ന്ദ്രപ്രസ്ഥത്തിൽ ഇപ്പോൾ ഒരു പടക്കളത്തിന്റെ പ്രതീതിയാണുള്ളതെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ കടുത്ത പ്രചാരണമത്സരമാണിവിടെ അരങ്ങേറുന്നത്. സാധാരണക്കാരും പാവങ്ങളും കെജരിവാളിന്റെ നേതൃത്ത്വത്തിലുള്ള ആം ആദ്മി പാർട്ടിയുടെ പിന്നിൽ ഒറ്റക്കെട്ടായിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ സൂചനകൾ. ബിജെപി ജയിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കുറഞ്ഞ ഭൂരിപക്ഷമേ ഇവർക്കുണ്ടാകൂ എന്നാണ് അഭ്യൂഹം. ഈ ഭൂരിപക്ഷം നേടിയെടുക്കാൻ ബിജെപി വിയർപ്പൊഴുക്കുകയാണെന്നും റിപ്പോർട്ടുണ്ട്. കോൺഗ്രസിനെ നിഷ്പ്രഭമാക്കിക്കൊണ്ട് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് കെജരിവാളിന്റെ പ്രചാരണം കൊഴുക്കുന്നത്. ഇത്തരത്തിലുള്ള ഡൽഹിയിലെ അപൂവ രാഷ്ട്രീയ പ്രതിഭാസത്തിൽ ലോകം അത്ഭുതപ്പെടുകയാണിന്ന്.

ആം ആദ്മി പ്രതിപക്ഷത്തെത്തിയാലും ശക്തമായ പ്രവർത്തനമായിരിക്കും ഡൽഹിയിൽ കാഴ്ച വയ്ക്കുകയെന്ന് പലർക്കും പ്രതീക്ഷയുണ്ട്. കോൺഗ്രസ് എത്ര സീറ്റ് കൂടുതൽ നേടുന്നുവോ അത് ബിജെപിക്ക് ക്ഷീണമാകുമെന്നും കരുതുന്നു. 25നും 30നും ഇടയിൽ സീറ്റ് ആം ആദ്മി നേടുമെന്നാണ് കരുതുന്നത്. കോൺഗ്രസ് കൂടുതൽ സീറ്റ് പിടിച്ചാൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും പറയപ്പെടുന്നു. അങ്ങനെ വരുമ്പോൾ ബിജെപിയുടെ സീറ്റ് 30നും 35നും ഇടയിലാകാനാണ് സാധ്യതയെന്നും അഭ്യൂഹങ്ങളുണ്ട്.

നഗരത്തിലെ താഴെക്കിടയിലുള്ളവരിൽ നിന്നും ലഭിക്കുന്ന കനത്ത പിന്തുണയാണ് ആം ആദ്മിയുടെ ഈ ജനകീയതയ്ക്ക് അടിത്തറ തീർത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഫാക്ടറി തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ, പാവപ്പെട്ട ഷോപ്പ് കീപ്പർമാർ, വ്യാപാരികൾ , ഓഫീസുകളിലെയും ഷോപ്പുകളിലെയും ജീവനക്കാർ, സേവനദാതാക്കൾ തുടങ്ങിയവരെല്ലാ ആം ആദ്മിയിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. 2011ലെ സെൻസസ് പ്രകാരം ഡൽഹിയിലെ ജനസംഖ്യ 1.7 കോടിയാണ്. ഇതിൽ 1.3 കോടിയാണ് വോട്ടർമാരുള്ളത്.

