ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സഹസ്രകോടികളുടെ സമ്പാദ്യം നീക്കിവച്ച അതിസമ്പന്നരുടെ പട്ടികയിലേക്കിതാ പുതിയ ഒരു താരം കൂടി. ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കോർപറേഷനായ ആപ്പിളിന്റെ സിഇഒ ടിം കുക്ക് ആണ് തന്റെ സമ്പാദ്യമെല്ലാം മരിക്കുന്നതിനു മുമ്പ് തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മാറ്റത്തിന്റെ ഓളങ്ങൾ സൃഷ്ടിക്കാൻ ഒരു കാരണമാകുക എന്ന ആഗ്രമാണ് തന്നെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചതെന്ന് ഫോർച്യൂൺ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ ടിം പറഞ്ഞു. ഏകദേശം 50,000 കോടി രൂപയാണ് ടിമ്മിന്റെ ആസ്തിയായി ഫോർച്യൂൺ കണക്കാക്കുന്നത്. ഈ സമ്പാദ്യത്തിൽ നിന്ന് വ്യക്തിപരമായ ആവശ്യമായി ടിം എടുക്കുന്നത് 10 വയസ്സുള്ള അനന്തരവന്റെ പഠനത്തിനുള്ള പണം മാത്രം. ബാക്കിയെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവിടും.

ഫോർച്യൂൺ പ്രസിദ്ധീകരിച്ച സുദീർഘമായ പ്രോഫൈലിലാണ് ടിം ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ സമ്പന്നർക്കിടയിൽ വർധിച്ചു വരുന്ന ജീവകാരുണ്യ പ്രേമത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 54കാരൻ ടിം കുക്കിന്റെ മാതൃക. നേരത്തെ ശതകോടീശ്വരന്മാരായ വാറൻ ബഫറ്റ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്, ഒറക്കിൾ കോർപ് മേധാവി ലാറി എലിസൺ എന്നിവരും തങ്ങളുടെ സമ്പാദ്യം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വച്ച് വാർത്തയായിരുന്നു.

അതിസമ്പന്നർ ചുരുങ്ങിയത് തങ്ങളുടെ സമ്പാദ്യത്തിന്റെ പകുതിയെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലഴിക്കണമെന്നാവശ്യപ്പെട്ട് സഹസ്രകോടീശ്വരൻ വോറൻ ബഫെറ്റാണ് 'ദാന പ്രതിജ്ഞ' പ്രചാരണവുമായി ആദ്യം രംഗത്തെത്തിയത്. തുടർന്ന് നിരവധി കോടീശ്വരന്മാർ ഈ സംരഭത്തോട് യോജിച്ച് തങ്ങളുടെ സമ്പാദ്യം വകമാറ്റി ചെലവിടാൻ തയാറാകുകയായിരുന്നു. ബിൽഗേറ്റ്‌സിനേയും സുക്കർബർഗിനേയും പോലെ തങ്ങൾ ചെലവഴിക്കുന്നത് ലോകമൊട്ടാകെ കൊട്ടിപ്പാടി നടക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തനായിരിക്കും ടിം കുക്ക്. വ്യക്തിപരമായി സ്വകാര്യത സൂക്ഷിച്ചു കൊണ്ടു നടക്കുന്ന പ്രകൃതക്കാരനായ കുക്ക് തന്റെ ദാന പ്രവർത്തനങ്ങളേയും മാദ്ധ്യമങ്ങളുടെ കണ്ണിൽ നിന്നു മറച്ചു വയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

പരിസ്ഥിതി പ്രശ്‌നങ്ങൾ തൊട്ട് പൗരാവകാശങ്ങൾ വരെ വിവിധ വിഷയങ്ങളിൽ ഈയിടെ മാത്രമാണ് അദ്ദേഹം തുറന്ന് സംസാരിക്കാൻ തുടങ്ങിയത്. സ്വവർഗാനുരാഗിയാണെന്ന് തുറന്ന് പറഞ്ഞ് കഴിഞ്ഞ വർഷം വലിയ വാർത്തയായ കുക്ക് ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന വിവേചനങ്ങൾക്കും അവകാശ ലംഘനങ്ങൾക്കുമെതിരെ സംസാരിക്കുകയും ചെയ്തിരുന്നു. പല ആവശ്യൾക്കു വേണ്ടിയും താൻ പണം ദാനം ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും വെറും ചെക്ക് എഴുതി കൊടുക്കലിൽ നിന്നും മാറി കൂടുതൽ വ്യവസ്ഥാപിതമായ രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് ആഗ്രമിഹിക്കുന്നതെന്നും അദ്ദേഹം ഫോർച്യൂൺ മാസികയോട് പറഞ്ഞു.