന്ത്രണങ്ങൾ ലംഘിച്ചത്. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.
തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീറിന്റെ പരാതിയിൽ നടത്തിയ മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വിആർ സലൂജ ഉൾപ്പടെ കണ്ടലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്.കണ്ടാലറിയാവുന്ന 550 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഎം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. കോവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം. എല്ലാവരും മാസ്‌ക്ക് ധരിച്ചിരുന്നു. സാമൂഹിക അകലവും പാലിക്കാൻ നിർദ്ദേശിച്ചിരുന്നു. പാറശാലയിൽ നടന്ന മെഗാ തിരുവാതിര തെറ്റായ നടപടിയെന്ന് പാർട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാനമായ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