സാമ്പത്തിക രംഗത്ത് ഡത്ത് ക്രോസ് എന്നൊരു പ്രയോഗമുണ്ട്. സമീപകാലത്തൊന്നും പ്രതിസന്ധിയിൽനിന്ന് കരകയറാനിടയില്ലാത്ത സാഹചര്യത്തെക്കുറിക്കുന്നതാണ് ഈ പദം. മരണമുഖമെന്ന് വിശേഷിപ്പിക്കാവുന്ന ഈ നിലയിലേക്ക് നീങ്ങുന്നത് മറ്റാരുമല്ല. ഐ.ടി.ലോകത്തെ ഭീമന്മാരായ ആപ്പിൾ തന്നെ.


കഴിഞ്ഞ രണ്ടുമാസത്തിനിടെ ആപ്പിളിന് ഓഹരി വിപണിയിലുണ്ടായ തകർച്ചയാണ് ഡത്ത് ക്രോസിലാണ് ആപ്പിളെന്ന് നിരീക്ഷകർ വിലയിരുത്താൻ കാരണം. 705 ഡോളർ വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോൾ 547 ഡോളറിലെത്തിയിരിക്കുന്നു. ഇനിയുമൊരു 20 ശതമാനം ഇടിവുകൂടി ഓഹരികൾക്ക് സംഭവിക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു.

ലോകത്തേറ്റവും വിലപിടിച്ച സ്ഥാപനമായാണ് ആപ്പിൾ പരിഗണിക്കപ്പെടുന്നത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപമായും ആപ്പിളിന്റെ ഓഹരികൾ പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ, ഓഹരികൾക്ക് തുടർച്ചയായുണ്ടായ വിലയിടിവ് നിക്ഷേപകരെ പരിഭ്രാന്തിയിലാഴ്‌ത്തിക്കഴിഞ്ഞു. ഓഹരികൾ വിറ്റഴിക്കാനുള്ള തിരക്കിലാണ് ഏവരും. ഇതോടെയാണ് ആപ്പിൾ വീണ്ടും പ്രതിസന്ധിയിലേക്ക് വീഴുമെന്ന ആശങ്ക ശക്തമായതും. ഓഹരികൾക്ക് 420 ഡോളറിലേറെ വിലയിടിവ് നേരിടുമെന്നാണ് സൂചന.

ഗൂഗിളും സാംസങ്ങും ഉയർത്തുന്ന ഭീഷണി ആപ്പിൾ ഉത്പന്നങ്ങളുടെ വിൽപനയെ ഗണ്യമായി ബാധിച്ചുതുടങ്ങിയതോടെയാണ് സ്ഥാപനം പ്രതിസന്ധിയിലേക്ക് നീങ്ങിത്തുടങ്ങിയത്. സ്ഥാപകനായ സ്റ്റീവ് ജോബ്‌സിന്റെ നിര്യാണത്തിനുശേഷം ആപ്പിളിൽനിന്ന് ശ്രദ്ധേയമായ ഉത്പന്നങ്ങളൊന്നും പുറത്തുവരുന്നില്ലെന്നതും അതിന്റെ സ്വീകാര്യതയെ ബാധിച്ചു. ഇതെല്ലാം ഓഹരിവിപണിയിലും കാര്യമായ ഇടിവ് ഉണ്ടാക്കുകയായിരുന്നു.

നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെട്ടതോടെ, ശനിയാഴ്ച ആപ്പിൾ നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ്. കമ്പനിയുടെ വിപണി മൂല്യത്തിൽനിന്ന് 3500 കോടി ഡോളറാണ് ഒറ്റദിവസം കൊണ്ട് നഷ്ടമായത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ, ആപ്പിളിന്റെ നഷ്ടം 13000 കോടി ഡോളറാണ്.

ഓഹരി വിപണിയിൽ കാലെടുത്ത് വച്ചശേഷം ഫെയ്‌സ്ബുക്ക് നേരിട്ട തിരിച്ചടിക്ക് സമാനമാണ് ആപ്പിളിന്റെയും വീഴ്ച വിലയിരുത്തപ്പെടുന്നത്. ഫെയ്‌സ്ബുക്കിന് ഓഹരി വിപണിയിലെ വരവാണ് നഷ്ടമുണ്ടാക്കിയത്. എന്നാൽ, വിപണിയിലെ മറ്റ് സ്ഥാപനങ്ങളുമായുളള പോരാട്ടത്തിലാണ് ആപ്പിൾ പിന്നാക്കം പോയത്. അഞ്ചാം തലമുറ ഐഫോണും ഐ പാഡ് മിനിയും രംഗത്തുവന്നിട്ടും ആപ്പിളിന് രക്ഷകിട്ടിയില്ല. ആൻഡോയ്ഡ് പ്ലാറ്റ്‌ഫോമിലുള്ള ഉത്പന്നങ്ങൾ ടാബ്ലറ്റ് വിപണിയുടെ പാതിയോളം സ്വന്തമാക്കുമെന്നാണ് പുതിയ സൂചനകൾ. അതു സംഭവിച്ചാൽ, ഐ പാഡ് കൂടുതൽ പ്രതിസന്ധിയെ നേരിടേണ്ടിവരും.