തിരുവനന്തപുരം: ഇന്നലെ നടന്ന ദേശീയതലത്തിലെ മെഡിക്കൽ പരീക്ഷയിൽ 'ഫുൾ മാർക്ക്' നേടി വിജയിച്ചത് കുട്ടികളല്ല; മറിച്ച് കേരള മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയനും ഇവിടത്തെ ഭരണ സംവിധാനവുമാണ്. കൂടെ റെക്കോഡ് കളക്ഷൻ നേടി നമ്മുടെ സ്വന്തം ആനവണ്ടിയും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ തലേന്നുതന്നെ ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളുമെല്ലാം കേരളത്തിലേക്ക് പരീക്ഷയെഴുതാൻ എത്തിയിരുന്നു. ഇത്തരത്തിൽ വലിയ തോതിൽ ജനങ്ങൾ കേരളത്തിലേക്ക് എത്തുമെന്ന് സൂചന ലഭിച്ചപ്പോൾ തന്നെ പരീക്ഷ നടക്കുന്ന എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വേണ്ട ക്രമീകരണങ്ങൾ വരുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം പോയി.

സമാന രീതിയിൽ കൂടുതൽ ട്രിപ്പുകൾ നൽകാൻ കെഎസ്ആർടിസിയും നിർദ്ദേശം നൽകി. ഇതോടെ എല്ലാ പ്രധാന പരീക്ഷാ കേന്ദ്രങ്ങൾക്കു മുന്നിലും സമീപങ്ങളിലും റെയിൽവെസ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലുമെല്ലാം ക്രമീകരണമായി. ഞായറാഴ്ച അവധി ദിനമാണെങ്കിലും ജില്ലാ ഭരണ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ച് വേണ്ട ഏർപ്പാടുകൾ ചെയ്തു. ഇതോടെ യാതൊരു ബുദ്ധിമുട്ടും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഉണ്ടായില്ല. കൂടുതൽ യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തിയതോടെ കെഎസ്ആർടിസിക്കും റെക്കോഡ് കളക്ഷൻ ഉണ്ടായി. പതിവിലേറെപ്പേർ ഇന്നലെ കെഎസ്ആർടിസിയെ ആശ്രയിക്കുകയും ചെയ്തു.

ഇത്തരത്തിൽ മുൻപൊരിക്കലും ഉണ്ടാകാത്തവിധം കേരളത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്ന് തിരിച്ചറിഞ്ഞതോടെ ഇപ്പോൾ മുഖ്യമന്ത്രി പിണറായി അഭിനന്ദിച്ചുകൊണ്ട് സന്ദേശങ്ങൾ പ്രവഹിക്കുകയാണ് സോഷ്യൽ മീഡിയയിൽ. താങ്കളെക്കുറിച്ച് വിവരിക്കാൻ വാക്കുകളില്ല സി.എം. യഥാർത്ഥ ജനകീയനായ മുഖ്യമന്ത്രിയാണ് അങ്ങ്. ഇങ്ങനെയൊരു മുഖ്യമന്ത്രിയെ കിട്ടിയ കേരളത്തിലെ ജനങ്ങൾ ഭാഗ്യവാന്മാരാണ്. ഇത്തരത്തിൽ ട്വിറ്ററിലും ഫേസ്‌ബുക്കിലും ഇന്നലെയും ഇന്നുമായി പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയാണ്. പ്രത്യേകിച്ചും തമിഴ്‌നാട്ടിൽ നിന്ന് എത്തിയവരാണ് കൂടുതലും പ്രതികരണങ്ങളുമായി എത്തുന്നത്. പലരും ആരാധനയോടെയാണ് ജന പിണറായി നേതാവായി വിശേഷിപ്പിച്ച് പ്രതികരിക്കുന്നതും.

ഓരോ പ്രദേശത്തെയും കുട്ടികൾക്ക് പരമാവധി വേഗത്തിൽ എത്തിച്ചേരാവുന്ന കേന്ദ്രങ്ങളിലാവണം പരീക്ഷ ഒരുക്കേണ്ടത് എന്ന് നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ അത് നടന്നില്ല. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടിൽ നിന്നും നീറ്റിന് അപേക്ഷിച്ചവർക്ക് രാജസ്ഥാനിൽ വരെ പരീക്ഷാകേന്ദ്രം അനുവദിക്കപ്പെട്ടു. 5370 കുട്ടികൾ തമിഴ്‌നാടിൽ നിന്നും പരീക്ഷയ്‌ക്കെത്തിയിരുന്നു. കേരളത്തിലെ ഉൾഗ്രാമങ്ങളിൽ നിന്നും നിരവധി പേർ മറ്റു ജില്ലകളിൽ പരീക്ഷയ്ക്ക് എത്തിയ സാഹചര്യമുണ്ടായി. ഇവർക്ക് താമസിക്കാനും വിശ്രമിക്കാനും സൗകര്യം ഒരുക്കുക എന്നത് വലിയൊരു ദൗത്യമായിരുന്നു. ഗ്രാമീണരും സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവരുമായ കുട്ടികളുൾപ്പെടെ ഇങ്ങനെ എത്തിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ജില്ലാ കേന്ദ്രങ്ങളിൽ ഇതിന് സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയത്.

പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായം നൽകുന്നതിന് സംസ്ഥാനത്തെ പ്രധാന റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും സഹായ കേന്ദ്രങ്ങൾ ഏർപ്പെടുത്താൻ കലക്ടർമാർക്കും പൊലീസ് മേധാവികൾക്കും നിർദ്ദേശം നൽകി. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇതര ജില്ലകളിൽ പോയി പരീക്ഷ എഴുതേണ്ട സാഹചര്യവും ഉണ്ടായിരുന്നു. മാത്രമല്ല, അയൽ സംസ്ഥാനത്തുനിന്നും ധാരാളം വിദ്യാർത്ഥികൾ പരീക്ഷയെഴുതാൻ കേരളത്തിലെത്തി. ഈ സാഹചര്യത്തിൽ ഇവർക്ക് സുഗമമായ യാത്രാസൗകര്യവും ആവശ്യമുള്ളവർക്ക് താമസസൗകര്യവും മറ്റു സഹായവും ലഭ്യമാക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം നൽകിയതോടെ ഇതിനുവേണ്ട ക്രമീകരണങ്ങൾ എല്ലായിടത്തും ഉണ്ടായി. ഇതാണ് ഇത് തമിഴകത്ത് വലിയ പ്രതിഫലനം സൃഷ്ടിച്ചത്. ഞങ്ങൾക്കും താങ്കളെപ്പോലെ മുഖ്യമന്ത്രിയെ കിട്ടിയിരുന്നെങ്കിൽ എന്നുവരെ പലരും പ്രതികരിച്ചുവെന്നതും ശ്രദ്ധേയമാണ്. സിപിഎം തമിഴ്‌നാട് സെക്രട്ടറി കെ ബാലകൃഷ്ണനും അവിടെ നിന്നുള്ളവർക്ക് സഹായം നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. ഏറ്റവും കൂടുതൽ പേർ തമിഴ്‌നാട്ടിൽ നിന്ന് എത്തിയ എറണാകുളത്ത് പ്രത്യേകം ഹെൽപ് ഡെസ്‌കുകളും ഏർപ്പെടുത്തിയിരുന്നു. അവിടേക്കാണ് ഇപ്പോൾ അഭിനന്ദന സന്ദേശങ്ങളും നന്ദിപറഞ്ഞുള്ള സന്ദേശങ്ങളും കൂടുതലായി എത്തുന്നത്. പലരും ട്വിറ്ററിലൂടെയും ഫേസ്‌ബുക്കിലൂടേയും നന്ദി അറിയിക്കുന്നുമുണ്ട്.

മികച്ച സർവീസും റെക്കോഡ് കളക്ഷനുമായി കെഎസ്ആർടിസിയും

നീറ്റ് പരീക്ഷാ ദിനം കെഎസ്ആർടിസിക്ക് നല്ല സർവീസ് നടത്തിയതിന് അഭിനന്ദനം നേടിക്കൊടുത്തതിനൊപ്പം നല്ലകളക്ഷൻ കിട്ടിയതോടെ നേട്ടമുണ്ടാക്കാനുള്ള അവസരവുമായി മാറി. നീറ്റ് പരീക്ഷാ ദിനത്തിൽ നീറ്റായി സർവീസ് നടത്തി, വരുമാനവർധനവിനൊപ്പം അഭിനന്ദനവും നേടി കെ.എസ്.ആർ.ടി.സി. ജനോപകാരപ്രദമായി സർവീസ് നടത്തി വരുമാനം വർദ്ധിപ്പിച്ച് മാതൃകയായ സഹപ്രവർത്തകരെ കെഎസ്ആർടിസിയുടെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

മെയ് മാസം ആറാം തീയതി ഞായറാഴ്ച കെഎസ്ആർടിസിയുടെ വരുമാനം 6,88,98,916 രൂപയാണ്. ഏപ്രിൽ മാസത്തെ ഞായറാഴ്ചകളിലെ ശരാശരി വരുമാനം 6.17 കോടി എന്നിരിക്കെ 71 ലക്ഷം രൂപയുടെ വരുമാന വർധനവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. സംസ്ഥാനത്തുടനീളം പരീക്ഷാർത്ഥികളും രക്ഷാകർത്താക്കളും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ബസ്സുകളിൽ യാത്ര ചെയ്തത് കാരണമാണ് ഇത്രയും കൂടുതൽ വരുമാനം ലഭ്യമായത്. കൂടുതൽ യാത്രക്കാർ കെഎസ്ആർടിസി ബസ്സുകളെ ആശ്രയിച്ചു എന്നതിന് തെളിവാണ് ഞായറാഴ്ച ദിനത്തിൽ ലഭിച്ച കൂടിയ വരുമാനം.