2011 2012ലെ എൻഎസ്എസ്ഒ റിപ്പോർട്ടനുസരിച്ച് ജനസംഖ്യയിൽ 60 ശതമാനം പേർക്കും പ്രതിമാസം 13,500 രൂപയിൽ താഴെ മാത്രമെ വരുമാനമുള്ളൂ. 21 ശതമാനം പേർക്ക് പ്രതിമാസം 7000 രൂപയിൽ താഴെ മാത്രമെ വരുമാനമുള്ളൂ. ഔദ്യോഗിക മിനിമം വേതനം 8550 രൂപയായി സർക്കാർ നിശ്ചയിച്ചിരിക്കെയാണ് ഈ പ്രതിഭാസം നിലനിൽക്കുന്നത്. 12 മണിക്കൂർ ജോലി ചെയ്താൽ പോലും 8,550 രൂപ മാത്രം ശമ്പളമായി ലഭിക്കുന്ന അനേകർ ഡൽഹിയിലുണ്ട്. ഓട്ടോമോട്ടീവ് പാർട്‌സ് മെയ്ക്കിങ് യൂണിറ്റിൽ ജോലി ചെയ്യുന്ന സുന്ദർ ലാൽ ആ ഗണത്തിൽ പെടുന്ന ഒരു തൊഴിലാളിയാണ്. എട്ട് മണിക്കൂർ നേരത്തെ ജോലിക്കാണ് സർക്കാർ മിനിമം വേതനമായ 8550 രൂപ നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോൾ സുന്ദർലാലിന് ശേഷിക്കുന്ന നാല് മണിക്കൂർ ജോലിക്ക് അധികവേതനം നൽകേണ്ടതാണ്. എന്നാൽ ഇതയാൾക്ക് ലഭിക്കുന്നില്ല. ഇത്തരത്തിൽ ചൂഷണത്തിൽ ജീവിതം തള്ളി നീക്കുന്ന നിരവധി പേർ തലസ്ഥാനത്തുണ്ട്. എന്നാൽ ഇവരുടെ ദുരിതത്തെക്കുറിച്ച് മാറി മാറി വരുന്ന സർക്കാരുകൾ ആരും ശ്രദ്ധിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
3.5 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരും 2.5 ലക്ഷം സംസ്ഥനസർക്കാർ ജീവനക്കാരും, പ്രാദേശിക ഭരണകൂട ജീവനക്കാരുമടങ്ങിയതാണ് ഡൽഹിയിലെ മധ്യവർഗം. 2012ലെ ഡിജിഇടി ഡാറ്റ പ്രകാരമാണ് ഈ കണക്ക്. ഡൽഹിയുടെ ജനസംഖ്യയുടെ 30 ശതമാനവും ഇത്തരക്കാരാണ്. മാസത്തിൽ 15,000ത്തിനും 30,000ത്തിനും ഇടയിലാണ് അവരുടെ വരുമാനം. ഇവിടുത്തെ ഏഴ് ശതമാനം ആളുകൾക്ക് മാത്രമെ 30,000ത്തിനും 1.2 ലക്ഷത്തിനും ഇടയിൽ പ്രതിമാസ വരുമാനമുള്ളൂവെന്നാണ് എൻഎസ്എസ്ഒ ഡാറ്റ പറയുന്നത്. ഇത്തരക്കാരെല്ലാം ആം ആദ്മിയിൽ പ്രതീക്ഷപുലർത്തുന്നുണ്ടെന്നാണ് സൂചന. തങ്ങളുടെ യഥാർത്ഥ പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ കെജരിവാളിന് മാത്രമെ സാധിക്കുകയുള്ളൂവെന്നാണവർ പ്രതീക്ഷിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തതോടെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് പന്തയക്കാർ സജീവമായിട്ടുണ്ട്. ബിജെപി ജയിക്കുമെന്നും കിരൺബേദി മുഖ്യമന്ത്രിയാകുമെന്നുമാണ് ചില പന്തയക്കാർ ഉറപ്പിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടി ജയിക്കുമെന്ന് പറഞ്ഞ് പന്തയം വയ്ക്കുന്നവരുമുണ്ട്. എന്നാൽ കോൺഗ്രസിന്റെ പേരിൽ പന്തയം വച്ചാൽ പന്തയക്കാശ് നഷ്ടപ്പെടുമെന്നാണ് മിക്ക പന്തയക്കാരും പറയുന്നത്.