കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ മാനേജർ സുനിൽരാജ് (അപ്പുണ്ണി) കേരളത്തിൽ തിരിച്ചെത്തിയെന്ന് സൂചന. അറസ്റ്റ് ഒഴിവാക്കൻ അപ്പുണ്ണി ഗൾഫിലേക്ക് കടന്നാതായി പൊലീസ് സംശയിച്ചിരുന്നു. എന്നാൽ ദീലീപിന് ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ മടങ്ങിയെത്തിയെന്നാണ് സൂചന. അപ്പുണ്ണിയുടെ ഒളിയിടത്തെക്കുറിച്ചു പൊലീസിനു രഹസ്യവിവരം കിട്ടി. നിലമ്പൂർ നാടുകാണിച്ചുരത്തിനു സമീപം തമിഴ്‌നാട് അതിർത്തിയിലെ ദേവാലത്ത് അപ്പുണ്ണിയുള്ളതായാണ് സൂചന.

മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ആയ ഗുൽഷന്റെ സഹായത്തോടെ അപ്പുണ്ണി കേരളം വിട്ടുവെന്നായിരുന്നു അന്വേഷണ സംഘം കരുതിയത്. ഇതിനിടെയാണ് നിർണ്ണായക വിവരം പൊലീസിന് കിട്ടിയത്. നിലമ്പൂർ നാടുകാണിചുരത്തിന് സമീപം മലയാള സിനിമകളുടെ ഷൂട്ടിങ് സാധാരണ നടക്കാറുണ്ട്. പല ദിലീപ് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ദേവാലം പ്രദേശം രണ്ടു ദിവസമായി മലപ്പുറം പൊലീസിന്റെ നിരീക്ഷണത്തിലാണ്. നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ അംഗങ്ങളും നിലമ്പൂരിൽ തമ്പടിക്കുന്നുണ്ട്.

അപ്പുണ്ണി ഒളിവിൽ പോയതു കേസിന്റെ തുടരന്വേഷണങ്ങൾക്കു തിരിച്ചടിയായിട്ടുണ്ട്. ദിലീപിനെ മറ്റു പ്രതികളുമായി ബന്ധിപ്പിക്കുന്ന കണ്ണി അപ്പുണ്ണിയാണ്. കുറ്റകൃത്യത്തിനു പിന്നിൽ വർഷങ്ങൾ നീണ്ട ഗൂഢാലോചനയും ആസൂത്രണവും നടന്നതിനാൽ പ്രതികൾക്കെതിരെ ഇനിയും കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയുമെന്നാണു സൂചന. അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തന്നെ മാപ്പുസാക്ഷിയാക്കാൻ കള്ളക്കളി നടക്കുന്നുവെന്നും ദിലീപിന് ഒന്നും അറിയില്ലെന്നുമായിരുന്നു വാദം. എന്നാൽ ദിലീപിന്റെ ജാമ്യം തള്ളിയ കോടതി തെളിവുണ്ടെന്ന് വിശദീകരിച്ചു. ഇതോടെ അപ്പുണ്ണിയുടെ നില പരുങ്ങലിലായി.

ദിലീപ് നടി കാവ്യാ മാധവനുമായി അവസാനം ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലും മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) പലതവണ എത്തിയതായി പൊലീസിനു വിവരം ലഭിച്ചു. കൊല്ലം തേവലക്കരയിൽ കഴിഞ്ഞ വർഷമായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഈ ചിത്രത്തിന്റെ സാങ്കേതിക വിദഗ്ധരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. അടൂർ ഗോപാലകൃഷ്ണന്റെ പിന്നേയും എന്ന സിനിമയുടെ സെറ്റായിരുന്നു ിത്. ഷൂട്ടിങ് നടന്ന വീട്ടുകാരോടും അയൽവാസികളോടും വളരെ നല്ലരീതിയിലാണു സുനിൽ പെരുമാറിയത്. ഷൂട്ടിങ്ങിനിടയിൽ ദിലീപ്, കാവ്യ എന്നിവരുമായും ഇയാൾ വളരെ അടുപ്പത്തോടെ പെരുമാറിയെന്നും പൊലീസിന് വിവരം കിട്ടി.

'സുനിക്കുട്ടൻ' എന്നാണു പ്രതിയെ അവിടെ പലരും വിളിച്ചിരുന്നത്. ഇതു സംബന്ധിച്ച വിവരം ലഭിച്ച അന്വേഷണ സംഘം സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടർന്നു തേവലക്കരയിലെത്തി തെളിവുകൾ ശേഖരിച്ചു. കാവ്യാ മാധവനെ കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ആലുവയിലെ വീട്ടിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യ നേരിട്ടെത്തിയാണു കാവ്യയെ ചോദ്യംചെയ്തത്. പ്രാഥമിക ചോദ്യംചെയ്യൽ മാത്രമാണു നടന്നതെന്നാണു വിവരം. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിൽ, മെമ്മറി കാർഡിന്റെയും ഫോണിന്റെയും വിവരങ്ങളാണു പൊലീസ് മുഖ്യമായും കാവ്യയിൽനിന്നു ചോദിച്ചറിഞ്ഞതെന്നാണു സൂചന.

നടിയെ അതിക്രമത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കാവ്യയുടെ ഓൺലൈൻ വസ്ത്ര വ്യാപാരസ്ഥാപനമായ 'ലക്ഷ്യ'യിൽ  ഏൽപ്പിച്ചതായി കേസിലെ മുഖ്യപ്രതി പൾസർ സുനി മൊഴി നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൾസർ സുനി ജയിലിൽനിന്ന് ദിലീപിനെഴുതിയെന്ന് പറയപ്പെടുന്ന കത്തിലെ 'കാക്കനാട്ടെ ഷോപ്പി'നെക്കുറിച്ചുള്ള പരാമർശമാണു കാവ്യയെ ചോദ്യം ചെയ്യുന്നതിലേക്കു നയിച്ചത്.