കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയാമെന്ന് നടൻ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ മൊഴിയിൽ ഞെട്ടി സിനിമാ ലോകം. പൾസർ സുനിയുമായി മുൻപരിചയമുണ്ടായിരുന്നു. നടനും എംഎൽഎയുമായ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതൽ സുനിയുമായി പരിചയമുണ്ട്. ദിലീപും സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും അപ്പുണ്ണി പറഞ്ഞു. ഇതോടെ പൾസറിനെ അറിയില്ലെന്ന ദിലീപിന്റേയും കാവ്യാ മാധവന്റേയും മൊഴി വിശ്വാസ്യയോഗ്യമല്ലാതാവുകയും ചെയ്തു.

ജയിലിൽനിന്ന് പൾസർ സുനി വിളിക്കുമ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നു. പരിചയമില്ലാത്തതു പോലെ സംസാരിക്കാൻ ദിലീപ് ആവശ്യപ്പെട്ടു. സുനി തന്നോട് പറഞ്ഞതെല്ലാം ദിലീപിനെ അപ്പോൾത്തന്നെ അറിയിച്ചിരുന്നു. ജയിലിൽനിന്നയച്ച കത്തിന്റെ കാര്യം സംസാരിക്കാൻ ഏലൂർ ടാക്‌സി സ്റ്റാൻഡിലും പോയി. എന്നാൽ ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്നും അപ്പുണ്ണിയുടെ മൊഴിയിൽ പറയുന്നു. 2013 ൽ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതൽ പൾസർ സുനിയുമായി അടുത്ത പരിചയമുണ്ടെന്ന അപ്പുണ്ണിയുടെ വെളിപ്പെടുത്തലും ദിലീപിനെ കുരുക്കും. ഇതോടെ ദിലീപിനെ കുടുക്കാൻ വേണ്ട തെളിവുകളായി എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കാവ്യയും കുടുങ്ങും. ദിലീപിന് നന്നായി അറിയാവുന്ന ആളാണ് പൾസർ. അതുകൊണ്ട് തന്നെ പൾസറിനെ അറിയില്ലെന്ന് ദിലീപിനെ പോലെ കാവ്യയും പറയുന്നത് അന്വേഷണം വഴിതിരിച്ചു വിടാനാണെന്ന് പൊലീസ് വിലയിരുത്തുന്നു.

ദിലീപിന് സുനിയെ നേരത്തെ അറിയാമായിരുന്നു. സുനി ദിലീപിനെ ഫോണിൽ വിളിച്ചപ്പോൾ താനായിരുന്നു ഫോൺ എടുത്തത്. പൾസർ സുനിയുമായി താൻ ഫോണിൽ സംസാരിച്ചത് ദിലീപിന്റെ നിർദ്ദേശപ്രകാരമാണ്. നടിയെ ആക്രമിച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്ന മട്ടിൽ സംസാരിക്കാൻ ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നു. സംസാരിക്കുമ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നെന്നും അപ്പുണ്ണി മൊഴിനൽകി. ഗൂഢാലോചന സംബന്ധിച്ച് ദിലീപും സുനിയും തമ്മിൽ ബന്ധമുണ്ടായിരുന്നോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും സുനി അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. അതേസമയം, നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ എവിടെയെന്ന് അറിയില്ലെന്ന് അപ്പുണ്ണി മറുപടി നൽകിയിരുന്നു.

തന്റെ ഫോൺ നമ്പരും സുനിയുടെ കൈയിലുണ്ടാകാം. ജയിലിൽനിന്ന് പൾസർ സുനി തന്റെ ഫോണിലേക്കു വിളിച്ചത് ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്നും അപ്പുണ്ണി പൊലീസിനോടു പറഞ്ഞു. എന്നാൽ ദിലീപും പൾസർ സുനിയും തമ്മിൽ അടുത്ത ബന്ധമുണ്ടോ എന്ന തനിക്കറിയില്ല. സിനിമാ സെറ്റുകളിൽ ചിലപ്പോഴൊക്കെ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇവർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി അറിയില്ലെന്നും അപ്പുണ്ണി മൊഴി നൽകി. മുഖ്യപ്രതിയായ പൾസർ സുനി കുറ്റകൃത്യത്തിനു മുൻപു നടിയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ദിലീപുമായി സംസാരിച്ചിരുന്നത് അപ്പുണ്ണിയുടെ ഫോണിൽ വിളിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതുകൊണ്ട് തന്നെ അപ്പുണ്ണിയുടെ വെളിപ്പെടുത്തൽ നിർണ്ണായകമാണ്.

അപ്പുണ്ണിയുടെയും കാവ്യാമാധവന്റെയും മൊഴികൾ വൈരുദ്ധ്യമായിരിക്കുന്ന സാഹചര്യത്തിൽ ഇരുവരെയും വീണ്ടും വിളിച്ച് ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. പൾസർ സുനി ജയിലിൽ നിന്നും വിളിച്ചപ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നു. സുനി നേരത്തേ വിളിച്ച കാര്യം താൻ ദിലീപിനോട് പറഞ്ഞിരുന്നതായും അപ്പുണ്ണി പറഞ്ഞു. അതേസമയം ഗൂഢാലോചനയിൽ ദിലീപിനെ കുരുക്കാനുള്ള ഒരു മൊഴിയും അപ്പുണ്ണിയിൽ നിന്നും പൊലീസിന് കിട്ടിയില്ല. കൃത്യം നടന്നു കഴിഞ്ഞുള്ള വിശദാംശങ്ങളാണ് അപ്പുണ്ണിയിൽ നിന്നും കിട്ടിയത്. അപ്പുണ്ണിയുടെ മൊഴി വിശദമായി പരിശോധിച്ചതിന് ശേഷം ഇയാളെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. കേസിൽ നേരത്തേ ചോദ്യം ചെയ്തപ്പോൾ കാവ്യാമാധവന്റെയും ഇപ്പോൾ കിട്ടിയ അപ്പുണ്ണിയുടെയും മൊഴികളിലെ വൈരുദ്ധ്യത്തിലൂടെ മുന്നേറാണ് പൊലീസിന്റെ പദ്ധതി.

റിമാൻഡിൽ കഴിയുന്ന സുനിൽ വിളിച്ചതും അപ്പുണ്ണിയുടെ ഫോണിലേക്കാണ്. ദിലീപിനു കൈമാറാൻ ജയിലിനുള്ളിൽ സുനിൽ ഏൽപിച്ച കത്തിന്റെ ഫോട്ടോ സഹതടവുകാരൻ വിഷ്ണു അയച്ചതും ഇയാൾക്കാണ്. ദിലീപ് അറസ്റ്റിലായ ജൂലൈ പത്തു മുതൽ ഒളിവിലായിരുന്ന അപ്പുണ്ണി തിങ്കളാഴ്ചയാണ് അന്വേഷണസംഘത്തിനു മുന്നിൽ ഹാജരായത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു ഇത്. ആറുമണിക്കൂർ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ച അപ്പുണ്ണിയിൽനിന്ന് മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതിനിടെ ടിയെ ആക്രമിച്ച കേസിന്റെ അന്വേഷണച്ചുമതലയിൽനിന്ന് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ തലവനായി കശ്യപ് തുടരും. ഐജി ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചിൽനിന്ന് ഹെഡ്ക്വാട്ടേഴ്‌സ് ഐജിയായി മാറ്റിയിരുന്നു. ഇതിനെതിരെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഡിജിപി രംഗത്തെത്തിയത്.